തിരുവനന്തപുരം: ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും, കൂടിയാലോചനകളും തകൃതിയായി നടക്കുന്നതിനിടെ വിവധ മുന്നണികളും പാര്‍ട്ടികളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം ബി.ജെ.പി ഇക്കുറി കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കുമോയെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും പൊതുവെ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.
കഴിുഞ്ഞ തവണ കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ് ആഞ്ഞടിച്ചത്. ഇടതുമുന്നണിയെ കേവലം ഒരു സീറ്റിലേക്ക് ഒതുക്കിയായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം. ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി.പി.എമ്മിന്റെ എ.എം ആരീഫാണ് 17-ാം ലോക്സഭയില്‍ ഇടതുമുന്നണിയുടെ ഏക പ്രതിനിധി.
രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്), കെ സുധാകരന്‍ (കണ്ണൂര്‍), കെ മുരളീധരന്‍ (വടകര), രാഹുല്‍ ഗാന്ധി (വയനാട്), എം.കെ രാഘവന്‍ (കോഴിക്കോട്), വി.കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), ടി.എന്‍ പ്രതാപന്‍ (തൃശ്ശൂര്‍), ബെന്നി ബെഹനാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ഷാനിമോള്‍ ഉസ്മാന്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് ലോക്സഭയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍.
എന്‍.കെ പ്രേമചന്ദ്രന്‍ (കൊല്ലം) ആര്‍.എസ്.പിയുടെ എം.പിയാണ്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോട്ടയം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടന്‍ ഇപ്പോള്‍ ജോസ് കെ മാണിക്കൊപ്പം ഇടതു പാളയത്തിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി. മുഹമ്മദ് ബഷീര്‍ (പൊന്നാനി) എന്നിവരാണ് മുസ്ലീം ലിന്റെ പ്രതിനിധികളായി 2019ല്‍ ലോക്സഭയിലെത്തിയത്. എന്നാല്‍ 2021ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഡോ. എം.പി അബ്ദുസമദ് സമദാനി വിജയിച്ചു.
ഇതിനിടെ കാസര്‍ഗോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുത്ത്. 'കാസര്‍ഗോഡ് ഇത്തവണയും ചതിക്കില്ല, ഒപ്പം മലയോരവും...' എന്ന വരികളോടെ വെള്ളരിക്കുണ്ടിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ജില്ലയില്‍ ഇതാദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ നിന്നും ഇക്കുറിയും രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുക. സി.പി.എമ്മിന്റെ കോട്ടയായ കാസര്‍ഗോഡ് കഴിഞ്ഞ തവണ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ച് കൂറ്റന്‍ വിജയമായിരുന്നു ഉണ്ണിത്താന്‍ നേടിയത്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. മത്സരിക്കാനുളള സന്നദ്ധത അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ശശി തരൂര്‍-രാജീവ് ചന്ദ്രശേഖര്‍ പോരിന് തലസ്ഥാനത്ത് കളമൊരുങ്ങുമെന്ന് ഏറെകുറെ ഉറപ്പായിരിക്കുകയാണ്. തൃശൂര്‍ കഴിഞ്ഞാല്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പേരും കേട്ടിരുന്നു.
ബി.ജെ.പി വലിയ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ ആരെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇവിടെ മത്സരിക്കാന്‍ പി.സി ജോര്‍ജ് കച്ചകെട്ടി നില്‍ക്കുന്നുണ്ട്. ബി.ജെ.പിയില്‍ ജനംപക്ഷം ലയിച്ചപ്പോള്‍ ജോര്‍ജിന് മുന്നില്‍ ദേശീയ നേതൃത്വം വെച്ച വാഗ്ദാനങ്ങളിലൊന്ന് പത്തനംതിട്ട സീറ്റായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പറിയിച്ചിട്ടുണ്ട്. എന്‍.എസ്.എസിന് സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്നും ഇവിടെ നായര്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ രാഹുല്‍ ഫാക്ടര്‍ അലയടിച്ചപ്പോഴും തകരാതെ സി.പി.എമ്മിനൊപ്പം പിടിച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ. ഇവിടെ ആരെയാകും കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കുകയെന്ന് സി.പി.എം ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞവട്ടവും മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു കെ.സി വേണുഗോപാലിന്റേത്. എന്നാല്‍ അവസാനവട്ടം മത്സരരംഗത്ത് നിന്ന് സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കുകളും, ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു.
ഇക്കുറി ഇന്ത്യ സഖ്യത്തിന്റെ ചുമതകള്‍ കൂടി വഹിക്കേണ്ട സാഹചര്യമുള്ളതിനാല്‍ കെ.സി മത്സര രംഗത്ത് നിന്ന് വിട്ടു നില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിലെ യുവരക്തങ്ങളില്‍ ഒന്നായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇവിടെ നറുക്ക് വീണേക്കും. കഴിഞ്ഞ തവണ ആറന്മുള നിയമസഭാ മണ്ഡലത്തില്‍ അവസാനം വരെ രാഹുലിന്റെ പേര് പരിഗണിച്ചിരുന്നു.
കോഴിക്കോട് സി.പി.എമ്മിന് തലവേദനയാകുമെന്നാണ് കേള്‍ക്കുന്നത്. ആര്‍.ജെ.ഡിക്ക് പിന്നാലെ സീറ്റിന് അവകാശവാദവുമായി ഐ.എന്‍.എല്ലും രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് ഐ.എന്‍.എല്‍ ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ തോല്‍പ്പിച്ച് കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ലോക്സഭ സീറ്റും ആവശ്യപ്പെടാമെന്നാണ് അവരുടെ നിലപാട്. കോഴിക്കോട് നോര്‍ത്തിലെ എം.എല്‍.എ ആയിരുന്ന എ പ്രദീപ് കുമാറായിരുന്നു കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് വേണ്ടി മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. 2009 മുതല്‍ എല്‍.ഡി.എഫ് പരാജയപ്പെടുന്ന മണ്ഡലമാണ് കോഴിക്കോട്.
കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.പി തോമസ് ചാഴികാടന്‍ തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്നുള്ള ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായിരുന്നു.
കോട്ടയത്ത് ഇത്തവണ കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരിക്കും ഏറ്റുമുട്ടല്‍ എന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തു പകര്‍ന്നാണ് ചാഴികാടന്‍ എത്തുന്നത്. യു.ഡി.എഫിനായി ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക. ഫ്രാന്‍സിസ് ജോര്‍ജിനാണ് പരിഗണന. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസായിരുന്നു കോട്ടയത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി.സി തോമസ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ സീറ്റ് നേടിയെടുത്തേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തിലാണ് ബി.ജെ.പിയുടെ ദേശീയ-സംസ്ഥാന ഭാരവാഹികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നിലവില്‍ കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ രാജീവ് ചന്ദ്രശേഖറിനേയും വി മുരളീധരനേയുമാണ് ബി.ജെ.പി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനേയും ആറ്റിങ്ങലില്‍ വി മുരളീധരനേയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്താന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. 2014-ല്‍ ഒ രാജഗോപാലിലൂടെ 2,82,336 വോട്ടായിരുന്നു ബി.ജെ. പി മണ്ഡലത്തില്‍ നേടിയത്. 2019-ല്‍ കുമ്മനം രാജശേഖരന്‍ 3,16,142 വോട്ടുകളും നേടി. കോണ്‍ഗ്രസിന് വേണ്ടി ഇത്തവണയും ശശി തരൂര്‍ തന്നെയാകും ഇറങ്ങുക. എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തൃശ്ശൂരും ബി.ജെ.പി ഉറപ്പിച്ച മട്ടാണ്. സുരേഷ് ഗോപി ഇവിടെ അനൗദ്യോഗിക പ്രചരണം അദ്ദേഹം തുടങ്ങി. 2019-ല്‍ സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വര്‍ധനവോടെ 2,93,822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്.