രോഗം വന്നാൽ പുരപ്പുറത്തു കയറി വിളിച്ചു പറയണം എന്നാണ്.
കേട്ടവർ അവർക്കറിയാവുന്ന പരിഹാരങ്ങൾ പറയാൻ തുടങ്ങി.
പ്രസിദ്ധരായ ഓർത്തോ ന്യൂറോ ഡോക്ടർമാരെ കണ്ടപ്പോഴൊക്കെ സീരിയസ് അവസ്ഥയിൽ എല്ലാവരും ഒരേസ്വരത്തിൽ സർജറി നിർദ്ദേശിച്ചു. ജൂബിലി ഹോസ്പിറ്റലിൽ നിന്നും സർജറിക്കുവേണ്ട നിർദ്ദേശങ്ങളും total hip transplant നുപകരം സ്ക്രൂ ചെയ്തു hip നെ തൽക്കാലം സംരക്ഷിക്കാമെന്നും ഏകദേശം 10 വർഷത്തോളം എന്റെ പ്രായമനുസരിച്ചു ഓടിക്കാൻ കഴിയുമെന്നും ശേഷം total thigh and femour transplant ചെയ്യാമെന്നും ധാരണയായി. വീട്ടിലേക്കു വരുമ്പോൾ ശരീരത്തിന്റെ വേദനയേക്കാൻ മനസ്സ് പിടിവിടുന്നു. രണ്ടു തുടയെല്ലും മാറ്റിവെച്ചുള്ള ജീവിതം! നട്ടെല്ലിനും സർജറി വേണം. എന്താണ് ഭാവി?
'റിസ്ക് എനക്ക് റസ്ക് സാപ്പിടുംപോലെ' എന്നു പറയുന്ന രജനീകാന്താണ് എന്നുമെന്റെ സൂപ്പർ സ്റ്റാർ. പക്ഷേ ഇവിടെ റിസ്ക് എടുത്താലും 50/50 ആണ് ചാൻസ്. എന്തു ചെയ്യും?
ഒന്നുകിൽ എല്ലാം ശുഭമായേക്കാം. ഇല്ലെങ്കിൽ.... ശേഷം കാലം കിടക്കയിൽ കഴിച്ചുകൂട്ടേണ്ടി വന്നാൽ.... ആ ചിന്തയിൽതന്നെ ഞാൻ വെന്തെരിഞ്ഞു.
എപ്പോഴും എന്റെയുള്ളിൽ ആയുർവേദ ചികിത്സയോട് കൂടുതൽ ഒരിഷ്ടമുണ്ട്. ഫാമിലി ഡോക്ടർ ഹാജിയുപ്പ ആയുർവേദ യുനാനി ഡോക്ടർ ആയിരുന്നു. ചെറുപ്പത്തിലെയുള്ള തലവേദനയ്ക്ക് അദ്ദേഹമാണ് ചികിൽസിച്ചിരുന്നത്. വളരെ ദൂരെനിന്നുപോലും ആളുകൾ ഗുരുതരരോഗങ്ങൾക്ക് അദ്ദേഹത്തെ തേടിവരുന്നതും രോഗം മാറുന്നതും കണ്ടിട്ടുണ്ട് . മരുന്നുകൾ ഉണ്ടാക്കുമ്പോഴും കൂടെനിന്നു യോഗവും പാകവും അറിയാം. പക്ഷേ അദ്ദേഹം ഇന്നില്ല. പലപ്പോഴും രാത്രികളിൽ വേദനകൊണ്ട് ഉറങ്ങാതെ കിടക്കുമ്പോൾ അദ്ദേഹത്തെ ഓർത്തു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈ രോഗം മാറ്റാനുള്ള ആരെയെങ്കിലും കണ്ടെത്തി അദ്ദേഹം എന്നെ രക്ഷിച്ചേനേം.
കാല് കീറി മുറിക്കാതെ കാലിനെ രക്ഷിക്കണം, എന്റെ കാലിനു ഈ പറയുന്ന കുഴപ്പം ഇല്ല. എന്തോ എവിടെയോ തെറ്റി എന്നൊക്കെ യാഥാർഥ്യം അംഗീകരിക്കാൻ വയ്യാതെ ചിന്തകൾ തിളച്ചു തൂകുന്നുണ്ട്. കാല് ഞാൻ വിട്ടുകൊടുക്കില്ല കാല് ഞാൻ കീറുകയില്ല... മനസ്സ് ഇതുമാത്രം ജപിച്ചു
ഗുരുവായൂർ തന്നെയുള്ള ഒരു പ്രസിദ്ധ ഡോക്ടറുടെ ആയുർവേദ ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഒരുമാസം കടന്നുപോയി. ഡോക്ടർക്കു ആദ്യമാദ്യം ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നെങ്കിലും എന്റെ വേദനയുടെ ഹൈപീക്കിൽ അദ്ദേഹത്തിന്റെ വിശ്വാസം കുറഞ്ഞുവന്നു. ഓരോ ദിവസത്തെ ട്രീറ്റ്മെന്റ് കഴിയുമ്പോഴും ഉഗ്രൻ വേദനയാണ്. അസിസ്റ്റന്റ് ഡോക്ടർമാർ ഒരു ദിവസം എന്നോടു പറഞ്ഞു ചേച്ചീ മുപ്പതു ശതമാനമേ മാറുകയുള്ളൂ. ബാക്കി വീട്ടിൽ പോയി റസ്റ്റ് ആൻഡ് മെഡിസിൻ കഴിക്കണം. എനിക്കു മനസ്സിലായി റിസ്ക് എടുക്കാൻ അവർക്കിനി വയ്യ എന്ന്!!
ഇതിനിടയിൽ 2019 ഫെബ്രുവരിയിൽ എന്റെ കഥാസമാഹാരം 'സ്വരാക്ഷരങ്ങൾ' പ്രകാശിതമായി. വീൽ ചെയറിലും കസേരയിലും ആയിരുന്നു ആ ദിവസവും ഞാൻ. വീട്ടുകാരും കൂട്ടുകാരുമാണ് ആ ചടങ്ങ് ഗംഭീരമാക്കിയത്. (ആ കാര്യങ്ങൾക്കനുഭവിച്ച ബുദ്ധുമുട്ടുകളും അസുഖത്തിന്റെ ഹൈ പീക്കും എഡിറ്റിംഗ്, റീ എഡിറ്റിംഗ് ബുക്ക് പ്രിന്റിംഗ് റിലീസിംഗ് എന്നിവ വേറെ എപ്പിസോഡ് ആണ്. പിന്നീട് പറയാം)
കോട്ടക്കൽ ആര്യവൈദ്യശാലയിൽനിന്നും റിട്ടയർ ചെയ്ത മറ്റൊരു ഡോക്ടർ ചികിത്സ ഏറ്റെടുത്തു. ഒരു മാസത്തോളം കിടന്നു. ഡോക്ടറ്റേഴ്സ് എല്ലാവരും പല കാര്യങ്ങളിൽ മിടുക്കരാണ്. പക്ഷേ എന്റെ രോഗം ദിനംപ്രതി കൂടുമ്പോൾ ഈ റിസ്ക് ഏറ്റെടുക്കാനും റിസേർച് ചെയ്തു രോഗത്തിലേക്കു ഇറങ്ങിചെല്ലാനുള്ള കഴിവില്ലായ്മയൊ /മടിയോ ഇവരെ പിന്തിരിപ്പിക്കുന്നു. പരമ്പരാഗതമായ ധാര നസ്യം കിഴി എന്നിവയിൽനിന്നും വേറിട്ട് ചിന്തിക്കുന്ന ആരെയും ഞാൻ കണ്ടില്ല. കുറവില്ലാതെ ഡിസ്ചാർജ് വാങ്ങി. വീണ്ടും രണ്ടുമൂന്നിടങ്ങളിൽ കൂടി കിടന്നു തിരികെ വന്നു. കാല് പൊട്ടിപോകും എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട് ഇപ്പോൾ.
പലപ്പോഴും ഓർത്തു. നല്ലൊരു ഡോക്ടറുടെ കൈയിൽ ഞാൻ എത്തിപ്പെടാത്ത പ്രശ്നമാണോ? ഞാൻ തെറ്റായ വഴിയിലൂടെയാണോ പോകുന്നത്? ഉള്ളിലെ ഗട്ട്ഫീലിംഗ്സ് തള്ളിക്കളയാൻ വയ്യായിരുന്നു. ശരി. ഇനി ഓപ്പറേഷനാണ് വഴിയെങ്കിൽ ചെയ്യാം. ഏതുവഴിയിലൂടെയും കാലിനെ രക്ഷിച്ചേ പറ്റു.
സർജറിയുടെ റിസ്‌ക്കുകൾ മനസ്സിലായപ്പോൾ ചെന്നെയ് അപ്പോളോ ഹോസ്പിറ്റലും കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലുമാണ് ബെസ്റ്റ് ഓപ്ഷൻ ആയി കണ്ടത്. Stem Cell തെറാപ്പി ചെയ്താൽ ഗുണമുണ്ടാവുമെന്നു കേട്ടപ്പോൾ അപ്പോളോയിൽ പോകാമെന്ന് തീരുമാനിച്ചു. പക്ഷേ യാത്ര മഹാമേരു തന്നെയായിരുന്നു. എന്റെ പപ്പാ ആണ് യാത്രയിൽ കൂടെ വരാനുണ്ടായിരുന്നത്. Grade 2-3 ൽ എത്തിയ AVN അസുഖത്തിന് Stem Cell Treatment ചെയ്താൽ ഗുണം ഉണ്ടാവില്ലെന്ന് അപ്പോളോയിലെ ഡോക്ടർ പറഞ്ഞു. പ്ലാസ്മാ തെറാപ്പി ചെയ്താലും വലിയ റിസൾട്ട് ഉണ്ടാവില്ല. Total Hip Transplant ചെയ്യുകയാണ് വേണ്ടതെന്നും ഏകദേശം 15/20 വർഷം കുഴപ്പമില്ലാതെ ജീവിക്കാമെന്നും ശേഷം ആ ബോൾ തേഞ്ഞു പോയാൽ ഒരു സർജറി കൂടി ചെയ്യാമെന്നും അങ്ങനെയാണ് ഇതിന്റെ രീതിയെന്നും സർ പറഞ്ഞു. കുറച്ചു കാൽസ്യം ടാബ്‌ലറ്റ്സ് തന്നു സർജറിക്കു തയ്യാറായി വരാൻ അദ്ദേഹം പറഞ്ഞു. ഞങ്ങൾ മടങ്ങി.
ചെന്നെയ് അപ്പോളോയേക്കാൾ എളുപ്പം ഗംഗ ഹോസ്പിറ്റൽ കോയമ്പത്തൂർ ആണ്. ട്രെയിനിൽ പോയി പ്ലാറ്റ്ഫോമിൽനിന്നും വീൽ ചെയർ എടുക്കും. അല്ലെങ്കിൽ ബാറ്ററി കാർ. എഴുപതു വയസ്സുള്ള പപ്പയാണ് എന്നെ കൊണ്ടുപോകുന്നത്. വീട്ടിൽ ആണെങ്കിലും എല്ലാവരും കച്ചകെട്ടി എന്നെ നോക്കുകയാണ്. ഇവരെ ഞാൻ നോക്കേണ്ട കാലമാണ്. ആ നേരത്ത് ഞാൻ ഇവർക്കൊക്കെ ബാധ്യതയായി അതും എണീറ്റു നടക്കാൻ പോലുമാകാതെ....
എന്റെ ഫ്രണ്ട് ആൻസി സാജൻ പറഞ്ഞു. 'ഒന്നും ചിന്തിക്കേണ്ട. വരുന്നതുപോലെ നേരിടാം സന' ഇതുപോലെ ഓപ്പറേഷൻ ചെയ്ത കുറേപേരുടെ റഫറൻസ് ആൻസി എടുത്തുതന്നു. 'അവരെല്ലാം കുറച്ചു പ്രായമായവർ ആണ്. എങ്കിലും ആക്‌സിഡന്റ് ആയ ആളുകളും ബോൾ മാറ്റിവെക്കുന്നില്ലേ?'
"ഞാൻ പഠിച്ചതെല്ലാം വെറുതെയായില്ലേ ആൻസി? ഇത്രയും വർഷം പഠിച്ചിട്ട് കടലാസ് കഷണങ്ങളുടെ വിലപോലും ഇനിയവയ്ക്കില്ല. എങ്ങനെയാണ് ജോലിക്ക് പോകുക? എന്തിനാണ് വേസ്റ്റ് ആയി ഇനി ജീവിക്കുന്നത്?'
'സാരമില്ല സന നമുക്ക് നോക്കാം. ഗംഗയിൽ കൂടി ഒരുവട്ടം പോയി നോക്ക്. എന്നിട്ട് തീരുമാനിക്കാം'
അങ്ങനെ ഗംഗ ഹോസ്പിറ്റലിൽ ഡോക്ടർ ഗുണശേഖരരാജയെ കാണുന്നു. "മാഡം ഒരു കാൽ നമുക്ക് ആദ്യം ചെയ്യാം. നട്ടെല്ലിനും ബൾജ് ഉണ്ട്. ആദ്യം അതും ചെയ്യണം. നിങ്ങൾക്കു 60 വയസ്സുണ്ടെങ്കിൽ ഈ സർജറി കൂടുതൽ ഉറപ്പോടെ ചെയ്യുമായിരുന്നു. എങ്കിലും വേറെ ഓപ്ഷൻ ഇല്ല. 50% ആണ് ഫുൾ റിക്കവറി ചാൻസ്!"
ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
"സർജറിക്കു തുട ഓപ്പൺ ചെയ്താൽ പ്രതീക്ഷിച്ച ഡാമേജ് അവിടെയില്ല എന്നു കണ്ടാൽ നിങ്ങൾ സർജറി ചെയ്യാതെ wound അടയ്ക്കുമോ? അതോ തുറന്നതല്ലേയെന്നു കരുതി വലിയ കേട് ഇല്ലെങ്കിലും മുറിച്ചുമാറ്റി ആർട്ടിഫിഷ്യൽ ബോൾ വെക്കുമോ?"
അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. "മാഡം, വെറുതെ കാൽ മുറിക്കുകയില്ല. റിസൾട്ട് കണ്ടില്ലേ... നിങ്ങൾ സർജറിക്ക് മെന്റലി ഇപ്പോൾ തയ്യാറല്ല അല്ലെ?"
എന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ തൂവാതെ പിടിച്ചുനിന്നു.
"സർജറിക്കു ശേഷം താഴെ ഇരിക്കാനോ ബസ് ട്രെയിൻ പോലുള്ള വാഹനത്തിലേക്കു ഓടി കയറാനോ കഴിയില്ല. 70% movement ശരിയാക്കാം. 25% restricted ആവും. ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുക, ചമ്രം പടിഞ്ഞിരിക്കുക, കുറേ നിൽക്കുക, നിന്ന നിൽപ്പിൽ ഇരിക്കുക, കോണി എന്നും കയറുക എന്നിവ പറ്റില്ല. മൂന്നുമാസത്തിനുള്ളിൽ സർജറി ചെയ്യണം. ഇപ്പോൾ പ്രീ ഓപ്പറേഷണൽ ടെസ്റ്റ് ചെയ്തു പോവുക. സർജറി ഡേറ്റിന് വരണം."
അദ്ദേഹം ഡേറ്റ് കുറിച്ചുതന്നു. പതിനെട്ടായിരം രൂപയ്ക്ക് ടെസ്റ്റുകൾ നടത്തി. ഓരോ മെഷിനിൽ കയറുമ്പോഴും തേങ്ങൽവന്നു ചങ്ക് പിടഞ്ഞു. ഒരു ടെസ്റ്റ് കഴിഞ്ഞു അടുത്ത ടെസ്റ്റ്‌ന്നു കേറുമ്പോഴാണ് എന്റെ ഫ്രണ്ട് പുഷ്പചേച്ചിയുടെ ഫോൺ വന്നത്. എനിക്കു നിയന്ത്രിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു.
'നീ പേടിക്കേണ്ട. ഹോസ്പിറ്റലിൽ ഞാൻ നിൽക്കാം. പപ്പാ പുറത്തു ഉണ്ടാവുമല്ലോ. സാരമില്ല. ഓപ്പറേഷൻ ചെയ്യുന്ന ഒരുപാട് പേരുണ്ട്. എങ്ങനെയായാലും നമുക്ക് രക്ഷപ്പെട്ടല്ലേ പറ്റു." ചേച്ചി പറ്റുന്ന വിധത്തിൽ ആശ്വസിപ്പിച്ചിട്ടും എനിക്ക് മിണ്ടാൻ കഴിയുന്നില്ല.15 കൊല്ലം കഴിഞ്ഞു ആയുസ്സുണ്ടെൽ വീണ്ടും വയ്യാതായാൽ ആരെന്നെ നോക്കും? എനിക്കാരോഗ്യം ഉണ്ടാവുമോ എന്നെ നോക്കാൻ? എനിക്കു ജോലി ചെയ്യാനാവുമോ? ഞാൻ കഷ്ടപ്പെട്ടു ഇത്രയും പഠിച്ചത് വെറും കടലാസു കഷ്‌ണങ്ങൾ ആയില്ലേ? ചികിത്സയ്ക്ക് പൈസ എവിടെ? കുടുംബക്കാർ ഇപ്പോഴുള്ളവർ അന്നുണ്ടാവുമോ? എനിക്ക് ഓപ്പറേഷൻ വേണ്ട. പക്ഷേ എനിക്ക് നടക്കണം.... എനിക്ക് നടക്കണം" പുഷ്പചേച്ചി എല്ലാം കേട്ടു Upset ആയി ഫോൺ വെച്ചു.
നിയന്ത്രിക്കാനാവുന്നില്ല. റെയിൽവേ സ്റ്റേഷനിൽ വണ്ടികൾ ചൂളം കുത്തി തലങ്ങും വിലങ്ങും ഓടുന്നു. ഒന്ന് കുതിച്ചാൽ മതി. എല്ലാം തീർക്കാം.
"ഇല്ല. മരിക്കില്ല" ഞാൻ ഞെട്ടിത്തിരിഞ്ഞു. തൊട്ടരികിൽ പപ്പ!
"കയ്യും കാലും ചതഞ്ഞരഞ്ഞു അവിടെ കിടക്കലെ ഉണ്ടാകൂ. മരിക്കാൻ ഓരോരുത്തർക്കും ഓരോ സമയമുണ്ട്. നിർബന്ധമാണെങ്കിൽ പരീക്ഷിച്ചു നോക്ക്"
ഞാൻ കരയുന്നതു എന്തിനെന്നുപോലും ചോദിക്കാതെ മനസ്സ് വായിച്ചു നടക്കുന്നു! എവിടുന്നു വരുന്നു ഇതൊക്കെ?? അതിരറ്റ ദേഷ്യവും വൈരാഗ്യവും തോന്നി.
ആ യാത്രയിൽ ട്രെയിനിൽ ഉടനീളം ഞാൻ കരഞ്ഞു. നീയെന്തിനാണ് കരയുന്നതെന്ന് പപ്പാ എന്നോടു ചോദിക്കുന്നില്ല. എന്റെ ജീവിതത്തിൽ കരഞ്ഞത് എന്നാണെന്നു ഓർമ്മയില്ലാത്ത ഞാൻ ഇപ്പോൾ കരയുന്നു. നീ കരയല്ലേ എന്നെങ്കിലും പപ്പയ്ക്ക് പറഞ്ഞുകൂടെ?
രണ്ടോ മൂന്നോ സ്റ്റേഷൻ കഴിഞ്ഞു. അടുത്തിരുന്നു യാത്രക്കാർ എന്നെത്തന്നെ നോക്കുന്നു. അവർ പപ്പയോടു ചോദിച്ചു.
"എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത്? ആരെങ്കിലും ഈ കുട്ടിയുടെ മരിച്ചോ?"
" അതോ... ഇരുപതുകൊല്ലം കഴിഞ്ഞു ഞാൻ മരിച്ചു പോകുമല്ലോ എന്നോർത്തു ഇപ്പോഴേ കരയുകയാണ്. മരിച്ചുകിടക്കുമ്പോൾ ഞാൻ കാണില്ലല്ലോ. അതിന്റെ റിഹേഴ്സലാണ്."
എന്റെ കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.
see part-1: https://emalayalee.com/vartha/305677