Image

ശതാഭിഷിക്തനായ എൻ്റെ ദാസേട്ടൻ (ബിനോയി സെബാസ്റ്റ്യൻ, ഡാലസ്)

Published on 10 January, 2024
ശതാഭിഷിക്തനായ എൻ്റെ ദാസേട്ടൻ (ബിനോയി സെബാസ്റ്റ്യൻ, ഡാലസ്)

ദേവസംഗീതം മലയാളികൾക്ക് അനുഭവവേദ്യമാക്കിയ ഗന്ധർവ്വഗായകനായ യേശുദാസിന്റെ എൺപത്തിനാലാം പിറന്നാളാണ് ഇന്ന്. അദേഹം ശതാഭിഷിക്തനാകുന്ന ദിനം! ആയിരം പൂർണ്ണചന്ദ്രനെ ദർശിച്ച പുണ്യദിനം!

ഇൻഡ്യൻ സംഗീതത്തിലെ ഇതിഹാസ സംവിധായകരിലൊരാളായ ബാപ്പി ലാഹി ഒരിക്കൽ പറഞ്ഞു സംഗീതത്തിനുവേണ്ടി ആത്‌മാർപ്പണം ചെയ്‌ത യോഗിയാണ് സാക്ഷാൽ കെ.ജെ. യേശുദാസ് എന്ന്. കർണാട്ടിക്, ഹിന്ദുസ്‌ഥാനി ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന ലോക സംഗീതശാഖകളിൽ അഗാധമായ അറിവ് നേടി ആഗോള സംഗീത പ്രേമികളുടെ ആദരവും അംഗീകാരവും നേടിയിട്ടുള്ള അദേഹത്തിൻ സംഗീത സംഭാവനകളെക്കുറിച്ചല്ല ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

അമേരിക്കയിൽ ഡാലസിനടുത്തുള്ള ലാൻ്റാന എന്ന ചെറിയ നഗരത്തിൽ സ്വഛമായി ജീവിക്കുന്ന ശതാഭിഷിക്തനായ ദാസേട്ടൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പാർശ്വവീക്ഷണമാണ് ഇവിടെ ഉദേശിക്കുന്നത്.

ഇൻഡ്യയെ സംബന്ധിച്ചു സാധാരണ ഭാഷയിൽ പറഞ്ഞാൽ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിൻ്റെ ലാളിത്യത്തോടെയാണ് ഇവിടെ സ്വന്തം ജീവിതം നയിക്കുന്നത്. എൺപത്തിനാലാം വയസിലേക്കു പ്രവേശിക്കുന്ന അദേഹത്തിന്റെ കഠിനാദ്ധ്വാനവും നിതാന്തപരിശ്രമവും ആദരണീയവും അനുകരണീയവുമാണ്. ആയിരം പൂർണ്ണചന്ദ്രനെ ദർശിച്ച അദേഹം ഇപ്പോൾ ശാന്തസുന്ദരമായ ജീവിതം ആസ്വദിക്കുന്നു. ഒരു സമ്പൂർണ്ണ യോഗീവര്യന്റെ സംയനമത്തോടെ.
ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷെ ഒരു ചിത്രകാരൻ, ശില്പി, രൂപകൽപ്പകൻ, തുടങ്ങിയ നിലകളിലെ അദേഹത്തിൻ്റെ പ്രാഗത്ഭ്യം എത്ര പേർ മനസിലാക്കിയിട്ടുണ്ട്! സ്വന്തം വീടിൻ്റെ രണ്ടാം നിലയിൽ സ്വയം നിർമ്മിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥൻ എന്ന സിനിമയിലെ ഗംഗേ എന്ന ഗാനം പാടി റിക്കോർഡു ചെയ്ത‌തത്‌. ഇതാടൊപ്പം ഒരനുഭവും കുടി പറയാം. ഒരിക്കൽ അദേഹത്തിന്റെ വീട്ടിലെത്തിയപ്പേൾ കണ്ടത് വെളുത്ത ഷോട്‌സും ടീഷർട്ടുമിട്ട് പലകയ്ക്കു ചിന്തേരിട്ടു മിനുക്കുന്ന ദാസേട്ടനെയാണ്. രണ്ടാം നിലയിൽ ത്തന്നെ സ്വയം രൂപകല്പന ചെയ്തു സ്വയം പണിതുകൊണ്ടിരുന്ന മുവി തീയറ്ററിൻ്റെ പണിത്തിരക്കിലായിരുന്നു അദേഹം. ആ മൂവി തിയറ്ററിന്റെ ഭംഗിയും പ്രൗഡിയും അദേഹത്തിൻ്റെ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്.

