പൂർവ്വികരും ആധുനികതലമുറയും പാരമ്പര്യ ആയുർവേദ ചികിത്സയെ ഒരുപോലെ നെഞ്ചോട് ചേർക്കുന്നത് ഇതിന്റെ മഹത്വം കൊണ്ടുതന്നെയാണ്.നമ്മുടെ പാരമ്പര്യം പകരുന്ന ആത്മസംതൃപ്തിയും ആരോഗ്യസംരക്ഷണവും അനുപമമാണ്.സ്വന്തം ആരോഗ്യത്തെക്കുറിച്ച് പൂർണമായി വിലയിരുത്തി തീരുമാനമെടുക്കാന്‍ വയ്യാത്ത അത്രയും തിരക്കേറിയ ജീവിതവുമായി മുന്നോട്ടുനീങ്ങുന്ന നാമോരോരുത്തരും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഏതെങ്കിലും രോഗം പിടിമുറുക്കുകയും മറ്റു ചികിത്സാരീതികൾ ഫലം കാണാതെ വരുമ്പോഴും വളരെ വൈകിമാത്രമേ പാരമ്പര്യവൈദ്യത്തിലേക്ക് എത്തിനോക്കാറുള്ളു.എന്നാൽ,അതിൽ സൗഖ്യം പ്രാപിക്കുന്നതോടെ ആ ചികിത്സാരീതിയോടുള്ള മമത പതിന്മടങ്ങാകുന്ന കാഴ്ചയാണ് നാളിതുവരെ കണ്ടിട്ടുള്ളത്.ഹിതങ്ങളും അഹിതങ്ങളുമായ ജീവിതചര്യകൾ,മാനസിക സംഘർഷങ്ങൾ , അനിയന്ത്രിതമായിട്ടുളള ഭക്ഷണരീതികൾ ഇവയൊക്കെയും നമ്മെ കാര്യമായി ബാധിക്കുന്നുണ്ട്. അകാലവാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്നതായിപ്പോലും ഇന്നത്തെ രീതികളെ വിശേഷിപ്പിക്കാം.
ജീവിതശൈലിരോഗങ്ങൾ എന്നു നാം പറയുന്ന കൊളസ്‌ട്രോൾ ,പ്രമേഹം ,രക്തസമ്മർദ്ദം ഇവയെല്ലാം തുടക്കത്തിലേ തിരിച്ചറിയാത്തതിന്റെ പരിണിതഫലമായി മറ്റു പലരോഗങ്ങളും വന്നുചേരുന്നു.ഹൃദ്രോഗം,ഫാറ്റി ലിവർ,ചിലതരം ക്യാൻസറുകൾ എന്നിവ സാർവത്രികമായി കഴിഞ്ഞിരിക്കുന്നു.എന്നാൽ, ശരീര ഘടനയിലെ അവസ്ഥാവിശേഷമായ ജീവിതശൈലി രോഗങ്ങൾ ഇനി സ്വല്പം വൈകിയാൽ പോലും നമുക്കു മാറ്റിയെടുക്കാവുന്നവയാണ്.ചില രോഗങ്ങൾക്ക് അതിശയിപ്പിക്കുന്ന ഫലമാണ് പാരമ്പര്യആയുർവ്വേദ മരുന്നുകളും ചികിത്സാരീതിയും നൽകുന്നത് .
മനുഷ്യൻ ഉൾപ്പെടെ ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടായപ്പോള്‍ തന്നെ പ്രകൃതിയുടെ വരദാനമായ സസ്യങ്ങളും ഔഷധങ്ങളും കൂടെയുണ്ട് എന്നുളളതാണ് ആദ്യം ഓർക്കേണ്ടത്. മാരകാവസ്ഥയിലേക്കു മാറാവുന്ന പല രോഗങ്ങളെയും ബുദ്ധിപൂർവ്വം നമ്മുടെ പൂർവികർ ആയുർവേദത്തിലൂടെ സുഖപ്പെടുത്തി എന്നത് ഇതിന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടുന്നു.
ഋഷീശ്വരന്മാർ രേഖപ്പെടുത്തിയ പല ചികിത്സാമുറകളും ഇന്ന് ശാസ്ത്രീയമായി വൈദ്യശ്രേഷ്ടർ ശ്രദ്ധാപൂർവ്വം ഉപയോഗപ്പെടുത്തിപ്പോരുന്നു.വാതരോഗങ്ങൾ,കഴുത്ത് വേദന,തോളുവേദന, നട്ടെല്ലുരോഗങ്ങൾ, ഉളുക്ക്, ചതവ്, സന്ധിബന്ധങ്ങളുടെ അസ്വഭാവികത മൂലം ഉണ്ടാകുന്ന രോഗങ്ങൾ,മൈഗ്രയിന്‍, ടോൺസിലൈറ്റിസ് , ഉദരരോഗങ്ങൾ അങ്ങിനെ പലതും സൗഖ്യപ്പെടുത്താൻ ആയുർവേദത്തിലൂടെ സാധിക്കും .ഇവയൊക്കെ ശരീരത്തെ ഒട്ടും തന്നെ ദോഷമായി ബാധിക്കില്ല എന്നതും എടുത്തു പറയേണ്ടതാണ്.
ആരോഗ്യത്തെ നശിപ്പിക്കുന്നതെല്ലാം ജീവിതത്തേയും നശിപ്പിക്കുന്നു.വളരെ ചുരുങ്ങിയ കാലംകൊണ്ടും ചില ചിട്ടയായ ജീവിതംകൊണ്ടും ചികിത്സ ഫലവത്താകുന്നതാണ് ആയുർവ്വേദത്തിന്റെ രീതി. ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം പാരമ്പര്യമായി കിട്ടിയ അറിവുകളും നമ്മൾ സ്വീകരിച്ചാൽ നഷ്ടപ്പെട്ടുപോയ ശരീരീകാവസ്ഥയെ നവീകരിച്ചു പുനർജ്ജനിപ്പിക്കാൻ കഴിയും.
ചികിത്സയാണ് ജീവിത നിയോഗം എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് എന്നെ സംബന്ധിച്ച് സാർത്ഥകം. 2002 മുതൽ പാരമ്പര്യ ആയുർവേദ ചികിത്സ രംഗത്തു മനസ്സും ശരീരവും അർപ്പിച്ചു വരികയാണ്. കുട്ടി വൈദ്യൻ എന്നാണ് പിതാവ് അറിയപ്പെട്ടിരുന്നത്. വിഷ വൈദ്യത്തിലായിരുന്നു അദ്ദേഹത്തിന് ഏറെ പ്രാവീണ്യം. കുഞ്ഞുനാൾ മുതൽ അച്ഛനൊപ്പം നടന്ന് ചികിത്സാരീതികൾ കണ്ടുമനസ്സിലാക്കുകയും പഠിക്കുകയും ചെയ്‌തെങ്കിലും ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ ശേഷം അതിന്റെ ആഴങ്ങൾ കൂടുതൽ തൊട്ടറിയാൻ ശ്രമിച്ചു. തുടർന്ന് മർമ ചികിത്സ പഞ്ച കർമം ചങ്ങനാശ്ശേരി പ്രസാദ് ഗുരുക്കൾ , തമ്പി വൈദ്യൻ എന്നിവർക്ക് കീഴിൽ അഭ്യസിക്കുകയും അവരുടെ അനുഗ്രഹം നേടുകയും ചെയ്തു. മറ്റുചികിത്സകൾ ഫലം കാണാതെ വരികയും പാരമ്പര്യചികിത്സക്കൊണ്ട് അവ മാറുകയും ചെയ്ത ധാരാളം അനുഭവങ്ങൾ ജീവിതത്തിന് അർത്ഥവും നിറവും പകർന്നു. നട്ടെല്ല് സംബന്ധമായ രോഗം, വിട്ടുമാറാത്ത തലവേദന, ചിലതരം ത്വക് രോഗങ്ങൾ, അലർജി, വാതരോഗങ്ങൾ എന്നിങ്ങനെ കാലങ്ങളായി വലച്ച രോഗങ്ങൾ പൂർണമായും ഭേദമായി ആളുകൾ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ പറയുന്നതിന്റെ ധന്യത വാക്കുകൾക്ക് അതീതമാണ്.
2021 ൽ ചേർത്തല സ്വദേശി ജിജോ പോളിനെ ചികിത്സിച്ചത് മറക്കാനാകാത്ത അനുഭവമാണ്. 47കാരനായ ജിജോ,
സ്ട്രോക് വന്നതിന്റെ ഫലമായി ഓപ്പറേഷൻ ചെയ്ത് ബുദ്ധിപരമായ വീഴ്ച സംഭവിക്കുകയും നാലര വർഷത്തോളം ചലനശേഷി കുറയുകയും ചെയ്ത അവസ്ഥയിലാണ് എന്റെയടുത്ത് എത്തിയത്. പ്രാരംഭ കൃത്യങ്ങൾ പോലും അയാൾ കിടന്നുകൊണ്ടാണ് ചെയ്തു പോന്നത്. അതുകൊണ്ട് അഗതി മന്ദിരത്തിൽ പോലും എടുക്കാൻ പറ്റാത്ത അവസ്ഥയിലായി.രണ്ടര മാസത്തെ ചികിത്സയിലൂടെ ജിജോയെ നടത്താൻ സാധിച്ചു.എന്റെ തന്നെ നാട്ടുകാരിയായ ( കടപ്പൂരുകാരി) ശാന്തമ്മ
പ്രത്യേകതരം ത്വക് രോഗം മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച ശേഷമാണ് ആയുർവേദത്തിലേക്ക് വരുന്നത്.2വർഷം പല വിധത്തിലുള്ള ചികിത്സസമ്പ്രദായങ്ങളും പരാജയപ്പെടുകയും രോഗത്തെ മൂർച്ഛിക്കുകയും ചെയ്തശേഷമാണ് തൊട്ടടുത്തുള്ള എന്റെ അടുത്ത് എത്തിയത്. രോഗം രോഗം ഭേദമയില്ലങ്കിൽ എനിക്ക് ജീവിക്കേണ്ട എന്നാണ് അവർ പറഞ്ഞത്. ദേഹം വല്ലാതെ വികൃതമായി സ്വാഭാവികനിറം നഷ്ടപെട്ട അവസ്ഥ ആ സ്ത്രീക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. 2018 ൽ 4 മാസത്തെ ചികിത്സ കൊണ്ട് രോഗം പൂർണമായി മാറിയപ്പോൾ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും അവർ എഴുതിത്തന്നു. ഈ രീതിയിൽ 10 വർഷം രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂരിനടുത്ത് താമസിക്കുന്ന സുരേഷ് .... അങ്ങനെ എത്രയോപേർ!
പ്രാചീന ഭാരതത്തിൽ രൂപംകൊണ്ട ആയുർവേദത്തിന്റെ ശക്തി നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ഉദാഹണങ്ങൾ നമുക്ക് ചുറ്റിലുമിങ്ങനെ എത്രയോ ഉണ്ട്?
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 80 ശതമാനം ജനങ്ങളും പരമ്പരാഗത ചികിത്സാ സമ്പ്രദായത്തെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉപയോഗപ്പെടുത്തുന്നുണ്ട്.അടുത്ത കാലത്ത് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 60 ശതമാനം ആളുകൾ പ്രാഥമിക ആരോഗ്യ പരിപാലനത്തിനായി ആയുർവ്വേദം ഉൾപ്പെടെ പാരമ്പര്യ ചികിത്സാരീതികൾ പ്രയോജനപ്പെടുത്തുന്നതായി തെളിഞ്ഞിരുന്നു. കാവുകളിലും വേട്ടുവളപ്പിലും ഔഷധ സസ്യങ്ങൾ നട്ടു വളർത്തുന്ന ശീലം മലയാളികൾക്കുണ്ട്. വിദേശത്തേക്ക് പോകുമ്പോൾ പനിക്കൂർക്കയും തുളസിയും കറ്റാർവാഴയും കൂടെക്കൂട്ടുന്നവർ ഒരുപാടുണ്ട്.പ്രമേഹം,കരൾ രോഗങ്ങൾ, അൽഷിമേഴ്സ്,പാർക്കിൻസൺസ് തുടങ്ങി അനേകം രോഗങ്ങൾക്ക് പ്രതിവിധി സസ്യ ഔഷധികളിൽ നിന്ന് കണ്ടുപിടിച്ചിട്ടുണ്ട്.സർപ്പഗന്ധിയിൽ നിന്നെടുക്കുന്ന അജ്‌മലിൻ രക്തസമ്മർദ്ദത്തിനും നിത്യകല്യാണിയിൽ നിന്ന് വേർതിരിച്ചിട്ടുള്ള വിൻബ്ലാസ്റ്റിൻ രക്താർബുദത്തിനും അലോപ്പതിയിൽ നൽകുന്നുണ്ട്.
അലോപ്പതിയിൽ ചികിത്സ ഇല്ലാത്ത രോഗങ്ങൾക്ക് മറ്റു വൈദ്യ സമ്പ്രദായങ്ങളെ പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശം ലോകാരോഗ്യ സംഘടന നൽകിയതും ഇതിനോട് ചേർത്തുകാണാം.ഇങ്ങനെ പല കാരണങ്ങൾക്കൊണ്ടും ആയുർവേദത്തിനും പാരമ്പര്യ ചികിത്സയ്ക്കും ജനപ്രീതി വർദ്ധിച്ചിരിക്കുകയാണ്. പ്രകൃതിയിലേക്ക് മടങ്ങുക അല്ലെങ്കിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നുള്ളതാണ് ആരോഗ്യം നിലനിർത്തുന്നതിനുള്ള സൂത്രവാക്യം.
കേരളത്തിലും ഇന്ത്യയിലും അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും നിരവധി പേർക്ക് ആരോഗ്യപൂർണമായ പുതുജീവിതം സമ്മാനിക്കാൻ കഴിഞ്ഞ രണ്ടുദശകങ്ങളായി കഴിയുന്നു എന്നത് ജീവിതത്തിലെ ധന്യതയായി കാണുന്നു.സ്വാഭാവികമായ രോഗശാന്തിയിലൂടെ ജീവിതത്തെ മാറ്റുക എന്നത് കേരളത്തിനകത്ത് കഴിയുന്നവരേക്കാൾ നന്നായി ചെയ്യുന്നത് പ്രവാസികളാണ് എന്നതാണ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്. മുറ്റത്തെ മുല്ലയുടെ സൗരഭം തിരിച്ചറിയാൻ കാതങ്ങൾ അകലേക്ക് നീങ്ങേണ്ടി വന്നിരിക്കുന്നു മലയാളികൾക്ക്.യോഗയ്ക്ക് ലഭിച്ചിരിക്കുന്ന ആഗോള പ്രീതി ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതുണ്ട്.പ്രവാസ സമൂഹം പാരമ്പര്യ വൈദ്യത്തിന്റെ മൂല്യം തിരിച്ചറിയുന്നു എന്നുള്ളത് ശുഭസൂചനയാണ്.പാരമ്പര്യത്തെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന പ്രവാസി സമൂഹം, ആയുർവേദത്തോടും പാരമ്പര്യവൈദ്യത്തോടും അതേ താല്പര്യമാണ് പുലർത്തുന്നത്.പാരമ്പര്യ ചികിത്സയ്ക്ക് ആധികാരികത പകരാൻ ഇത് സഹായമായിട്ടുമുണ്ട്.
സാബുവൈദ്യന്‍,Reg. No:05/503,
പാരമ്പര്യ ആയുർവ്വേദ മർമ്മ ചികിത്സ-വിഷചികിത്സാ കേന്ദ്രം(പതിരിക്കൽ)പൂതക്കുഴിയിൽ പാരമ്പര്യ ആയുർവ്വേദ ചികിത്സാ കേന്ദ്രം,കടപ്പൂർ,കാണക്കാരി,കോട്ടയം.ഫോൺ: 9446861670, 9539033016