അവൾ താലി പൊട്ടിച്ചെറിഞഞ് വീട്ടിൽ കേറി വന്നപ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്."നീ എന്താ ഫെമിനിസ്റ്റ് ആണോ?അവൻ പറയുന്നത് കേട്ട് അവിടെ തന്നങ്ങു നിന്നാൽ പോരെ?എന്തിനാ ഞങ്ങളെ കൂടെ മാനം കെടുത്താൻ ഇവിടേക്ക് കേറി വന്നത്?" "അല്ല ഞാൻ ഫെമിനിസ്റ്റല്ല.പക്ഷേ ഒരു പെണ്ണാണ്.അയാൾക്ക് എന്നെ കൂടാതെ വേറെയും പെണ്ണുങ്ങൾ ഉണ്ട് ആ നാട്ടിൽ.എല്ലാം കണ്ടും കേട്ടും ഒരു കൊല്ലം ഞാൻ സഹിച്ചു നിന്നു.അയാളെന്നെങ്കിലും നന്നാവും എന്നോർത്ത്.എന്നിട്ടും അയാളുടെ ചവിട്ടും തൊഴിയും മാത്രം ബാക്കി.സഹിച്ചു മടുത്തിട്ടാണ് ഇങ്ങോട്ട് വന്നത്."ഇങ്ങനെയൊക്കെ പറയണം എന്നുണ്ട്.പക്ഷേ അവൾ പറഞ്ഞില്ല. ഒടുക്കം അനിയൻ്റെ കല്യാണം കഴിഞ്ഞു.ഒന്നര മാസം അവർ നല്ല സ്നേഹത്തിലൊക്കെ ആയിരുന്നു.അത് കഴിഞ്ഞ് പതുക്കെ പൊട്ടലും ചീറ്റലും തുടങ്ങി.ഒരു ദിവസം അവളും അമ്മയും കേറി വരുമ്പോൾ കാണുന്നത് അവൻ അവളെ ചെകിട്ടത്ത് അടിക്കുന്നതാണ്.അവൾക്ക് അവളെ തന്നെയാണ് ഓർമ വന്നത്. അവളോടിച്ചെന്ന് നാത്തൂനെ പിടിച്ച് മാറ്റി അവന് ഒരെണ്ണം കൊടുത്തു."അതെ ഞാൻ ഫെമിനിസ്റ്റാ!" അവൾ ആരോടെന്നില്ലാതെ ഉറക്കെ വിളിച്ച് പറഞ്ഞു.