Image

ഭാവപ്പകർച്ചകൾ ( കവിത : താഹാ ജമാൽ )

താഹാ ജമാൽ Published on 10 January, 2024
ഭാവപ്പകർച്ചകൾ ( കവിത : താഹാ ജമാൽ )

വികാരങ്ങൾ പലതാണ്
വിചാരങ്ങളും
അന്ധവിശ്വാസം മറികടക്കാൻ
ചിലർ അറിവില്ലായ്മയെ കൂട്ടുപിടിക്കും
കാടിളക്കി വെടിവെച്ച്
കിളികളെ ഭയപ്പെടുത്തുന്നവരുമുണ്ട്.

പുഴ
മീനിൻ്റെ തൊണ്ടയിൽ
അഭയം പ്രാപിക്കുമെന്നത്
കിനാവ് മാത്രം
കടലിൻ്റെ വയറ്റിലാണ്
ഭൂമിയെന്ന് ശാഠ്യം പിടിക്കരുത്.
മൂക്കിൻ്റെ ദ്വാരം
വിസർജനത്തിനുള്ളതല്ല
രുചി ഭേതങ്ങളുടെ തടവറയിൽ
മണങ്ങൾ മുങ്ങിപ്പൊങ്ങുന്നു
F Mറേഡിയോയിലൂടെ
യേശുദാസ് പറന്നു വരുന്നു
മുറ്റത്തെ ചെമ്പകം
അലങ്കാരം മാത്രമാണ്
തണലുകൾ ചോർന്നു പോകുന്ന
ഇലകൾ
സ്നേഹത്തിന് സാക്ഷിയാകുന്നു.

എടീ പെണ്ണേ
എന്ന വിളിയിൽ സ്നേഹം
പ്രഹരിക്കും
എടാ ചെക്കാ
എന്ന വിളിയിൽ
കള്ളിമുൾച്ചെടികൾ എഴുന്നേൽക്കുന്നു.

സിഗരറ്റുകുറ്റികൾ
നിൻ്റെ വിരലിനെ അമർച്ച ചെയ്യുന്നു
എനിക്ക് വേണ്ടത്
സ്നേഹമുള്ള വിരലുകളാണ്
വിലമതിക്കാനാവാത്ത
കിനാവുകളെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക