ആറ്റിലെ ഫോട്ടോഗ്രാഫ്രർ
പകർത്തി കൈതപ്പൂക്കൾ!
കാറ്റൊരു മദ്ധ്യാഹ്നത്തിൻ-
വെളിച്ചം കുടഞ്ഞിട്ടു
കനലിൽ അലിയിച്ച ചായത്തെ-
ഇലയ്ക്കുള്ളിൽ പതുക്കെ
കോരിക്കോരിയൊഴിച്ചു-
അപരാഹ്നം!
പച്ച ചോക്കുന്നു, മഞ്ഞയാകുന്നു-
പിന്നെ മണ്ണിൻ നിത്യഗന്ധത്തെ
പോലെ തവിട്ടായ് മാറിടുന്നു..
ആറ്റിനക്കരെ കടൽ കാണുന്ന-
ഗ്രാമം തൊടും കാടിനെ പോറ്റും
മലയോരത്ത് മേഘക്കണ്ണിൽ-
നിരയൊത്ത് നീങ്ങുന്നു മാൻകൂട്ടം
പൊട്ടിച്ചിരിച്ചൊഴുകി പോയീടുന്നു
കാട്ടാറും, കോടക്കാറ്റും.
പെയിൻ്റ് ബ്രഷ് മുക്കി-
ചിത്രപടമാമാകാശത്ത്
വരയ്ക്കുന്നൊരാൾ മഹാ-
ചിത്രകാരനാണയാൾ!
സൂര്യനെ കടൽവെള്ളപ്പരപ്പിൽ
മുക്കിത്താഴ്ത്തി,
കാലത്തെയതിന്നാഴം-
കാണുവാൻ കുടഞ്ഞിട്ടു.
സായന്തനത്തിൻ ചിത്രം
ഇങ്ങനെ വരയ്ക്കുന്നതാരെന്ന് കാണാൻ
കാത്ത് നിൽക്കുന്നൊരനന്തത,
നിലാവിൻ പക്ഷിക്കൂട്ടം!
അപ്പോഴുണ്ടയാൾ ചക്രവാളത്തെ-
പകുക്കുന്നു, ചിത്രമാക്കുവാൻ
എണ്ണച്ചായത്തെയൊഴുക്കുന്നു
നെറ്റിയിൽ തൊടാൻ സന്ധ്യ-
കുങ്കുമപ്പൂവാകുന്നു
നക്ഷത്രവിളക്കുകൾ
പതിയെ തിളങ്ങുന്നു..
ആകാശ ഗാലക്സികൾ പകർത്താൻ
പുഴയൊരു നാട്ടുവഞ്ചിയിൽ
ഓളം ഒതുക്കിക്കിടക്കുന്നു..
പ്രപഞ്ചത്തോളം വളർന്നെത്തുന്ന-
ബ്രഷിൽ തൊട്ട് വരയ്ക്കാനിരുന്നവർ
മനുഷ്യർ! അതേ അവർ-
വരച്ചുവരച്ചൊരു കാടിനെ
കൺകെട്ടുന്നു..
മരങ്ങൾ നടന്നു നീങ്ങീടുന്നു
സെയിൻ്റ് ഗോബൻ ചതുരങ്ങൾക്കായ്-
മുറിഞ്ഞടർന്ന് വീണീടുന്നു...
പലതും വരച്ചാർത്തി പെരുത്ത്-
തീക്കട്ടയിൽ ഉറുമ്പായരിക്കുവാൻ-
പെയിൻ്റും തേടിപ്പോയി.
ഒടുവിൽ വരച്ചൊരു കിരീടം
ലോകത്തിൻ്റെ ശിരസ്സിൽ തൊടാൻ,
തൊട്ടാൽ മരിക്കും വരം പോലെ..
വരച്ച് തെറ്റിപ്പോയ മുഖങ്ങൾക്കുള്ളിൽ
നിന്ന് പുറത്തേയ്ക്കോടിപ്പോയ-
വ്യാളികൾ തീ തുപ്പവേ;
പിന്നെയും വരയ്ക്കുന്നു മുഖത്തെ-
മൂടിക്കെട്ടി വയ്ക്കുവാനായി
പുത്തൻ മുഖംമൂടികൾ വീണ്ടും...
രണ്ട് പേരവർ ചിത്ര-
ശില്പകാരന്മാർ
അവർ രണ്ട് പേർ
സൃഷ്ടിക്കുള്ളിൽ
പ്രപഞ്ചം തേടുന്നവർ
രണ്ടിതൾ പോലെ വന്നീ
ഭൂമിയെ തൊടുന്നവർ
രണ്ടിനുമിടക്കുണ്ട്
ഋതുഭേദങ്ങൾ അത്
രണ്ട് പേർ രണ്ടായ്
പകുത്തെടുത്ത്
വരയ്ക്കുന്നു......
ഒന്നതിൽ പ്രപഞ്ചത്തിൻ
പൂർണ്ണമാം ശില്പാർദ്രത!
മറ്റതിലപൂർണ്ണമാം
മനുഷ്യ മഹാന്ധത...
രണ്ടിനും രണ്ടേ രൂപം
രണ്ടിനും രണ്ടേ ഭാവം
രണ്ട് പേർ വീണ്ടും വീണ്ടും
വരയ്ക്കാനിരിക്കുന്നു...
രണ്ടിനും ഒരേ ചിത്രപടങ്ങൾ
പക്ഷേയതിൽ രണ്ട് പേർ
രണ്ടായ് പ്രപഞ്ചത്തിനെ-
ദർശിക്കുന്നു...
രണ്ട് പേർ രണ്ടായ്-
പ്രപഞ്ചത്തിനെ വരയ്ക്കുന്നു..