Image

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് സര്‍ക്കാര്‍ ഓഫീസാക്കുമോ..?(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 03 February, 2024
 പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് സര്‍ക്കാര്‍ ഓഫീസാക്കുമോ..?(എ.എസ് ശ്രീകുമാര്‍)

കേരള പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റിലെ ഒന്നാം പേരുകാരനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ആലപ്പുഴ വണ്ടാനത്തെ പണിതീരാത്ത വീട് സര്‍ക്കാര്‍ ഓഫീസുകളായി മാറ്റാന്‍ ആലോചന. വീട് സര്‍ക്കാര്‍ ഏറ്റെടുത്ത്, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകള്‍ ഇവിടേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് ആറുമാസം മുമ്പ് റവന്യു മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. നവകേരള സദസ്സിലും ഇക്കാര്യമാവശ്യപ്പെടുകയുണ്ടായി. നിയമ കുരുക്കുള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് റവന്യു വകുപ്പ്. 1984 സെപ്റ്റംബര്‍ 19-ന് ഈ രണ്ടുനില കെട്ടിടം കണ്ടുകെട്ടിയിരുന്നു.

ആലപ്പുഴ വണ്ടാനം ഗവണ്‍മെന്റ്, തിരുമല ദേവസ്വം (ടി.ഡി) മെഡിക്കല്‍ കോളേജിന് എതിര്‍വശത്ത് ദേശീയ പാതയില്‍ നിന്നു 150 മീറ്റര്‍ ദൂരത്താണ് പ്രേതാലയത്തെ അനുസ്മരിപ്പിക്കുന്ന ഈ വന്‍ കെട്ടിടം. 40 വര്‍ഷം മുമ്പാണ് ഏഴു കിടപ്പുമുറികളുളള വീട് നിര്‍മിച്ചു തുടങ്ങിയത്. 'ബംഗ്ലാവ്' എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അന്നത്തെ ആധുനിക രീതിയാണ് നിര്‍മാണത്തിന് അവലംബിച്ചത്. പണി നിലച്ച കെട്ടിടം പൂര്‍ത്തിയാക്കുന്നതിനുള്ള പണത്തിന് വേണ്ടിയായിരുന്നു ആലപ്പുഴ സ്വദേശി എന്‍.ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ സുകുമാരക്കുറുപ്പ് കാറില്‍ ചുട്ടെരിച്ച് കൊന്നത്. മരിച്ചതു താനാണെന്നു വരുത്തിത്തീര്‍ത്ത് അബുദാബിയില്‍ സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. കൊലയ്ക്കു ശേഷം സുകുമാരക്കുറുപ്പ് ഒളിവില്‍ പോയ അന്നു മുതല്‍ കെട്ടിടം അനാഥമായി.

കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ അധ്യായമാണ് ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും. ആ സംഭവത്തിന് ഇക്കഴിഞ്ഞ ജനുവരി 22ന് 40 വയസ് പൂര്‍ത്തിയായിരുന്നു. 1984 ജനുവരി 22-നാണ് സുകുമാര കുറുപ്പും ബന്ധുവും ഡ്രൈവറും ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ചാക്കോയെ മാവേലിക്കര കുന്നത്തിന് സമീപം ക്രൂരമായി കൊന്നത്. മനസാക്ഷിയെ ഞെട്ടിപ്പിച്ച ആ കൊലപാതകം ഇന്നും ഒരു പേടിസ്വപ്നമായി അവശേഷിക്കുന്നു.

ചെങ്ങന്നൂരിനടുത്ത് ചെറിയനാട് സ്വദേയിയായ സുകുമാരക്കുറുപ്പ്, തന്റെ ഭാര്യയോടൊപ്പം അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള പദ്ധതിയുടെ ഭാഗമായി കുറുപ്പ് അബുദാബിയില്‍വച്ച് 3,01,616 ദിര്‍ഹത്തിനുള്ള (ഏകദേശം 30 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് പോളിസിയെടുത്തു. തുടര്‍ന്ന്, താനൊരു കാറപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോദ്ധ്യപ്പെടുത്താന്‍ കുറുപ്പ് തീരുമാനിച്ചു. ഇന്‍ഷുറന്‍സ് തുക മുഴുവന്‍ ഭാര്യയ്ക്കു ലഭിക്കുമല്ലോ എന്ന ചിന്തയാണ് ഒരു നിരപരാധിയുടെ ജീവനെടുത്തത്.

സുകുമാരക്കുറുപ്പിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവ് ഭാസ്‌കര പിള്ളയും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവര്‍ പൊന്നപ്പനും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ പ്യൂണ്‍ ചാവക്കാട് സ്വദേശി ഷാഹുവും ഗൂഢാലോചനയിലെ പങ്കാളികളായി. ആലപ്പുഴ മെഡിക്കല്‍കോളജ് ലബോറട്ടറിയില്‍നിന്ന് അവര്‍ അല്പം ഈതര്‍ കൈക്കലാക്കി. 1984 ജനുവരിയിലെ ആദ്യയാഴ്ച, സുകുമാരക്കുറുപ്പും ഒന്നാംപ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാര്‍ ചേര്‍ന്ന് ചെറിയനാടുള്ള സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ സ്മിതാഭവനില്‍ ഒത്തുചേര്‍ന്ന്, പദ്ധതിനടപ്പിലാക്കാനുള്ള വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവര്‍ ഫിക്സ് ചെയ്തു.

ആ ദിവസം, അവര്‍ നാലുപേരും കല്പകവാടി ഹോട്ടലിലെത്തി. സുകുമാരക്കുറുപ്പ് തന്റെ അമ്പാസഡര്‍ കാറിലും മറ്റുള്ളവര്‍ ഒന്നാംപ്രതിയുടെ കാറിലുമാണെത്തിയത്. തുടര്‍ന്ന് സുകുമാരക്കുറുപ്പ് ഒരുകാറിലും മറ്റുള്ളവര്‍ മറ്റേക്കാറിലുമായി ദേശീയപാതയിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോടു വലിപ്പ-രൂപ സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, ഓച്ചിറ വരെ  23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും അങ്ങനെയൊരാളെക്കണ്ടെത്താന്‍ സാധിച്ചില്ല. തിരിച്ചു വരുന്നവഴി, കരുവാറ്റയിലെത്തിയപ്പോള്‍ ഒരാള്‍ അവരുടെ കാറിനുനേരേ കൈകാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. അത്, കൊല്ലപ്പെട്ട ചാക്കോയായിരുന്നു.

കരുവാറ്റ ടി.ബി ജംഗ്ഷനിലുള്ള ശ്രീഹരി ടാക്കീസില്‍ കളക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ചാക്കോ. ഗര്‍ഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികില്‍ വേഗമെത്താന്‍ അക്ഷമയോടെ വാഹനം കാത്തുനില്‍ക്കുകയായിരുന്നു ചാക്കോ. ലിഫ്റ്റ് നല്‍കി യാത്രതുടരവേ,  അവര്‍ ചാക്കോയെ ബലമായി പിടിച്ചുക്കൊണ്ട് ഈതര്‍ കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങള്‍ക്കകം ഒന്നാംപ്രതി, ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍കൊണ്ട് ബലമായി മുറുക്കുകയും കഴുത്തൊടിക്കുകയും ചെയ്തു. പിന്നീടവര്‍ സ്മിതാഭവനിലേക്കു യാത്രയായി. ചാക്കോയുടെ മൃതദേഹം, ഒരു മുറിയിലേക്കു മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ചാക്കോയുടെ ചലനമറ്റ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന്, മൃതദേഹം ഒന്നാംപ്രതിയുടെ കാറിന്റെ ഡിക്കിയിയിലിട്ട് വടക്കുഭാഗത്തേക്ക് രണ്ടു കാറുകളിലായി യാത്രയാരംഭിച്ചു.

കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ മൃതശരീരമെടുത്ത്, കാറിന്റെ ഡ്രൈവിങ് സീറ്റിലിരുത്തിയശേഷം, സമീപത്തെ നെല്‍വയലിലേക്ക് ആ കാര്‍ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിനു തീയിട്ടതോടെ അവര്‍ മറ്റേക്കാറില്‍ കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികള്‍ക്കും പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തില്‍നിന്ന് ഓടിരക്ഷപ്പെടുമ്പോള്‍, താഴെവീണിരുന്ന ഗ്ലൗസെടുക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അപ്പോള്‍ സമയം, ഏകദേശം പുലര്‍ച്ചെ മുന്നുമണിയോടടുത്തിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ്-പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ ചാക്കോയുടെ മൃതദേഹം പിറ്റെ ദിവസം രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

ചെറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും പൊന്നപ്പനും ഷാഹുവും ചേര്‍ന്നാണ്, ഇന്‍ഷുറന്‍സ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിച്ചത്. എന്നാല്‍ മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാര്‍ കത്തിയെരിഞ്ഞ ആ പാടം ഇപ്പോള്‍ അറിയുന്നത് 'ചാക്കോപ്പാടം' എന്ന പേരിലാണ്. കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്‌കരപിള്ള ഇപ്പോള്‍ പുലിയൂരിലെ വീട്ടിലുണ്ട്.

സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് പോലീസിന്റെ നിരീക്ഷണത്തിലായി. തിരുവല്ലയില്‍ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലില്‍ പോലീസ് പടയുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുടെ സംസാരം. പക്ഷേ, കേരള പോലീസ് ആവതുശ്രമിച്ചിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പിനെ തേടി പോലീസ് നടക്കാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു.

ഇന്ത്യയുടെ പലയിടങ്ങളിലായി കുറുപ്പിനെ കണ്ടതായി അവകാശപ്പെട്ട് നിരവധി ആളുകള്‍ രംഗത്തെത്തിയെങ്കിലും അതൊന്നും വിശ്വസനീയമായിരുന്നില്ല. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നിരവധി കഥകളും സുകുമാര കുറിപ്പിന്റേത് എന്ന രീതിയില്‍ പ്രചരിച്ചു. ഇതിനിടെ സുകുമാര കുറുപ്പിന്റെ കഥ പ്രമേയമാക്കി മൂന്ന് ചിത്രങ്ങളും തിരശ്ശീലയില്‍ എത്തി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച് റിലീസ് ചെയ്ത സിനിമയാണ് 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പ് ആയി അഭിനയിച്ചത്.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. 1984 ല്‍ പുറത്തിറങ്ങിയ എന്‍.എച്ച് 47 എന്ന സിനിമയുടെ പ്രമേയവും സുകുമാര കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി.ജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്. എന്നാല്‍ ഇതില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ദിലീപ്-കാവ്യാ മാധവന്‍ ചിത്രമായ 'പിന്നെയും' ഈ സംഭവത്തോട് സാദൃശ്യമുള്ള കഥയാണ് പറഞ്ഞത്.

സുകുമാരക്കുറിപ്പിനെ തേടി ക്രൈം ബ്രാഞ്ച് സംഘം പലയിടത്തും സഞ്ചരിച്ചു. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പു തുടരുകയാണ്. വണ്ടാനത്തെ വീടിന്റെ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസു കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ഒന്നും നടന്നില്ല. പോക്കുവരവു നടത്താത്തതിനാല്‍ കെട്ടിടമുള്ള 20 സെന്റ് മുന്‍ ജന്മിയുടെ പേരിലാണെന്നാണ് റവന്യു രേഖകള്‍. മന്ത്രിക്കു നല്‍കിയ പരാതി അമ്പലപ്പുഴ താലൂക്കിലേക്കു കൈമാറിയതായി മറുപടി ലഭിച്ചിരുന്നെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിനായി 2017-ല്‍ ഭരണസമിതി പ്രമേയം പാസാക്കിയിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുറുപ്പിന്റെ വീട് സര്‍ക്കാര്‍ ഓഫീസാവും. ഒരു പ്രേതാലയത്തെ ഓര്‍മിപ്പിക്കുന്ന ആ വീട് സാമൂഹിക വിരുദ്ധര്‍ പലപ്പോഴും താവളമാക്കി. സുകുമാരക്കുറുപ്പിന്റെ പേരില്‍ ഇനിയും തീരാത്ത കേസ്, കെട്ടിടമുളള സ്ഥലം മുന്‍ ജന്മിയുടെ പേരില്‍, കോടതിയില്‍ തുടരുന്ന വ്യവഹാരങ്ങള്‍... ഇക്കാര്യങ്ങള്‍ മൂലം സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് റവന്യു വകുപ്പ് പറയുന്നത്. 40 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിഷയമായതിനാല്‍ വിശദമായ അന്വേഷണം വേണ്ടി വരും. സര്‍ക്കാരിന്റെ നയതീരുമാനവും നിര്‍ണായകമാണ്.

അതേസമയം, പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് ഒന്ന് അവസാനിച്ചുകാണാന്‍ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പു തുടരുകയാണ്. ചാക്കോയുടെ മരണശേഷം ജനിച്ച മകന്‍ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോള്‍. ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുകുമാരക്കുറുപ്പിന് ഇപ്പോള്‍ 77 വയസ്സുണ്ടാകും. അങ്ങനെ, കേരളത്തിലെ പോലീസന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഈ ക്രൈംത്രില്ലര്‍ സംഭവകഥ ജനമനസ്സുകളില്‍ മായാതെനില്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക