ഏറെക്കാലം കുടിച്ചു പൂസ്സായി പിച്ചുംപേയും പറഞ്ഞുനടന്നിരുന്ന ഞാന്‍ പെട്ടന്ന് കുടി നിര്‍ത്തിയതിന്റെ ഉത്തരവാദിത്വം ന്യൂയിറില്‍ ഞാന്‍ എടുത്ത പ്രതിജ്ഞകൊണ്ടല്ല. ജീവിതത്തില്‍ ഒരുപ്രതിജ്ഞയും നിലനിര്‍ത്താന്‍ കഴിയാത്ത ഒരു സാധാരണ മലയാളി സമൂഹത്തിലെ എളിയവനായ എന്നെകൊണ്ട് അങ്ങനെ പ്രതിജ്ഞ എടുപ്പിച്ചത് എന്റെ ഭാര്യപോലുമല്ല. സാക്ഷാല്‍ ന്യൂയിര്‍ തന്നെ!
ഭാര്യയാണെ, മക്കളാണെ, പുണ്യാളനാണെ ഇന്നുമുതല്‍ ഞാന്‍ കുടിനിര്‍ത്തി എന്നുകഴഞ്ഞ നാവുകൊണ്ട് ഭാര്യയോട് പ്രതിജ്ഞ എടുക്കുന്നവരുടെ ശബ്ദംപോലും എന്നെ പേടിപ്പിക്കന്നു! കാരണം എന്തോന്നു വെച്ചാ,പ്രതിജ്ഞ ഒന്നും എടുക്കാത്ത ഞാന്‍ കഴിഞ്ഞ കൊല്ലത്തെ ന്യൂയിറിനു ഒന്നടിച്ചുപൂസ്സായി. പൂസ്സായപ്പം എനിക്ക് വല്ലാത്ത ധൈര്യംവന്നുകൂടി. അപ്പോ ഒരുതോന്നല്‍,അയലത്തെ വീട്ടിലെ ഔസേപ്പച്ചനെ ഒന്നു ശുദ്ധികലശംചെയ്യണമെന്ന്! അയാടെ ഭാര്യ അന്നമ്മ വളരെ ഭക്തയാണ്.ഉറക്കെ പാടും, പ്രാര്‍ത്ഥിക്കും.ഞങ്ങടെ വീടുകള്‍ തൊട്ടടുത്താ.അവരുടെ അടുക്കളെ തേങ്ങാതിരുമ്മുന്ന ശബ്ദവും, അവര്‍ തമ്മില്‍ തമ്മില്‍ മുറുമുറുക്കുന്ന ശബ്ദംവരെ ഞങ്ങക്കുകേള്‍ക്കാം.അന്നമ്മേടെ ഭര്‍ത്താവും ഞാനുംകൂടാ മുമ്പുകുടിച്ചോണ്ടിരുത്, വെള്ളമടി ,മദ്യപാനമേ,കൂട്ടുകുടി! അങ്ങോട്ടുമിങ്ങോട്ടും പോയീംവന്ന്,പിന്നെ അമ്പത്താറുകളീം,അതുകഴിഞ്ഞങ്ങനെ ഇടക്കിടെ ചില്ലറ ഗാംബ്ലിംഗും മറ്റൊമൊക്കയായി.
അങ്ങനെയൊക്കെയാണല്ലോ ഒരു ആവറേജുമലയാളില്‍ അന്നൊന്നും ഒരുകൊഴപ്പോമില്ലാരുന്നു. ആണുങ്ങളായാ അല്പ്പം മദ്യപിക്കണം,പിന്നെ അവരുടെ പരമ്പരാഗത സൗഖ്യങ്ങളൊക്കെ നടക്കട്ടെ എന്ന സിദ്ധാന്തക്കാരുമായിരുന്നു, എന്റെ ഭാര്യേം, അയാടെ ഭാര്യേം. പറഞ്ഞുവന്നാ ഞങ്ങടെ ഭാര്യമാര് പഴേ പാരമ്പര്യക്കാരായിരുന്നു. 'ഭര്‍ത്താവ് തലേം, ഭാര്യവാലും' എന്ന വേദപ്രമാണം വേദപാഠത്തിന് ഉരുവിട്ടുപഠിച്ച യാഥാസ്തികരായ ഉത്തമവനിതകള്‍!
അങ്ങനെയിരിക്കെ അന്നമ്മക്കൊരു എന്‍ലൈറ്റ്മന്റുണ്ടായി(വെളിപാട്).രാത്രീല്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടവളോടു പറഞ്ഞെത്രെ. നിന്റെ ഭര്‍ത്താവ് മഹാപാപിയാണ്. മദ്യപാനി,മദ്യപാനി സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കയില്ല എന്ന്!
പക്ഷേ, മലാഖ ഒന്നുമല്ത പ്രത്യക്ഷപ്പെട്ടത്,ഭര്‍ത്താവിനേം ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗം തേടിയ സാറാക്കുട്ടിയാണ് ഇങ്ങനെ 'രക്ഷാമാര്‍ഗ്ഗം' ജോലിസ്ഥലത്തുവച്ച് ഓതികൊടുത്ത് അന്നമ്മയെ മാനിപ്പുലേറ്റ് ചെയതതെന്ന്, പിന്നീടെന്റെ ഭാര്യ ത്രേസ്യാക്കുട്ടി, ഒരു രഹാസ്യാനേഷണം നടത്തികണ്ടുപിടിച്ചു. എന്തിനുപറയട്ടെ,എന്റെം,അന്നക്കുട്ടീംടേ ഭര്‍ത്താവ് ഔസേപ്പച്ചന്റേം കൂട്ടുകുടി. നിന്നൂന്നുപറഞ്ഞാമതി.ക്രമേണ അന്നക്കുട്ടീടെ ഭര്‍ത്താവ് ഔസേപ്പച്ചന്‍ അവളെക്കടത്തിവെട്ടി , മാനസാന്തരപ്പെട്ടു, അയാക്കായി കൂടുതല്‍ പാട്ടും പ്രാര്‍ത്ഥനേം!
മദ്യക്കുപ്പിക്കു കൂട്ടില്ലാതായി, പിന്നെ ഞാംതന്നെ കുടിച്ചു പിറുപറുത്തു. വിവരദോഷികള്‍, സന്തോഷിക്കാനറിയാത്ത വിഢികള്‍! എങ്കിലും എന്റെ ഭാര്യ എന്നെ സപ്പോര്‍ട്ടു ചെയ്യാതിരുന്നില്ല, കുടിക്കുന്നേന് എന്തോന്നിനാകൂട്ട്, നിങ്ങടപ്പനും,എന്റപ്പനും ഒറ്റക്കിരുന്നില്ലേ കുടി, അതാനല്ലത്.
അങ്ങനെ കഴിഞ്ഞ നൃൂയിറിന് ഒന്നടിച്ചു പിപ്പിരായപ്പം, എനിക്കും ഒരു എന്‍ലൈറ്റ്‌മെന്റ് (ഉള്‍വിളി) അവനെ വിളിച്ച്, ആ ഔസേപ്പച്ചനെ വിളിച്ച് നാലുതന്തക്കുപറയണമെന്ന്. അതങ്ങനങ്ങു സംഭവിച്ചുപോയന്നു പറഞ്ഞാമതീല്ലോ. ത്രേസ്യാക്കുട്ടീം പിന്നീടാ അതറിഞ്ഞെ,മദ്യം മൂക്കുമ്പം വരുംവരാഴിക മറന്നുപോകുമല്ലോ!
ഞാന്‍ ഫോണ്‍ വിളിച്ചു - അവനെ ആ ചെറ്റ ഔസേപ്പച്ചനെ!-അവളാ എടുത്തേന്നു ഞാനറിഞ്ഞില്ല,ആ അന്നക്കുട്ടി! കിട്ടിയ ധൈരത്തീ ഞാനങ്ങുതട്ടി- 'തന്തക്കുപറക്കണം,നമ്മളു കൂട്ടുകൊടിച്ചോണ്ടിരുന്നാ, അലേലും ഔസേപ്പച്ചാ നീ ഒരുസാരി ഭര്‍ത്താവായി പോയേേല്ലാ! ചെറ്റേ,നിന്റെയൊരു മാനസാന്തരം,ദൈവം സന്തോഷിക്കാന്‍ തന്ന അവസരം നീ തട്ടിക്കളഞ്ഞില്ലേ, നട്ടല്ലിത്തോന്‍!'
ഫോണ്‍ പടുക്കോന്നുവീഴുന്ന ശബ്ദംകേട്ടു. അഞ്ചുമിനിട്ടു കഴിഞ്ഞില്ല,പോലീസെത്തി. കേേയ്യ വെലങ്ങു വീണു. ന്യൂയിറിന്റെ ബാക്കി ദിവസവും പിറ്റേദിവസവും ജയിലില്‍ ഉറങ്ങി. അതിന്റെ പിറ്റേന്ന് ഭാര്യവന്നു ജ്യാമത്തില്‍ പുറത്തിറക്കി. എന്റെ ഭാര്യ ത്രേസ്യാക്കുട്ടി പറഞ്ഞു-'വിര്‍ബല്‍ അബ്യൂസ്, അതു മഹാകുറ്റമാ,നാട്ടിലേപ്പോലാണോ,അതിതുവരെ അറിയത്തില്ലേ' കോപവും സങ്കടവും കൊണ്ടവള്‍ കൂട്ടിച്ചേര്‍ത്തു- 'എങ്കിലും അവളുഭയങ്കരിയാ ആ, അന്നമ്മ, അവക്കു ഞാം വെച്ചിട്ടൊണ്ട്' അതുകഴിഞ്ഞ് ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു-'ഇനിയും ന്യൂയിറിലോ മറ്റ് വിശേഷദിവസങ്ങളിലോ സാധാരണക്കാരെ പോലെ കുടിയില്ല. കുടിച്ചാല്‍ കൂടിപോകും, കൂടിയാല്‍ ട്യൂണ്‍ തെറ്റും'!