ഇടതുമുന്നണിക്ക് ഗ്രിപ്പില്ലാത്ത എറണാകുളം ലോക്സഭാ മണഡലത്തില്‍ കോണ്‍ഗ്രസിന്റെയും സിറ്റിങ് എം.പി ഹൈബി ഈഡന്റെയും തേരോട്ടമവസാനിപ്പിച്ച് തോല്‍വികളുടെ 'കനല്‍' ആളികത്തിക്കാന്‍ സി.പി.എം ഇറക്കുന്നത് ഒരു വനിതയെ. സാമുദായിക പരിഗണന നല്‍കാന്‍ കഴിയുന്ന വനിതാ സ്ഥാനാര്‍ഥിയെന്ന നിലയില്‍ പറവൂര്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ യു.പി വിഭാഗം അധ്യാപികയുമായ കെ.ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചര്‍ ആണ് ചൊങ്കൊടിയേന്തി ഗോദയിലിറങ്ങുന്നത്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിയും എം.എല്‍.എമാരും മുന്‍ മന്ത്രിമാരും അടങ്ങുന്ന സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ സര്‍പ്രൈസ് പേരായിരുന്നു കെ.ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറിന്റേത്. വടക്കന്‍ പറവൂരിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമായ ഷൈന്‍ ടീച്ചറിലൂടെ എറണാകുളത്ത് വിജയത്തിലേക്ക് എത്താമെന്ന് സി.പി.എമ്മിന് ശുഭപ്രതീക്ഷയുണ്ട്. വടകരയില്‍ കെ.കെ ശൈലജ കഴിഞ്ഞാല്‍ പാര്‍ട്ടി പട്ടികയിലെ ഏക വനിത സ്ഥാനാര്‍ഥിയാണ് കെ.ജെ ഷൈന്‍.
എറണാകുളത്ത് സാമുദായിക പരിഗണന മാത്രം നോക്കി പരിചയമില്ലാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കി അണികളെത്തന്നെ ഞെട്ടിച്ചിട്ടുള്ള സി.പി.എം ഇക്കുറി മാറിച്ചിന്തിച്ചിരിക്കുന്നു. അങ്ങനെയാണ് പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള നേതാവിനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുതുമുഖമായി രംഗത്തുകൊണ്ടുവന്നത്. ഇപ്പോള്‍ എസ്.എസ്.കെയില്‍ ട്രെയ്നറായി ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ഷൈന്‍ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
കോട്ടപ്പുറം രൂപതയുടെ കെ.സി.എസ്.എല്‍, കെ.സി.വൈ.എം സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ എസ്.എഫ്.ഐയിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലേക്ക് വരുന്നത്. ചേന്ദമംഗലം പോണത്ത് ജോസഫ്-മേരി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായി ജനനം. ഭര്‍ത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചു. ഇരുവരും പറവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമല്‍, ചൈനയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അലന്‍, ബിരുദ വിദ്യാര്‍ഥിനിയായ ആമി എന്നിവരാണ് മക്കള്‍.
ജില്ലയിലെ ജനകീയനായ മുതിര്‍ന്ന നേതാവ് പി. രാജീവ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിച്ചിട്ടുപോലും വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനാല്‍ പുതുമുഖത്തെ അവതരിപ്പിക്കാനും വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനുമുള്ള അവസരമായി പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയാണ്. മികച്ച പ്രാസംഗിക കൂടിയായ ഷൈന്‍ ടീച്ചര്‍ ഇ.എം.എസ് സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അടക്കമുള്ള വേദികളിലും സജീവസാന്നിധ്യമാണ്.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ളതും ഷൈന്‍ ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തിന് ഒരുഘടകമായി മാറി. കഴിഞ്ഞ മൂന്ന് തവണയായി വടക്കന്‍ പറവൂര്‍ നഗരസഭാംഗമാണ്. നഗരസഭാംഗം എന്ന നിലയിലുമുള്ള പ്രവര്‍ത്തനമികവും മുതല്‍ക്കൂട്ടായി. യു.ഡി.എഫിന് മേല്‍ക്കൈയുള്ള മേഖലകളില്‍ നിന്ന് മൂന്നു തവണയും ജയിച്ച സ്ഥാനാര്‍ഥി എന്ന ഘടകവും ഷൈനിന് വിജയത്തിലേയ്ക്കുള്ള ഏണിപ്പടിയാവും.
കോണ്‍ഗ്രസിന്റെ യുവനേതാവായ ഹൈബി ഈഡന്‍ 2019 മുതല്‍ എറണാകുളത്ത് നിന്നുള്ള ലോക്സഭാംഗമാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ്ജ് ഈഡന്റെയും റാണിയുടേയും മകനായി 1983 ഏപ്രില്‍ 19ന് എറണാകുളം ജില്ലയിലെ കലൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്.എച്ച് കോളേജില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ബി.കോം, എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. 2006-2007ല്‍ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റായും 2007-2009 വര്‍ഷങ്ങളില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2001-2002 വര്‍ഷങ്ങളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ യൂണിയന്‍ സെക്രട്ടറിയായിരുന്നു. 2011 ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 2016ല്‍ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി വിജയം കൊയ്യാന്‍ ബി.ജെ.പി രംഗത്തുണ്ട്. മഹിളാ മോര്‍ച്ച സംസ്ഥാന ഭാരവാഹി വിനിത ഹരിഹരന്‍, സംസ്ഥാന സമിതി അംഗം സിവി സജനി, യുവമോര്‍ച്ച നേതാവ് സ്മിത മേനോന്‍, ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍, പത്മജ എസ് മേനോന്‍ തുടങ്ങിയവരുടെ പേരുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ബി.ജെ.പി പരിഗണിക്കുന്നതത്രേ. എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് മൂന്നുപേരും.
എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ലോകസഭാ നിയോജകമണ്ഡലം. ഇതില്‍ കളമശേരിയിലും വൈപ്പിനിലും മാത്രമാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ജയിക്കാനായത്.
മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ യു.ഡി.എഫിന് വ്യക്തമായ ആധിപത്യം എറണാകുളത്ത് ഉള്ളതായി കാണാം. കോണ്‍ഗ്രസിന്റെ ഈ അടിയുറച്ച മണ്ഡലത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2004ല്‍ ഇവിടെ വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ വിജയിച്ച കെ.വി തോമസ് ഇപ്പോള്‍ ഇടതുപാളയത്തിലാണ്. ഇത് യു.ഡി.എഫ് വോട്ടുകള്‍ കൂടി പിടിക്കാന്‍ സഹായിക്കുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.
തിരു-കൊച്ചി സംസ്ഥാനമായിരിക്കെ 1951-ല്‍ കോണ്‍ഗ്രസിന്റെ സി. മുഹമ്മദ് ഇബ്രാഹിം കുട്ടിയാണ് (1952-'57) എറണാകുളത്തിന്റെ പാര്‍ലമെന്റിലെ പ്രഥമ പ്രതിനിധിയായത്.
കേരള സംസ്ഥാനം രൂപെകൊണ്ട ശേഷം 1957-ല്‍ എ.എം. തോമസ്, കോണ്‍ഗ്രസ് (1957-'62), 1962-ല്‍ എ.എം. തോമസ്, കോണ്‍ഗ്രസ് (1962-'67), 1967-ല്‍ വി വിശ്വനാഥ മേനോന്‍, സി.പി.എം (1967-'71), 1971-ല്‍ ഹെന്റി ഓസ്റ്റിന്‍, കോണ്‍ഗ്രസ് (1972-'77), 1977-ല്‍ ഹെന്റി ഓസ്റ്റിന്‍, കോണ്‍ഗ്രസ് (1977-'80), 1980-ല്‍ സേവ്യര്‍ അറക്കല്‍, കോണ്‍ഗ്രസ് (1980-'84), 1984-ല്‍ കെ.വി തോമസ്, കോണ്‍ഗ്രസ് (1984-'89), 1989-ല്‍ കെ.വി തോമസ്, കോണ്‍ഗ്രസ് (1989-'91), 1991-ല്‍ കെ.വി തോമസ്, കോണ്‍ഗ്രസ് (1991-'96), 1996-ല്‍ സേവ്യര്‍ അറക്കല്‍, ഇടത് സ്വതന്ത്രന്‍ (1996-'97), 1997 (ഉപതിരഞ്ഞെടുപ്പ്): സെബാസ്റ്റ്യന്‍ പോള്‍, ഇടത് സ്വതന്ത്രന്‍ (1997-'98), 1998-ല്‍ ജോര്‍ജ്ജ് ഈഡന്‍, കോണ്‍ഗ്രസ് (1998-'99), 1999-ല്‍ ജോര്‍ജ്ജ് ഈഡന്‍, കോണ്‍ഗ്രസ് (1999-'2003), 2003 (ഉപതിരഞ്ഞെടുപ്പ്): സെബാസ്റ്റ്യന്‍ പോള്‍, ഇടത് സ്വതന്ത്രന്‍ (2003-'2004), 2004-ല്‍ സെബാസ്റ്റ്യന്‍ പോള്‍, ഇടത് സ്വതന്ത്രന്‍ (2004-'2009), 2009-ല്‍ കെ.വി തോമസ്, കോണ്‍ഗ്രസ് (2009-'2014), 2014-ല്‍ കെ.വി തോമസ് കോണ്‍ഗ്രസ് (2014-'2019), 2019-ല്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് (2019 മുതല്‍) എന്നിവര്‍ എറണാകുളത്തിന്റെ എം.പമാരായി.
കഴിഞ്ഞ തവണ ഹൈബിക്കെതിരെ പി രാജീവിനെയായിരുന്നു സി.പി.എം രംഗത്തിറക്കിയത്. എന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ റെക്കോര്‍ഡ് തോല്‍വിയാണ് ഇടതുപക്ഷം നേരിട്ടത്. 1,69153 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു ഹൈബിയുടെ വിജയം. ആകെ പോള്‍ ചെയ്ത വോട്ടില്‍ 4,91263 വോട്ടുകള്‍ ഹൈബി സ്വന്തമാക്കി. അതായത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 50.79 ശതമാനവും ഹൈബിക്കായിരുന്നു. രാജീവിന് ആകെ ലഭിച്ചത് 3,22110 വോട്ടാണ്. 33.3 ശതമാനം വരും ഇത്.
ബി.ജെ.പിയുടെ അല്‍ഫോണ്‍സ് കണ്ണന്താനം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ട് തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബിയുടെ ഭൂരിപക്ഷം 2011-ല്‍ 32,437 വോട്ടും, 2016-ല്‍ 21,949 വോട്ടുമായിരുന്നു. ഇത്തവണ എറണാകുളം ജില്ലയില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും അത്ര നല്ല ഇമേജല്ല ഉള്ളത്.
സര്‍ക്കാരിനെതിരെ നിരന്തരമായ സമരങ്ങള്‍ നടന്നു. പ്രതികൂല സാഹചര്യം ധാരാളം ഉള്ളതിനാല്‍ ഹൈബിക്കെതിരെ കനത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. പ്രാദേശിക തലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് ഷൈനിന് ഹൈബിയെ നേരിടാനാവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ട വീഴ്ത്തിയാല്‍ ജില്ലയില്‍ സി.പി.എമ്മിന് വിലിയ രാഷ്ട്രീയ-ഭരണ നേട്ടങ്ങള്‍ കൊയ്യാം.