ഓരോ പ്രഭാതവും നമുക്ക് ഉത്സാഹത്തിൻറെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ നൽകുന്നു. ഇന്നലെ കണ്ട സ്വപനങ്ങൾ ഇന്ന് പൂവണിഞ്ഞേക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് എന്നത്തേയും പ്രഭാതം നമുക്കായി എത്തുന്നത്. ദിനരാത്രങ്ങളിലൂടെ കാലം കടന്നുപോകുന്നു. ദിനങ്ങൾ ആഴ്ചകളായി മാസങ്ങളായി വര്ഷങ്ങളായി നമ്മോട് വിടപറയുന്നു. ഭുമിശാസ്ത്രമായി പറഞ്ഞാൽ ഭൂമി സൂര്യനെ ചുറ്റുമ്പോൾ രാപ്പകലുകൾ ഉണ്ടാകുന്നു. നമ്മളാണ് ദിവസങ്ങൾക്ക് നാളും പേരും നൽകി നമ്മുടെ സ്വപനങ്ങൾക്ക് ഊടും പാവും നൽകുന്നത്. ഇന്നിന്റെ തുടർച്ച തന്നെയാകാം നാളത്തെ പുതുവർഷ പ്പുലരിയും. എന്നിരുന്നാലും ഒരു പുതുവർഷ പുലരിയും നമ്മെ എല്ലാവരെയും പുണരുന്നത് ജീവിതത്തിലെ എന്തെങ്കിലും ഒരു മാറ്റം, നന്മ എന്ന സന്തോഷവുമായാണ്. നമ്മൾ അതിനെ പുതിയ ഒരു തുടക്കത്തിന്റെ പ്രതീകമായി കാണുന്നു. ആ പ്രഭാതത്തെ നമ്മൾ പൊന്പുലരിയായി കാണുകയും ആഘോഷിക്കുകയും ചെയ്യുന്നു.
രണ്ടായിരത്തി ഇരുപത്തിനാലു ഇതാ വന്നെത്തുകയായി. ആ വർഷത്തെ ക്കൊണ്ടുവരുന്ന ഒന്നാം തിയ്യതി ഈ ഭൂമിയിലെ എത്രയോ മനുഷ്യർ ആകാംക്ഷാഭരിതരാകുന്നു. എങ്ങനെയായിരിക്കും ഈ വര്ഷമെന്നറിയാൻ ചിലരെല്ലാം ജ്യോതിഷികളെ സമീപിക്കുന്നു. ചിലർ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളെകുറിച്ച ചിന്തിക്കുന്നു കൂടുതൽ പേരും ശുഭാപ്‌തിവിശ്വാസത്തോടെ ആ ദിവസത്തെ എതിരേൽക്കുന്നു. വാസ്തവത്തിൽ പ്രതിവർഷം ഇങ്ങനെ ഒരു ആഘോഷം ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഭൂമി സൂര്യനു ചുറ്റും ഭ്രമണം ചെയ്തുതീരുന്ന ദിവസം ഒരു വര്ഷം പൂർത്തിയായി എന്ന് നമ്മൾ മനസിലാക്കുന്നു. അത് പ്രകൃതിയുടെ ഒരു ദിനചര്യമാത്രമെന്ന വാദവും ന്യായമാണ് മേല്പറഞ്ഞവർക്ക്.
പുതുവരത്തിൽ പലരും പല ദൃഢനിശ്ചയങ്ങളും എടുക്കുന്നു. എന്നാൽ പലപ്പോഴും അവക്ക് ദിവസങ്ങൾ മാത്രമാണ് ആയുസ്സുണ്ടാകുന്നത്. ഇതറിഞ്ഞുകൊണ്ടുതന്നെ പുതിയ തീരുമാനങ്ങളുമായി പുതുവർഷത്തെ വരവേൽക്കുന്നവരുമുണ്ട്. മനുഷ്യൻ അവനിൽ മാത്രം ഉറ്റുനോക്കി അവന്റെ ആഗ്രഹ സഫലീകരണമാണ് ഓരോ പുതുവർഷത്തിലും ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നത്. ഇത് മനുഷ്യജീവിതത്തിലെ തനിയാവർത്തനമാണ്. എന്നിരുന്നാലും നവവർഷമെന്നും പുരാതനവര്ഷമെന്നും വേർതിരിച്ചുകാണേണ്ടത് ആവശ്യകതയാണ്. പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പുതിയവർഷം വന്നു വിളിക്കുമ്പോൾ നമ്മൾ മറക്കുന്നു. എന്നാൽ ദിനരാത്രങ്ങളുടെ സഞ്ചാരങ്ങൾക്കൊപ്പമാണ് മനുഷ്യനിലെ ഭാവപ്പകർച്ചകളും സംഭവിക്കുന്നത്. സാമ്പത്തികമായ നേട്ടങ്ങളെയും, ജീവിതത്തിലെ സുഖങ്ങളെയും പറ്റി മാത്രം ആകാംഷാഭരിതരാകുന്ന മനുഷ്യർ മറ്റുപല കാര്യങ്ങളും വിസ്മരിക്കുന്നു.
പ്രകൃതി എത്ര സൂക്ഷ്മതയോടെ ഓരോ ചരാചരങ്ങളിലും നിക്ഷിപ്തമായ നിയോഗങ്ങൾ നിർവഹിക്കുന്നു. ആ പ്രകൃതിയിൽ ചില താളപ്പിഴകൾ സംഭവിക്കുമ്പോൾ ഓരോ വർഷവും പലതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ ജനജീവിതത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയുടെ സംതുലനാവസ്ഥയെ നിലനിർത്താൻ മനുഷ്യർ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.
എല്ലാവരും ദൈനംദിനമായി ഉപയോഗിക്കുന്ന വാചകമാണ് കാലം ശരിയല്ല, പണ്ടത്തേകാലംപോലെയല്ല എന്നൊക്കെ. വർഷങ്ങൾ മാറുമ്പോൾ ജനജീവിതം കൂടുതൽ എളുപ്പമാകുമ്പോൾ നമുക്കുണ്ടാകുന്ന ജീവിതമാറ്റങ്ങളിൽ കാലത്തെ പഴിചാരാതെ മോശവശങ്ങളെ നന്നാക്കി എടുക്കുന്നതിലും മനുഷ്യന്റെ തീരുമാനം പ്രധാനപ്പെട്ടതണ്.
പുതിയ തലമുറ ഇങ്ങിനെയാണെന്ന് ഒരു തലമുറ അടുത്ത തലമുറയെ കുറ്റപ്പെടുത്താറുണ്ട് തലമുറകൾ മാറുമ്പോൾ വരുന്ന സ്വഭാവമാറ്റത്തിലും ഓരോരുത്തരും ഉത്തരവാദികളാണ്. പുതിയ തലമുറക്കുവേണ്ടി ചില നിശ്ചയങ്ങൾ പുതുവർഷത്തിൽ എടുക്കാൻ കഴിയും. അതുപോലെത്തന്നെ പുതുതലമുറയെ കാർന്നുതിന്നുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്വയംബോധമുള്ള അവർക്കും ചില നിശ്ചയങ്ങൾ എടുക്കാൻ കഴിയും.
ഓരോ നവവര്ഷത്തിലും പോയ വർഷത്തിനെക്കുറിച്ചുള്ള വിലയിരുത്തൽ സാമ്പത്തികപരമായും , സാമൂഹികപരമായും, പുരോഗമനപരമായും നടത്താറുണ്ട്. ഇത്തരം ഒരു വിലയിരുത്തൽ വ്യക്തിപരമായും ചെയ്യാം. ഈ വിലയിരുത്തലുകളിലെ അപാകതകൾ പരിഹരിക്കാൻ വേണ്ടുന്ന പല തീരുമാനങ്ങളും രാഷ്ട്രത്തലത്തിലും, വ്യക്തിപരമായും എടുക്കേണതും അനിവാര്യമാണ്.
ഇത്തരത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനുതകുന്ന തീരുമാനങ്ങൾ പുതുവർഷത്തിന്റെ തീരുമാനങ്ങളിൽ എടുക്കേണ്ടതുണ്ട്. നവവർഷം വർഷംതോറും വരുന്ന വെറുമൊരു ആഘോഷമാക്കാതെ , വ്യക്തിപരമായ തീരുമാനങ്ങൾക്ക് അതീതമായി സാമൂഹികതലത്തിൽ പുരോഗമനത്തിലേക്കുന്ന പ്രതിജ്ഞയോടെ എല്ലാവര്ക്കും ഈ പുതുവർഷത്തിന് തുടക്കം കുറിക്കാം. തനിയാവർത്തനങ്ങളിൽ ഒരു മാറ്റം വരുത്താം.
എല്ലാവര്ക്കും പുതുവത്സരാശംസകൾ നേരുന്നു.