Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-7: സോയ നായര്‍) 

Published on 20 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-7: സോയ നായര്‍) 

16. Do not Ruin your young  Mind !!

"അയ്യോ! എന്നെ കൊണ്ട്‌ ഇതൊന്നും പറ്റത്തില്ല. എനിക്ക്‌ വയസ്സും പ്രായവും ഒക്കെ ആയി. മനസ്സ്‌ എത്തുന്നിടത്ത്‌ ശരീരം എത്തണില്ലാ പിന്നാ.." ഒരു ആവറേജ്‌ കണക്കെടുത്താൽ ഒട്ടു മിക്കവരും മധ്യവയസ്സിലോട്ട്‌ എത്തിക്കഴിഞ്ഞാൽ മടിയരാകുന്നതും ഈ ഡയലോഗ്‌ അടിക്കുന്നതും സർവ്വസാധാരണമാണു.. പ്രായമേറും തോറും ശരീരം ക്ഷയിക്കുന്നതിന്റെ ഡിപ്രഷനിൽ മനസ്സു പെട്ടു പോകുന്നതു കൊണ്ട്‌ ഉണ്ടാകുന്ന മടിയാണത്‌. നമ്മൾക്ക്‌ വയസ്സും പ്രായവുമായി എന്ന് നിരന്തരം പറഞ്ഞ്‌ പറഞ്ഞ്‌ ശരിക്കും നമ്മളല്ലേ നമ്മളുടെ മനസ്സിനെ വല്ലാതെ അങ്ങു പ്രായക്കൂടുതൽ ആക്കുന്നത്‌. ഒരു പ്രായംകഴിഞ്ഞാൽ അതു ചെയ്യാൻ പാടില്ല, ഇത്‌ ചെയ്യാൻ പാടില്ല എന്ന് നിയന്ത്രണം വയ്ക്കുന്നത്‌. എല്ലാംചെയ്യാൻ പറ്റുന്ന പ്രായത്തിൽ തിരക്കിട്ടോടി കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാൻ പാടു പെടുന്നു. അതിനു ശേഷം ഒന്നു ജീവിതം ആസ്വദിക്കാമെന്ന് ചിന്തിക്കുമ്പോൾ നമ്മൾതന്നെ പ്രായത്തെ കാരണമാക്കുന്നു.. 40 ആയാലും 50 ആയാലും 60 ആയാലും നമ്മൾ എങനെ ആ പ്രായത്തെ കരുതുന്നു എന്നത്‌ പോലെയാണു നമ്മൂടെ ജീവിതവും മുന്നോട്ട്‌ പോകുക. ആരൊക്കെ വിചാരിച്ചാലും ആ വയസ്സിന്റെ വളർച്ചയെ തടുക്കാനും ആകില്ല. ആ നമ്പരുകളെ അതിന്റെ വഴിക്ക്‌ വിട്ടിട്ട്‌ ആഗ്രഹിച്ചതും ചെയ്യാൻ പറ്റുന്നതുമായ എല്ലാ കാര്യങ്ങളും മടി കൂടാതെ ചെയ്യാൻ ശ്രമിക്കുക. അതു വരെ ജീവിച്ച തിരക്കിട്ട ജീവിതത്തിൽ നിന്നും നമ്മൾക്കായി ജീവിക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളെയും പ്രയോജനപ്പെടുത്തുക. തുടർ ജീവിതത്തെ മുന്നിൽക്കണ്ട്‌ പ്രണയിക്കുക. എപ്പോൾ,എവിടെ അവസാനിപ്പിക്കണം  നമ്മുടെ മനസ്സിന്റെ ചെറുപ്പമെന്നത്‌ നമ്മളുടെ കൈകളിൽ തന്നെയാണു. വയസ്സ്‌ ഒന്നിനും ഒരു കാരണമല്ല. നല്ല വയസ്സുള്ള ആയ കാലത്ത്‌ ഒന്നും ചെയ്യാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്തിയതും നമ്മളല്ലേ.. അപ്പോൾ പിന്നെ എന്തിനാ പ്രായത്തെ കുറ്റപ്പെടുത്തുന്നത്‌? പ്രായം കൂടുന്തോറും റ്റെൻഷൻ ആകാതെ ആ പ്രായത്തെ അവഗണിച്ച് കൊണ്ട്‌ എപ്പോഴും നമ്മൾ ചെറുപ്പക്കാരായി തന്നെ ചിന്തിക്കുക, പ്രവർത്തിക്കുക, ഏറ്റവും ഇഷ്ടമുള്ള ആക്റ്റിവിറ്റീസിൽ മുഴുകുക, യാത്രകൾ ചെയ്യുക.വയസ്സ്‌ കൂടുമ്പോൾ ആണു ഏറ്റവും സുന്ദരം എന്ന് പറഞ്ഞ്‌ സ്വയംസ്നേഹിക്കുക..

17. Home is the first place to practice Equality😊

നമ്മുടെ ജീവിതത്തിൽ കുഞ്ഞുന്നാൾ മുതൽ ശീലിച്ചും ശീലിപ്പിച്ചും വന്ന പല ചിട്ടവട്ടങ്ങളും കാണും. നല്ലതല്ലെന്നു അറിഞ്ഞാലും അതിൽ ചിലതൊക്കെ നമ്മൾ മാറ്റാൻ ശ്രമിക്കാതെ അവസാനം വരെ കൊണ്ട്‌ നടക്കുകയും ചെയ്യും. അതിലൊന്നാണു ആൺകുട്ടികളും പെൺകുട്ടികളും ഉള്ള വീടുകളിൽ കാണുന്ന പക്ഷാഭേദം.

1. കുഞ്ഞുന്നാൾ മുതൽ ഒന്നിച്ച്‌ കഴിയുന്ന സഹോദരങ്ങൾ ‌ എന്ത്‌ കാര്യംചെയ്താലും ഒന്നുകിൽ അത്‌ വഴക്കിൽ അല്ലെങ്കിൽ അടിയിൽ അവസാനിക്കും. വാദപ്രതിവാദങ്ങളാണു മിക്കപ്പോഴും നടക്കുക. ഒരാൾ ഒരു കാര്യം പറയും, അത്‌ തെറ്റാണെന്ന് അടുത്തയാളും . തുടങ്ങിക്കഴിഞ്ഞാൽ അച്‌ച്ഛൻ അല്ലെങ്കിൽ അമ്മ വടിയുമായി വരേണ്ട അവസ്ഥ. അന്ന് പെങ്കുട്ടികൾ ഒച്ചത്തിൽ കാര്യം പറഞ്ഞാൽ " നീ മറ്റൊരു വീട്ടിൽ പോകേണ്ടവളാ, ഒച്ചയെടുക്കാതെ പതുക്കെ പറയ്". എന്നാൽ ഒച്ചയെടുക്കുന്ന ആൺകുട്ടികളോടോ‌ പതുക്കാനോ അടക്കാനോ ഒന്നും പറയത്തുമില്ല. 

2. പിന്നെ ഭക്‌ഷണകാര്യങ്ങൾ. വീട്ടിലുണ്ടാക്കുന്നതിൽ മീൻ, മുട്ട ഒക്കെ പ്രത്യേകിച്ച്‌ മുന്തിയ പങ്ക്‌  മിക്കപ്പോഴും ആൺകുട്ടികൾക്കും അതിലും കുറവ്‌ പെൺകുട്ടികൾക്കും കൊടുക്കും. എനിക്കുംവേണം ഒരു മുട്ട അധികം അല്ലെങ്കിൽ ഒരു മീൻ കഷണം എന്നൊക്കെ പറഞ്ഞാൽ " അവൻ ആൺകൊച്ചനല്ലേ, നാളെ കുടുംബം അന്വ്വേഷിക്കണ്ടവനല്ലേ" എന്നൊരു ഡയലോഗും. 

3. ഇനി കഴിച്ച പാത്രം എടുക്കാൻ പറഞ്ഞാൽ, എച്ചിൽപ്പാത്രം കഴുകാൻ പറഞ്ഞാൽ, എച്ചിലു പെറുക്കാൻ പറഞ്ഞാൽ, തൂത്തുവാരാൻ പറഞ്ഞാൽ എന്ന് വേണ്ട സകലതിനും  "ആണുങ്ങളെക്കൊണ്ട്‌ അതൊന്നും ചെയ്യിക്കാൻ പാടില്ല, പെണ്ണുങ്ങളല്ലേതൊക്കെ ചെയ്യണ്ടേ " എന്നൊരു കാരണവർഡയലോഗ്ഗും. വീട്ടുപണി മൊത്തം പെണ്ണുങ്ങളും വീട്ടിലിരുന്ന് തിന്നാനും സുഖിക്കാനും ആണുങ്ങളും എന്ന ഒരു ലൈനിലെ കാഴ്ചകൾ കണ്ട്‌ വളരുന്നവർക്ക്‌ ഇതൊന്നും അത്ര ദഹിക്കില്ലല്ലോ..പക്ഷെ, അത്‌ പുറത്ത്‌ പറയാനും പാടില്ല, പെൺകുട്ടിയായിപ്പോയില്ലേ..

4. ഇനി സ്കൂളിലേക്ക്‌ പോയാലോ അവിടെയും ഉണ്ട്‌ ഈ വേർതിരിവു. സ്കൂളിലെ എന്ത്‌ പരിപാടിവന്നാലും ആൺകുട്ടികൾക്ക്‌ എത്ര നേരം വേണമെങ്കിലും ഇരിക്കാം, റ്റൂറിനു  പൊയ്ക്കോട്ടേ എന്ന് ചോദിക്കേണ്ട താമസം അതിനും കാശും സമ്മതവും റെഡി, ഗ്രൂപ്പ്‌ സ്റ്റഡിക്ക്‌ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകാനും അവർക്ക്‌ യെസ്‌. നേരെ തിരിച്ച്‌ ആണേലോ, "പെൺകൊച്ചേ, പരിപാടി തീരാൻ നിൽക്കണ്ട സന്ധ്യക്ക്‌ മുന്നേ വീട്ടിൽ വന്നേക്കണം,  പെൺപിള്ളാർ റ്റൂറിനു ഒന്നും പോകണ്ട, അത്ര സേഫ്‌ അല്ല, കൂട്ടുകാരിയുടെ വീട്ടിൽ പോയൊള്ള പഠിത്തമൊന്നുംവേണ്ട, അവരൊക്കെ എങ്ങനെ ഉള്ളവരാന്നു അറിയത്തില്ലല്ലോ" എന്റെ ദൈവമേ ഇങ്ങനെം ഉണ്ടോ പക്ഷാഭേദം എന്ന് അതൊക്കെ കേൾക്കുമ്പോൾ ചിന്തിക്കുമായിരുന്നു.. 

ആൺകുട്ടികൾക്ക്‌ സർവ്വ സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക്‌ നിയന്ത്രണം വെച്ചുള്ള സ്വാതന്ത്ര്യവും നൽകുന്ന കാലം. ഇന്നും ഈ ശൈലി  പിന്തുടരുന്നവർ ഉണ്ടാകാം. വീട്ടിൽ തന്നെ ഇത്രയും കർശനമായ വിവേചനം. വീട്ടിൽ ‌ ലിംഗസമത്വം നൽകി വളർത്താത്തവരാണു പലപ്പോഴും പലയിടങ്ങളിൽ ഇതേപ്പറ്റി വാചാലരാകുന്നത്‌. വീടകങ്ങൾക്കുള്ളിൽ തന്നെ പെൺകുട്ടികളെ ഇങ്ങനെ ഒരു ശൈലിയിൽ വളർത്തിക്കൊണ്ട്‌ വരുമ്പോൾ നാളെ അവൾക്ക്‌ കുടുംബജീവിതത്തിൽ ഒരു പ്രയാസമോ സങ്കടമോ വന്നാൽ അവിടെയും പഴി കേൾക്കേണ്ടതായി വരുന്നത്‌ അവൾ തന്നെയല്ലേ. നിന്റെകുഴപ്പം കൊണ്ടാ, നിനക്ക്‌ സഹിച്ചാൽ എന്താ, ക്ഷമിച്ചാൽ എന്താ ഇങ്ങനൊക്കെ പറഞ്ഞ്‌ വീട്ടിലുള്ളവർ തന്നെ അവളെ ഒറ്റപ്പെടുത്തും, കുറ്റപ്പെടുത്തും. 

മക്കൾ ആണായാലും പെണ്ണായാലും ചെയ്യാവുന്ന ജോലികൾ ഒക്കെ ചെയ്ത്‌ അമ്മയെയുംഅച്ഛനെയും സഹായിച്ച്‌ വളർന്നാൽ നാളെ അതവരുടെ കുടുംബജീവിതത്തെ സന്തോഷത്തോടെ കൊണ്ടു പോകാൻ സഹായിക്കും. തുല്യത എന്താണെന്ന് വീടിനുള്ളിൽ നിന്ന് മനസ്സിലാക്കിയാൽ നാളെ അത്‌ പലയിടങ്ങളിൽ പോരാടുവാൻ ഉള്ള ശക്തി നൽകും. ആ ശക്തിയെ ആണു മാതാപിതാക്കൾ തന്നെ കുഞ്ഞുന്നാൾ മുതൽ പറഞ്ഞു പറഞ്ഞ്‌ പേടിപ്പിച്ച്‌ കൊറേ ഡയലോഗും കാച്ചി ഇല്ലാതാക്കുന്നത്‌. ആണിനും പെണ്ണിനും എല്ലാംഷെയർ ചെയ്ത്‌ ചെയ്യാം. എല്ലാത്തിനും ഒരാളെ എപ്പോളും ആശ്രയിക്കേണ്ട ആവശ്യം ഇല്ല. ഒന്ന് പാത്രംകഴുകി കൊടുത്താൽ, അത്യാവശ്യം പാചകം ചെയ്താൽ , എല്ലാക്കാര്യങ്ങളിലും സഹായിച്ചാൽ അമ്മമാർ മുതൽ ഭാര്യമാർ വരെ അവരുടെ കഷ്ടപ്പാടുകളിൽ താങ്ങായി ഒരാളുണ്ടല്ലോ എന്നോർത്ത്‌ സന്തോഷിക്കും. നാളെ വീട്ടിൽ കയറി വരുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും അവരുടെ ജീവിതത്തെ എങ്ങനെ നയിക്കണമെന്നോർത്ത്‌ ചിന്താക്കുഴപ്പങ്ങളും ഉണ്ടാകില്ല. എല്ലാ മക്കളും തുല്യരാണു, തുല്യസ്നേഹത്തിനും തുല്യ പരിഗണനയ്ക്കും തുല്യപങ്കിടലിനും അവർ അർഹരുമാണു.. ആ അർഹതയ്ക്ക്‌ നമ്മളായി അതിരുകളിടാതെ ഇരിക്കുക.. സമത്വം ആവശ്യമാണു, അസമത്വം വിപത്തും..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക