Image

കൂനമ്പാറക്കവല (നോവല്‍-അധ്യായം 24 തമ്പി ആന്റണി)

Published on 28 December, 2023
കൂനമ്പാറക്കവല (നോവല്‍-അധ്യായം 24 തമ്പി ആന്റണി)

കരുണാകര്‍ജി

    കന്തസ്വാമിയുടെ കൊലപാതകത്തിന്റെ പിറ്റേദിവസമാണ് കരുണാകര്‍ജിയെ കാണാനില്ല എന്നൊരു വാര്‍ത്ത പരന്നത്. കൂനമ്പാറയില്‍ മാത്രമല്ല, അഞ്ചുരുളിയിലും ആരൊക്കെയോ പറഞ്ഞു. 

    മൂത്ത മകന്റെ മരണത്തിനുശേഷം അയാള്‍ വല്ലാത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. എല്ലാവരും വിഷമത്തിലായി. സാധാരണയായി കരണ്ടുരാജപ്പനോ രാഷ്ട്രമോ അറിയാതെ ആ സിറ്റിയില്‍ ഒന്നും സംഭവിക്കാറില്ല. പ്രൊഫസറോടും ആരൊക്കെയോ അന്വേഷിച്ചു. 

    കുറച്ചുനാളായി നല്ല സുഖമില്ലെന്ന് സുഹൃത്തുക്കള്‍ക്കറിയാമായിരുന്നു. ഹൃദയത്തിന്റെ വാല്‍വിനെന്തോ തകരാറുണ്ടെന്ന് അയാള്‍തന്നെയാണു കുട്ടാപ്പിയെ അറിയിച്ചത്. ചികിത്സിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിന്റെ ശസ്ത്രക്രിയയ്‌ക്കൊക്കെ ഒരുപാടു ചെലവുകളുണ്ട്, അതൊന്നും ഇപ്പോള്‍ നടക്കില്ല എന്നാണു കുട്ടാപ്പിയോടു പറഞ്ഞത്. 

    പല പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും ഫോണ്‍ റിംഗ് ചെയ്യുന്നില്ലായിരുന്നു. എന്തായാലും ആളെവിടെപ്പോയെന്നറിയണമല്ലോ. അന്നു രാവിലെ കുട്ടാപ്പി ആന്‍ഡ് സണ്‍സില്‍ അടിയന്തരയോഗം കൂടി. യോഗത്തിനുള്ള തീരുമാനമൊന്നും ആരുമെടുക്കുന്നതല്ല. എന്തെങ്കിലും പുതിയ കാര്യമുണ്ടായാല്‍ എല്ലാവരും ഓടിയെത്തുന്ന സ്ഥലമെന്നേയുള്ളു. ചൂടുള്ള വാര്‍ത്തകളാണെങ്കില്‍ രാവിലേതന്നെ സ്ഥിരം പറ്റുകാരെത്തും. രാജപ്പന്‍ രണ്ടെണ്ണം വീശി സന്ധ്യ കഴിഞ്ഞാണെത്തുക. അന്നുരാവിലെ നേരത്തേതന്നെ പഴയ ബൈക്കിന്റെ അരോചകമായ ശബ്ദം കേട്ടു. എങ്ങനെയെത്താതിരിക്കും? സ്ഥലത്തെ പ്രധാനദിവ്യന്‍മാരിലൊരാളായ കരുണാകര്‍ജിയല്ലേ മിസ്സിംഗ്! പ്രധാനലേഖകനില്ലാതെ എന്തോന്നു മീറ്റിംഗ്! 

    രണ്ടു ദിവസം മുമ്പ് അച്ചനെക്കാണാന്‍ പള്ളിമേടയിലേക്കു പോയിരുന്നു. അന്നാണ് അവസാനമായി കണ്ടത്. അതുകൊണ്ട് അച്ചനോടുതന്നെ ചോദിക്കാന്‍ തീരുമാനിച്ചു. 

    റോഷനച്ചന്‍ വണ്ടിപ്പെരിയാറ്റില്‍ ധ്യാനിക്കാന്‍ പോയെന്നറിഞ്ഞു. എന്നാലും കരുണാകര്‍ജി ആരോടും ഒരു വാക്കുപോലും പറയാതെയല്ലേ സ്ഥലം വിട്ടത്? ഭാര്യയോടെങ്കിലും പറയാമായിരുന്നു.

    'ഇന്നതുന്നെ പീരുമേട്ടിലേക്കു പോകണം. നീലിമയോടും ഒന്നു സൂചിപ്പിക്കണം.'

    രാജപ്പന്‍ പറഞ്ഞു. ഉടന്‍തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കണമെന്നു പ്രൊഫസറോടു കാടുകേറിയച്ചന്‍ വിളിച്ചുപറഞ്ഞു. പ്രൊഫസര്‍ വണ്ടിയുമായി കൂനമ്പാറ സ്റ്റേഷനിലേക്കു പോയി. അച്ചന്‍ ധ്യാനം കഴിഞ്ഞ് അടുത്തയാഴ്ചയേ വരികയുള്ളു എന്നുപറഞ്ഞു. 

    കരുണാകര്‍ജിയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലായിരുന്നെന്നറിയാം. ഷുഗറും പ്രഷറുമൊക്കെയുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയുള്ള വഴിവിട്ട ജീവിതമായിരുന്നു. അതുകൊണ്ട് എവിടെയെങ്കിലും വീണുപോയിരിക്കാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളായിരുന്നു ചായക്കട മീറ്റിംഗില്‍ അന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. 

    കരുണാകര്‍ജിയുടെ മകന്‍ ആനപ്പാറയുടെ മുകളില്‍നിന്നു ചാടി മരിക്കുകയായിരുന്നു. അതിനുശേഷമാണ് അയാളുടെ വഴിവിട്ട ജീവിതം തുടങ്ങിയത്. 

    രാജീവ്, കരുണാകര്‍ജിയുടെ ഏകമകനായിരുന്നു. പന്ത്രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലശലായ ഒരു പ്രേമത്തില്‍ കുടുങ്ങിയതാണ്. പെണ്‍കുട്ടി ഒരു തമിഴത്തിയായിരുന്നു. കരുണാകരന് അതില്‍ അതിയായ ദുഃഖമുണ്ടായിരുന്നെങ്കിലും തീവ്രമായ എതിര്‍പ്പൊന്നും പുറത്തു കാണിച്ചില്ല. എന്നിട്ടും മകനെന്തിനാണ് ആ തമിഴത്തിയേയുംകൂട്ടി ആത്മഹത്യ ചെയ്തതെന്നറിയില്ല. കൂട്ടുകെട്ട് അത്ര ശരിയായിരുന്നില്ലെന്നും പറഞ്ഞുകേട്ടിരുന്നു. അവര്‍ കൂട്ടുകാര്‍ കൂടി, കൂനമ്പാറയിലെ ഏറ്റവും ഉയരമുള്ള ആനപ്പാറയുടെ മുകളില്‍പ്പോയിരുന്ന് ഇടുക്കി ഗോള്‍ഡ് വലിക്കുമായിരുന്നു. കരണ്ടുരാജപ്പനാണ് ഒരിക്കല്‍ അതൊക്കെ പരസ്യമാക്കിയത്. അതറിഞ്ഞ് കരുണാകര്‍ജി മകനെ ഒരുപാടു തല്ലിയത്രേ. അതുകൊണ്ട് പ്രണയനൈരാശ്യമാണോ ഇടുക്കി ഗോള്‍ഡാണോ മരണകാരണമെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല. എല്ലാം ഊഹാപോഹങ്ങളാണ്. 

    അതിനുശേഷമാണ് കരുണാകര്‍ജി താടി വളര്‍ത്തിയതും മദ്യപാനം തുടങ്ങിയതും. അതിനുമുമ്പ് ചെറിയ രീതിയില്‍ മദ്യപാനമില്ലായിരുന്നെന്നല്ല. മകന്റെ വേര്‍പാടിനുശേഷമാണ് മദ്യത്തിനു പൂര്‍ണമായും അടിമയായത്. 'അവന്‍ പോയാപ്പിന്നെ എനിക്കെന്തു ജീവിതം' എന്നു റോഷനച്ചനോടുപറഞ്ഞ് മിക്കവാറും കരയാറുണ്ടായിരുന്നു. ഇടവകാംഗമല്ലെങ്കിലും അയാളുടെ വിഷമത്തില്‍ അച്ചനും പങ്കുചേര്‍ന്നു. കുറേ ഉപദേശിച്ചു. കള്ളുകുടി നിര്‍ത്താമെന്നൊക്കെ വാക്കു കൊടുത്തെങ്കിലും അതൊക്കെ വെറും പാഴ്‌വാക്കായി. 

    ആ സംഭവത്തിനുശേഷം കുടിച്ചും വലിച്ചും ഒരു ഭ്രാന്തനെപ്പോലെ കൂനമ്പാറയിലൂടെ അയാള്‍ അലഞ്ഞുനടന്നു. ആരെക്കണ്ടാലും പണം ചോദിക്കും. 

    കരുണാകര്‍ജിക്ക് ഇനിയുള്ളത് എട്ടാംക്ലാസ്സില്‍ പഠിക്കുന്ന മകള്‍ മാളവികയാണ്. അമ്മ എസ്റ്റേറ്റില്‍ പണിക്കു പോകുന്നതുകൊണ്ടുമാത്രം അല്ലലില്ലാതെ കഴിയുന്നു. 

    കൂനമ്പാറക്കവലയില്‍ പത്രങ്ങളുടെ ഏജന്‍സിയുള്ള ഒരു കടയുണ്ട്. ജോലിക്കാരനായ ഒരു തമിഴന്‍ പയ്യനുള്ളതുകൊണ്ടുമാത്രം അതു നടന്നുപോകുന്നു. കരുണാകര്‍ജി കട തുറക്കാന്‍ പതിവായി വരും. അതിനുശേഷം നേരേ കുട്ടാപ്പിയുടെ ചായക്കടയില്‍പ്പോയി ചായ കുടിക്കും. കടയുടെ പിറകിലേക്കുള്ള ചാര്‍ത്തില്‍ കൂട്ടുകാരുമൊത്തു മദ്യപിക്കും. കടയിലിരുന്നാല്‍ രാജീവിന്റെ ഓര്‍മ്മകള്‍ അയാളെ വല്ലാതെ വേട്ടയാടും. പ്രത്യേകിച്ചു മകന്റെ കൂട്ടുകാരൊക്കെ കുശലംചോദിച്ച് അവിടെ കയറിയിറങ്ങുമ്പോള്‍. 

    കാടുകേറിയച്ചന്റെ നിര്‍ദ്ദേശപ്രകാരം, പീറ്റര്‍സാറിന്റെ റിസോര്‍ട്ടില്‍ മേല്‍നോട്ടക്കാരനാക്കാനുള്ള ശ്രമമൊക്കെ നടത്തിയെങ്കിലും അതൊന്നും ഫലംകണ്ടില്ല.     

    പീരുമേട്ടില്‍ പുതുതായി വന്ന സര്‍ക്കിള്‍ മിന്നലിന്റെ നേതൃത്വത്തില്‍ കരുണാകര്‍ജിയെ കണ്ടെത്താനുള്ള അന്വേഷണം കാര്യമായി നടന്നു. അവസാനം ഫോണ്‍ നമ്പര്‍വച്ചു ലൊക്കേറ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലായിരുന്നു ഫോണ്‍. എറണാകുളത്തു ഡോക്ടറെ കാണാനാണു പോയതെങ്കിലും അവിടെനിന്ന് ഇരിങ്ങാലക്കുടയിലുള്ള സഹോദരിയെ വിളിച്ച് അങ്ങോട്ടു പോയതാണ്. ഷുഗര്‍ വളരെക്കൂടുതലാണെന്നും കിഡ്‌നിയെ ബാധിച്ചിട്ടുണ്ടെന്നുമാണ് പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. 

    അല്ലെങ്കിലും തീരെ അവശതയിലായിരുന്നു. ലിവര്‍ സിറോസിസ് ഉണ്ടായിരുന്നതുകൊണ്ട് വേറെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കുടിക്കരുതെന്നു ഡോക്ടര്‍ സോളമന്‍ താക്കീതു ചെയ്തിട്ടും അതൊന്നുമനുസരിച്ചിരുന്നില്ലെന്നു കൂട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു. 

    ഇനി തിരിച്ചു കൂനമ്പാറയ്ക്കു വിടുന്നില്ലെന്നു സഹോദരി ചെല്ലമ്മ നീലിമയെ വിളിച്ചുപറഞ്ഞു. അതുകൊണ്ട് ആരും പിന്നീടന്വേഷിച്ചുപോയില്ല. കരുണാകര്‍ജി പിന്നീടൊരിക്കലും കൂനമ്പാറയിലേക്കു തിരിച്ചുവന്നതുമില്ല. കരുണാകര്‍ജിയില്ലാത്ത കൂനമ്പാറയില്‍ കാര്യങ്ങളെല്ലാം മുറപോലെ നടന്നു. 

    നാട്ടുകാരുടെ ഇണക്കങ്ങളും പിണക്കങ്ങളും പരദൂഷണങ്ങളുമൊക്കെയായി മഴക്കാലങ്ങള്‍ പിന്നെയും കടന്നുപോയി. തൊഴിലാളിനേതാവായിരുന്ന കന്തസ്വാമിയെപ്പോലും ജനം മറന്നുകഴിഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക