Image

തോമസ് ഐസക്കിനെ കുരുക്കിയ ഈ വിവാദ മസാല ബോണ്ട് എന്താണ്..?(എ.എസ്)

എ.എസ്. Published on 25 January, 2024
 തോമസ് ഐസക്കിനെ കുരുക്കിയ ഈ വിവാദ മസാല ബോണ്ട് എന്താണ്..?(എ.എസ്)

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച രാഷ്ട്രീയ വിവാദത്തിന് എരിവും പുളിയും കൂടി. മുഖ്യമന്ത്രി പിണറായി വിജയനും, തോമസ് ഐസക്കിനും ഇക്കാര്യത്തില്‍ തുല്യ പങ്കാളിത്തമാണ് ഉള്ളത്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണെന്ന് ഇ.ഡി അസന്ദിഗ്ദ്ധമായി പറഞ്ഞതോടെ തോമസ് ഐസക്കിനുള്ള കുരുക്ക് മുറുകിയിരിക്കുകയാണ്.

''കിഫ്ബി മസാല ബോണ്ടില്‍ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്ബി രൂപീകരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല...'' എന്ന തോമസ് ഐസക്കിന്റെ വാദം ഇ.ഡി അംഗീകരിക്കുന്നില്ല.

മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇ.ഡി പറഞ്ഞിട്ടുണ്ട്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോള്‍, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാല്‍ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോള്‍ തോമസ് ഐസക് വഹിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി അഥവാ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ്ഫണ്ട് ബോണ്ട് ബോര്‍ഡ്. ധനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണിത്. സംസ്ഥാന ബജറ്റിന് പുറത്തുനിന്നുള്ള വിഭവ സമാഹരമണാണ് ഈ ധനകാര്യ ഏജന്‍സി വഴി സര്‍ക്കാര്‍ ലക്ഷമിടുന്നത്. അതേസമയം എന്താണ് ഈ മസാല ബോണ്ട്..?

നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപ മുഖവിലയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് മസാല ബോണ്ട് എന്ന പേര് നല്‍കിയത്. ഐ.എഫ്.സി ആദ്യമായി മസാല ബോണ്ടുകള്‍ ഇറക്കിയത് 2014 നവംബറിലാണ്. ഇതുവഴി അടിസ്ഥാനസൗകര്യ വികസനത്തിന് ഐ.എഫ്.സി 1,000 കോടി രൂപ സമാഹരിച്ചു. പിന്നീട് 2015 ഓഗസ്റ്റില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള സ്വകാര്യ പ്രോജക്ടുകള്‍ക്കായി ഗ്രീന്‍ മസാല ബോണ്ടുകള്‍ വഴി 315 കോടി രൂപയും സമാഹരിച്ചു.

യു.എസ്. ഡോളര്‍ പോലുള്ള വിദേശ കറന്‍സിയില്‍ മുഖവിലയിട്ട കടപ്പത്രങ്ങളില്‍ നിന്ന് വിഭിന്നമായി മസാല ബോണ്ട് വാങ്ങിക്കുന്നയാള്‍ക്കാണ്, അഥവാ കടപ്പത്രം വാങ്ങിച്ചുവച്ച് പണം കടം നല്‍കുന്ന വിദേശിക്കാണ് രൂപയുടെ വിദേശനാണ്യ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം. കേരള സര്‍ക്കാരിന് വേണ്ടി കിഫ്ബിയാണ് മസാല ബോണ്ട് ഇറക്കുന്നത്. മസാല ബോണ്ട് പുറപ്പെടുവിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി 9.723 ശതമാനം പലിശ നിരക്കില്‍ 2,150 കോടി സമാഹരിച്ചു. ഇതിനോട് അനുബന്ധിച്ച് 2019 മേയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓപ്പണിങ് ബെല്‍ അടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നല്‍കിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്. ചൈനയും ഇത്തരത്തിലുള്ള ബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യ വിഭവമായ ഡിംസംത്തിന്റെ പേരിലുള്ള ബോണ്ടാണ് ഡിംസം ബോണ്ട്. സമുറായി ബോണ്ട് ജപ്പാനും ഇറക്കിയിട്ടുണ്ട്.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് മസാല ബോണ്ടില്‍ നടക്കുന്നത്. അതായയത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നതെന്ന് ചുരുക്കം. അന്താരാഷ്ട്ര വിപണിയില്‍ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകള്‍ ഈ ബോണ്ടുകളെ ബാധിക്കില്ല. അതേസയം നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായേക്കാം. എന്നാല്‍ മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ ഇവയില്‍ നിക്ഷേപം നടത്താറുണ്ട്.

കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. 2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങില്‍ 'എ.എ.എ' റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമേ മസാല ബോണ്ടിറക്കാന്‍ കഴിയുമായിരുന്നുള്ളൂ.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന് 'ബി.ബി.ബി' റേറ്റിങ്ങാണ്. രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജന്‍സിക്ക് ലഭിക്കുകയുള്ളൂ. അതിനാല്‍ കിഫ്ബിയ്ക്കുള്ള 'ബി.ബി' മികച്ച റേറ്റിങ്ങായാണ് കണക്കാക്കുന്നത്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതും ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പണം മുടക്കുമ്പോള്‍ അതില്‍നിന്നുള്ള വരുമാനത്തിനും സമയമെടുക്കും.

കേരളത്തില്‍ ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടരി ആശങ്ക അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ പലിശ കൂടുതലാണെങ്കിലും ഭാവിയില്‍ കിഫ്ബിക്ക് ഗുണം ചെയ്യുമെന്ന നിലപാടാണ് തോമസ് ഐസക്ക് സ്വീകരിച്ചത്. ഐസക്കിന്റെ നിലപാടിനെ തുടര്‍ന്നാണ് മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ചതെന്നാണ് ഇ.ഡി പറയുന്നത്. ഇതിനിടെ മസാല ബോണ്ട് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കിഫ്ബി ശ്രമിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ഇ.ഡി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസക്കിനെതിരായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മസാല ബോണ്ട കേസില്‍ കിഫ്ബിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഇ.ഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമന്‍സിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അന്വേഷണം തടയാന്‍ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക