Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-1: സോയ നായര്‍)

Published on 08 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-1: സോയ നായര്‍)

1. Give and Take Policy is the Best option😁😁

നമ്മൾ എത്ര ആത്മാർത്ഥമായി സ്നേഹം കൊടുത്താലും അവരെ കരുതിയാലും അതൊക്കെ ഷോ ആണെന്നും ആ സ്നേഹത്തെ മുഴുവനും സംശയദ്യഷ്ടിയോടെ മാത്രം നോക്കിക്കാണുന്നതുമായ ഒരുത്തർക്കു വേണ്ടിയും വെറുതെ സ്നേഹം, സമയം, ആത്മാർത്ഥത ഇതൊന്നും കളയരുത്‌. അത്‌ വേറൊന്നും കൊണ്ടല്ല, അവർക്ക്‌ നമ്മളുടെ യഥാർത്ഥസ്നേഹം തിരിച്ചറിയാനാകാത്ത കാലത്തോളം എങ്ങനെ അവർക്ക്‌ നമ്മളെ സ്നേഹിക്കാനാകും..അതേ സമയം നമ്മളുടെ സ്നേഹം, അതിന്റെ മഹത്വം അതൊക്കെ  അങ്ങേയറ്റം അറിയുന്ന ഒരാളെ സ്നേഹിക്കാതെയുമിരിക്കരുത്‌.. കണ്ണടച്ച്‌ തുറക്കുന്ന നേരം നമുക്ക്‌ നാളെ വിധിച്ചിട്ടുണ്ടെങ്കിൽ മാത്രമെ നാളെ നമ്മൾ കാണുകയുള്ളൂ..അതൊക്കെ മറന്നാണു നമ്മളുടെയൊക്കെ ഈ അർമ്മാദിപ്പ്‌. എന്താല്ലേ.. അപ്പോൾ ഇനി മുതൽ സ്നേഹം അതർഹിക്കുന്നവർക്ക്‌ നൽകി ജീവിതം അങ്ങട്‌ ആഘോഷിക്കൂ സുഹ്യത്തുക്കളേ..! 

2. Live your life for You, not for others .

ഒരു തുള്ളി വെള്ളമെങ്കിലും...! 

അത്യധികം വേദനയോടാണീ കുറിപ്പെഴുതുന്നത്‌. എന്നെ പോലെ ഉള്ള കുറെ അമ്മമാർ എങ്കിലും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കാം, ഇന്നും കടന്നു പോകുന്നുണ്ടായിരിക്കാം. അമ്മയാകുക എന്നത്‌ അനുഗ്രഹമാണു, സന്തോഷമാണു എന്നൊക്കെ പറയാൻ എളുപ്പമാണു പക്ഷെ, ആ അമ്മമാർ എന്തൊക്കെ ത്യജിച്ചാണു അത്തരമൊരു തീരുമാനത്തിലെത്തിച്ചേരുന്നത്‌ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?? ഈ പറയുന്ന മക്കൾക്ക്‌ വേണ്ടി അവർ ത്യജിക്കുന്ന അവരുടെ മോഹങ്ങൾ, ആഗ്രഹങ്ങൾ, ജോലി, സൗന്ദര്യം ഇതൊക്കെ നിസ്സാരമാണെന്ന് തോന്നുന്ന മക്കളോട്‌ പറയാൻ ഒന്നേ ഉള്ളൂ. 
1. അന്ന് അമ്മയ്ക്ക്‌ ശരീര സൗന്ദര്യം നോക്കണമെന്നുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ഭൂമിയിൽ മക്കളുണ്ടാകുമായിരുന്നില്ല. 
2.അന്ന് അമ്മയ്ക്ക്‌ കലാപരമായും അല്ലാതെയുമുള്ള മോഹങ്ങൾക്ക്‌ പിന്നാലെ പോകണമായിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഉണ്ടാകുമായിരുന്നില്ല. 
3.അന്ന് വിദ്യാഭ്യാസയോഗ്ഗ്യതയ്ക്കനുസരിച്ചുള്ള ജോലി മക്കളെ നോക്കാൻ വേണ്ടി ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് അമ്മ ചിലപ്പോൾ ഉയർന്ന പദവികളിൽ എത്തിയേനേ.. 
4.ഒരു വേലക്കാരിയെ വച്ചിരുന്നെങ്കിൽ അമ്മയുടെ ഭക്ഷണത്തിനു എന്ത്‌ കൈപുണ്യമെന്ന് വാതോരാതെ പുകഴ്ത്തേണ്ടി വരില്ലായിരുന്നു. 
5.തുണി അലക്കാനും തേച്ചു മടക്കാനും പഠിപ്പിക്കാനും ഒക്കെ അമ്മയ്ക്ക്‌ പകരം യന്ത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ ക്യത്യമായി ഇതൊക്കെ എടുത്തിട്ട്‌ ഞെളിഞ്ഞ്‌ സ്കൂളിലേക്കോ മറ്റെങ്ങോട്ടോ പോകാൻ കഴിയില്ലായിരുന്നു. 
6. ഞാൻ കേമനാ എന്ന് വീമ്പു പറയാൻ നാവു പൊന്തില്ലായിരുന്നു.. 
7.വീട്ടിലെ ഒരു പണിയും ചെയ്യാതെ ചുമ്മാതെ ഇരുന്ന് റ്റീവിയും കണ്ട്‌, കൂട്ടുകാരുടെ കൂടി അർമ്മാദിച്ച്‌ കയറി വരുമ്പോൾ ഉറങ്ങാതെ കാത്തിരിക്കാനും അമ്മ ഇല്ലായിരുന്നെങ്കിൽ ആ വാതിലുകൾക്കു മുന്നിൽ തണുത്ത്‌ വിറച്ച്‌ കിടക്കാമായിരുന്നു. 
8.അസുഖം വരുമ്പോൾ ആസ്പത്രിയിലേക്ക്‌ വാരിക്കൊണ്ടോടാനും ജീവനെ തിരികെ തരാൻ പ്രാർത്ഥിക്കാനും  ഉറക്കമിളച്ച്‌ രാവോളം കൂട്ടിരിക്കാനും കാര്യസാധ്യത്തിനായ്‌ കൈ നീട്ടുന്നതിനും ഒക്കെ അമ്മ വേണ്ടുന്ന ഒരു കാലമുണ്ടായിരുന്നു.. 

കുട്ടിക്കാലത്ത്‌ "അമ്മയെ എനിക്കിഷ്ടമാണു" എന്ന് പറയുന്നതും കൗമാരക്കാലത്ത്‌ "അമ്മയ്ക്കൊന്നും അറിയില്ലാ"എന്ന് പറയുന്നതും യുവത്വകാലത്ത്‌ അമ്മ "ഒന്ന് മിണ്ടാതിരിക്കാമോ" എന്ന് പറയുന്നതും വാർദ്ധക്യകാലത്ത്‌ "കൈയിലുള്ളതൊക്കെ എനിക്ക്‌ എഴുതി തരണേ"എന്ന് പറയുന്നതും ഒക്കെ നൊന്ത്‌ പ്രസവിച്ച, കണ്ണെ കണ്മണിയേ എന്ന് താലോലിച്ച ആ 10 മാസം ശാരീരികമായും മാനസികമായും എല്ലാ സുഖങ്ങളും ത്യജിച്ച സ്വന്തം അമ്മയുടെ മുഖത്തു നോക്കിയാണു എന്നതാണു സങ്കടം..  ഈ മക്കൾക്കൊക്കെ ഒരു പ്രായം കഴിഞ്ഞാൽ,സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അമ്മ വിവരമില്ലാത്ത, ഒന്നിനെക്കുറിച്ചും അറിയാത്ത ഒരു വിഡ്ഢിയാണു എന്നൊരു ചിന്ത ഉണ്ട്‌..എന്നാൽ ഭാവിയിൽ അതേ വിഡ്ഢിവേഷം അവർക്കും കെട്ടേണ്ടതായി വരും എന്ന് ചിന്തിക്കാറില്ല എന്നതാണു സത്യം.. 

ഒരു വയോമന്ദിരത്തിൽ പോയപ്പോൾ മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരമ്മയെക്കണ്ടപ്പോൾ സ്വന്തം ജീവിതത്തിൽ ‌ഇത്രയൊക്കെ ത്യാഗം സഹിച്ചിട്ട്‌, മോഹങ്ങൾ ത്യജിച്ചിട്ട്‌ എന്താ ശരിക്കും നിങ്ങൾക്ക്‌ കിട്ടിയേ എന്ന് ചോദിച്ചപ്പോൾ "അവഗണന" എന്ന് പറഞ്ഞ്‌ ആ അമ്മ കരഞ്ഞത്‌ ഇന്നും എന്റെ മനസ്സിലുണ്ട്‌.. പ്രസവിക്കാതെ അന്ന് ആ അമ്മ അവരുടെ മോഹങ്ങൾക്ക്‌ പിന്നാലെ പോയിരുന്നെങ്കിൽ ഇന്നീ ഗതി അവർക്ക്‌ വരില്ലായിരുന്നല്ലോ ദൈവമേ എന്ന് വിചാരിച്ച്‌ പോയി ഞാൻ.. 

കാര്യങ്ങളൊക്കെ കഴിഞ്ഞു അമ്മയെ ഒന്നിനും കൊള്ളാത്തവരായി കാണുന്നവരോട്‌ പറയാൻ ഒന്നേ ഉള്ളൂ, സ്വാർത്ഥമനസ്സോടെ അമ്മ  "ജീവിതത്തിൽ കുട്ടികളേ വേണ്ട" എന്ന ഒരു തീരുമാനം അന്ന് എടുത്തിരുന്നെങ്കിൽ ഇന്ന് അവർക്ക്‌ സമാധാനത്തിനായ്‌ ആരുടെ മുന്നിലും യാചിക്കേണ്ടി വരില്ലായിരുന്നു, സ്നേഹത്തിനായ്‌ യാചിക്കേണ്ടി വരില്ലായിരുന്നു.  അമ്മയ്ക്ക്‌ ഒന്നും അറിയില്ല എന്ന് പറയാൻ എളുപ്പമാണു, തള്ളിപ്പറയാനും ഉപേക്ഷിക്കാനും എളുപ്പമാണു. എന്നാൽ തന്റെ ഉള്ള അറിവിന്റെ പരിമിതിയിൽ നിന്ന് കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടറിയിക്കാതെ നിവർന്ന് നിന്ന് മറുത്ത്‌ പറയാൻ തക്കവണ്ണം മക്കളെ വളർത്തി വലുതാക്കി എന്നൊരു തെറ്റ്‌ മാത്രം അവർ ചെയ്തു.. അത്‌ തന്നെയാണു അതോർത്ത്‌ ദു:ഖിക്കുന്ന ഓരോ അമ്മമാർക്കും പറയാനുള്ളത്‌. അമ്മയുടെ സ്നേഹം എന്തെന്നറിഞ്ഞ്‌ വളർന്നവർ ആ സ്നേഹം തിരികെ അമ്മയ്ക്ക്‌ നൽകാനും പ്രാപ്തരാകും. അന്ന് അമ്മയുടെ കൈപിടിച്ച്‌ ആദ്യചുവട്‌ വെച്ചത്‌ പോലെ ആ അമ്മയുടെ ആവശ്യകാലത്ത്‌ കൈ പിടിച്ച്‌ അവരെയും കരുതും. അല്ലാത്തവർ ഈ അവസ്ഥകൾ നമുക്ക്‌ ഉണ്ടാകാതെയിരിക്കാൻ പ്രാർത്ഥിക്കുക. നമ്മുടെ മക്കൾക്കു വഴികാട്ടി മാത്യകയാകുക. മാമ്പൂ കണ്ടും മക്കളെ കണ്ടും ജീവിക്കരുതെന്നാണെങ്കിലും “ചാകുമ്പോൾ ഒരു തുള്ളി വെള്ളം തരാൻ ആരെങ്കിലും വേണ്ടേ മക്കളേ “എന്ന ആ അമ്മയുടെ വേദനയ്ക്ക്‌ മുന്നിൽ നിർത്തുന്നു..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക