ഇങ്ങനൊക്കെ ഓരോ ദിവസങ്ങള്‍ ഉള്ളതുകൊണ്ട് ചാരം മൂടിക്കിടക്കുന്ന കനലുകളെ തോണ്ടിയെടുത്ത് പുറത്തിടാന്‍ പററുന്നു..വാലന്റൈന്‍സ് ദിനത്തിനു നന്ദി പറയാതെ വയ്യ. ആ മധുരിക്കുന്ന പഴയ പ്രണയദിനങ്ങളിലേക്ക് ഓര്‍മകളുടെ മലര്‍മഞ്ചലിലേറി നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ മറ്റെന്തിനാണ് കഴിയുക.ഭദ്രമായി അടച്ചുവച്ച എത്രയെത്ര ഓര്‍മകള്‍ അടപ്പുമാറ്റി പുറത്തുവന്ന് തലനീട്ടുന്ന ദിവസം..പണ്ടൊക്കെ നമ്മള്‍ക്ക് നമ്മുടെ പ്രണയത്തെപ്പറ്റി പറയാന്‍ ചമ്മലും കുറച്ചിലും ആയിരുന്നു.ഇപ്പോഴത്തെ കുട്ടികള്‍ നമ്മുടെ ലജ്ജയൊക്കെ മാറ്റിയെടുത്തു.എന്തൊക്കെ അനുഭവങ്ങളാണ് അവര്‍ മാലോകരോട് വിളിച്ചു പറയുന്നത് .സോഷ്യല്‍മീഡിയയിലൊക്കെ അവരങ്ങു വിളയാടുവല്ലിയോ..
കഴിഞ്ഞ മെയ് മാസത്തിലെ ഒരു വൈകുന്നേരമാണ് ഞങ്ങടെ സംസാരം ആ പഴയ സ്‌കൂള്‍മൈതാനത്തില്‍ വീണ്ടും ചെന്നു നിന്നത്. ..എന്റെ ഹൈസ്‌കൂള്‍ കൂട്ടുകാരി രാജി എന്ന രാജശ്രീ .പത്താംക്‌ളാസ്സില്‍ പരീക്ഷ കഴിഞ്ഞ് പിരിഞ്ഞശേഷം ആകസ്മികമായി നാലുവര്‍ഷം മുമ്പ് കൂട്ടിമുട്ടി വീണ്ടും ചങ്കായവരാണ് ഞങ്ങള്‍.കോട്ടയത്തെ ജോയ് മാളില്‍ ചുരിദാര്‍ തിരയുന്നതിനിടെ അടുത്തുനിന്ന സ്ത്രീയുടെ മുഖംകണ്ട് സംശയംകൊണ്ട് പേരു ചോദിച്ച് അന്തംവിട്ട് കെട്ടിപ്പിടിച്ചുപോയ ദിവസം.പിന്നെ ഞങ്ങള്‍ പഴയതിലും ഇരട്ടി കൂട്ടായി.ഫോണിലൂടെ സ്‌കൂള്‍ കാലത്തെ കൊച്ചുകൊച്ചു പരദൂഷണങ്ങള്‍ പറഞ്ഞ് ദിവസങ്ങള്‍ പോണതറിയാതെ അങ്ങനെയങ്ങനെ.. ഒരു ദിവസം പഴയ കൂട്ടുകാരുടെ കാര്യങ്ങളൊക്കെ പറയുന്നതിനിടെ അവള്‍ പെട്ടെന്നു പറഞ്ഞു, '' ജോ, നമ്മള്‍ക്ക് നമ്മുടെ സ്‌കൂള്‍വരെ ഒന്നു പോയാലോ..എത്ര നാളായി എന്റെ മനസ്സിലെ ഒരാശയാണ ''.എനിക്കുമതങ്ങ് ഇഷ്ടപ്പെട്ടു.
സത്യത്തില്‍ പഴയകാലം തിരിച്ചു പിടിക്കാനുള്ള പൊടിക്കൈകളാണ് നമ്മുടെ ആ തിരിച്ചുപോക്കുകള്‍.ഞങ്ങടെ പഴയ ക്‌ളാസ്സിലെ കുട്ടികളാരുംതന്നെ പരസ്പരം ബന്ധപ്പെടുകയോ പൂര്‍വ്വവിദ്യാര്‍ത്ഥിസമ്മേളനം നടത്തുകയോ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.എന്തായാലും ഞങ്ങള്‍ അതറിഞ്ഞിട്ടില്ല..ശ്യാമളയും സുശീലയും ഗീതയും പി.പി.ശാന്തമ്മയും ഒ.കെ.സരസമ്മയുമൊക്കെ എവിടെയാണോ ആവോ..ക്‌ളാസ്സിലെ എന്നല്ല സ്‌കൂളിലെതന്നെ ബ്യൂട്ടിയായിരുന്നു ഗീതാ കുറപ്പ് .അതിന്റെ ഇത്തിരി ഗമ അവള്‍ക്കുണ്ടായിരുന്നു താനും.അവളെ ഒളിക്കണ്ണിട്ടു നോക്കി ചെറുപ്പക്കാരനായ ഡ്രില്‍സാര്‍ മന്ദസ്മിതം പൊഴിക്കുന്നത് എത്രവട്ടം ഞങ്ങള്‍ കണ്ടിരിക്കുന്നു..ചിരിക്കുമ്പോള്‍ മുഖമാകെ ചുവന്നു തുടുക്കുന്ന ഗീത ഇപ്പോള്‍ എങ്ങനെയുണ്ടാവും ?..
.''അവളോ ?അവളൊരു മുതുക്കിയായിട്ടുണ്ടാവുമെടീ.മൂത്തുനരച്ച് ഒരു പടുകിഴവി..''.
അതു പറയുമ്പോള്‍ രാജി പൊട്ടിച്ചിരിക്കും.
'' നിനക്കവളോടുള്ള അസൂയ ഇപ്പോഴും മാറിയിട്ടില്ല അല്ലേ ?''.എന്റെ ചോദ്യം രാജിയെ ഒന്നുകൂടി പൊട്ടിച്ചിരിപ്പിക്കും.
''എന്താരുന്നു അവടെ ഒരു പത്രാസ് . മുടിയൊക്കെ ആയിരംകാലന്‍ പിന്നി പൂ കുത്തിയുള്ള ആ വരവ്..കുറേ ആരാധകരും..അതുപോട്ടെ നീ വരുന്നോ ഇല്ലേ.അതു പറയ് ..'',രാജി വീണ്ടും ചോദിച്ചു.
'' പോയേക്കാം.. '',ഞാന്‍ സമ്മതം മൂളി.
'' എന്നാ ഞാന്‍ ശനിയാഴ്ച കാറുമായി ടൗണില്‍ വരാം.രാവിലെത്തന്നെ നമ്മള്‍ക്ക് പോകാം'',അവള്‍ ഉത്സാഹവതിയായി.
രാജി അറുപതുകാരിയാണ്.പക്ഷേ ചുറുചുറുക്കില്‍ നാല്‍പ്പതുകാര്‍ മാറിനില്‍ക്കും. മുടിയൊക്കെ കളര്‍ചെയ്ത് അറ്റം ചുരുട്ടി ,ചെത്തു സ്‌റ്റൈലില്‍ അവള്‍ കാറോടിച്ചുവരുമ്പോള്‍ എനിക്ക് അത്ഭുതം തോന്നും.പണ്ട് പച്ചയും വെള്ളയും യൂണിഫോമില്‍ , പുസ്തകം നെഞ്ചത്തു ചേര്‍ത്തുപിടിച്ച് ഒതുക്കത്തോടെ ക്‌ളാസ്സില്‍ വന്നിരുന്നു ആ പഴയ പീക്കിരിപ്പെണ്ണ് എത്ര മാറിപ്പോയി.അബുദാബിയില്‍ ബാങ്കില്‍ ജോലിയായിരുന്നു അവള്‍ക്ക്.മകന്‍ ഡോക്ടര്‍.മകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്.ഭര്‍ത്താവ് ബിസിനസ്സുകാരന്‍..സമ്പന്നയും സംതൃപ്തയുമായ വീട്ടമ്മ..
അങ്ങനെ വെള്ളിയാഴ്ച രാവിലെ ഞങ്ങള്‍ സ്‌കൂളിലേക്ക് തിരിച്ചു.രണ്ടുമണിക്കൂറെങ്കിലും യാത്രചെയ്താലെ സ്‌കൂളിലെത്തൂ.സത്യം പറഞ്ഞാല്‍ പത്താംക്‌ളാസ്സു കഴിഞ്ഞിട്ട് ഇന്നുവരെ ആ സ്‌കൂളിന്റെ പടി ഞാനു്ം രാജിയും കറിയിട്ടില്ല.അന്നാട്ടുകാരല്ലാത്ത ഞങ്ങള്‍ രണ്ടുപേരും പത്തു കഴിഞ്ഞ് ആ സ്ഥലത്തുനിന്ന് വഴിമാറിപ്പോയവരാണ്.എവിടൊക്കെയോ പറിച്ചുമാറ്റി നട്ടിട്ടും ഒരുപാടുവര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളൊരുമിച്ചത് ഒരത്ഭുതം തന്നെ .ഗള്‍ഫിലെ ജീവിതം മതിയാക്കി കോട്ടയത്ത് തമ്പടിച്ച രാജിയും വിവാഹത്തോടെ കോട്ടയംകാരിയായ ഞാനും അടുത്തടുത്തായപ്പോള്‍ എന്തെന്നില്ലാത്ത ഒരാത്മബന്ധം..
വണ്ടി കോടിമതപ്പാലം കഴിഞ്ഞപ്പോള്‍ അവള്‍ ആ പാട്ടിട്ടു.
''ഒരു വട്ടംകൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...''..
''ഒരു നെല്ലിമരം കൂടിനമ്മുടെ സ്‌കൂളില്‍ ഉണ്ടായിരുന്നെങ്കില്‍.അല്ലേടീ ..''
'' സത്യമായും നീയൊരു അരസികയാണ് ജോ..എന്നാ പാട്ടാടീ ഇത്..എത്രകേട്ടാലും മതിയാകത്തില്ല.ആ വരികളും ചിത്രയുടെ ശബ്ദവും ,നമിച്ചു..ഈ പാട്ടു കേട്ടാല്‍ ആ പഴയവിദ്യാലയത്തിലേക്ക് ചാടിപ്പുറപ്പെടാന്‍ കൊതിക്കാത്ത ആരുണ്ട് ? ''.
രാജി നല്ല മൂഡിലാണ്..
വളവുതിരിഞ്ഞ് കയറ്റംകയറി കാര്‍ സ്‌കൂളിന്റെ മുന്നിലെത്തിയതും അന്നമ്മച്ചേടത്തിയുടെ വീടാണ് ഞങ്ങള്‍ ആദ്യം തിരഞ്ഞത്.അന്നതൊരു ഒലമേഞ്ഞ കുഞ്ഞു വീടായിരുന്നു.അതിന്റെ മുറ്റത്ത് നിറയെ ബന്തിച്ചെടികള്‍ പൂവിട്ടു നിന്നിരുന്നു.അതിനപ്പുറത്ത് റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ അന്നമ്മചേടത്തി പറയും ' മക്കളേ കണ്ടു സന്തോഷിച്ചാല്‍ മതി.പൂ പറിക്കരുത് കേട്ടോ..'
വലിയൊരു പ്‌ളാവ് ഉമ്മറത്തുനിന്ന് ഇത്തിരി മാറി തലയെടുപ്പോടെ നിന്നിരുന്നു.അതിന്റെ തണലില്‍ ഇരുന്നായിരുന്നു ഞങ്ങളുടെ സംഘം ഉച്ചയൂണു കഴിച്ചിരുന്നത്.അന്നമ്മ ചേടത്തി നല്ലൊരു അമ്മച്ചിയായിരുന്നു.ചക്കയുടെ സീസണായാല്‍ വരിക്ക ചക്കപ്പഴം അടര്‍ത്തി വലിയൊരു പാത്രത്തിലാക്കി ഞങ്ങളെ കാത്തിരിക്കും..ഊണു കഴിഞ്ഞാല്‍ ചക്കപ്പഴമെടുത്തു തരും..പാവം.
'' ജോ, അന്നമ്മച്ചേടത്തി ഒന്നുകില്‍ വസ്തു മറ്റാര്‍ക്കോ വിറ്റു കാണും .അല്ലെങ്കില്‍ മക്കള്‍ പഠിച്ച് നന്നായിട്ടുണ്ട്.ദേ,ഓലവീടിനുപകരമുള്ള ആ മുട്ടന്‍ വീടുകണ്ടോ.. ''.
ഒാലവീടു തിരഞ്ഞ ഞങ്ങള്‍ക്കു മുന്നില്‍ ഇരുനിലമാളിക പുഞ്ചിരിപൊഴിച്ചു . കൂറ്റന്‍ പ്‌ളാവുമില്ല,റോസാച്ചെടിയുമില്ല പകരം പലവര്‍ണ്ണത്തിലുള്ള പൂക്കള്‍ നിറഞ്ഞ ബൊഗെയ്ന്‍വില്ലകള്‍ ചൂച്ചട്ടിയില്‍ തലയാട്ടുന്നു.ഇനി അവിടെക്കേറി അന്നമ്മച്ചേടത്തിയെ അന്വേഷിക്കാതിരിക്കുന്നതാ നല്ലത്..
'' നീയോര്‍ക്കുന്നോ നമ്മള്‍ ഇവിടിരുന്നു ചോറുണ്ണുന്നത്..നിന്റെ ചോറ്റുപാത്രത്തിലെ കണ്ണിമാങ്ങാ അച്ചാറു മുഴുവന്‍ കഴിക്കുന്നതു ഞാനായിരുന്നു.പകരം എന്റെ മീന്‍പീര നീ അടിച്ചുമാറ്റും..ആ കാലം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ.എന്തു സന്തോഷം നിറഞ്ഞതായിരുന്നു നമ്മുടെ ആ കാലങ്ങള്‍ അല്ലേടീ ..''രാജീ പറഞ്ഞുകൊണ്ടിരുന്നു.
'' നീ ശാന്തമ്മ പി.പിയെ ഓര്‍ക്കുന്നില്ലേ..ഒരിക്കല്‍ ശാന്തമ്മ ചോറെടുക്കാന്‍ മറന്നു.നമ്മള്‍ ഒരോപിടി ചോറുവീതം അവള്‍ക്കു പങ്കുവച്ചത് മറന്നോ..''.ഞാനാ പഴയ കാര്യം പറഞ്ഞെങ്കിലും രാജി അതു മറന്നുപോയിരുന്നു.അന്നു സ്‌കൂളില്‍ പത്തുവരെയേ ക്‌ളാസ്സുകള്‍ ഉണ്ടായിരുന്നുള്ളൂ ഇപ്പോഴിതാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്ന വലിയ ബോര്‍ഡ്..
10 ബിയുടെ വരാന്തവഴി നടക്കുമ്പോള്‍ അറ്റന്‍ഡര്‍ എവിടെനിന്നോ പ്രത്യക്ഷനായി.
'' ആരെ കാണാനാണ്..?''.
സ്‌കൂള്‍ പരമനിശബ്ദദതയിലായിരുന്നു.ആ വലിയ കോമ്പൗണ്ടില്‍ അയാളെ മാത്രമെ കാണാനുള്ളൂ..തുറന്നിരിക്കുന്ന ഓഫീസില്‍ ഒരു ക്‌ളാര്‍ക്കിരുന്നു കുത്തിക്കുറിക്കുന്നുണ്ട്.
'' പ്രിന്‍സിപ്പലിനെ കാണാനായിരുന്നു''.രാജി പറഞ്ഞു.
'' യ്യോ,തിങ്കളാഴ്ച വല്യപരീക്ഷ തുടങ്ങുവല്യോ.ഇന്നു സ്‌കൂളിനവധിയാ.തിങ്കളാഴ്ച വന്നാല്‍ കാണാം..?''അയാള്‍ വിശദീകരിച്ചു.
10 ബിയുടെ വാതില്‍ അടഞ്ഞു കിടക്കുകയാണ്.പാതി തുറന്ന ജനാലയിലൂടെ അകത്തേക്കു നോക്കുമ്പോള്‍ എന്തെന്നറിയാത്ത ഒരു വേദന.അവിടെ രണ്ടാം നിരയിലെ ബഞ്ചില്‍ അറ്റത്തിരുന്ന ആ ചെറിയ പെണ്‍കുട്ടി ഞാനായിരുന്നൂല്ലോ ?അതിനു തൊട്ടുപിന്നിലെ ബഞ്ചിലിരുന്ന രാജശ്രീ നായര്‍ എന്ന സുന്ദരിക്കുട്ടി ?.അകത്തേക്കുനോക്കിനിന്ന എന്റെ തോളില്‍ രാജി കൈവച്ചു.'' നമ്മളെപ്പോലെ എത്രയെത്ര പേര്‍ ഇവിടിരുന്നു പഠിച്ച മുറിയാണിത്..അന്നൊന്നും നമ്മള്‍ അതിന്റെ വില അറിയുന്നുണ്ടായിരുന്നില്ല.കാലം എത്രപെട്ടെന്നാണ് ജോ പാഞ്ഞുപോകുന്നത്..''
എത്രയെത്ര കുട്ടികളിരുന്ന് തേഞ്ഞുപോയ ബഞ്ചുകള്‍ക്ക് ഞങ്ങളെ തിരിച്ചറിയാനാവുന്നുണ്ടോ ..പേരുകൊത്തി മുറിവേറ്റ ഡസ്‌കുകള്‍ക്കോ..?.
''നീയോര്‍ക്കുന്നോ പഠിപ്പിക്കുന്നതിനിടെ വര്‍ത്തമാനം പറഞ്ഞാല്‍ ചോക്കുകൊണ്ട് എറിയുന്ന വസന്തടീച്ചറെ..'' ,രാജി..
''ഉം,രവീന്ദ്രന്‍സാറിന്റെ ഡസ്റ്റര്‍കൊണ്ടുള്ള ഏറ് എത്രവട്ടം എനിക്കു കിട്ടിയിരിക്കുന്നു.''.
'' കാലം !.അവരൊക്കെ ഈ ഭൂമിയില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാവും നമ്മള്‍ നന്നാവാന്‍ അവരൊക്കെ എത്ര കഷ്ടപ്പെട്ടു.. .. ''രാജി പറഞ്ഞുകൊണ്ടിരുന്നു.
അറ്റന്‍ഡര്‍ വീണ്ടും വന്ന് എത്തിനോക്കി.മുറി തുറന്നുതരാന്‍ പറഞ്ഞാല്‍ അയാള്‍ തെറ്റിധരിച്ചാലോ എന്നു വിചാരിച്ച് ആശയടക്കി.
'' ഡീ ,നമ്മള്‍ക്ക് ആ പഴയ മൂത്രപ്പുരയിലൊന്നു പോയാലോ...'',രാജിയുടെ ചോദ്യം.
ഞാനതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.ഈ പെണ്ണിന്റെ ഒരു കാര്യം.ഓര്‍ത്തപ്പോഴേ മൂത്രച്ചൂര് മൂക്കിലടിച്ചു.
'' എന്തിനാ,നിനക്ക് മുള്ളണോ ? '',ഞാന്‍ ചോദിച്ചതും അവള്‍ അറ്റന്‍ഡര്‍ കേട്ടാലോ എന്ന ചിന്തയില്‍ ശബ്ദം താഴ്ത്തി പറഞ്ഞു,''മൂത്രപ്പുരയുടെ ഭിത്തിയിലെ സാഹിത്യം ഒന്നു വായിക്കാമെന്നു കരുതി.പണ്ട് അതിലെഴുതി വച്ചിരുന്നതൊക്കെ രഹസ്യമായി വായിച്ചുനോക്കിയിട്ടില്ലേ നമ്മള്‍.റാണി +ബാബു,സാറാമ്മ + ചന്ദ്രന്‍ എന്നൊക്കെയായിരുന്നു അന്ന് എഴുതിയിരുന്നത്..ഇപ്പോഴത്തെ പിള്ളേര് എന്താ എഴുതുന്നത് എന്നറിയാമല്ലോ ''.
'' വേണ്ടെടീ,അറ്റന്‍ഡര്‍ സംശയിക്കും,ബോംബു വയ്ക്കാന്‍ വന്നവരാണെന്നു കരുതി വിളിച്ചുകൂവിയാലോ..''.ഞാനവളെ പിന്തിരിപ്പിച്ചു.
ഞങ്ങള്‍ ഗേറ്റിങ്കലേക്കു നടന്നു.സ്‌കൂളിന്റെ പടിക്കലെ പഴയ കട പാടെ മാറിപ്പോയിരിക്കുന്നു.അന്നത് സാധനങ്ങള്‍ തിങ്ങിനിറഞ്ഞ ചെറിയമുറിയായിരുന്നു. നാരങ്ങമുട്ടായി,പ്യാരിമുട്ടായി,പല്ലില്‍ ഒട്ടിപ്പിടിക്കുന്ന ആപ്രിക്കോട്ട് ,വറുത്ത കപ്പലണ്ടി ,പഠാണി ഒക്കെ പുഞ്ചിരിപൊഴിക്കുന്ന ഗ്‌ളാസ്സ് ഭരണികള്‍.. .അന്നത്തെ കടകള്‍ മധുരം നിറച്ചുവച്ചതായിരുന്നു..
അപ്പോഴാണ് ആ രഹസ്യം രാജി പൊട്ടിച്ചത് !.
''എടീ ആ കടയില്‍ വിജയന്‍ എന്നൊരു ചെക്കനുണ്ടായിരുന്നു.അവന്‍ നമ്മുടെ സീനിയറാരുന്നു.നമ്മള്‍ എട്ടില്‍ പഠിക്കുമ്പോ അവന്‍ പത്തിലായിരുന്നു.പ്രീഡിഗ്രിക്കാരനായിട്ടും അവന്‍ കടയില്‍ ഇടയ്ക്കിടെ വന്നിരിക്കുമാരുന്നു'' .
'' വിജയനോ ?എനിക്കങ്ങനൊരു ചെക്കനെ ഓര്‍മ വരുന്നതേയില്ല ''.. ഞാന്‍ എത്ര പണിപ്പെട്ടിട്ടും വിജയനെ പിടി കിട്ടിയില്ല.
''നീയെങ്ങനെ ഓര്‍മിക്കാനാ ജോ,വിജയന്‍ എന്നെയും ഞാന്‍ വിജയനെയും മാത്രമേ കണ്ടിരുന്നുള്ളൂ .ഇപ്പം വിജയന്‍ അതൊക്കെ മറന്നിട്ടുണ്ടാവും..''ഒരു പുഞ്ചിരിയോടെ രാജി പറഞ്ഞു.
'' നീ എത്ര കൂട്ടായിട്ടും എന്നോടൊന്നും അന്ന് പറഞ്ഞിരുന്നില്ല'',ഞാന്‍ പരിഭവിച്ചു.
''പറയാനുംമാത്രം ഒന്നുമില്ലാരുന്നു.ഒരു നോട്ടം,ഒരു പുഞ്ചിരി..പത്തുനാല്‍പ്പത്തഞ്ചു കൊല്ലം മുമ്പത്തെ ലോകമല്ലിയോടീ.അതൊക്കെത്തന്നെ ധാരാളം..'',രാജീ ഊറിവന്ന ചിരി ഒതുക്കി.
''ഞാനന്ന് ഒമ്പതിലാ.ഒരു ദിവസം ക്‌ളാസ്സില്‍ എഴുതിക്കൊണ്ടിരുന്നപ്പോ മഷി തീര്‍ന്നു.അന്നേരം കടയിലോട്ട് ഓടിച്ചെന്നതാ.അവിടെ വിജയന്‍ മാത്രമേ ഉണ്ടാരുന്നുള്ളൂ.എന്റെ പേരൊക്കെ ചോദിച്ചു.അതാ തുടക്കം.ഞാനിപ്പഴും ഓര്‍ക്കുന്നുണ്ട്.ഒരു മഞ്ഞ ചെക്ക് ഷര്‍ട്ട്,കുരുവിക്കൂടുപോലെ ചീകിവച്ച മുടി.അന്നതായിരുന്നു സ്‌റ്റൈല്‍.പൊടിമീശയൊക്കെ കിളിര്‍ത്തുനില്‍ക്കുന്ന മുഖം..നെറ്റിയില്‍ ചന്ദനക്കുറി..'',കണ്‍മുന്നില്‍ വിജയനെ കാണുന്നപോലെ അവള്‍ സന്തോഷത്തോടെ പറഞ്ഞുികൊണ്ടിരുന്നു.
''പിന്നത്തെ കാര്യം പറയ് വേഗം'',ഞാന്‍ അക്ഷമയായി.
'' പത്തു തീരുംവരെ ഇടയ്ക്കിടെ മഷി വാങ്ങലൊക്കെയുണ്ടാരുന്നു. ഇടയ്ക്കു കാണും,ഒരു മിന്നായംപോലെ.ഒരിക്കല്‍ അവന്‍ എനിക്കൊരു കത്തു തന്നു.പേടിച്ചുപേടിച്ചാ ഞാനതു വാങ്ങിയത്.എന്തൊരു വെപ്രാളം തോന്നിയെന്നോ..വലിയ തെറ്റു ചെയ്യുന്ന ഭയമാരുന്നു.മറുപടി തരണമെന്ന് വിജയന്‍ പറഞ്ഞു.കുളിമുറിയില്‍ വച്ചാ അതു വായിച്ചത്.എന്തുപാടുപെട്ടാ വായിച്ചൊപ്പിച്ചതെന്നോ..വിജയന്റെ കെയ്യക്ഷരം തീരെ മോശമാരുന്നു ''.അവള്‍ പൊട്ടിച്ചിരിച്ചു.
'' എന്തവാ വിജയന്‍ അതില്‍ എഴുതിയിരുന്നത്..അതു പറയ് ''എനിക്ക് ജിജ്ഞാസ അടക്കാനായില്ല.
''ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ,,മെയ്യില്‍ പാതി പകുത്തുതരൂ,മനസ്സില്‍ പാതി പകുത്തുതരൂ എന്നൊരു സിനിമാപ്പാട്ടുണ്ടായിരുന്നു അന്ന് .അതു മുഴുവന്‍ അവന്‍ പകര്‍ത്തിവച്ചിരുന്നു'',അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
''പാവം വിജയന്‍,നീ മറുപടി കൊടുത്തില്ലേ..'',എന്റെ കുത്തിക്കുത്തിയുള്ള ചോദ്യം അവള്‍ക്ക് പിടിച്ചില്ലെന്നു മുഖഭാവം വ്യക്തമാക്കി.
''ഓ,എന്നാ എഴുതാനാ..പറ്റിയ സിനിമാപ്പാട്ടൊന്നും എനിക്കു കിട്ടിയില്ല.എനിക്ക് എഴുതാന്‍ വശോമില്ലാരുന്നു.പക്ഷേ ഞാന്‍ അവനെക്കൊണ്ട് എന്റെ ഓട്ടോഗ്രാഫില്‍ എഴുതിച്ചു.പത്തിലെ ആ ഓട്ടോഗ്രാഫ് ഞാനിപ്പഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.നീയും അതിലെഴുതിയിട്ടുണ്ട്.'രാജീ നീ വല്യ ആളാകുമ്പോ ഈ പാവത്തെ മറക്കല്ലേന്നാ ' നീ എഴുതിയത്.ഞാന്‍ വല്ലപ്പോഴും അതൊക്കെ എടുത്തു നോക്കാറുണ്ട്.''.
ഇത്തവണ പൊട്ടിച്ചിരിച്ചത് ഞാനായിരുന്നു.
'' വിജയന്‍ എന്താണ് നിന്റെ ഓട്ടോഗ്രാഫില്‍ എഴുതിയത് രാജീ..'' അതറിയാനായി എനിക്ക് തിടുക്കം.
'' മണിമലയാറ്റിലെ വെളളം വറ്റിയാലും പമ്പയാറ് വറ്റിവരണ്ടുപോയാലും രാജിക്കൂട്ടീ നിന്നെ ഞാന്‍ മറക്കില്ല ,ഇതു സത്യം ,എന്നായിരുന്നു അവനെഴുതിയത്.പാവം..''.
ഇത്തവണ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പൊട്ടിച്ചിരിച്ചുപോയി.
''അത് അവസാന കാഴ്ചയായിരുന്നു. പിന്നെ ഞാനവനെ കണ്ടട്ടേയില്ല.പ്രീഡിഗ്രിക്ക് ഞാന്‍ അച്ഛന്റെ നാടായ മൂവാറ്റുപുഴയിലും ഡിഗ്രിയ്ക്ക് എറണാകുളത്തുമല്ലേ പഠിച്ചത്.രാജീ,പെണ്ണിന്റെ മനസ്സില്‍ ആദ്യപ്രണയം ആദ്യത്തെ കണ്‍മണിയെപ്പോലെയാണ്.ഒരിക്കലും അവള്‍ക്ക് അതു മറക്കാന്‍ കഴിയില്ല.ആണിന് അങ്ങെനെയല്ലാരിക്കാം .പാവം ഇപ്പോള്‍ എവിടാരിക്കുമോ.ഗള്‍ഫിലൊക്കെയാരിക്കും..എന്നാലും ആ കത്തെഴുത്തും മഷിതരലുമൊക്കെ അവന്‍ മറന്നുകാണുമോ ആവോ ?'',രാജി ആരോടെന്നില്ലാതെ ചോദിച്ചു.
''എന്നാലും സമ്മതിച്ചു തന്നിരിക്കുന്നു.ഒരു സംശയത്തിനും ഇടതരാതെ നീ ഇത്രയുമൊക്കെ ഒപ്പിച്ച സ്ഥിതിക്ക് ഒരു പുലിതന്നെടീ.വാ തല്‍ക്കാലം നമ്മള്‍ക്കൊരു നാരങ്ങവെള്ളം കുടിച്ചാലോ..എന്നാ ചൂടാടീ.''ഞാനവളെ മുന്നിലെ കടയിലേക്കു വിളിച്ചു.
'' ആവാം..'',അവള്‍ക്കും സമ്മതം.കടയിലിരുന്ന് അടയ്ക്കാ മുറിക്കുന്ന കാര്‍ന്നോരോട് രണ്ടു തണുത്ത സോഡാനാരങ്ങ പറഞ്ഞു.പഴയ ഫ്രിഡ്ജില്‍നിന്ന് തണുത്ത സോഡയെടുത്ത് ,നാരങ്ങമുറിച്ച് പിഴിയുന്നതിനിടെ ഞാന്‍ നേരമ്പോക്കിന് വൃദ്ധനോട് മിണ്ടിപ്പറഞ്ഞു.
'' സ്വന്തം കടയാണോ ചേട്ടാ..''
''പിന്നല്ലാതെ,എവിടുന്നാ നിങ്ങള്..സ്‌കൂളില്‍ വന്നതാണോ..'',വൃദ്ധന്‍ പുക മൂടിയ കണ്ണുകളാല്‍ ഞങ്ങളെ ആകെയൊന്ന് ഉഴിഞ്ഞു.
'' അടുത്ത വര്‍ഷത്തേക്ക് ഒരു അഡ്മിഷനുവേണ്ടി വന്നതാ ചേട്ടാ ''
പറഞ്ഞുകഴിഞ്ഞപ്പോഴേക്കും നാരങ്ങാ വെള്ളം റെഡി!.അതും സൊയമ്പന്‍ സോഡാനാരങ്ങ..
''ചേട്ടാ ,ഉഗ്രന്‍ സോഡാ നാരങ്ങ..''.ഞാനയാളെ പുകഴ്തി.അതു കേട്ടതും വൃദ്ധന്‍ മനസ്സറിഞ്ഞു വായതുറന്ന് ചിരിച്ചു.വെറ്റിലക്കറപിടിച്ച പത്തുപന്ത്രണ്ടു പല്ലുകള്‍ ശേഷിച്ചിട്ടുണ്ട്. ..
''ചേട്ടാ തിങ്കളാഴ്ച കാണാം.പ്രിന്‍സിപ്പാള്‍ ഇല്ലായിരുന്നു.ഇനി വീണ്ടും വരണം.ചേട്ടന്റെ പേരെന്നാ ?'',ഞാന്‍ വെറുതെ കുശലം തിരക്കി.
'' വിജയന്‍പിള്ള ! ''.
ഞാന്‍ രാജിയേയും അവളെന്നെയും ഒന്നു നോക്കി.ഞങ്ങള്‍ രണ്ടാളും കൂടി വിജയന്‍പിള്ളയെ ഒരുമിച്ചു നോക്കിപ്പോയി.
കൊച്ചുപിള്ളാരിടുന്ന സിഗരറ്റ് പാന്റും അടിപൊളി ടോപ്പുമിട്ട് ഡൈയ്യുടെ കേശഭംഗിയും യോഗയുടെ ആകാരവടിവുമായി വിലസ്സുന്ന രാജിയെവിടെ..വെറ്റിലക്കറപിടിച്ച പല്ലും കഷണ്ടിബാധിച്ച ശിരസ്സും പുകനിറഞ്ഞി കണ്ണുമായി കൂനിക്കൂടിയിരിക്കുന്ന വിജയന്‍പിള്ളയെവിടെ ?.
രാജി കാറ് റിവേഴ്‌സ് എടുക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി.വിജയന്‍പിള്ള ഞങ്ങടെ ഗ്‌ളാസ്സ് കഴുകുകയാണ്..
രാജിയുടെ മുഖത്താകെ ഒരു മഞ്ഞളിപ്പ്..
ഞാന്‍ ശബ്ദം താഴിത്തി പാടി.
'' ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ..''
''ദേ,ഇപ്പം കാറേന്ന് ഞാന്‍ ഇറക്കിവിടും പറഞ്ഞേക്കാം..''
അവള്‍ അരിശം കൊണ്ടു.വണ്ടി കോഴഞ്ചേരിപ്പാലം പിന്നിടുമ്പോള്‍ ഞാന്‍ രാജിയോട് ചോദിച്ചു ''ടീ പമ്പയാറ്റിലെ വെള്ളം വറ്റിവരണ്ടിട്ടില്ല അല്ലേ..''
എന്റെ കളിയാക്കല്‍ പിടികിട്ടിയിട്ടും ഇത്തവണ അവള്‍ മിണ്ടിയില്ല.എനിക്ക് വ്യസനം തോന്നി.
'' വിജയനെ കാണേണ്ടിയിരുന്നില്ല അല്ലേടീ..''ഞാന്‍ ചോദിച്ചതും അവള്‍ പൊട്ടിച്ചിതറി.
''ഒക്കെ നീയൊരുത്തി കാരണമാ.നീയെന്തിനാ അയാളോട് കേറി പേരുംനാളും ചോദിച്ചത്.എന്റെ മനസ്സിലെ ആ നിറയെ മുടിയുള്ള ,നക്ഷത്രക്കണ്ണുകളുള്ള, പൊടിമീശയുള്ള , കൗമാരക്കാരനെയാ ഒരു നിമിഷം കൊണ്ട് നീ കൊന്നുകളഞ്ഞത്.''.
അവളുടെ കണ്ണുകള്‍ നിറഞ്ഞെന്ന് എന്റെ തോന്നലാവും.ആ മുഖത്തേക്കു നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്തെന്നില്ലത്ത ഒരു കുറ്റബോധം ..
ഞങ്ങള്‍ അങ്ങോട്ടുപോയത് എന്തു സന്തോഷത്തിലായിരുന്നു.എല്ലാ സന്തോഷങ്ങളും ഒറ്റനിമിഷം കൊണ്ട് മങ്ങിപ്പോയി.
''എടീ സാരമില്ല.ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാഞ്ഞത് നന്നായി.അവന് ചിലപ്പോ വിഷമം തോന്നിയേനെ.ചിലപ്പോള്‍ എന്നെ ഓര്‍മിക്കുന്നുപോലും ഉണ്ടാവില്ല.എല്ലാം വെറും കുട്ടിക്കളികളായിരുന്നു .പക്ഷേ പുരുഷനെപ്പോലല്ലല്ലോ നമ്മള്‍ സ്ത്രീകള്‍..''..
ഞാനവളുടെ വിരല്‍ത്തുമ്പില്‍ തൊട്ടു.'' അതെ..രാജീ ,എല്ലാം വെറും കുട്ടിക്കളികള്‍.ജീവിതം തന്നെ വിധിയുടെ കുട്ടിക്കളിയല്ലേ ...''