ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 മുതല്‍ ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് മില്യണില്‍ അധികം കാഴ്ചക്കാര്‍ കണ്ട ട്രെയിലര്‍ ഇപ്പോഴും യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. ഗുണാ കേവ്‌സും അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണിത്.
പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മ്മാതാക്കള്‍.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും പകരുന്ന ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.