സുനാമി കഴിഞ്ഞു വന്ന മാർച്ചിലാണ് Collegiate Education ൽ join ചെയ്തത്. ആദ്യ appointment തൃശ്ശൂർ ചേലക്കരയിൽ . അവിടെ കോളേജിനടുത്ത് ഒരു വീട്ടിൽ paying guest ആയിട്ട്.
അമ്മയും രണ്ട് മക്കളും. അച്ഛൻ ഗൾഫിൽ . മൂത്തത് മകളാണ്. ജാസ്മിൻ. ജാസ്മിൻ ഡിഗ്രി ഫസ്റ്റ് ഇയർ BA English തൃശ്ശൂർ പഠിക്കുന്നു. ഇളയവൻ മൻസൂർ. മനു എന്ന് വിളിക്കും. അവനൊന്ന് അഞ്ചാം ക്ലാസിൽ. ഇവന്റെ സ്കൂള് എന്റെ കോളേജിന്റെ അടുത്താണ് അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടിയാണ് രാവിലെയും വൈകിട്ടും ഒരുമിച്ച് പോകുകയും വരികയും ചെയ്യുക. ആ പ്രദേശം ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവനാണ്.
ചെന്നപ്പോൾ തന്നെ ഇവര് രണ്ട് ഡിമാൻഡുകൾ വെച്ചു.
ഒന്ന് :
സുനാമിക്ക് ശേഷം ഞങ്ങൾ മീൻ കഴിക്കില്ല. അതുകൊണ്ടുതന്നെ വെജ് ഭക്ഷണം മാത്രമേ തരാൻ പറ്റുള്ളൂ. (മീൻ മനുഷ്യമാംസം ഒക്കെ കഴിക്കുന്നു എന്ന് കേട്ടതിനുശേഷം ആണ്.)
രണ്ട് :
ശനിയും ഞായറും ഇവിടെ നിൽക്കാൻ പറ്റില്ല.
അങ്ങനെ അവിടുത്തെ താമസം തുടങ്ങി. ജാസ്മിനും അമ്മയും എന്റെ അടുത്ത കൂട്ടുകാരായി. അമ്മയുടെ പേര് ഇപ്പോൾ ഓർക്കുന്നില്ല. ഒരിക്കൽ അവർ എന്നോട് പറഞ്ഞു,
"ഞങ്ങൾക്ക് തെക്കരെയൊക്കെ പേടിയാണ്. ടീച്ചറെ ഞങ്ങൾ അങ്ങനെ തന്നെയാ കണ്ടത്."
"ഭാഷാപ്രയോഗത്തിൽ ഉള്ള വ്യത്യാസം അല്ലാതെ മനുഷ്യന്റെ നന്മതിന്മകൾ ദേശങ്ങൾ തമ്മിൽ വ്യത്യാസപ്പെടുന്നുണ്ടാവില്ല" എന്നു ഞാനും.
കൂടുതൽ അടുത്തപ്പോൾ "ശനിയും ഞായറും നിക്കരുതോ" എന്ന് ചോദിച്ചു തുടങ്ങി. അവരുടെ ഇഷ്ടഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ദിവസങ്ങളാണ്. അപ്പോഴാണ് ബീഫും മട്ടനും ഒക്കെ മേടിക്കുക.
"ഒരു ശനിയും ഞായറും ഇവിടെ നിൽക്കൂ നമുക്ക് പാലക്കാടും തൃശ്ശൂരും ഒക്കെ കാണാം. ഒ വി വിജയന്റെ നാട് ഒക്കെ ഞങ്ങൾ കാണിച്ചുതരാം." അവർ പറയുമായിരുന്നു. ഒരു ശനിയും ഞായറും എനിക്ക് നിൽക്കാൻ പറ്റിയതുമില്ല. ചില തിങ്കളാഴ്ചകളിൽ തലേ ദിവസത്തെ ബീഫ് കറി ഒക്കെ കരുതി വെച്ചിരുന്നു എനിക്ക് തന്നു. അതിഥികളെ ദൈവത്തെപ്പോലെ കാണുന്നവർ. വീട്ടിലെ ഒരു ജോലിയും ചെയ്യാൻ അവർ അനുവദിച്ചിരുന്നില്ല. ഭാഷയും വളരെ മധുരം തന്നെ.
ഡൈനിങ് ടേബിൾ ആയിരുന്നു എന്റെ എഴുത്ത് മേശ. മുന്നിൽ ടെലിവിഷൻ. 6 മണി മുതൽ 10 മണി വരെയുള്ള എല്ലാ സീരിയലും അവര് കാണും. ക്രമേണ ഞാനും അതോക്കെ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ വായന കുറഞ്ഞും സീരിയല് കാണുന്നത് കൂടുതലുമായി വന്നു.
ഏതാണ്ട് സുനാമി ഓർമ്മക്കാലം ആകുമ്പോൾ ഇവരെ ഞാൻ ഓർക്കാറുണ്ട്. ഒരിക്കൽ അവരെ കാണാൻ പോകണമെന്ന് ആഗ്രഹമുണ്ട്. ജാസ്മിന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ മക്കളൊക്കെ ആയി കാണും. മനുവും അതുപോലെ തന്നെ ആയിരിക്കും. ഞങ്ങൾ പരസ്പരം എവിടെയെങ്കിലും വച്ച് കണ്ടാൽ തിരിച്ചറിയണമെന്നില്ല. എങ്കിലും എന്തോ എന്നും അവരെ വളരെ സ്നേഹത്തോടുകൂടി ഓർക്കുന്നു. അവിടെ നിന്ന് വന്നതിനുശേഷം കുറച്ച് അധികം കാലം ഫോണിൽ ബന്ധമുണ്ടായിരുന്നു.
എവിടെയൊക്കെ ഉള്ള മനുഷ്യന്മാര് അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഓർമ്മകളിൽ അവർ കടന്നു വരുന്നു. ഫോട്ടോഗ്രാഫ് പോലെ ചിത്രങ്ങൾ ഇങ്ങനെ മനസ്സിൽ പതിച്ചിട്ടുണ്ട്. 18 വയസ്സുള്ള ജാസ്മിനും 10 വയസ്സുള്ള മൻസൂറും. പിന്നെ പേര് മറന്നുപോയ അവരുടെ അമ്മയും.