ഏക്കാലവും ഏറ്റു പാടേണ്ടതും പ്രചരിപ്പിക്കേണ്ടതുമായ ഒരു ഗാനമാണ് ദേവാനന്ദിന്റെ 1971 ല്‍ റിലീസായ ഹരേ രാമാ ഹരേ കൃഷ്ണ' യിലെ ദേഖോ ഓ ദീവാനോം തും യേ കാം നാകരോ എന്നരംഭിക്കുന്ന ഗാനം.
ചലച്ചിത്ര നിര്‍മ്മാണരംഗത്ത് വിവിധ മേഖലകളില്‍ നവതരംഗത്തിന് തുടക്കം കുറിക്കുകയും അവയ്ക്ക് അംഗീകാരം വലിയ തോതില്‍ നേടുകയുമാണ് ദേവാനന്ദ ഹരേ രാമാ ഹരേ കൃഷ്ണ' യിലൂടെ കൈവരിച്ചത്. മയക്കു മരുന്നുകള്‍ക്ക് അടിമകളായി ആരോടും ഉത്തരവാദിത്തം ഇല്ലാതെ ആടിയും പാടിയും ദിനരാത്രങ്ങളില്‍ ഉല്ലാസ കേളികളില്‍ മാത്രം മുഴുകുന്ന യുവതലമുറയെ മുതലെടുത്ത് മയക്കു മരുന്ന് വ്യവസായം വ്യാപിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെയും ദേവ് തുറന്നു കാട്ടി. ചിത്രത്തിന്റെ പ്രമേയവും ഗാനവും ചിത്രീകരണവുമെല്ലാം തുടര്‍ന്ന് വന്ന പല ചിത്രങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്.
ഗാനം ഇങ്ങനെയാണ്-
ദേഖോ ഓ ദീവാനോം തുംയേ കാം നകരോ....
രാം കാ നാം ബദ്‌നാം നാകരോ....
(നോക്കൂ ഭ്രാന്ത് പിടിച്ചവരേ, നിങ്ങള്‍ ഈ പണി ചെയ്യരുത്. രാമന്റെ(ദൈവത്തിന്റെ പേരിന് കളങ്കം ഉണ്ടാക്കരുത്).
രാമന്‍ ചെറുചിരിയോടെ എല്ലാം സുഖവും ത്യജിച്ചു.
നിങ്ങള്‍ എല്ലാ ദുഃഖത്തില്‍ നിന്നും ഭയം പൂണ്ട് ഓടുന്നു.
കടമകളില്‍ നിന്ന് രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നു.
ജീവിതം കര്‍ത്തവ്യമാണ്. വിശ്രമം എടുക്കുകയല്ല വേണ്ടത്.
രാം കാ നാം ബദ്‌നാം നാകരോ...
രാമനെ മനസ്സിലാക്കുക, കൃഷ്ണനെ തിരിച്ചറിയുക. ഭ്രാന്ത് പിടിച്ചവരേ, നിദ്രയില്‍ നിന്ന് ഉണരുക, മനസ്സിനെ ജയിക്കുവാന്‍ പഠിക്കുക. ഗീത പഠിക്കൂ, ബൈബിള്‍ മനസ്സിലാക്കൂ. ഖുറാന്‍ വായിക്കുക(പുതിയ പതിപ്പുകളില്‍ ബൈബിളും ഖുറാനും ഒഴിവാക്കിയിട്ടുണ്ട്.).
മനസ് തന്നെ നഷ്ടപ്പെടുത്തിയാല്‍ പിന്നെ മറ്റെന്ത് നേടിയിട്ട് എന്ത് പ്രയോജനം? മറ്റെന്ത് നേടിയിട്ട് എന്ത് പ്രയോജനം?
ഹരേ കൃഷ്ണ ഹരേ രാം.
ജീവിതത്തെ നിങ്ങള്‍ മയക്കുമരുന്നിന് അടിമ ആക്കാതിരിക്കുക.
നോക്കൂ, ഭ്രാന്ത് പിടിച്ചവരെ, നിങ്ങള്‍ ഈ പണി ചെയ്യരുത്. രാമന്റെ പേരിന് ദോഷം ഉണ്ടാക്കരുത്. പേരിന് ദോഷം ഉണ്ടാക്കരുത്.(വീണ്ടും ആവര്‍ത്തിക്കുന്നു).
ഹരേ രാമ ഹരേ കൃഷ്ണയില്‍ ഇതിയും വലിയ ഹിറ്റ് ഗാനങ്ങളുണ്ട്. 'ദം മംരോ ദം', 'ഫൂലോം കാതാരോം കാ' തുടങ്ങിയവ. പക്ഷെ ഒരു സമൂഹത്തിന് ഒന്നടങ്കം വിലപ്പെട്ട ഉപദേശം നല്‍കുന്നതാണ് രാം കാ നാം ബദ്‌നാം നാകരോ, ഫൂലോം കാതാരോം കാ' സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുന്നു.
രാം കാ നാമിന്റെ രചന ആനന്ദ് ബക്ഷിയുടേതാണ്. രാഹുല്‍ ദേവ് ബര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ കിശോര്‍ കുമാര്‍ ഈ ഗാനം പാടി അനശ്വരമാക്കി. വംശീയ, വര്‍ഗീയ വെറിമൂത്ത് കലാപം സൃഷ്ടിക്കുന്നവര്‍ ഒരു തവണയെങ്കിലും ഈ ഗാനം കേള്‍ക്കുന്നത് നന്നായിരിക്കും.