Image

തിരകള്‍ ഉയരുമ്പോള്‍ (കവിത: ആറ്റുമാലി)

Published on 31 December, 2023
തിരകള്‍ ഉയരുമ്പോള്‍ (കവിത: ആറ്റുമാലി)

കരകളെ കടന്നാക്രമിക്കുന്ന 
തിരകളെ ഞാന്‍ വെറുത്തു.
തിരകളെ മുക്കിക്കൊല്ലുന്ന
തിരകളെ ഞാന്‍ ശപിച്ചു.
തീരത്തെ പാറക്കൂട്ടത്തിന്റെ
നെറുകയില്‍ കണ്ണുചിമ്മി
നില്‍ക്കുന്ന അതികായനായ
വിളക്കുമാടം ചോദിച്ചു:
*തിരകളെന്തു പിഴച്ചു?
തിരകളെ കയറൂരി വിട്ടത്
ഭൂമിയുടെ അറ്റങ്ങളില്‍ 
കലി തുള്ളുന്ന കാറ്റല്ലേ?
തീരങ്ങളെ വിറപ്പിക്കുന്ന
വേലിയേറ്റങ്ങളുടെ പിതൃത്വം 
സൂര്യനോ ചന്ദ്രനോ?
കരയും കടലും വിഴുങ്ങുന്ന 
സുനാമികള്‍ പിറക്കുന്നത്
ആഴിയുടെ അടിത്തട്ടില്‍ 
ഭൂമി പിളര്‍ന്നെത്തുന്ന
തീനാളങ്ങളുടെ മടിയിലല്ലേ?
തിരകളെന്തു പിഴച്ചു?
തിരകളെന്നും തിരകളായിരിക്കും
തിരകള്‍ക്ക് മറ്റെന്താകാനാകും? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക