Malabar Gold

പോത്ത്‌ (അര്‍ഷാദ്‌ ബത്തേരി)

Published on 25 August, 2012
പോത്ത്‌ (അര്‍ഷാദ്‌ ബത്തേരി)
മരണം പ്രവേശിക്കുന്നതുപോലെ ഒച്ചയുണ്ടാക്കാതെ പോത്ത്‌ മുറിയിലേക്കു കടന്നു. കൊതുകുവലയ്‌ക്കുള്ളില്‍ നിവര്‍ന്നുകിടക്കുന്ന, തന്റെ വംശത്തിന്റെ വേരറുത്തില്ലാതാക്കുന്ന ഹൈദറിനെയൊന്നു നോക്കി. നെഞ്ചിലേക്കു പ്രതിഷേധത്തിന്റെ എല്ലാ വീര്യവും സംഭരിച്ച്‌ പോത്ത്‌ കയറിനിന്നു കുലുങ്ങി. നെഞ്ചു കലങ്ങി അടര്‍ന്നുപോകുന്ന നിലയ്‌ക്കാത്ത വേദനയോടെ ഹൈദറിന്റെ ചുവന്ന കണ്ണുകള്‍ പുറത്തേക്ക്‌.. പോത്ത്‌ ഭയാനകവും പൈശാചികവുമായ നോട്ടത്തിലൂടെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കെ ശ്വാസത്തിനായി അവസാനംവരെ പൊരുതുകയും ഒടുവില്‍ പിടഞ്ഞു പിടഞ്ഞു.

``എത്ര പേരെ? എത്ര പേരെ നീ അറുത്തിട്ടു. എന്റെ മക്കള്‍.. ബന്ധുക്കള്‍.. സുഹൃത്തുക്കള്‍-സകലരെയും അറുത്തറുത്ത്‌ നീ മാംസമാക്കിയില്ലേ.. നിന്നെ ഞാന്‍..'' പോത്തിന്റെ കണ്ണുകളിലെ പകയുടെ കൂമ്പാരത്തിനു തീ പിടിച്ചു. അതു നിലയ്‌ക്കാതെ കത്തിത്തുടങ്ങി. ഹൈദര്‍ അനിഷേധ്യനായി പോത്തിനോടപേക്ഷിച്ചു.

``ന്നെയൊന്നും ചെയ്യല്ലേ..ന്നെയൊന്നും ചെയ്യല്ലേ.''

വേദനയുടെയും കരച്ചിലിന്റെയുമിടയില്‍ ഹൈദര്‍ പിടഞ്ഞുണര്‍ന്നു.

മുറിയിലാകെ ചൊരിയുന്ന വെളിച്ചം .അസ്വസ്ഥതയില്‍ കിടക്ക ഉപേക്ഷിച്ചെഴുന്നേറ്റു. രോമങ്ങളില്ലാത്ത നെഞ്ചില്‍ അമര്‍ത്തിയുഴിഞ്ഞുകൊണ്ടു നടന്നു. ആശ്വാസം ലഭിക്കാതെ ഉഴലുന്ന കണ്ണുകള്‍ ചുമരില്‍ തൂങ്ങുന്ന മരിച്ചുപോയ ബാപ്പയുടെ ഫോട്ടോയില്‍ ചെന്നുടക്കി.

``മോനേ ഇങ്ങനെ പല സ്വപ്‌നങ്ങളും ബാപ്പ കണ്ടിട്ടുണ്ട്‌. അതൊക്കെക്കണ്ടു പേടിച്ചിരുന്നുവെങ്കില്‍ ഇക്കാണുന്ന സ്വത്തൊന്നും നമുക്കുണ്ടാവുല്ലെടാ. ഇതൊന്നും കാര്യമാക്കേണ്ട. വേഗമുറങ്ങിക്കോ. രാവിലെ അറുക്കാനുള്ളതല്ലേ?'' നിശ്ചലതയില്‍ നിന്ന്‌ ബാപ്പയുടെ വാക്കുകള്‍ ഹൈദറിലേക്ക്‌ ഇറങ്ങിവന്നു.

``ബാപ്പ സംസാരിച്ച്വോ?'' ഹൈദര്‍ സംശയത്തിന്റെയും യഥാര്‍ഥ്യത്തിന്റെയുമിടയിലൂടെ കിടക്കയിലേക്കു ചാഞ്ഞു. തന്റെ സംഘര്‍ഷങ്ങളെക്കുറിച്ചു യാതൊന്നുമറിയാതെ ഉറങ്ങുന്ന മൈമ്മൂനയിലേക്കു ചേര്‍ന്നു കിടന്നു.

പുലര്‍ച്ചയിലെ ആകാശത്തെ ചോരച്ചാലുകളും നോക്കി, വെളിച്ചം അറച്ചറച്ചു വീണുതുടങ്ങുന്ന ഇടവഴിയിലൂടെ നടന്ന്‌ ഹൈദര്‍ അറവു നടത്തുന്ന പറമ്പിലേക്കു കയറി. പറമ്പില്‍ തോല്‌ ചെത്തിയെടുത്ത്‌ പാതി വെട്ടിക്കളഞ്ഞ കറുകമരത്തില്‍ കെട്ടിയിട്ട, അറക്കാനായി വിധിക്കപ്പെട്ട പോത്ത്‌

പോത്തിനെ ഹൈദറൊന്നുഴിഞ്ഞു.

``വെള്ളം കൊടുത്തോ?'' ധൃതിയില്‍ ചോദിക്കെത്തന്നെ ഹൈദര്‍ ഞരമ്പുകള്‍ മുറുക്കി. ഒന്നിനെ നശിപ്പിക്കാനുള്ള മറ്റൊന്നിന്റെ വീര്യം സിരകളിലൂടെ കുതിച്ചു. കണ്ണുകള്‍ ചുവന്നു കലങ്ങി. കൈകാലുകള്‍ വരിഞ്ഞു കെട്ടിയ പോത്തിനെ ഹൈദറും കൂട്ടരുംകൂടി തള്ളിയിട്ടു. നിസ്സഹായതയോടെ പോത്ത്‌ തല ഉയര്‍ത്തുകയും പരാജയപ്പെട്ട്‌ വീണ്ടും മണ്ണിലേക്ക്‌ വീഴെ വായിലെ കൊഴുപ്പു നിറഞ്ഞ ദ്രാവകം പുറത്തേക്കൊഴുകി. വരിഞ്ഞുകെട്ടിയ കൈകാലുകള്‍ കയറിനോടു ബലം പ്രയോഗിച്ച്‌ തളരുമ്പോള്‍ നിറഞ്ഞ വയര്‍ ഉയര്‍ന്നുതാഴ്‌ന്നുണ്ടായിരുന്നു. പോത്തിന്റെ കഴുത്ത്‌ ചെരിച്ചുപിടിച്ചവരോട്‌ മുറുക്കിപ്പിടിക്കാനായി പറയുമ്പോള്‍ ഹൈദറിന്റെ ബലിഷ്‌ഠമായ ശരീരത്തിലെ മുഴുവന്‍ ഞരമ്പുകളും ഉയര്‍ന്നുനിന്നു. പെരുവിരലിലെ തരിപ്പ്‌ തലച്ചോറില്‍ വലിഞ്ഞുമുറുകി. ഹൈദര്‍ കത്തി കഴുത്തിലേക്കടുപ്പിച്ചു. പോത്തിന്റെ നിറഞ്ഞ വലിയ കണ്ണുകള്‍ മലയ്‌ക്കുന്നതിനിടയില്‍ ഹൈദറിനെയൊന്നു നോക്കി.

അനിര്‍വചനീയമായൊരു നോട്ടം. ചെറിയൊരു കാറ്റ്‌ കരിയിലകളില്‍ക്കിടന്നു കറങ്ങി വൃക്ഷങ്ങളുടെ ഉച്ചിയില്‍ വിളറിപൂണ്ടു. പക്ഷികള്‍ ചിറകുകളാല്‍ ആകാശത്തെ ചുഴറ്റി ഒച്ചവച്ചു കലമ്പി. കത്തി കഴുത്തിലമര്‍ത്തവെ അറ്റുപോകുന്ന ജീവന്റെ വേദനയില്‍ പിടയുന്ന പോത്തില്‍ നിന്നു ചാണകവും മൂത്രവും ഒരുമിച്ച്‌ പുറത്തേക്ക്‌..

``റബ്ബേ!'' ക്കുഴഞ്ഞുവീണ ഹൈദറിന്റെ നിലവിളിയിലേക്ക്‌ വൃക്ഷശിഖരം ഒടിഞ്ഞുവീണു. ബോധമറ്റ മുഖത്തേക്ക്‌ മറ്റുള്ളവര്‍ പോത്തിനു കൊടുത്ത ബാക്കി വെള്ളമെടുത്തു കുടഞ്ഞു. ഇളകുന്ന കണ്ണുകള്‍ ജീവനറ്റ പോത്തിലേക്കു കൊളുത്തിവലിക്കെ ഹൈദര്‍ മുഖം പൊത്തിക്കരഞ്ഞു.

``നിക്ക്‌ വയ്യാ.. തല തിരിയുമ്പോള്‍ അതിന്റെ കണ്ണുകള്‍ കാണാന്‍ ന്‌ക്ക്‌ വയ്യാ...''

``ഹൈദര്‍ക്കാ കുടിക്കാനെന്തെങ്കിലും വോണോ'' ചുറ്റും കൂടിനിന്നവര്‍ പരിഭ്രമിച്ചുകൊണ്ടു ചോദിച്ചു.

അനവധി പോത്തുകളെ അറുത്തിട്ട ചോരപ്പൊറ്റകളുണങ്ങിക്കിടക്കുന്ന പ്രതലത്തില്‍ കാലുറയ്‌ക്കാതെ ഇടറവെ ഹൈദറിന്റെ മനസ്സ്‌ അഭയസങ്കേതത്തിനായി അലഞ്ഞു.

മരപ്പൊത്തില്‍ നിന്ന്‌ ചിറകു ദ്രവിച്ച ഒരൊറ്റക്കിളിയുടെ കരച്ചില്‍ ``ഏതാണ്‌ ഈ കിളി? ഇങ്ങനെയൊരു ശബ്‌ദം കേട്ടിട്ടേയില്ലല്ലോ..'' ഉമിനീരു വറ്റുന്ന തൊണ്ടയുഴിഞ്ഞ്‌ ഹൈദര്‍ നടന്നു. ഇടവഴിയിലേക്കു ചാഞ്ഞ ശീമക്കൊന്നയുടെ തണ്ടൊടിക്കവെ പെട്ടെന്നു പാതി കഴുത്തു മുറിഞ്ഞ ഒരു പോത്ത്‌ പാഞ്ഞു വരുന്നു. കറുപ്പു കലങ്ങുന്ന അതിന്റെ സംഹാരക്കുതിപ്പിനു നേരെ ഹൈദര്‍ കത്തി ആഞ്ഞുവീശി.

``അയ്യോാാ. ഹൈദറേ.. എന്നെ എന്തിനാ കൊല്ലണത്‌?'' ഇടവഴിയുടെ തിണ്ടിന്മേല്‍ മുഖമമര്‍ത്തിക്കിടന്നു വിയര്‍ക്കുകയാണ്‌ അപ്പുനായര്‍. അപ്പുനായര്‍ക്കും ഹൈദറിനുമിടയില്‍ ഇടവഴി ഒരു കുരുക്കായി.

``നായരേ!'' ഹൈദറിന്റെ കിതച്ചു വറ്റിക്കൊണ്ടിരുന്ന ശബ്‌ദം അപ്പുനായരെ മുറുക്കിപ്പിടിച്ചു.

``എനിക്കൊന്നുമോര്‍മയില്ല നായരേ! പടച്ചോനാണേ നേര്‌'' ഭയവും കരുണയും ചേര്‍ന്ന ഉണങ്ങിയ ചങ്കിലൂടെ യാചനയുടെ കലങ്ങിയ വാക്കുകള്‍ അടര്‍ന്നു വീണു.

അപ്പുനായരുടെ കഴുത്തിലേക്ക്‌ കത്തിയിറക്കാനുള്ള ത്വര ആരാണ്‌ എന്നില്‍ കുത്തിവച്ചത്‌? എന്റെ ശരീരത്തിലെ ഏതെല്ലിന്റെയുള്ളിലാണ്‌ ആ വികാരം ഒളിഞ്ഞുകിടക്കുന്നത്‌. സ്ഥലകാലബോധം നഷ്‌ടപ്പെട്ട ചിന്തയുടെ വാരിയെല്ലുകള്‍ പെറുക്കിയടുക്കാന്‍ നില്‌ക്കാതെ ഹൈദര്‍ ഓടി.

ചരിത്രം നഷ്‌ടപ്പെട്ടവനെപ്പോലെ നിര്‍വികാരനായ ഹൈദറിനു മുമ്പില്‍ ചതുപ്പിലാഴുന്നതുപോലെ മൈമ്മൂന നിന്നു. ചുറ്റും നിറഞ്ഞ നിശ്വാസങ്ങളുടെ പച്ചച്ചൂരില്‍ ഹൈദര്‍ തിടുക്കത്തില്‍ അരയിലെ കത്തി പരതി. പെട്ടെന്നു ബോധോദയത്തിന്റെ ചരടില്‍ പിടിച്ച്‌ കണ്ണുകള്‍ തിരുമ്മി. വീണ്ടും വീണ്ടും തിരുമ്മിയപ്പോള്‍ മൈമ്മൂന തെളിഞ്ഞു നിന്നു.

``എന്താ ?'' ഹൈദറിന്റെ വാക്കുകള്‍ പൊട്ടിപ്പൊടിഞ്ഞു. ``അറുത്തറുത്ത്‌ ഒടുക്കം ഇങ്ങള്‌..യിങ്ങളെ ബാപ്പാനെപ്പോലെന്നെ കിടന്നു നരകിക്കല്ല്വോ റബ്ബേ.. നമ്മക്കീ പണി നിര്‍ത്തിക്കൂടെ...''

``പോടീ... പോ.. ന്റെ മുന്നില്‍ കാണരുത്‌..'' ജീവിതത്തിലൊരിക്കലും മൈമ്മൂന ഹൈദറിനെ ഇങ്ങനെ കണ്ടിട്ടില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന്‌, ശരീരം ചുരുക്കി പല്ലുകള്‍ കടിച്ചു വിറച്ച്‌ ചുമരിലേക്കു ചേര്‍ന്നു ചേര്‍ന്ന്‌.. മൈമ്മൂന ഭീതിയോടെ പിന്‍വാങ്ങി.

മലമൂത്രവിസര്‍ജ്ജനങ്ങളില്‍ കുഴഞ്ഞു കട്ടിലില്‍ തളര്‍ന്നു കിടക്കുകയും ഇടയ്‌ക്ക്‌ തല ചെരിച്ചും കടവായിലൂടൊഴുകുന്ന കൊഴുത്ത ചാലുകളില്‍ മൂക്കുകുത്തിയും കിടക്കുന്ന ഹൈദറിനു ചുറ്റും ആളുകള്‍ നിറഞ്ഞു. കണ്ടുമടങ്ങുന്നവരോടായി ഹൈദര്‍ യാചിച്ചു.

``ആരെങ്കിലൊന്നറുത്തു താ.. ആരെങ്കിലൊന്നറുത്തു താ..'' ഹൈദറിന്റെ ചതഞ്ഞു തുണ്ടുകളായ കരച്ചില്‍ മുറിയില്‍ കിടന്നു പിടഞ്ഞു.

``മൈമ്മൂനാ.. '' പിടഞ്ഞുണര്‍ന്ന്‌ ഭീതിയുടെ പിരിമുറുക്കത്തില്‍ നിന്ന്‌ കുതറിയോടാന്‍ കഴിയാതെ ഇരിക്കുന്ന ഹൈദറിനു മുന്നില്‍ വേലിയരുകിലെ കാറ്റ്‌ ഭ്രാന്തെടുത്തു.

``നാളെ.. നാളത്തെ അറവ്‌.'' ഹൈദറിന്റെ കറുത്ത ശരീരം വിയര്‍പ്പില്‍ മുങ്ങി. എന്തൊക്കെയോ നഷ്‌ടപ്പെടാന്‍ പോകുന്നുവെന്ന വിചാരങ്ങളില്‍ ഇല്ലാതാകെ നിശ്ശബ്‌ദത ഹൃദയത്തില്‍ അഴികള്‍ തറച്ചിട്ടു.

അതിവേഗതയില്‍ ഒരു വലിയ പോത്തിന്റെ പുറത്ത്‌ തലപ്പാവുവച്ച്‌ ആഹ്ലാദഭരിതനായി ഹൈദര്‍ വരുന്നുണ്ടായിരുന്നു. യാദൃച്ഛികതയില്‍ മഞ്ഞ്‌മഴപോലെ പെയ്‌തു. കനത്ത മഞ്ഞുമറയ്‌ക്കകത്തുനിന്നും ശരീരമാകെ ഉലച്ച്‌ തെറിച്ച്‌ ഹൈദര്‍ വരുന്നതു കാണെ മൈമ്മൂന അവിശ്വാസ്യതയില്‍ തലയിട്ടുരുട്ടി. ഭൂമി മാന്തിപ്പറിച്ച്‌ കൊമ്പുകള്‍ ഇളക്കി ഗതിവേഗതകളില്‍ കുതിച്ച്‌ കഠിന വേദനയാല്‍ തളര്‍ന്നുവീണ മൈമ്മൂനയുടെ കഴുത്തില്‍ കാലുകളമര്‍ത്തി കൊമ്പിന്റെ കൂര്‍പ്പുകള്‍ മാറിലേക്ക്‌..

``ഹൈദര്‍ക്കാ ന്നെയൊന്നും ചെയ്യല്ലേ.. നമ്മളെ മക്കളെയോര്‍ത്തെങ്കിലും ന്നെയൊന്നും ചെയ്യല്ലേ..''

ചകിതസ്വപ്‌നത്തിന്റെ വരണ്ട മൈതാനത്ത്‌ മൈമ്മൂന ഉണര്‍ന്നുകിടന്നു. ജാലകം തുറന്നു കിടന്നിട്ടും പ്രതിഷേധമുയര്‍ത്തി കാറ്റ്‌ മുറിയിലേക്കു വന്നതേയില്ല. അശാന്തമായ ഹൃദയതാളത്തോടെ ചുടുരക്തവും ചാണകവും മണക്കുന്ന മുറിയില്‍ നിന്ന്‌ മൈമ്മൂന പുറത്തേക്കു കടന്നു. വെയില്‍ മൂത്തുമൂത്ത്‌ ഇരുട്ടായി. മൈമ്മൂന തീര്‍ത്തും ദുരാന്തരിതപ്പെട്ടവളായി.

വെളിച്ചമില്ലാത്ത മുറിയില്‍ പ്രവേശിച്ച ഹൈദര്‍ ഇടവഴിയില്‍ കുടുങ്ങിയ പോത്തിനെപ്പോലെ ഞെളിപിരികൊണ്ടു. സ്വിച്ച്‌ബോര്‍ഡില്‍ വച്ച കൈയെടുക്കവേ മുറിയില്‍ ഗന്ധങ്ങളുടെ അസ്വസ്ഥത. ഹൈദറിന്റെ ചോരക്കണ്ണുകള്‍ മൈമ്മൂനയെ ഒന്നുഴിഞ്ഞു. അഭികാമജ്വരയോടെ മൈമ്മൂനയെ കൈക്കുള്ളിലാക്കി.

സംഭ്രമങ്ങളാല്‍ തളര്‍ന്ന മൈമ്മൂന മുഖത്തേക്കു നോക്കാതെ ശരീരം കൊണ്ടു പ്രതിഷേധിച്ചു.

``വയ്യ.. ന്‌ക്കൊന്നിനും വയ്യ.. ന്നെ വിട്‌.. വിട്‌.. ''മൈമ്മൂനയുടെ വാക്കുകള്‍ പൊട്ടിക്കീറി. ഹൈദര്‍ മൂക്കുകയര്‍ പൊട്ടിയ പോത്തിനെപ്പോലെ മൈമ്മൂനയിലേക്ക്‌..

``യിങ്ങളൊരു പോത്താണ്‌. കാട്ടുപോത്ത്‌'' മൈമ്മൂന അത്‌ ആഴത്തില്‍ അറിയുകയായിരുന്നു.

കട്ടപിടിച്ച ഇരുട്ടിനെ രാത്രിജീവികള്‍ വെട്ടി വെട്ടി ഒതുക്കുന്നു. ഹൈദറിന്റെ കൂര്‍ക്കംവലി കത്തിയുടെ മൂര്‍ച്ചകൂട്ടല്‍പോലെ മൈമ്മൂനയുടെ ഉറക്കത്തെ രാകിക്കൊണ്ടിരുന്നു. അവള്‍ കണ്ണുകള്‍ തുറന്ന്‌ ഹൈദറിനെ നോക്കി.

``പോത്ത്‌.. ഇതെങ്ങനെ ഇവിടെ വന്നു?'' അവള്‍ തിടുക്കത്തില്‍ മേശപ്പുറത്തുനിന്നു കത്തിയെടുത്ത്‌ കട്ടിലില്‍ ഇരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തുന്നതു കണ്ടപ്പോള്‍ മൈമ്മൂന അതു തടഞ്ഞു. കഴുത്ത്‌ ഒന്നുകൂടെ ചെരിച്ചുപിടിച്ച്‌ കത്തി കഴുത്തിലമര്‍ത്തി. പോത്ത്‌ ചെറുതായൊന്നു മുരണ്ടു. തല കട്ടിലില്‍ കിടന്നു പിടഞ്ഞു. അല്‌പനേരത്തിനുശേഷം ഒരലര്‍ച്ചയോടെ നിരവധി പിടച്ചിലോടെ എല്ലാം അവസാനിച്ചു. ചോര വാര്‍ന്നു തറയിലൂടൊഴുകി.. പോത്തിന്റെ കണ്ണുകള്‍ മൈമ്മൂനയ്‌ക്കുനേരെ തള്ളി വന്നു. അഭയമറ്റ ആത്മാവായി മൈമ്മൂന മുറിവിട്ട്‌ ഓടാന്‍ മുതിരവേ കാലുകള്‍ ചോരയില്‍ വഴുതി നിലത്തേക്ക്‌ , ചോരയിലേക്ക്‌..
പോത്ത്‌ (അര്‍ഷാദ്‌ ബത്തേരി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക