Image

അഴിമതിക്കാരനായ   നരസിംഹ റാവു  എന്തുകൊണ്ട് ബഹുമാനിതനാകുന്നു? റാവുവാണോ സാമ്പത്തിക ഉദാരവൽക്കരണ  ശിൽപ്പി? (വെള്ളാശേരി ജോസഫ്)

Published on 10 February, 2024
അഴിമതിക്കാരനായ   നരസിംഹ റാവു  എന്തുകൊണ്ട് ബഹുമാനിതനാകുന്നു? റാവുവാണോ സാമ്പത്തിക ഉദാരവൽക്കരണ  ശിൽപ്പി? (വെള്ളാശേരി ജോസഫ്)

നരസിംഹ റാവുവിന് ഭാരത രത്നം പുരസ്‌കാരം പ്രഖ്യാപിച്ചതിനു ശേഷം പലരും നരസിംഹ റാവുവിന് സ്തുതികൾ അർപ്പിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ഉദാരവൽക്കരണം എന്ന നയത്തിൻറ്റെ പേരിലാണ് കൂടുതലും ഇത്തരം സ്തുതികൾ അർപ്പിക്കുന്നത്. ഇവർക്കൊക്കെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ചരിത്ര പശ്ചാത്തലം അറിയാമെന്നു തോന്നുന്നില്ല.

സത്യം പറഞ്ഞാൽ, സാമ്പത്തിക ഉദാരവൽക്കരണം എന്ന നയത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടൊന്നും നരസിംഹ റാവു 1991-നു മുമ്പ് ഏതെങ്കിലും പ്രസംഗത്തിലോ എഴുത്തിലോ കൂടി പ്രകടിപ്പിച്ചിട്ടില്ല. ഉദാരവൽക്കരണം എന്ന നയം ഇന്ത്യയിൽ നടപ്പാക്കിയത് അതിനെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉള്ളവരായിരുന്നു. IMF ശക്തമായ സമ്മർദം ചെലുത്തിയപ്പോൾ ഇന്ത്യക്ക് 1990-കളിൽ സാമ്പത്തിക നയങ്ങൾ മാറ്റാതെ രക്ഷയില്ലായിരുന്നു. അതുകൊണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ആ ചുമതല ഡോക്ടർ മൻമോഹൻ സിങ്ങിനെ ഏൽപ്പിച്ചു. ഡോക്ടർ മൻമോഹൻ സിംഗ് മോൺടക്ക് സിങ് അഹ്ലുവാലിയ, സി. രംഗരാജൻ - ഇവർക്കൊപ്പം ആ ചുമതല ഭംഗിയായി നിർവഹിക്കുകയും ചെയ്തു. പ്ലാനിംഗ് കമ്മീഷൻ മെമ്പർ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, റിസേർവ് ബാങ്ക് ഗവർണർ, സാമ്പത്തിക ശാസ്ത്രത്തിലെ പ്രൊഫസർ, ധനകാര്യ മന്ത്രി - ഇവയെല്ലാം ആയിരുന്നു പ്രധാന മന്ത്രി ആകുന്നതിനു മുമ്പ് ഡോക്ടർ മൻമോഹൻ സിംഗ്. സാമ്പത്തിക മേഖലയെ കുറിച്ചുള്ള വിപുലമായ അറിവും അനുഭവ സമ്പത്തുമാണ് അദ്ദേഹത്തെ പലർക്കും പ്രിയങ്കരൻ ആക്കിയത്. ഇന്നും നിർമല സീതാരാമനെ പോലുള്ള ധനമന്ത്രിമാർ സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം തേടുന്ന വ്യക്തിയാണ് ഡോക്ടർ മൻമോഹൻ സിംഗ്. ഈയിടെ നിതിൻ ഗഡ്കരി പോലും രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനകൾ നൽകിയ വ്യക്തി എന്ന രീതിയിൽ ഡോക്ടർ മൻമോഹൻ സിംഗിനെ ആദരിക്കണമെന്നു പറഞ്ഞു. ഡോക്ടർ മൻമോഹൻ സിങ്ങിന് വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അറിയാമായിരുന്നു. ഡോക്ടർ മൻമോഹൻ സിങ്, മോൺടക്ക് സിങ് അഹ്ലുവാലിയ, സി. രംഗരാജൻ - ഇവരായിരുന്നു ഉദാരവൽക്കരണം എന്ന നയം ഇന്ത്യയിൽ നടപ്പാക്കിയത്. ഈ ടീമിനെ നയിച്ചത് ഡോക്ടർ മൻമോഹൻ സിങ് തന്നെ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് ഒരു 'Knowledge Based' ഇക്കോണമി ആണെന്നുള്ളത് ഡോക്ടർ മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. സിംഗപ്പൂർ, തായ്വാൻ, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ - ഈ'ഏഷ്യൻ ടൈഗേഴ്സ്' രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക വളർച്ചയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പല ഇൻറ്റർവ്യൂവികളിലും ഡോക്ടർ മൻമോഹൻ സിംഗ് ഇതു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച വ്യക്തി ശരിക്കും ഡോക്ടർ മൻമോഹൻ സിംഗ്‌ ആയിരുന്നു.

വി.പി. സിംഗ് ഭരിച്ചിരുന്നപ്പോൾ തന്നെ ഇന്ത്യക്ക്‌ വലിയൊരു 'ഫോറിൻ എക്സ്ചേഞ്ജ് ക്റൈസിസ്' ഉണ്ടായി. വി.പി. സിംഗ് അതിനെ കുറിച്ച് ബോധവാനായിരുന്നുവെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭയുടെ തലവൻ ആയിരുന്നതുകൊണ്ട് പുള്ളി സാമ്പത്തിക തലത്തിൽ അധികം നയവിത്യാസത്തിനൊന്നും തയാറായില്ല. പക്ഷെ വി.പി. സിംഗ് ഒരു നല്ല കാര്യം ചെയ്തു. കേന്ദ്ര സർക്കാർ സെക്രട്ടറിമാരെ ഒക്കെ വിളിച്ചുകൂട്ടി സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 'എം ഡോക്കുമെൻറ്റിൽ' ചർച്ച തുടങ്ങിവെച്ചു.

ഈ സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 'എം ഡോക്കുമെൻറ്റും', പിന്നീട് ഡോക്ടർ മൻമോഹൻ സിംഗ് ഐ.ഐ.എം. ബാംഗ്ലൂരിൽ വെച്ചു ചെയ്ത ഒരു ദീർഘമായ പ്രഭാഷണവുമാണ് സാമ്പത്തിക ഉദാരവൽക്കരണത്തിന് 'ബാക്ഗ്രൗണ്ട്' ആയി മാറിയത്. ഈ സംഭവങ്ങളെല്ലാം മുൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആയിരുന്ന മോണ്ടെക് സിങ് ആലുവാലിയയുടെ സർവീസ് സ്റ്റോറിയായ 'Backstage - The Story Behind India's High Growth Years' എന്ന പുസ്തകത്തിൽ കൃത്യം കൃത്യമായി പറയുന്നുണ്ട്.

സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 30 പേജുള്ള 'എം ഡോക്കുമെൻറ്റിൽ' ആരുടേയും പേരില്ലായിരുന്നു. പക്ഷെ 30 പേജുള്ള 'എം ഡോക്കുമെൻറ്റ്' മോണ്ടെക് സിങ് ആലുവാലിയയുടെ സൃഷ്ടി ആയിരുന്നു എന്ന് പലർക്കും അറിയാമായിരുന്നു. പിന്നീടാണ് ചന്ദ്രശേഖർ പ്രധാനമന്ത്രി ആയിരുന്നപ്പോൾ സ്വർണം വിദേശത്ത് പണയം വെച്ച് 'ഫോറിൻ എക്സ്ചേഞ്ജ് ക്റൈസിസ്' പരിഹരിക്കുവാൻ ഉള്ള തീരുമാനം ഉണ്ടായത്.

ഇന്ത്യക്ക് 1991-ൽ പ്രധാനമന്ത്രി ചന്ദ്രശേഖറിൻറ്റെ കാലത്ത് 'ബാലൻസ് ഓഫ് പേമെൻറ്റ് ക്രൈസിസ്' പരിഹരിക്കാൻ വിദേശത്ത് സ്വർണം പണയം വെക്കേണ്ടിവന്നു. അവിടുന്നാണ് പൂർണ്ണമായ ഉദാരവൽകരണത്തിൻറ്റെ തുടക്കവും. ഇപ്പോൾ ക്രൂഡ് ഓയിൽ വിലകുറഞ്ഞതിന് ശേഷമാണ് നമ്മുടെ 'ഫോറെക്സ് റിസേർവ്' ഒക്കെ ശക്തമായ നിലവിൽ എത്തിയത്. 1991-ലെ ബാലൻസ് ഓഫ് പേമെൻറ്റ് ക്രൈസിസിൻറ്റെ സമയത്ത് രണ്ടോ മൂന്നോ ആഴ്ച വെളിയിൽ നിന്നും അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള 'ഫോറിൻ റിസേർവ്' മാത്രമേ അന്ന് ഇന്ത്യക്കു ഉണ്ടായിരുന്നുള്ളു. വേൾഡ് ബാങ്കും, ഇൻറ്റർ നാഷണൽ മോനിട്ടറി ഫണ്ടും (IMF) ഇന്ത്യക്ക് ലോൺ തരാൻ അന്ന് തയ്യാറല്ലായിരുന്നു. ആ സമയത്ത് കഴിവുള്ള, ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണൽ ഇക്കോണമിസ്റ്റായ ഡോക്ടർ മൻമോഹൻ സിംഗ് ഫിനാൻസ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കാലഘട്ടത്തിൻറ്റെ ആവശ്യം ആയിരുന്നു അത്. നരസിംഹ റാവുവിൻറ്റെ ഔദാര്യം അല്ലായിരുന്നു അത്.

ഇന്ത്യയുടെ സാമ്പത്തിക മാറ്റത്തിന് ദീർഘമായ ഒരു ചരിത്രമുണ്ട്. സത്യം പറഞ്ഞാൽ, ഇന്ത്യയുടെ സാമ്പത്തിക മാറ്റം1980-കളുടെ തുടക്കത്തിൽ തന്നെ തുടങ്ങിയിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൻറ്റെ അംബാസിഡറിനും, ഫിയറ്റിൻറ്റെ പ്രീമിയർ പദ്മിനി കാർ കമ്പനിക്കും വർഷത്തിൽ ഇരുപതിനായിരം കാർ ഉണ്ടാക്കാൻ മാത്രമേ ലൈസൻസ് കിട്ടിയിരുന്നുള്ളൂ. അതിൽ നിന്ന് വ്യത്യസ്തമായി മാരുതിക്ക് വർഷം 2 ലക്ഷം കാറുണ്ടാക്കാൻ അനുമതി കിട്ടിയതും, ആ പ്രൊജക്റ്റ് വലിയ വിജയമായതും 1980-കളുടെ തുടക്കത്തിൽ രാജീവ് ഗാന്ധിയുടെ ഉറച്ച പിന്തുണയോടെ ആയിരുന്നു. രാജീവ് ഗാന്ധിയാണ് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം വിമർശിച്ചു തുടങ്ങിയത്. പിന്നീട് പ്രധാനമന്ത്രി ആയപ്പോൾ വ്യവസായികളെ കൂടെ കൂട്ടി റഷ്യ പോലുള്ള രാജ്യങ്ങൾ രാജീവ് ഗാന്ധി സന്ദർശിക്കുകയും ചെയ്തു. ഇതൊക്കെ അന്നുവരെ പ്രധാനമന്ത്രിമാർ അനുവർത്തിച്ചിരുന്ന രീതികളിൽ നിന്ന് വിത്യാസമുള്ളതായിരുന്നു. 

1980-കളിൽ സിമൻറ്റ് ഉത്പാദനത്തിൽ ആറു വർഷത്തിനുള്ളിൽ 'ലൈസൻസ് പെർമിറ്റ്' എടുത്തു കളഞ്ഞത് മോണ്ടെക് സിങ് ആലുവാലിയയുടെ നെത്ര്വത്തിലുള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലത്തിൽ ആയിരുന്നു. 'കൺസ്ട്രക്ഷൻ സെക്റ്റർ' വികസിക്കാൻ ആ നയം മാറ്റം കളമൊരുക്കി. ഇങ്ങനെ കാർ നിർമാണവും, വൻതോതിലുള്ള സിമൻറ്റ് ഉത്പാദനവുമായിരുന്നു സാമ്പത്തിക ഉദാരവൽക്കരണത്തിന് 'ബാക്ഗ്രൗണ്ട്' ആയി വർത്തിച്ചത്. 

വേൾഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന മോണ്ടെക് സിംഗ്‌ ആലുവാലിയ 1979-ൽ തന്നെ ഇന്ത്യയിൽ ജോയിൻറ്റ് സെക്രട്ടറി ആയി ജോലി തുടങ്ങിയിരുന്നു. ഡോക്ടർ മൻമോഹൻ സിംഗ്‌ അതിനു മുമ്പേ ഇന്ത്യയിൽ സെക്രട്ടറി പദവിയിൽ ഉണ്ടായിരുന്നു. രണ്ടു പേർക്കും പിന്നീട് മാത്രമേ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചുള്ളൂ. കോൺഗ്രസിൽ ജയറാം രമേശും, മണിശങ്കർ അയ്യരും, പി. ചിദംബരവും മാത്രമേ പരസ്യമായി ഉദാരവത്കരണ നയത്തെ പിന്താങ്ങിയിരുന്നുള്ളൂ. നരസിംഹ റാവു അടക്കം മിക്ക കോൺഗ്രസുകാരും പഴയ സോഷ്യലിസ്റ്റ്-സ്വദേശി ഐഡിയകൾ ഉള്ളവർ ആയിരുന്നു. അതുകൊണ്ട് ഡോക്ടർ മൻമോഹൻ സിംഗ്‌ അനുവർത്തിച്ച നയം ആദ്യം പോളിസികൾ പ്രഖ്യാപിക്കുക; പിന്നീട് ഗവൺമെൻറ്റിൻറ്റേയും കോൺഗ്രസ് പാർട്ടിയുടേയും പിന്തുണ തേടുക എന്നുള്ളതായിരുന്നു.

1991-കളിൽ ഡോക്ടർ മൻമോഹൻ സിംഗ്‌ അനുവർത്തിച്ച സാമ്പത്തിക നയത്തെ പുകഴ്ത്തുമ്പോഴും, സ്വാതന്ത്ര്യത്തിന് ശേഷമുള്ള നെഹ്‌റു സർക്കാർ മോശം പ്രകടനമല്ല സാമ്പത്തിക രംഗത്ത് കാഴ്ച വെച്ചത് എന്നും കൂടി ഓർമിക്കണം. മുൻ CDS ഡയറക്ടർ ആയിരുന്ന പുലപ്രെ ബാലകൃഷ്ണൻറ്റെ പുസ്തകമായ 'Economic Growth in India - History & Prospect' -ൽ അദ്ദേഹം പറയുന്നത് ഇൻഡസ്ട്രിയൽ വളർച്ചയിൽ നെഹ്‌റുവിൻറ്റെ സമയത്ത് ഇന്ത്യക്ക് ചൈനയേക്കാൾ വളർച്ച ഉണ്ടായിരുന്നു എന്ന് തന്നെയാണ്. പുലപ്രെ ബാലകൃഷ്ണൻ ഡേറ്റയും സ്റ്റാറ്റിസ്റ്റിക്സും കൃത്യമായി ഉപയോഗിച്ചുകൊണ്ട് ഇന്ത്യ നെഹ്‌റുവിൻറ്റെ സമയത്ത് ചൈനയെക്കാൾ വ്യവസായിക വളർച്ചയിൽ മുമ്പിലായിരുന്നു എന്ന് സ്ഥാപിക്കുന്നുണ്ട്.

പണ്ട് ഇന്ത്യക്ക് അധികം സമ്പത്തൊന്നും ഇല്ലാതിരുന്നപ്പോൾ തന്നെ, നെഹ്‌റുവിൻറ്റെ കാലത്ത് ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - എന്നീ ബ്രിഹത് പദ്ധതികൾ യാഥാർഥ്യമായി. ഭക്രാ നൻഗൽ ഡാം വന്നതിനു ശേഷം പഞ്ചാബിലെ ജനങ്ങളുടെ സംസാരം പോലും 'ഡാം വന്നതിനു ശേഷം; ഡാം വരുന്നതിനു മുമ്പ്' എന്ന രീതിയിൽ മാറിപ്പോയെന്നാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ 'India after Gandhi - The History of the World's Largest Democracy' എന്ന പുസ്തത്തിൽ പറയുന്നത്. അത്രമാത്രം അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയെ ഭക്രാ നൻഗൽ ഡാം മാറ്റിമറിച്ചു. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആർ.ഒ., പഞ്ചരത്ന കമ്പനികൾ, നവരത്ന കമ്പനികൾ - ഇതെല്ലാം നെഹ്റു സർക്കാരിൻറ്റെ കാലത്തുണ്ടായി. പക്ഷെ ത്വരിത ഗതിയിൽ പിന്നീടങ്ങോട്ട് ബ്രിഹത് പദ്ധതികൾ ഇൻഡ്യാ മഹാരാജ്യത്ത് യാഥാർഥ്യമായില്ല. നാഷണൽ ജ്യോഗ്രഫിക്ക് ചൈനയുടെ കാര്യത്തിൽ ലക്ഷങ്ങൾ പണിയെടുക്കുന്ന ചൈനീസ് ഫാക്റ്ററികളും, കയറ്റുമതി ചെയ്യാനായി നീണ്ടുകിടക്കുന്ന കണ്ടെയ്നറുകളും കാണിക്കുന്നുണ്ട്. 1990-കളിൽ ആണ് ഇന്ത്യ ചൈനയോട് വർഗീയത മൂലം സാമ്പത്തിക വർച്ചയിൽ പിന്നിലായി പോയത്. നിലവിൽ ബി.ജെ.പി.-യുടേയും സംഘ പരിവാറുകാരുടേയും മുസ്‌ലീം വിരോധവും, പാകിസ്ഥാൻ വിരോധവും കാരണം നാം സാമ്പത്തിക-സൈനിക മേഖലയിലെ യഥാർത്ഥ എതിരാളിയായ ചൈനയെ കാണാതെ പോകുകയാണ്.


രാഷ്ട്രീയമായി കോൺഗ്രസിന്റെ  പ്രതാപം നഷ്ടപ്പെടുത്തുന്നതിന് കാരണമായ, ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദി നരസിംഹറാവു ആയിരുന്നു. ബാബ്‌റി മസ്ജിദ് തകർന്നപ്പോൾ ഉറക്കം നടിച്ചതും, ഡൽഹി കലാപത്തിൻറ്റെ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹറാവു ഉണർന്നു പ്രവർത്തിക്കാതിരുന്നതും പിൽക്കാലത്ത് കോൺഗ്രസിൻറ്റെ തന്നെ ഇമേജിനെ ബാധിച്ചു. 'മുസ്‌ലിം വോട്ട് ബെയ്‌സ്' നരസിംഹറാവുവിൻറ്റെ 'ഉറക്കം നടിക്കൽ' മൂലം കോൺഗ്രസിന് നഷ്ടപ്പെട്ടു. ബാബ്രി മസ്ജിദ് തകർക്കാൻ നരസിംഹ റാവു അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ് സിബിഐ, കോബ്ര പോസ്റ്റ് അന്വേഷണങ്ങൾ തെളിയിക്കുന്നത്. അതുപോലെ ഐ..എസ്.ആർ.ഓ. ചാരക്കേസിൽ നരസിംഹ റാവുവിൻറ്റെ മകനായ പ്രഭാകര റാവുവിൻറ്റെ ബന്ധം IB കണ്ടെത്തിയിരുന്നു എന്നാണ് പലരും പറയുന്നത്. നരസിംഹ റാവുവിൻറ്റെ കേരളത്തിലേക്കുള്ള രഹസ്യ യാത്രയെ കുറിച്ച് മലോയ് കൃഷ്ണ ധർ എന്ന മുൻ ഇൻറ്റെലിജെൻസ് ഓഫീസർ എഴുതിയ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഐ.എസ്.ആർ.ഒ. ചാരക്കേസ് ഒതുക്കാൻ തന്നെയായിരുന്നു ഈ രഹസ്യ യാത്ര എന്നാണ് മലോയ് കൃഷ്ണ ധർ പറയുന്നത്. ഐ.എസ്.ആർ.ഒ. കേസിൻറ്റെ കാര്യത്തിൽ മലോയ് കൃഷ്ണ ധർ-ൻറ്റെ 'ഓപ്പൺ സീക്രട്സ്' എന്ന പുസ്തകത്തിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് മുമ്പ് നരസിംഹ റാവുവിനെ കണ്ടപ്പോൾ, പുള്ളി അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നുള്ളത് വിശ്വ ഹിന്ദു പരിഷത്തിൻറ്റെ ഒരാൾ തന്നെ വിളിച്ചു പറഞ്ഞതാണ്. സി.ബി.ഐ., കോബ്ര പോസ്റ്റ് അന്വേഷണങ്ങളും ബാബ്‌റി മസ്ജിദ് തകർത്തതിൽ നരസിംഹ റാവുവിൻറ്റെ റോൾ ശരി വെച്ചതാണ്. അല്ലെങ്കിൽ തന്നെ, ലക്ഷക്കണക്കിനാളുകൾ അയോധ്യയിലെ മസ്ജിദിനു ചുറ്റും കൂടിയിരിക്കുമ്പോൾ അതിൻറ്റെ പിന്നിലെ ഉദ്ദേശ്യം പ്രധാനമന്ത്രിക്ക് സ്വോഭാവികമായും ഇൻറ്റലിജെൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത് ഒരു സാധാരണ ഭരണ രീതി മാത്രമാണ്. മസ്ജിദ് തകർക്കാൻ ആണ് ഉദ്ദേശ്യം എന്നറിഞ്ഞാൽ അതിനെതിരെ പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതും, വേണ്ടിവന്നാൽ ആർമിയെ വിളിക്കേണ്ടതും ഒരു പ്രധാന മന്ത്രിയുടെ ഭണഘടനാ ചുമതല ആയിരുന്നു. എന്തിനു കൂടുതൽ പറയുന്നൂ, ലിബർമാൻ കമ്മീഷൻറ്റെ തെളിവെടുപ്പ് വേളയിൽ എന്ത് തൊട്ടിത്തരവും കാണിച്ചു അധികാരം നിലനിർത്താൻ നോക്കിയ ആളല്ലേ നിങ്ങൾ എന്ന് പച്ചയായി നരസിംഹ റാവുവിനോട് ചോദിച്ചതാണ്. അപ്പോൾ റാവു വികാരഭരിതനായതുപോലെ അഭിനയിക്കുകയാണ് ഉണ്ടായത്. നരസിംഹ റാവു പ്രധാന മന്ത്രി പദവിക്ക് യോഗ്യമല്ലാത്ത രീതിയിൽ പ്രവർത്തിച്ചതിൻറ്റെ പിന്നിലെ കാരണം ഇന്നും ദുരൂഹമാണ്. ഭരണപരമായ കഴിവില്ലായ്മയോ, ഹിന്ദുത്വ രാഷ്ട്രീയത്തോട് നീക്കുപോക്ക് നടത്തിയതോ ആയിരിക്കും ഒരുപക്ഷെ കാരണം. ഇന്നത്തെ കോൺഗ്രസ് നേത്വത്ത്വത്തിന് നരസിംഹ റാവുനോട് ഒരു മമതയും ഇല്ലാത്തത് അതുകൊണ്ടൊക്കെ ആണെന്നാണ് തോന്നുന്നത്. നേരേമറിച്ച്, അഴിമതിയുടെ പേരിൽ കോടതികൾ കയറിയിറങ്ങിയ നരസിംഹ റാവു ഇന്നിപ്പോൾ ബഹുമാനിതനാകുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തോട് നീക്കുപോക്ക് നടത്തിയതു കൊണ്ടാണെന്നുള്ളത് വ്യക്തം.

(ലേഖകന്റെ  ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക