ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വേരുകള്‍ ആഴത്തിലിറങ്ങിയ കൊല്ലം ലോക്സഭാ മണ്ഡലം ഇന്ന് ആര്‍.എസ്.പിയുടെ തണലില്‍ യു.ഡി.എഫിന്റെ കോട്ടയാണ്. അത് കാത്തു സൂക്ഷിക്കുന്നതാകട്ടെ നാലുവട്ടം എം.പിയായ എന്‍.കെ പ്രേമചന്ദ്രനും. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് അദ്ദേഹം ഗോദയിലിറങ്ങിയിരിക്കുന്നു. യു.ഡി.എഫില്‍ സീറ്റുവിഭജനം പൂര്‍ത്തിയായതോടെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യ എതിരാളിയായി കൊല്ലം എം.എല്‍.എയും നടനുമായ എം മുകേഷിന്റെ പേരാണ് സി.പി.എമ്മിന്റെ ലിസ്റ്റിലുള്ളത്. കൊല്ലത്തേക്ക് മുകേഷിന്റെ പേര് നിര്‍ദേശിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഉടന്‍ അറിയാം. അതേസമയം ബി.ജെ.പിക്കായി മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ ഇവിടെ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹവും സജീവമാണ്.
1996 മുതല്‍ കൊല്ലം എം.പിയാണ് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ എന്‍.കെ പ്രേമചന്ദ്രന്‍. 1996, 1998, 2014, 2019 വര്‍ഷങ്ങളില്‍ പ്രേമചന്ദ്രന്‍ കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000-ത്തില്‍ രാജ്യസഭാംഗവുമായിരുന്നു. 2006 -2011 കാലയളവില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. പതിനേഴാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി 'സന്‍സദ് മഹാരത്ന' പുരസ്‌കാരം ഇത്തവണ പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇടതുമുന്നണിയിലായിരിക്കെ കന്നിയങ്കത്തില്‍ (1996) ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കോണ്‍ഗ്രസിലെ എസ് കൃഷ്ണകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 1998-ല്‍ ഇടത് പാളയത്തില്‍ നിന്നുകൊണ്ട് കോണ്‍ഗ്രസിലെ കെ.സി രാജനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തി. പിന്നീട് യു.ഡി.എഫിലേയ്ക്ക് കളം മാറിയ പ്രേമചന്ദ്രന്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മഹാമേരുവായ എം.എ ബേബിയെയാണ് മലര്‍ത്തിയടിച്ചത്.
2019-ല്‍ സി.പി.എം നേതാവും നിലവിലെ ധന മന്ത്രിയുമായ കെ.എന്‍ ബാലഗോപാലിനെ വീഴ്ത്തിയാണ് പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെത്തിയത്. 1,48,869 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരന്നു വിജയം. പ്രേമചന്ദ്രന്‍ 4,99,667 വോട്ടുകള്‍ നേടിയപ്പോള്‍ ബാലഗോപാലിന് ലഭിച്ചത് 3,50,821 വോട്ടുകളാണ്. ബി.ജെ.പിയുടെ അഡ്വ. കെ.വി സാബുവിന് 1,03,339 വോട്ടുകളും പിടിക്കാനായി. പ്രേമചന്ദ്രന് ഇക്കുറിയും വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രേമചന്ദ്രന്‍ ഉച്ചഭക്ഷണം കഴിച്ചത് ഇടത് കേന്ദ്രങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. യു.ജി.എഫ് കേന്ദ്രങ്ങളിലും ഇത് അസംതൃപ്തിക്കിടയാക്കി.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കിലെ നാവായിക്കുളത്ത് എന്‍ കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് പ്രേമചന്ദ്രന്‍ ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിയമ പഠനത്തിന് ചേര്‍ന്നു. 1985-ല്‍ കേരള സര്‍വ്വകലാശാലയില്‍ ഒന്നാം റാങ്കോടെ നിയമബിരുദം നേടി. ആര്‍.എസ്.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയന്‍ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന കൊല്ലത്ത് കഴിഞ്ഞ രണ്ട് തവണയും ഇടതു മുന്നണി പരാജയം രുചിച്ചിരുന്നു. ഇക്കുറി എങ്ങനെയെങ്കിലും മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് സി.പി.എം ക്യാംപുകള്‍ മെനയുന്നത്. അതിനായി കൊല്ലത്തിന്റെ സിറ്റിങ് എം.എല്‍.എയും നടനുമായ എം മുകേഷ് മത്സരിച്ചേക്കും. കൊല്ലത്തേക്ക് മുകേഷിന്റെ പേര് നിര്‍ദേശിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുകേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു ഏകകണ്ഠമായ തീരുമാനമുണ്ടായത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. തുടര്‍ന്നാകും അന്തിമ തീരുമാനം.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ മുകേഷിനെ സി.പി.എം 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന പി.കെ ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016-ലെ ഇടതുതരംഗത്തില്‍ കൊല്ലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സി.പി.എം ടിക്കറ്റില്‍ നിയമസഭാംഗമായി. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും സിറ്റിങ് സീറ്റീല്‍ നിന്ന് മത്സരിച്ച മുകേഷ് കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ 2072 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.
നാടക വേദിയിലെ മികവുറ്റ അഭിനയ ദമ്പതികളായ ഒ മാധവന്റെയും വിജയകുമാരിയുടെയും മകനായി 1957 മാര്‍ച്ച് 5 ന് കൊല്ലത്താണ് മുകേഷ് ജനിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ മുന്‍ ഭാരവാഹിയായിരുന്ന മുകേഷ് 1982-ല്‍ റിലീസായ 'ബലൂണ്‍' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. മികച്ച ടെലിവിഷന്‍ അവതാരകനായി മുകേഷ് ഇപ്പോഴും മിനി സ്‌ക്രീനില്‍ സജീവ സാന്നിധ്യമാണ്.
ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കൊല്ലം ലോക്സഭ മണ്ഡലം. 2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആറിടത്തും എല്‍.ഡി.എഫ് ആണ് വിജയിച്ചത്. കുണ്ടറയില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.
കേരള സംസ്ഥാനം പിറവിയെടുക്കുന്നതിന് മുമ്പ് 1952ലെ ഒന്നാം ലോക്സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ ആര്‍.എസ്.പിയുടെ എന്‍ ശ്രീകണഠന്‍ നായരും പിന്നീട് സ്വതന്ത്രനായ ആര്‍ വേലായുധനുമാണ് 1952 മുതല്‍ '57 വരെ കൊല്ലം ആയി മാറിയ മാവേലിക്കരയെ പ്രതിനിധീകരിച്ചത്. കേരളം രൂപംകൊണ്ട ശേഷം കൊല്ലമായി. 1957 മുതല്‍ '62 വരെ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ലെഫ്റ്റിറ്റ്സിന്റെ വി പരമേശ്വരന്‍ നായര്‍, സി.പി.ഐയുടെ പി.കെ കൊടിയന്‍ എന്നിവര്‍ എം.പിമാരായി.
1962 മുതല്‍ 1977 വരെ ആര്‍.എസ്.പിയുടെ എന്‍ ശ്രീകണഠന്‍ നായര്‍ കൊല്ലത്തിന്റെ ശബ്ദം പാര്‍ലമെന്റിലെത്തിച്ച് മികച്ച പാര്‍മെന്റേറിയനായി. 1980-ല്‍ കോണ്‍ഗ്രസിലെ ബി.കെ. നായര്‍, 1984, 1989, 1991 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ കൊല്ലം എം.പി സ്ഥാനം വഹിച്ചു. 2004-ല്‍ സി.പി.എമ്മിന്റെ പി രാജേന്ദ്രനാണ് കൊല്ലത്തിന്റെ കൊടി പാര്‍ലമെന്റില്‍ പാറിച്ചത്. 2009-ല്‍ പി. രാജേന്ദ്രനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ പീതാംബരക്കുറുപ്പ് ഡല്‍ഹിയിലെത്തി. പിന്നീടുള്ളത് പ്രേമചന്ദ്രന്റെ നിയോഗ ചരിത്രം. ഏതായാലും കൊല്ലത്ത് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരം തീ പാറുമെന്ന് ഉറപ്പ്.