കാനഡയിലെ ഹാലിഫാക്‌സിൽ താമസിച്ചുകൊണ്ടു ഗാനരചനയും വൈദീകശുശ്രൂഷയും നടത്തികൊണ്ടിരിക്കുന്ന ഫാദർ ജോൺ പിച്ചാപ്പിള്ളി രചിച്ച് ദാസേട്ടൻ പാടിയ ആൽബത്തിൻ്റെ ഉത്ഘാടനദിനം ഓർമ്മിക്കുകയാണ്. ഉത്ഘാടനത്തിന്റെ ഭാഗമായി വേദി ഒരുക്കിയത് ദാസേട്ടനാണ്. ലോകം മുഴുവൻ ആദരിക്കുന്ന ആ മഹാപ്രതിഭ മുണ്ടും മടക്കിക്കുത്തി രണ്ടു സ്റ്റപ്‌സ് ഉള്ള ചെറിയൊരു തട്ടിൽ കേറി നിന്നു സ്വന്തം വീടിൻ്റെ സ്വീകരണമുറിയിലെ ഭിത്തിയിൽ ടേപ്പ് ഒട്ടിച്ചു ബാനർ ഉറപ്പിക്കുന്നത് നമുക്കു സങ്കല്‌പിക്കുവാൻ കഴിയുമോ?? ബാനർ നേരെ പിടിച്ചു നൽകിയത് ഈയുള്ളവൻ. ദാസേട്ടൻ ഈയുള്ളവനു നൽകിയായിരുന്നു ആൽബത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ഞങ്ങൾ നാലുപേർ മാത്രം. ദാസേട്ടൻ, പ്രഭച്ചേച്ചി, ഫാദർ ജോൺ പിച്ചാപ്പിള്ളി, പിന്നെ...

സംഗീതപ്രതിഭയും ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഏഷ്യൻ ലിഗ്വസ്റ്റക്സ് ഡയറക്ട‌റുമായിരുന്ന അന്ധനും അമേരിക്കൻ വംശനുമായ പ്രൊഫ. റോഡ്‌നി മോഗ് ദാസേട്ടന്റെ വീടു സന്ദർശിച്ചതും ഓർമ്മവരുന്നു. മലയാളവും ഹിന്ദിയും തമിഴും ഉൾപ്പെടെ 13 ഭാഷകൾ സ്വായത്തമായിരുന്നു പ്രൊഫ. മോഗിന്. പത്തു തവണ അദേഹം തിരുവനന്തപുരത്തെ കാരിയവട്ടം കാമ്പസ് സന്ദർശിച്ചിട്ടുണ്ട്. ദാസേട്ടൻ ആഗ്രഹപ്രകാരം എൻ്റെ അടുത്ത സുഹൃത്തായിരുന്ന മോഗിനെ ഓസ്റ്റിനിൽ നിന്നും വരുത്തി. ദാസേട്ടനും പ്രഭച്ചേച്ചിയും ഹൃദ്യമായ വിരുന്നൊരുക്കി അദേഹത്തെ സ്വീകരിച്ചു. സന്ധ്യയ്ക്കു ദാസേട്ടൻ സ്വീകണമുറിയിലെ മങ്ങിയ വെളിച്ചത്തിലിരുന്നു അനേകം പഴയ ഗാനങ്ങൾ പാടി. നാദബ്രഹ്‌മത്തിൻ സാഗരം നീന്തിവരും എന്ന പാട്ടിന്റെ ഒടുവിൽ മോഗ് അത്ഭുതവികാരവായ്പോടെ എണീറ്റു നിന്ന് ദാസേട്ടൻ ആകാശത്തോളം ഉയർന്നു എന്ന് പറഞ്ഞതിനു സാക്ഷിയായത് എൻ്റെ ഭാഗ്യമാണ്. പ്രൊഫ. മോഗ് ഇന്നില്ല.

നർമ്മം നന്നായി ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തിതമാണ് യേശുദാസിന്റേത്. വേദങ്ങളിലും പുരാണങ്ങളിലും ആദിമഗ്ര്‌ഥങ്ങളിലുമുള്ള വേദാർത്ഥങ്ങൾ ഗ്രഹിച്ചിട്ടുള്ള അദേഹം മനുഷ്യർ ഉൾപ്പെട്ട പ്രകൃതിയെ സ്നേഹിക്കുന്നു.

ഒരുപാടു സെഋിബ്രിറ്റികളെ കണ്ടവരാണ് മലയാളികൾ. പ്രത്യേകിച്ചും വിദേശ മലയാളികൾ. ഭൂരിഭാഗം കലാകാരന്മരും വിദേശങ്ങളിലെത്തിയാൽ മാര്യാദക്കാരും മാന്യന്മാരുമാണെന്ന് അനുഭവത്തിൽ നിന്നും പറയാം. അപൂർവ്വം ചിലർ മദ്യസേവയ്ക്കുശേഷം ഇതിനു വിപരീതമായി പെരുമാറിയിട്ടുണ്ടാകാം. ഒരു പാട്ട് ഒരു സിനിമയിൽ പാടുവാൻ അവസരം കിട്ടിയാൽ പിറ്റേന്നു മുതൽ സെലിബ്രിറ്റി കുപ്പായമിടുന്നവർക്കിടയിൽ ഇൻഡ്യയുടെ മഹാപ്രതിഭയായ ദാസേട്ടൻ വേറിട്ടു നിൽക്കുന്നു. പഴമക്കാർ പറയുംപോലെ നിറയെ കായിച്ചു കിടക്കുന്ന മാന്തോപ്പുപോലെ!
ശതാഭിഷിക്തനാകുന്ന യേശുദാസിനു ആത്‌മീയം മുതൽ കലാരംഗംവരെയുള്ള വേദികളിലെ മഹാത്‌മാക്കളുമായുള്ള അടുപ്പത്തിലൂടെ അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഒരപൂർവ്വ ആത്മീയ ദർശനമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഈശ്വരൻ തനിക്കുവേണ്ടി ഒരുക്കിയിരിക്കുന്നതു മാത്രമേ ലഭിക്കുവെന്നും ഏളിമ നിറഞ്ഞ, ഗുരുപൂജ ചെയ്യുന്ന വഴിയാണ് ശുദ്ധസംഗീതവഴിയെന്നും വിശ്വസിക്കുന്ന യേശുദാസ് തൻ്റെ സംഗീതത്തിന്റെ പൂർണ്ണതയ്ക്കായി ഇന്നും പുതിയ രാഗങ്ങളുമായി അങ്ങനെ ഈ ശതാഭിഷിക്തിയുടെ നിറവിലും തന്റെ സംഗീതയാത്ര തുടരുകയാണ്.
പുതിയ തലമുറ യേശുദാസിൻ്റെ സംഗീതത്തെയും ഗാനങ്ങളേയും ആദരിക്കുന്നു. പക്ഷെ നവീനകേരളത്തിലെ അതിരും തിരിച്ചറിവുമില്ലാത്ത സ്വാതന്ത്ര്യബോധവും സ്വയാർജിത അഹങ്കാരവും ഉള്ള ചിലർ സാമൂഹികമാദ്ധ്യമങ്ങളിൽ പൂർവ്വസുരികളെക്കുറിച്ചു അല്പത്വമനോഭാവത്തോടെ ദുഷിച്ചു പറയുന്നത് കണ്ടിട്ടുണ്ട്. പണ്ടു മഹാകവി ചങ്ങമ്പുഴയെക്കുറിച്ചുള്ള പരാമർശം ഏറ്റു പറഞ്ഞാൽ ഇൻഡ്യൻ സംഗീതം  ഉള്ളിടത്തോളം യേശുദാസ് എന്ന ഗാനഗന്ധർവ്വൻ സജീവമായി നിലനിൽക്കും. ഒന്നുകുടി! ഇൻഡ്യൻ സംഗീതത്തെ അഥവാ ദക്ഷണേന്ത്യൻ സംഗീതത്തെ രണ്ടായി വിഭജിക്കുന്ന പൊൻവരമ്പായി യേശുദാസ് എന്ന നാമം കാലത്തിലൂടെ രൂപപ്പെടും എന്നാണ് വിശ്വസിക്കുന്നത്.

തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നപോയ ഒരാൾ ജീവിതത്തിൻ്റെ ഒരു പ്രത്യേകഘട്ടത്തിൽ ഗൃഹാശ്രമത്തിനുശേഷം വാനപ്രസ്ഥജീവിതം നയിക്കുമെന്ന ഭാരതീയ ദർശനവും ഒരു പക്ഷെ ദാസേട്ടൻ്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടാകാം. സ്വസ്ഥതയും സമാധാനവും അനേഷിക്കുന്ന ഒരു മനസ്!

അഭൗമമായ സംഗീതാർച്ചനകൊണ്ടു ഗന്ധർവ്വത്വവും തളരാത്ത ഈശ്വരവിശ്വാസംകൊണ്ടു ആത്‌മീയ തേജസും പൊരുൾ നിറഞ്ഞ ഗുരുപുജകൊണ്ടു
ഗുരുകാരണവന്മാരുടെ പ്രീതിയും അനുഗ്രഹവും ആർജിച്ച മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനു അദേഹത്തിൻ്റെ ശതാഭിഷേക ദിനത്തിൽ എൻ്റെ എളിയ സനേഹാദരങ്ങൾ ഹൃദയപൂർവ്വം അർപ്പിക്കട്ടെ...

ദാസേട്ടന് ജന്മദിനാശംസകൾ (പി. സീമ)

പ്രിയപ്പെട്ട ദാസേട്ടന് പിറന്നാള്‍ മംഗളങ്ങള്‍ (ജോജോ തോമസ്, പാലത്ര, ന്യൂയോര്‍ക്ക്.)

ഗന്ധര്‍വ്വഗായകന്റെ ആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തില്‍ പ്രാര്‍ത്ഥനയോടെ സംഗീതലോകം (ജോയ്സ് തോന്ന്യാമല)

''പാടൂ ഗന്ധർവഗായകാ... ഒരായിരം സംവത്സരങ്ങൾ''   യേശുദാസിന് പിറന്നാൾ, 84  ന്റെ പുണ്യം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക