Image

ചോക്കലേറ്റ് പേസ്ട്രി  (കഥ:ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 10 February, 2024
ചോക്കലേറ്റ് പേസ്ട്രി  (കഥ:ജ്യോതിലക്ഷ്മി നമ്പ്യാര്‍)

നഗരം തിരക്കുപിടിച്ച ജീവിതത്തിലും ഉറങ്ങാൻ കിടന്നു. വി. കെ റോഡിലുള്ള ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ അവൾ മാത്രം ഉറങ്ങിയിട്ടില്ല വളരെ അസ്വസ്ഥയാണവൾ. ബെഡിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നുനോക്കി.  ഡിസംബറിന്റെ തണുപ്പിൽ മന്ദീഭവിച്ചുനിൽക്കുന്ന സമയസൂചി മുന്നോട്ടു സഞ്ചരിക്കാൻ വിസമ്മതിക്കുന്നു. തെരുതെരെ വാച്ചിലേക്ക് നോക്കി അവൾക്കു മടുത്തു. എന്തോ അവൾ പ്രതീക്ഷിക്കുന്നു. അത് പെട്ടെന്നുതന്നെ വേണമെന്ന തോന്നലിൽ ഓരോ നിമിഷവും അവൾക്ക് മടുപ്പായി തോന്നി. അവസാനം ഒരുപാട് നേരത്തെ കാത്തിരിപ്പിനുശേഷം സമയം രാത്രി പന്ത്രണ്ടിനെ മറികടന്നു.  കുറച്ച് ദൂരെ എവിടെ നിന്നോ നായ്ക്കൾ കുരയ്ക്കുന്ന  ശബ്ദം അവൾ കാതോർത്തു.

"നായ്ക്കൾക്ക് മരണം മണത്തറിയാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ആരെങ്കിലും മരിക്കുന്ന സമയത്ത് നായ്ക്കൾ കുരക്കുന്നതെന്ന് 'അമ്മ കുഞ്ഞിലേ പറഞ്ഞു തരാറുണ്ടല്ലോ. ഒരുപക്ഷെ എന്നെ തേടി വരുന്ന മരണം അവർ മണത്തറിഞ്ഞുകാണും"     അവളുടെ മനസ്സ് മന്ത്രിച്ചു

വീട്ടിൽ എല്ലാവരും ഉറങ്ങി എന്നുറപ്പാക്കാൻ അവൾ കാൽപ്പെരുമാറ്റം ഒട്ടും ഇല്ല എന്നുറപ്പുവരുത്തി അവിടെ നിന്നും എഴുനേറ്റു. കരയുന്ന കുട്ടിയുടെ ശബ്ദം കേൾക്കാതിരിക്കാൻ വായ് പൊത്തിപിടിക്കുന്നതുപോലെ വാതിലിന്റെ ഹാന്റിൽ വളരെ ശ്രദ്ധയോടെ അമർത്തി മെല്ലെ തുറന്നു. പതുങ്ങി മുന്നിലെ മുറിയിലെത്തി. അച്ഛനമ്മമാരുടെ മുറിയിലെ വെളിച്ചം  കണ്ണടച്ചിരുന്നു. എന്നിരുന്നാലും അവൾ വീണ്ടും സശ്രദ്ധം കാതോർത്തു.
"ഇല്ല ഒരു ശബ്ദവുമില്ല" അവൾ ആശ്വസിച്ചു
കാൽപ്പെരുമാറ്റം ഒട്ടും ഇല്ലാതെ തിരിച്ചവളുടെ മുറിയിലെത്തി. ശബ്ദമുണ്ടാക്കാതെ അലമാര തുറന്ന് തുണി അടക്കുകൾക്കിടയിലൂടെ  തിടുക്കത്തിൽ കയ്യിട്ട് ശ്രദ്ധാപൂർവ്വം ആ ചെറിയ കുപ്പി കയ്യിലെടുത്തു.

"എല്ലാ മനോവിഷമങ്ങൾക്കും ഞാൻ എന്ന ഡോക്ടർ നൽകുന്ന തുള്ളിമരുന്ന്". ആ കൊച്ചുകുപ്പി കൈവെള്ളയിൽവെച്ച് അതിനെ നോക്കി അവൾ സ്വയം പരിഹസിച്ചു ചിരിച്ചു.   

ബെഡിനു വശത്തായി കിടന്നിരുന്ന ചെറിയ ടീപോയ് മെല്ലെ വലിച്ച് അടുത്തേക്കിട്ടു. ആ കൊച്ചു കുപ്പി  അതിൽ വച്ചു. മേശവലിപ്പിൽ ആരും കാണാതെ കൊണ്ടുവന്നുവച്ച ചോക്കലേറ്റ് പേസ്ട്രി കയ്യിലെടുത്ത് പാക്കറ്റ് തുറന്നു. ഒരു പാക്കറ്റിൽ രണ്ടു പേസ്ട്രികൾ അങ്ങനെയാണല്ലോ എന്നും വാങ്ങാറുള്ളത്. ഇന്നും അവൾ ആ പതിവ് തെറ്റിച്ചില്ല. എന്നത്തെയുംപോലെ ആ പാക്കറ്റ് തുറന്നതും അവളുടെ വായിൽ വെള്ളമൂറി. രണ്ടുപേർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് ചോക്കലേറ്റ് പേസ്ട്രി. രണ്ടു കഷണങ്ങളിലും ചോക്കലേറ്റ് സിറപ്പ് ഒഴിക്കുന്ന ലാഘവത്തോടെ ആ ചെറിയ കുപ്പി തുറന്നു അതിലെ വിഷം മുകളിലൂടെ ഒഴിച്ചു. അതിന്റെ  ഓരോ തുള്ളിയും ഒളിച്ചിറങ്ങുന്നത് അവൾ അക്ഷമയോടെ നോക്കിയിരുന്നു.

ആ സൗഹൃദത്തിന്റെ മധുരമായ തുടക്കവും ചോക്കലേറ്റ് പേസ്ട്രി കഴിച്ചുകൊണ്ടായിരുന്നു എന്നവൾ സുഖത്തോടെ   ഓർത്തു.

ആദ്യവര്ഷ എം.ബി.ബി. എസ് പഠിക്കുമ്പോഴാണ് ഫെയ്സ്ബൂക്കിലൂടെ ആദ്യമായി അലോഷിയുമായി ഞാൻ സംസാരിച്ചത്. ഇന്നലെയ്ക്ക് ആ സൗഹൃദത്തിന് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു.

"നിനക്കത് ഓർമ്മയുണ്ടോ അലോഷി?" ചോക്ളേറ്റ് പേസ്ട്രികൾ  നിരത്തിവെച്ച ടീപോയ്ക്കു മറുവശത്ത് അലോഷി ഉണ്ടെന്ന  തോന്നലോടെ അവൾ ചോദിച്ചു.

പേസ്ട്രി കഴിക്കാൻ തിടുക്കം കാണിക്കുന്ന എന്റെ കണ്ണുകളിൽ നോക്കി നീ പറയാറില്ലേ "  എടി പെണ്ണേ  ഈ പേസ്ട്രി   നോക്കിയിരിക്കുമ്പോൾ  നിന്റെ കണ്ണിൽ ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയാണ്. നിന്റെ കണ്ണിലേക്ക് നോക്കിയിരിക്കാൻ എന്ത് ഭംഗിയാണ്. എന്തൊരു നിഷ്കളങ്കതയാണ് നിന്റെ കണ്ണുകളിൽ.  ദേ ......ആഭി ....ഞാൻ നിന്റെ കണ്ണുകളിൽ നോക്കിയിരുന്ന്  നിന്റെ മനസ്സ് വായിച്ചുകൊണ്ടിരിക്കുകയാണ് " 

അലോഷിക്കൊപ്പം ചെലവിട്ട ഓരോ നിമിഷവും ഓർത്തപ്പോൾ  അവൾക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ തുടങ്ങി കണ്ണുകളിൽനിന്നും ടീപോയ്ക്കുമുകളിൽ അടർന്നുവീണ ഒരുതുള്ളി കണ്ണുനീർമുത്തിനെ കൈകൊണ്ട് അവൾ തുടച്ചു. രണ്ടാമത്തെ പേസ്ട്രിയിലേക്കു നോക്കി അവൾ ചോദിച്ചു

"അലോഷി നീ എന്നെ ശരിക്കും ആത്മാർത്ഥമായി സ്നേഹിച്ചില്ലേ? ഗാർഡനിൽ ഒരുമിച്ചിരിക്കുമ്പോൾ പരിസരം മറന്നു നമ്മൾ എന്തെല്ലാം കുസൃതികൾ കാണിച്ചു. കടൽത്തിരകൾ നിമിഷങ്ങളെ മാച്ചുതേച്ച് മുന്നിൽ വന്നുപോകുന്നതറിയാതെ നമ്മൾ എത്രയോ നേരം സംസാരിച്ചിരുന്നു. നീ എന്റെ മനസ്സിലേക്ക് നോക്ക്. ഞാൻ പറയാതെ വച്ചിരിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ എന്റെ മനസ്സിന്റെ  ഏതെങ്കിലും കോണിൽ തങ്ങി നിൽപ്പുണ്ടോ? എന്നിലെ സ്നേഹം എത്രയോ തവണ ഞാൻ നിനക്ക് പകുത്തു തന്നു. എന്റെ ജീവിതപുഷ്പം തന്നെ നിന്നിലർപ്പിച്ച് ആരാധിക്കുമ്പോഴെങ്കിലും നീ വിവാഹിതനാണെന്നും, നിനക്ക് ഒരു പൊന്നു മകളുണ്ടെന്നും എന്നോട് തുറന്നു പറയാമായിരുന്നില്ലേ?"

അവൾ പൊട്ടിക്കരയാൻ തുടങ്ങി.  പെട്ടെന്ന് പരിസരം ഓർത്തവൾ എല്ലാം അടക്കിപിടിച്ചു.

" ഇല്ല എനിക്കിനി ഒരാളെ സ്‌നേഹിക്കാനാവില്ല. ഇത്രയും വിദ്യാഭ്യാസം ലഭിച്ചിട്ടും ഞാൻ സമൂഹത്തിനു മുന്നിൽ ഒരു വിഡ്ഡിയായി ജീവിക്കുന്നതിൽ അർത്ഥമില്ല" മരണം എന്ന ദൃഢനിശ്ചയത്തിലേക്കവൾ തിരിച്ചെത്തി 
  
"മരണം അതിനെക്കുറിച്ചുള്ള ചിന്തയല്ലേ എല്ലാവരിലും ഭയമുളവാക്കുന്നത്. അല്ലെങ്കിൽ എന്താണ് ഭയക്കാനുള്ളത്? മരണത്തിലേക്ക് കാൽവെക്കുന്ന ഒരു നിമിഷം കഴിഞ്ഞാൽ പിന്നെ എന്ത് സംഭവിക്കുന്നു എന്ന് മരണപ്പെട്ടയാൾ അറിയുന്നുണ്ടോ? അലോഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളെക്കുറിച്ച് ഞാൻ ഓർക്കട്ടെ. ആ മധുരനിമിഷങ്ങളിൽ നിന്നുകൊണ്ട്തന്നെ എനിക്ക് മരണത്തിലേക്കിറങ്ങണം. യാതൊരു സങ്കടവും കൂടാതെ   " അവൾ മനസ്സിൽ  തീരുമാനിച്ചു.

" മകൾ ഒരു ഡോക്ടറാകണമെന്നായിരുന്നു അച്ഛന്റെ മോഹം. എത്ര വിഷമമുണ്ടെങ്കിലും ഒരിക്കലും അതൊന്നും അച്ഛനെന്നെ അറിയിച്ചില്ല. പിന്നെ 'അമ്മ ഒരിക്കലും ചൂടാറിയ ഭക്ഷണം പോലും എന്നെ കഴിക്കാൻ അനുവദിക്കാറില്ല. എന്റെ പഠിക്കാനുള്ള കഴിവിൽ, എന്റെ ബുദ്ധിയിൽ, എന്റെ ചൊറുചൊറുക്കിൽ എല്ലാറ്റിലും അച്ഛനും അമ്മയും അഭിമാനിച്ചു, ആഹ്ളാദിച്ചു. അവരെ വിട്ടുപോകണമെന്നോർക്കുമ്പോഴാണ്…………………..അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീർമുത്തുകൾ അടർന്നുവീണ് ചിന്നിച്ചിതറി.

“നിന്നെ എനിക്ക് ഇഷ്ടമാണെന്നുള്ള വിവരം ആദ്യം ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് ഒരൽപം വിഷമം തോന്നി. എങ്കിലും ജാതിയോ മതമോ, ഒന്നും ഓർക്കാതെ മോളുടെ ഇഷ്ടം നടക്കട്ടെ എന്ന സമ്മതമല്ലേ അവർ തന്നത്. അവർക്കെന്നും എന്നെ ഒരുപാട് സ്നേഹിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ ഇനി ഞാൻ അവരോട് നിന്നെക്കുറിച്ച് എന്ത് പറയും? നീ എന്നെ ഇത്രയും മധുരമായി ചതിച്ചുവെന്ന് ഞാൻ അവരെ എങ്ങിനെ അറിയിക്കും.? ഒരു വര്ഷത്തിനുശേഷം ഞാൻ ഒരു ഡോക്ടറായി എന്ന് കേൾക്കാൻ കൊതിയോടെ അവർ കാത്തിരിക്കുകയാണ്. അതിനുശേഷം നമ്മുടെ വിവാഹം അതിനായുള്ള ഒരുക്കത്തിലാണവർ”  കണ്ണുകളിൽ വിരലമർത്തി അവൾ കണ്ണുനീരിനെ നിയന്ത്രിച്ചു.

"ഇനി കരയുന്നതിൽ ഒരർത്ഥവുമില്ല" അവൾ തീരുമാനിച്ചു

 “നീ ഇത്രയും ക്രൂരത കാട്ടിയിട്ടും അലോഷി നിന്നെ എനിക്ക് സ്നേഹിക്കാൻ മാത്രമാണ് കഴിയുന്നത്. നിന്നെ കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളൊന്നും ഉപേക്ഷിച്ച് എനിക്ക് ജീവിക്കാൻ കഴിയില്ല. ഞാനും എന്റെ സ്വപ്നങ്ങളും ഒരുമിച്ച് മരണത്തെ തേടിപ്പോകുന്നു. 

അലോഷി……… ഞാൻ നിന്റെ സ്നേഹവും, എന്റെ മാതാപിതാക്കളുടെ സ്നേഹവും നെഞ്ചിലേറ്റിക്കൊണ്ട് മരിക്കാൻ പോകുന്നു. നമ്മൾ എന്നും സ്നേഹം പങ്കുവയ്ക്കുമ്പോൾ നമുക്കൊപ്പമുണ്ടാകാറുള്ള ചോക്കലേറ്റ് പേസ്ട്രിയും മരണത്തിലേക്ക് എന്നോടൊപ്പമുണ്ട്. അലോഷി ....ഞാൻ പോകുന്നു ...." അവൾ ആ പേസ്ട്രി കഷണത്തിലേക്ക് കൈനീട്ടി. വിരലറ്റം അതിൽ മുട്ടി മുട്ടിയില്ല എന്നായപ്പോഴേക്കും പെട്ടെന്ന് പുറത്തുനിന്നും വല്ലാത്ത ഒരു ശബ്ദം കേട്ടു. പേസ്ട്രിയിലേക്ക് നീട്ടിയ കൈകൾ വലിച്ചെടുത്ത് അവൾ ഭയത്തോടെ ചുറ്റിലും നോക്കി. ആ ശബ്ദം വീട്ടിൽ നിന്നുമല്ലെന്നവൾ തിരിച്ചറിഞ്ഞു. അവിടെനിന്നും എഴുനെറ്റവൾ ബാൽക്കണിയിലെ ഗ്ലാസ് ജാലകത്തിൽ നിന്നും കർട്ടൻ വലിച്ച് വശങ്ങളിലേക്ക് മാറ്റി  റോഡിലേക്ക് നോക്കി.

തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചം  നിലാവുപോലെ റോഡിൽ പടർന്നിരിക്കുന്നു ദിവസം മുഴുവൻ ഓടിത്തളർന്ന വാഹനങ്ങൾ ഓട്ടം നിർത്തി തളർന്നുറങ്ങി. റോഡ് ഏറെക്കുറെ വിജനമായിരിക്കുന്നു . മരങ്ങൾ കാറ്റിനെപ്പോലും വകവെക്കാതെ അവൾ മരണം കൈവരിക്കുന്ന  ദുഃഖത്താൽ നിർജ്ജീവമായി നിൽക്കുന്നു.   ഒരുവട്ടം അവൾ ചുറ്റിലും കണ്ണോടിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ചവറ്റുകുട്ട മറിഞ്ഞുകിടക്കുന്നു. അതിലെ ചപ്പുചവറുകളും, ചീഞ്ഞളിഞ്ഞ വസ്തുക്കളും ചുറ്റിലും ചിന്നിച്ചിതറി കിടക്കുന്നു.

"ഇതായിരുന്നോ നിശബ്ദതയിൽ ഞാൻ കേട്ട ശബ്ദം?"  അവൾ സംശയിച്ചു.  

കർട്ടൻ അടച്ച് തിരികെവരാൻ ശ്രമിക്കുന്നതിനിടയിൽ, ചവിട്ടുകൊട്ടയിലെ ചവറുകളെക്കാൾ മുഷിഞ്ഞ വസ്ത്രമിട്ട ഒരു സ്ത്രീ കുനിഞ്ഞുനിന്ന് ചിതറിക്കിടക്കുന്ന ചവറുകൾക്കിടയിൽനിന്നും, ചീഞ്ഞ വസ്തുക്കൾക്കുള്ളിൽനിന്നും എന്തോ  പെറുക്കിയെടുക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.    കീറിപ്പറിഞ്ഞ ഒരു പാവാടയും, മുഷിഞ്ഞ ഒരു ബ്ളൗസ്സുമാണവളുടെ വേഷം . പാവാടയിൽകുത്തിയിരിക്കുന്ന മറ്റൊരു തുണിയാൽ അവൾ തല മറച്ചിട്ടുണ്ട്. എങ്കിലും ഇരുണ്ട വെളിച്ചത്തിലും അവളുടെ മുഖം കാണാൻ കഴിയുന്നുണ്ട്. പട്ടിണികൊണ്ട് കുഴിഞ്ഞുപോയ ആ കണ്ണുകളിൽ ജീവിത പ്രാരാബ്ധങ്ങൾ നിഴലിച്ചുനിൽക്കുന്നു.   അവളുടെ  കൈകളിൽ ഒരു വടി, ഒരുപക്ഷെ സ്വയം സംരക്ഷണത്തിനായിരിക്കാം, കയ്യിലുണ്ട്.  ചവറുകൾക്കിടയിൽ നിന്നും  ഇരുമ്പിന്റെ കൊളുത്തുപോലുള്ള ഒന്ന്  ഉപയോഗിച്ച് ചീഞ്ഞളിഞ്ഞ സാധനങ്ങൾ ഒരു വശത്തേക്ക് മാറ്റി അവൾ തിരയുന്നു. പെറുക്കിയെടുക്കുന്ന സാധനങ്ങൾ എടുക്കുന്നതിനായി അവളെക്കാൾ   വലിയ പ്ലാസ്റ്റിക്ക് ചാക്കിൽ വള്ളികെട്ടി അത് അവൾ പുറത്തിട്ടിട്ടുണ്ട്.   

“"നേരം വെളുത്താൽ പലരും പെറുക്കാൻ വരുമെന്നു കരുതിയാകും അവൾ ഈ അർദ്ധരാത്രിയിൽ ആരെയും ഭയക്കാതെ ചപ്പുചവറുകൾക്കിടയിൽ നിന്നും അവൾ ഈ പ്ലാസ്റ്റിക് കുപ്പികളും കവറുകളും പെറുക്കിയെടുക്കുന്നത്. പാവം ........."  സംശയം പാതി വഴിയിലായിരിക്കെ അവൾ വീണ്ടും  ആ യുവതിയെ ശ്രദ്ധിച്ചു  

മറഞ്ഞുകിടക്കുന്ന ചവറ്റുകൊട്ടയിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെയും, അഴുകികിടക്കുന്ന ചവറുകളുടെയും ദുർഗ്ഗന്ധത്തെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ  ആഭിക്ക്  മനംപുരട്ടുന്നതുപോലെ. എന്നാൽ    ചവറുകൾ ചീഞ്ഞ നാറ്റമോ, അതിലെ വൃത്തികേടുകളോ ഒന്നും അവളുടെ ശ്രദ്ധയിൽ ഒരു വിഷയമല്ല. വളരെ തിടുക്കത്തിൽ അവൾ കിട്ടാവുന്നത്ര പ്ലാസ്റ്റിക്ക് കുപ്പികളും, ഉപയോഗശൂന്യമായ സാധനങ്ങളും ഇരുമ്പുവടിവച്ച് ചീഞ്ഞളിഞ്ഞ ചവറുകൾ മാറ്റി വളരെ വേഗത്തിൽ പുറത്തുതൂക്കിയ ബാഗിലേക്കിടുന്നു. ചവറ്റുകൊട്ടക്കരികിലായി ഒരു കൊച്ചു ബാലൻ ഇരിക്കുന്നത് പെട്ടെന്നാണ് അവളുടെ ശ്രദ്ധയിൽ പെട്ടത്. അഞ്ചു നിലയിൽ നിന്നും താഴെ നോക്കുമ്പോൾ ആ കൊച്ചു ബാലന്റെ മുഖം അത്ര വ്യക്തമല്ല. എങ്കിലും ഇരുണ്ട വെളിച്ചത്തിൽ ചെളിപുരണ്ട ആ മുഖം അവൾ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. നെഞ്ചിലെ എല്ലുകൾ പെറുക്കിയെടുക്കാൻ കഴിയുമാത്രം മെലിഞ്ഞ അവന്റെ ശരീരത്തിൽ ഒരു തുണിപോലുമില്ല. മറിഞ്ഞു കിടക്കുന്ന ചവറുകൾക്കിടയിൽ നിന്നും കിട്ടിയ ഒരു ബിസ്‌ക്കറ്റിന്റെ പൊതിയിൽ അവശേഷിക്കുന്ന ഒരു ബിസ്ക്കറ്റ്  ആ യുവതി പെറുക്കിയെടുത്തു.  തലയിൽ ഇട്ടിരിക്കുന്ന തുണിയുടെ ഒരറ്റംകൊണ്ട് തുടച്ചുവൃത്തിയാക്കി  ആ ബാലന്റെ   കയ്യിൽ ഒരു  വാത്സല്യം നിറഞ്ഞ ചിരിയോടെ   വച്ചുകൊടുത്തു. മറിഞ്ഞു കിടക്കുന്ന ചീഞ്ഞളിഞ്ഞ ചവറുകൾക്കിടയിൽ നിന്നും ഓടിമറിയുന്ന എലികളെ കുഞ്ഞുബാലൻ അവന്റെ കൊച്ചുവിരൽചൂണ്ടി   അമ്മയ്ക്ക്  കാണിച്ചുകൊടുത്തു.  പ്രതീക്ഷയുടെ ഒരു ചെറു പുഞ്ചിരിയോടെ അവർ തിടുക്കത്തിൽ ചീഞ്ഞളിഞ്ഞ ചവറിൽനിന്നും സാധനങ്ങൾ കൊണ്ടേയിരുന്നു. മറഞ്ഞുകിടക്കുന്ന ചവറുകൊട്ട ലക്ഷ്യമാക്കി ഒരു തെരുവ് നായ ഓടിയടുത്തു. തന്റെ അവകാശത്തിൽ ആരോ കൈകടത്തിയെന്ന ശൗര്യത്തോടെ അത് കുരക്കാൻ തുടങ്ങി.  ബാലൻ നുണഞ്ഞുകൊണ്ടിരുന്ന ബിസ്‌ക്കറ്റിനെ ലക്ഷ്യമാക്കി നായ മണത്തു ചെന്നു. കയ്യിലിരുന്ന വടി ചുഴറ്റി നായയെ ആ യുവതി ഓടിച്ചു. പുറത്തുകെട്ടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് ചാക്കിനെ ഒന്നുകൂടി ശരിയാക്കി ഇട്ടു.   വടിയും, ഇരുമ്പുകൊളുത്തും ഒരു കയ്യിൽ ഒതുക്കിപിടിച്ചു. ആ കൊച്ചുബാലനെ എടുത്ത് ഒക്കത്തുവച്ചുകൊണ്ട് യാതൊരു കൂസലും കൂടാതെ അവൾ മറ്റൊരു ചവറ്റുകൊട്ട  ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.

 പെട്ടെന്ന് ബാൽക്കണിയുടെ കർട്ടൻ വലിച്ചിട്ടവൾ തെരുവുവിളക്കിന്റെ വെളിച്ചത്തെ മറച്ചു.  മെല്ലെ വീണ്ടും  ടീപോയ്ക്കു സമീപത്തേക്കു നടന്നു.  വിഷമൊഴിച്ച് മരണത്തിനായി തയ്യാറാക്കി വച്ചിരിക്കുന്ന ചോക്കലേറ്റ് പേസ്ട്രിയെടുക്കുവാനായവൾ കൈനീട്ടി.  

"ഇനി ഒരു നിമിഷം പോലും കളയാതെ ആ ചോക്കലേറ്റ് പേസ്ട്രി നുണയണം. ആരെങ്കിലും ഉണരുന്നതിനുമുമ്പ്  മരണത്തിൽ അലിഞ്ഞുചേരണം " അതായിരുന്നു അവളുടെ നിശ്ചയം.

ഒരു പേസ്ട്രി അവൾ കയ്യിലെടുത്തു ചുണ്ടോടടുപ്പിച്ചു.   പെട്ടെന്ന് ചവറുകൾക്കിടയിൽ പെറുക്കികൊണ്ടിരുന്ന ആ യുവതിയുടെയും, ആ കൊച്ചു ബാലന്റെയും രൂപം അവളുടെ കണ്ണുകളിൽ തെളിഞ്ഞുവന്നു

"ഇങ്ങിനെ ഒരവസ്ഥയിൽ ആ യുവതിയെ എത്തിക്കാൻ എന്തായിരിക്കും കാരണം. അവളെന്താണ് അർദ്ധ രാത്രിയെ ഭയക്കാത്തത്? ആ കൊച്ചു ബാലന്റെ പിതാവ്?  പുലിത്തോലണിഞ്ഞ  ഏതെങ്കിലും പകൽമാന്യനായ ചെന്നായ് അവളെ ചതിച്ചതാണോ?  അതോ ആ കുഞ്ഞിന്റെ അച്ഛനെങ്ങിനെയോ മരണപ്പെട്ടതോ? അവൾ ജീവിതം ഒരു വെല്ലുവിളിയായി എടുത്തിരിക്കുകയല്ലേ? "  കയ്യിൽ പേസ്ട്രിയുംവെച്ച് അവൾ ആ ചവറുപെറുക്കികൊണ്ടിരുന്ന യുവതിയെക്കുറിച്ച് എന്തൊക്കെയോ ചിന്തിച്ചു. ഒരു കൊച്ചുബാലന്റെ ജീവൻ നിലനിർത്താൻ ഒരമ്മ ചെയ്യുന്ന ത്യാഗം എന്നതിനുപരി മനസ്സിൽ ഉയർന്നുവന്ന സമസ്യകൾക്കൊന്നും ഉത്തരം കണ്ടെത്താൻ അവൾക്കായില്ല. ജീവിതം ഒരു വെല്ലുവിളിയായി സ്വീകരിച്ച തികച്ചും അപരിചിതയായ ആ സ്ത്രീയെക്കുറിച്ചോർത്ത് അവളുടെ മനസ്സെന്തിനോ നൊമ്പരപ്പെട്ടു.       കയ്യിലെടുത്ത പേസ്ട്രിയുമായി പൈപ്പിനെ ലക്ഷ്യമാക്കി അവൾ   നടന്നു. തുറന്ന ടാപ്പിന്റെ വെള്ളത്തിൽ തന്റെ കയ്യിലിരുന്ന് വെള്ളത്തിൽ അലിഞ്ഞുപോയ്‌കൊണ്ടിരുന്ന പേസ്ട്രിക്കൊപ്പം ഒഴുകിപ്പോകുന്ന അവളുടെ തെറ്റായ തീരുമാനങ്ങളെ നോക്കിയവൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.   

 

Join WhatsApp News
josecheripuram 2024-02-11 01:17:47
The strong emotions are Love and Hate, We hurt the persons we love the most, ambivalent feeling ,example you hit your child, then you feel guilty and then you pamper the child. Ms Jyothi Laxmi, A well known writer will never disappoint us. A well written story and very apt .
American Mollakka 2024-02-11 06:59:45
അസ്സലാമു അലൈക്കും...നമ്പ്യാർ സാഹിബ സുഖമാണല്ലോ? അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ജോസ് ചെരിപുറാം എഴുതിയ കമന്റ് ബായിച്ച്. ഞമ്മള് ഹജ്ജിനു പോണമെന്നു ബീവിമാർ ആവശ്യപെടുന്നുണ്ട് ഞമ്മക്ക് അതിൽ താൽപ്പര്യമില്ല. അങ്ങനെ ബീട്ടിൽ ജഗള നടക്കുന്നതുകൊണ്ട് ബായന കുറവാണ്. ഇങ്ങള് അലോഷിയെ പ്രണയിച്ച് ഓനു കൊടുക്കുക്കാനുള്ളതൊക്കെ കൊടുത്ത് ഓൻ ഏമ്പക്കം ബിട്ടു പോയി. ഇങ്ങള് ചാകാൻ പോയി അപ്പോൾ അതാ അതിനേക്കാൾ കഷ്ടം ഒരു കാഴ്ച. ആ പിച്ചക്കാരിയെയും ഒരു അലോഷി ചതിച്ചതാണ്. അത് കണ്ട ഇങ്ങള് മാനസാന്തരപ്പെട്ട് പടച്ചോൻ തന്ന ജീവൻ കണ്ട അലോഷിമാർക്ക് വേണ്ടി നഷ്ടപ്പെടുത്താതെ ജീവിക്കാൻ തീരുമാനിച്ചല്ലോ അങ്ങനെ ബേണം സാഹിബ ..കഥക്ക് ഞമ്മള് ഒരു ബി കൊടുക്കുന്നു.
Jyothylakshmy Nambiar 2024-02-11 10:37:00
Thank you very much for reading my story and your valuable opinion to Shri Jose Cheripuram and Mollakka
Abdul punnayurkulam 2024-02-11 20:32:43
There are always room to improve ourselves. we are far better than some suffering people, if we open our eyes.
രാമകൃഷ്ണൻ പാലക്കാട്, പൂണെ. 2024-02-12 16:48:28
സ്വന്തം.ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഏറ്റവും വലുത് എന്നാണ് എല്ലാ മനുഷ്യരും വിചാരിക്കുന്നത്.അത് കൊണ്ടുതന്നെ ചില നിസ്സാര പ്രശ്നങ്ങൾ പോലും പലരെയും ആത്മഹത്യാ പ്രേരണയിലെയ്ക്ക് നയിക്കുന്നു.ആത്മഹത്യകൾ പലപ്പോഴും ഏതാനും നിമിഷങ്ങളുടെ അതി വൈകാരികതയുടെയും അമിത വിഷാദത്തിൻ്റെയം ഫലമായി ഉണ്ടാകുന്ന ക്ഷണികമായ തീരുമാനമാണ്. എന്നാൽ ആകസ്മികമായ ഒരു ഫോൺ വിളിയോ ഈ കഥയിൽ പറഞ്ഞ പോലുള്ള ദയനീയ കഴ്ചകളോ ഒരു കതകു മുട്ടലോ ആത്മഹത്യയിൽ നിന്നുള്ള പിൻമാറ്റത്തിന് കാരണമാകാറുണ്ട്. പ്രണയ നൈരാശ്യം കൊണ്ട് തീവ്ര വിഷാദത്തിൽ പെട്ടുപോയ യുവതിയായ ഒരു ഡോക്ടർ നടത്തുന്ന ആത്മ ഹത്യ ശ്രമവും ഇതിനിടെ തികച്ചും യാദൃശ്ചികമായി തെരുവിൽ ചവറ് വീപ്പയിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ചു ഉപജീവനം നടത്തുന്ന അഗതിയും നിരാലംബയുമായ ഒരു യുവതിയും എച്ചിൽ ബിസ്കറ്റ് നുണയുന്ന കുട്ടിയും യുവ ഡോക്ടറുടെ മനസ്സിൽ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റി മറിയ്ക്കുന്നു...പട്ടിണി കൊണ്ട് വലയുന്നവൾ എങ്കിലും രാത്രി കാലങ്ങളിൽ നിർഭയയായി തെരുവ് വിളക്കിൻ്റെ മാത്രം സുരക്ഷിതത്വത്തിൽ ജീവിയ്ക്കാൻ ഉള്ള അഭിനിവേശത്തിൽ ചവറുകൂനകളിൽ നിന്ന് ചവറുകൂനകളിൽ അന്നം കണ്ടെത്താൻ ശ്രമിയ്ക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലെ കയ്പ്പും കണ്ണീരും കഷ്ടപ്പാടും കണ്ടപ്പോൾ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒരു പ്രണയ നൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടതുണ്ടോ എന്ന പുനർച്ചിന്ത വളരെ ലളിതമായി ഈ കഥയിലൂടെ ജ്യോതി ലക്ഷ്മി പറയാതെ പറഞ്ഞിരിക്കുന്നു. വരികൾക്കിടയിൽ നിന്ന് വായനക്കാർക്കു നിഷ്പ്രയാസം ഇത് മനസ്സിലാക്കാൻ സാധിക്കും . പ്രമേയത്തിൽ പുതുമ ഇല്ലെങ്കിലും സരളമായ കഥ പറച്ചിലാണ് ഈ കഥയുടെ സവിശേഷത. ജ്യോതി ലക്ഷ്മി നമ്പ്യാർക്ക് അഭിനന്ദങ്ങൾ...💕🌹👏💐
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക