Image

പാപ്പച്ചന്റെ പുതുവത്സര പ്രതിജ്ഞ (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 28 December, 2023
 പാപ്പച്ചന്റെ പുതുവത്സര പ്രതിജ്ഞ (രാജു മൈലപ്രാ)

'എന്റെ പൊന്നു പൊന്നമ്മേ! നിന്നാണെ സത്യം- ഇനി മേലാല്‍ ഞാന്‍ കുടിക്കില്ല'- പൊന്നമ്മയുടെ തലയില്‍ കൈ വെച്ചുകൊണ്ട് പാപ്പച്ചന്‍ തന്റെ പതിവു പുതുവര്‍ഷ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.
'അങ്ങിനെ എന്റെ തലയില്‍ തൊട്ടുകളിക്കണ്ട- ഇങ്ങേരുടെ തലയില്‍ തന്നെ തൊട്ട് ആണയിട്ടാല്‍ മതി- പൊട്ടിത്തെറിക്കുന്നെങ്കില്‍ ആ നശിച്ച തല തന്നെ തെറിക്കട്ടെ!'

പൊന്നമ്മയുടെ ഈ അപ്രതീക്ഷിത നീക്കം പാപ്പച്ചന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. പെട്ടെന്നുള്ള ഈ ഡിമാന്‍ഡ് കേട്ട് അയാള്‍ അന്നു പതറി-എങ്കിലും ആളു പാപ്പച്ചനല്ലേ? അയാള്‍ പുതിയൊരു നമ്പരിറക്കി.
'നിനക്ക് എന്നെ ഒട്ടും വിശ്വാമില്ലാതെ പോയല്ലോ പൊന്നമ്മേ! എന്നാല്‍, എന്റെ പുണ്യവാളനച്ചാണേ ഇനി മേലില്‍ ഞാന്‍ മദ്യപിക്കില്ല-ഇപ്പം നിനക്കു വിശ്വാസമായല്ലോ!'

അങ്ങിനെ ഇലക്കും മുള്ളിനും കേടില്ലാതെ, പാപ്പച്ചന്‍ ആ പ്രശ്‌നം പരിഹരിച്ചു.

അമേരിക്കയില്‍ വരുന്നതിനു മുമ്പ് പാപ്പച്ചന്‍ ഒരു തികഞ്ഞ മദ്യപാനിയായിരുന്നില്ല-ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ-കേരള ഖജനാവിലേക്ക് അയാളുടെ വകയായി ഒരു എളിയ സംഭാവന. കള്ളുകുടിയന്മാരുടെ നിര്‍ലോഭമായ സഹകരണം കൊണ്ടാണല്ലോ നമ്മുടെ സര്‍ക്കാര്‍ ലാവിഷായി മുന്നോട്ടു പോകുന്നത്.

നാടന്‍ ജഗതിയുടെ സിനിമാ ഡയലോഗു പോലെ, 'ചെത്തുകാരന്‍ ചെല്ലപ്പനെ ഓര്‍ക്കുമ്പോള്‍, കറിയ്ക്കരക്കുന്ന സരളയെ ഓര്‍ക്കുമ്പോള്‍, കള്ള് ഒഴിച്ചു തരുന്ന കലങ്ങിയ കണ്ണുകളുള്ള കറിയച്ചനെ ഓര്‍ക്കുമ്പോള്‍, അവരുടെയൊക്കെ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടയങ്ങു കുടിച്ചു പോകുന്നതാണ്'- എന്നൊരു ന്യായീകരണവും.
ഒരു മലയാളി മദ്യപാനിക്ക്, വളര്‍ന്നു പടര്‍ന്നു പന്തലിക്കുവാനുള്ള നല്ല വളക്കൂറുള്ള മണ്ണാണ് അമേരിക്കയില്‍- നാട്ടിലെപ്പോലെ നാടന്‍ ചാരായവും, കൂതറ റമ്മുമല്ല ഇവിടെ കിട്ടുന്നത്- നല്ല തറവാടിത്തമുള്ള ഒന്നാന്തരം സ്‌കോച്ചും, കോണിയാക്കും-

പൊന്‍മുട്ടയിടുന്ന താറാവിനെപ്പോല്‍ രാപകലില്ലാതെ ജോലി ചെയ്യുന്ന ഭാര്യ. സുഹൃത്തുക്കളായ സഹകുടിയന്മാര്‍. വിവാഹത്തിനും, ജന്മദിനത്തിനും, വിവാഹ വാര്‍ഷികത്തിനും, എന്തിനേറെ, ഈ അടുത്ത കാലത്തായി മരണാനന്തര ചടങ്ങുകള്‍ക്കു പോലും മദ്യസല്‍ക്കാരങ്ങള്‍.

എത്ര ബാറുകള്‍ ഉണ്ടായിരുന്നു, ഏതിനും ഇനങ്ങളാണ് അവിടെ സേര്‍വ് ചെയ്തത് എന്നതിനെ ആശ്രയിച്ചാണ് മലയാളികള്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത്.

ക്രിസ്തുമസ് കാരളിംഗിനും, പിക്‌നിക്കിനുമൊന്നും 'ലിക്വര്‍' ഉപയോഗിക്കരുതെന്ന് പട്ടക്കാരന്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞാലും, അതിനെ മറി കടക്കുവാനുള്ള വിദ്യയും കുഞ്ഞാടുകള്‍ കണ്ടു പിടിച്ചിട്ടുണ്ട്. വോഡ്കയും, വെള്ളവും സമാസമം കലര്‍ത്തി വാട്ടര്‍ബോട്ടിലില്‍ നിറച്ചാല്‍ മതി.

പച്ചവെള്ളം കുടിക്കുന്നതുപോലെ പബ്‌ളിക്കായി വീശാം.
'കാനായിലെ കല്യാണത്തിന് കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കിയില്ലേ'- എന്നൊരു മുടന്തന്‍ ന്യായം ചില ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഇടയ്ക്കിടെ പരിചയക്കാറുണ്ട്.

അങ്ങിനെ, ഈ പുതുവര്‍ഷം മുതല്‍ കുടി നിര്‍ത്തുമെന്നു പ്രതിജ്ഞയെടുത്തു, പാപ്പച്ചന്‍ ബലം പിടിച്ചു നില്‍ക്കുമ്പോഴാണ് കാലിഫോര്‍ണിയായില്‍ നിന്നും മൂത്തമകന്‍ കുടുംബസമേതം ഒരു സര്‍പ്രൈസ് വിസിറ്റിംഗ് നടത്തുന്നത്. അപ്പന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നന്നായി അറിയാവുന്ന മകന്‍, അപ്പനു ഗിഫ്റ്റായി കൊണ്ടുവന്നത് ഒരു കുപ്പി 'ബ്ലൂ ലേബല്‍'- ബ്ലൂ ലേബലിന്റെ ഒരു ഫുള്ളു കണ്ടപ്പോള്‍, കട്ടു പിടിച്ച കാളയുടേതു പോല്‍ പാപ്പച്ചന്റെ കണ്ണു തള്ളി.

ഈയിടെയായി, ജന്മദിനത്തിനു മക്കളു തന്നെ ഗിഫ്റ്റാണെന്നും പറഞ്ഞ് വിലകൂടിയ മദ്യക്കുപ്പികളും നെഞ്ചോടു ചേര്‍ത്ത് പിടിച്ചുകൊണ്ട്, ഒരു ഇളിച്ച ചിരിയുമായി, അഭിമാനത്തോടെ നില്‍ക്കുന്ന ഫോട്ടോ, പല മാന്യന്‍മാരും ഫെയ്‌സുബുക്കില്‍ പോസ്റ്റു ചെയ്യാറുണ്ട്.

ഏതായാലും പൊന്നുമോന്‍ കൊണ്ടു തന്ന ഗിഫ്റ്റല്ലേ, കുടിച്ചില്ലെങ്കില്‍ ആ കുരുന്നു മനസ് വിഷമിക്കില്ലേ! ഏതായാലും ഇതു കൂടി കുടിച്ചിട്ട് നിര്‍ത്താം എന്നൊരു തിരുത്ത്, നേരത്തെ എടുത്ത തീരുമാനത്തിനു വരുത്തി.

മകന്റെ പ്രസന്‍സ് ഉള്ളതുകൊണ്ട്, പൊന്നമ്മ പ്രോബ്‌ളം ഒന്നുമുണ്ടാക്കില്ലെന്ന് അയാള്‍ക്കുറപ്പുണ്ട്. എന്തെങ്കിലുമാകട്ടെയെന്നു പൊന്നമ്മയും കരുതി. ഇന്നകൂടി സഹിച്ചാല്‍ മതിയല്ലോ!
അങ്ങിനെ മട്ടണ്‍ ഫ്രൈയും, കൊഞ്ചുകറിയും കൂട്ടി, പുതുവര്‍ഷത്തിനെ വരവേല്‍ക്കുന്ന പാതിരാപടക്കം പൊട്ടുന്നതു വരെ, അയാള്‍ ആനന്ദത്തിലാറാടി.

പിന്നേറ്റ് പാപ്പച്ചന്‍ കണ്ണുതുറക്കുന്നത് ആശുപത്രി കിടക്കയില്‍ വെച്ചാണ്. താങ്ങാവുന്നതിനപ്പുറം, പതിവില്ലാതെ നല്ലയിനം മദ്യം അകത്തുചെന്നപ്പോള്‍ പതറിപ്പോയ ലിവര്‍ താല്‍ക്കാലികമായി ഒന്നു പണിമുടക്കിയതാണു കാരണം.

രണ്ടു മൂന്നു ദിവസം കൊണ്ട് ആശുപത്രിക്കാര്‍ ഊറ്റാവുന്ന രക്തമെല്ലാം ഊറ്റിയെടുത്തു പരിശോധിച്ചു- ഡോക്ടര്‍മാര്‍ യാതൊരു ഔചിത്വവുമില്ലാതെ, നവദ്വാരങ്ങളിലും കമ്പും കോലുമിട്ടു പരിശോധിച്ചു- വേദനയിലും ഞരക്കത്തിലും കലര്‍ന്ന ദിനരാത്രങ്ങള്‍ കടന്നു പോയി.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തിലാണ് പാപ്പച്ചന്‍ അടിയറവു പറഞ്ഞത്. ഐ.വി.ബോട്ടിലും തൂക്കിയിട്ടുകൊണ്ട് അയാള്‍ പെടാപ്പാടു ചെയ്യുന്നതു കണ്ടപ്പോള്‍, മലയാളി നേഴ്‌സുമാര്‍ അടക്കിച്ചിരിച്ചു.

'ഇങ്ങേരുട ഈ ഒടുക്കത്തെ കുടി കാരണം, ഇനി മനുഷ്യന്റെ മുഖത്ത എങ്ങിനെ നോക്കുമെന്നു'  പൊന്നമ്മ പിറുപിറുത്തു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പാപ്പച്ചന്റെ രോഗ നിര്‍ണ്ണയം നടന്നു. ദൈവകൃപയാല്‍ നിലവിലുള്ള എല്ലാ രോഗത്തിന്റെയും ഒരംശം വീതം കിട്ടി. ഡയബറ്റീസ്, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങയവക്കു മേമ്പൊടിയായി ഫാറ്റി ലിവറും.


കര്‍ശനമായ ആഹാരക്രമീകരണങ്ങളാണ് നിര്‍ദേശിക്കപ്പെട്ടത്. മുട്ട, ഇറച്ചി, വെണ്ണ, എണ്ണ, വറുത്തത്, പൊരിച്ചത് മുതലായവ ഒന്നും പറ്റുകയില്ല. മധുരം ഏഴയലത്തു അടുപ്പിച്ചുകൂടാ. ഉപ്പ് എന്നൊരു നാമം ഉരിയാടാന്‍ പോലും പറ്റുകയില്ല. കള്ളിന്റെ കാര്യം പറഞ്ഞാല്‍, ഡോണ്ട് ഈവന്‍ തിങ്ക് എബൗട്ട് ഇറ്റ്-' തൊട്ടാല്‍ കരളിന്റെ കാര്യം കട്ടപ്പൊക.പിന്നെ എന്തു കഴിക്കാമെന്നു ചോദിച്ചാല്‍, പച്ചില പച്ചയ്‌ക്കോ, പുഴുങ്ങിയോ കഴിക്കാം-പച്ചവെള്ളം ആവശ്യത്തിനു കുടിക്കാം.-

പിന്നെ ഇതുവല്ലോം നടക്കുന്ന കാര്യമാണോ? എന്ന് പാപ്പച്ചന്‍ മനസ്സില്‍ ചോദിച്ചു.

ആശുപത്രിയില്‍ നിന്നും തിര്യെ വീട്ടിലെത്തിയ അയാള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ബാത്തുറൂമിലേക്ക് ഓടി.

ടോയിലെറ്റ് സിങ്കിന്റെ മൂടി തുറന്നു. അവിടെ ഭദ്രമായി ഒളിപ്പിച്ചു വെച്ചിരുന്ന 'ബ്ലൂ ലേബലിന്റെ' ബാക്കി അവിടെത്തന്നെയുണ്ട്. അടപ്പ് ഊരിമാറ്റി കുപ്പി വായിലേക്ക് അടുപ്പിച്ചു. കൈയില്‍ സൂചി കയറിയതിന്റെ പാട്. ഞരമ്പുകളുടെ വേദന വിട്ടുമാറിയിട്ടില്ല. അകലെ നിന്നും കുതിരക്കുളമ്പടികളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നു.
പെട്ടെന്ന് ഉണ്ടായ ഒരു ഉള്‍പ്രേരണ കൊണ്ട്, കൈയിലിരുന്ന കള്ള്, ടോയിലെറ്റില്‍ ഒഴിച്ചു ഫ്‌ലഷ് ചെയ്തു കളഞ്ഞു. പുറത്തേക്കു വന്ന പാപ്പച്ചന്‍, അവിടെ നിന്നിരുന്ന പൊന്നമ്മക്ക് ഒരു പൊന്നുമ്മ കൊടുത്തു-അന്നുവരെ അനുഭവിക്കാത്ത ഒരു പുതിയ ലഹരി അയാള്‍ക്കനുഭവപ്പെട്ടു.

'പാടാം, നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം-'
എന്ന പാട്ടും മൂളിക്കൊണ്ട്, പൊന്നമ്മയുടെ കൈപിടിച്ച് അയാള്‍ ബെഡ്‌റൂമിലേക്കു നടന്നു.

പോകുന്ന പോക്കില്‍, പതിഞ്ഞ സ്വരത്തില്‍ പൊന്നമ്മ, പാപ്പച്ചന്റെ ചെവിയില്‍ മന്ത്രിച്ചു:
'പുണ്യവാളച്ചനോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കും.-' പാപ്പച്ചന്‍ അറിയാതെ പെട്ടെന്ന് കുരിശു വരച്ചുപോയി.

Join WhatsApp News
Mathews K. 2023-12-28 11:03:37
ഒരു മദ്യപാനിയുടെ മാനസാന്തരം. മദ്യപാനം, പുകവലി, വണ്ണം കുറയ്ക്കൽ തുടങ്ങിയവ സ്ഥിരം New Year resolutions ആണ്- most of which will be broken within the first week. വേദനയിലും നർമ്മം കണ്ടെന്തുന്ന മൈലപ്ര സാറിനു അഭിനന്ദനങ്ങൾ.
Brother John 2023-12-28 18:02:29
കാനായിലെ കല്ലിയാണത്തിന് വെള്ളം വീഞ്ഞാക്കി എന്ന് പറഞ്ഞാൽ അവിടെ വന്ന ഗുണവും മണവും ഇല്ലാത്ത മനുഷ്യരിൽ നല്ല പരിവർത്തനം ഉണ്ടാക്കി എന്നാണ് അർത്ഥം. അല്ലാതെ അവിടെ വന്നവർക്കെല്ലാം മദ്യം ഉണ്ടാക്കി കൊടുത്തു എന്നല്ല.
Madyapaani 2023-12-28 19:38:10
വല്ലപ്പോഴും മാത്രം കുടിക്കുന്ന എന്നെ മറ്റുള്ളവർ മദ്യപാനി എന്ന് വിളിക്കുന്നത് ന്യായമാണോ ?വല്ലപ്പോഴും എന്നുവെച്ചാൽ ദിവസം ഒരു രണ്ടുമൂന്നു തവണ മാത്രം.മദ്യപാനി എന്ന വാക്കുതന്നെ കാലഹരണ പെട്ടതും ലിംഗ സമത്വത്തിന് എതിരുമാണ് .മദ്യപിക്കുന്ന സ്ത്രീകളെ വിളിക്കാൻ ഒരു പേര് മലയാളത്തിൽ ഇല്ല .സ്പീക്കർക്കെന്താ നിയമസഭയിൽ കാര്യം എന്ന് ചോദിച്ച നടി നമുക്കുണ്ട് .മറ്റൊരു സീരിയൽ നടി മദ്യപിച്ചു കാറോടിച്ചു എത്ര അപകടമാണ് ഉണ്ടാക്കിയത് .തലശ്ശേരിയിലെ തട്ടമിട്ട താത്തയുടെ പ്രകടനം എല്ലാവരും കണ്ടതല്ലേ.എന്നിട്ടും മദ്യപാനി എന്ന് കേൾക്കുമ്പോൾ ഒരു പുരുഷൻറെ മുഖമാണ് മനസ്സിൽ തെളിയുന്നത് .
യേശു 2023-12-28 22:11:46
എന്റെ ജീവിതം കള്ളന്മാർ, വാറ്റുകാർ, വേശ്യകൾ തുടങ്ങിയവരുടെ കൂടെ ആയിരുന്നു എന്ന് നിങ്ങൾക്ക് ബൈബിളിൽ നിന്ന് വായിച്ചറിവുള്ളതാണല്ലോ . ഞങ്ങൾ ഗ്യാലലിയിൽ ആയിരുന്ന സമയത്ത് സുവിശേഷം അറിയിച്ചതിനു ശേഷം ക്ഷീണിച്ചിരിക്കുമ്പോൾ അലപ്പം മദ്യം സേവിക്കുന്ന പതിവുണ്ടായിരുന്നു. പകഷെ ഇതിനു വേണ്ട സാധനങ്ങൾ കിട്ടാൻ പ്രയാസമായിരുന്നതുകൊണ്ട്, പറങ്കിപ്പഴം നെല്ല് കോൺ എന്നിവയിൽ നിന്ന് ഉണ്ടാക്കിയ വീര്യം കൂടിയ മദ്യത്തിന്റ പൊടി എന്റെ പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. എന്റെ 'അമ്മ മേരി പാലപ്പഴും ഈ പൊടി വെള്ളത്തിൽ കലക്കി ഞാൻ കുടിക്കുന്നത് കണ്ടിട്ടുണ്ട് . അതുകൊണ്ടാണ് കാനാവിലെ കല്യാണത്തിന് കള്ള് ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞത് . അല്ലാതെ ഇതിൽ വല്ല്യ അതുഭുതമൊന്നുമില്ല . ഇതിപ്പോൾ എങ്കിലും പറഞ്ഞില്ലെങ്കിൽ പിതാവ് എന്ത് വിചാരിക്കും.
Rajan 2024-01-06 21:59:13
കാലിഫോര്‍ണിയായില്‍ നിന്നും മൂത്തമകന്‍ കുടുംബസമേതം പാപ്പച്ചായനെ കാണാൻ ഇനിയും വരാതിരിക്കില്ല. just remeber that ...!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക