Image

സുപ്രീം കോടതിയുടെ ഇലക്ടറൽ ബോണ്ട് വിധി കേന്ദ്രഗവണ്‍മെന്റിന് ശക്തമായ താക്കീത് (ദല്‍ഹികത്ത് - പി.വി.തോമസ്)

Published on 24 February, 2024
സുപ്രീം കോടതിയുടെ ഇലക്ടറൽ ബോണ്ട് വിധി കേന്ദ്രഗവണ്‍മെന്റിന് ശക്തമായ താക്കീത് (ദല്‍ഹികത്ത് - പി.വി.തോമസ്)

കേന്ദ്രഗവണ്‍മെന്റ് 2018- ല്‍ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സ്‌കീം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഫെബ്രുവരി പതിനഞ്ചാം തീയതി പുറപ്പെടുവിച്ച  വിധി മോദി ഗവണ്‍മെന്റിനേറ്റ കനത്ത ഒരു തിരിച്ചടിയാണ്. മുഖ്യന്യായാധിപന്‍ ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബഞ്ച് ഏകകണ്‌ഠേനയാണ് (5-0) ഈ വിധി പുറപ്പെടുവിച്ചത്. ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധവും ഏകപക്ഷീയവും ആണെന്ന് കോടതി വിധിച്ചു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണെന്ന് ഈ സ്‌കീം പഠിച്ചിട്ടുള്ളവര്‍ക്കും ഇതിന്റെ പ്രവര്‍ത്തനം അനുഭവിച്ചു മനസിലാക്കിയിട്ടുള്ളവര്‍ക്കും അറിയാം. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും ആണ്; ആയിരുന്നു. 2023 നവംബറില്‍  ഇതിനെക്കുറിച്ച് 'ഇലക്ടറൽ ബോണ്ട്: തെരഞ്ഞെടുപ്പിലെ കോര്‍പ്പറേറ്റ്വത്ക്കരണവും കള്ളപ്പണം വെളുപ്പിക്കലും' എന്ന തലക്കെട്ടില്‍ ഈ പംക്തിയിൽ എഴുതിയിരുന്നു. ഇത് അവസാനിക്കേണ്ടത് ആരോഗ്യപരമായ ഒരു ജനാധിപത്യ വ്യവസ്ഥക്ക് ആവശ്യം ആയിരുന്നു.

സുപ്രീം കോടതി വിധി അനുസരിച്ച് ബോണ്ട് വിതരണം ചെയ്യുന്ന ഒരേ ഒരു സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ എത്രയും വേഗം അത് നിറുത്തി വച്ചു. അതുപോലുള്ള ഒരു പെരുംകൊള്ളയ്ക്കാണ് ഗവണ്‍മെന്റ് ഇലക്ടറൽ ബോണ്ട് എന്ന പേരിലും കള്ളപ്പണം വെളുപ്പിക്കുന്നത്   തടയുവാനെന്നതിന്റെ പേരിലും അനുമതി നല്‍കിയത്. ഈ ബോണ്ടിലൂടെ വന്‍കിട കമ്പനികള്‍ക്ക് പേരു പരസ്യമാക്കാതെ എത്ര വേണമെങ്കിലും പണം സംഭാവനയായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കാം. സുപ്രീം കോടതി ബോണ്ട് റദ്ദാക്കിയതിനോടൊപ്പം സംഭാവനകളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ബാങ്കിനോട്. ഈ വക സംഭാവനകള്‍ ന്യായയുക്തം അല്ലെന്നാണ് സുപ്രീംകോടതിയുടെ നിഗമനം. ഈ വക സംഭാവനകള്‍ നല്‍കുന്ന കമ്പനികളുടെയും വ്യക്തികളുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് അവരെ എതിര്‍പാര്‍ട്ടികളുടെ വേട്ടയാടലില്‍ നിന്നും രക്ഷിക്കുവാനാണെന്ന സര്‍ക്കാരിന്റെ വാദം അവര്‍ക്ക് ഒരു മറ സൃഷ്ടിക്കല്‍ ആയിരുന്നുവെന്ന് തെളിയിക്കപ്പെട്ടു.

കോടതിയുടെ വിധിപ്രകാരം പണം തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കുന്ന ഇക്കാലത്ത് ഇവയുടെ ഉറവിടം സമ്മതിദായകരെ അറിയിച്ചിരിക്കണം. അവരെ ഇക്കാര്യത്തില്‍ ഇരുട്ടില്‍ നിര്‍ത്തരുത്. ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരെല്ലാം ഏതേത് കോര്‍പ്പറേറ്റ് ശതകോടീശ്വരന്മാര്‍ എത്ര ലക്ഷങ്ങള്‍, കോടികള്‍ രൂപയാണ് നല്‍കിയതെന്ന് ജനം അറിഞ്ഞിരിക്കണം. കോടതി നിരീക്ഷിച്ചതുപോലെ പണം വലിയ ഒരു പങ്കാണ് ഇക്കാലത്ത് തെരഞ്ഞെടുപ്പുകളില്‍ വഹിക്കുന്നത്. അത് ലോകസഭ തെരഞ്ഞെടുപ്പായാലും നിയമസഭ തെരഞ്ഞെടുപ്പായാലും. കള്ളപ്പണവും പേശിബലവും തെരഞ്ഞെടുപ്പുകളെ ഏറ്റെടുത്തിരിക്കുകയാണ്. കോടതിയുടെ തന്നെ നിഗമനത്തില്‍ രഹസ്യസ്വഭാവമുള്ള വന്‍ ധനസംഭാവനകള്‍ തീര്‍ച്ചയായും പകരത്തിനു പകരം അതായത് പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടായിരിക്കും. ഇത് അറിയുവാനുള്ള സമ്മതിദായകരുടെ അവകാശം നിഷേധിക്കുന്നതും ഇതിലൂടെ സ്വതന്ത്രവും സത്യസന്ധവും ആയ തെരഞ്ഞെടുപ്പ് നിഷേധിക്കുന്നതും തെരഞ്ഞെടുപ്പിന്റെ തന്നെ പവിത്രത നശിപ്പിക്കുന്നതും ആണ്. ഇത് ജനാധിപത്യത്തെ മലീമസമാക്കിയിരിക്കുന്നു. അതുപോലെ തന്നെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതുലനതയും ഇല്ലാതാക്കിയിരിക്കുന്നു. ഇതെല്ലാം ഇന്നു നിലവിലിരിക്കുന്ന  പ്രവണതകള്‍ ആണ്. ഇതിന്റെ ഒരേ ഒരു കാരണം ഇലക്ടറൽ ബോണ്ടാണെന്നും ബോണ്ട് മാത്രം ആണെന്നും ഒന്നും ആരും ഒരു തീരുമാനത്തില്‍ എത്തുന്നില്ല. എന്നാല്‍ ബോണ്ട് ഗവണ്‍മെന്റ് സാധുത നല്‍കിയ ഒരു പദ്ധതി എന്ന നിലയില്‍ ഇതിന്റെ എല്ലാം മുമ്പില്‍ തന്നെ നിലകൊണ്ടിരുന്നു. ഇതിനായി നിയമങ്ങള്‍ മാറ്റിമറിച്ചു. അങ്ങനെ സംഭാവന നല്‍കുന്ന വ്യക്തിയുടെ, കമ്പനിയുടെ അജ്ഞാതത്വം സംരക്ഷിച്ചു. ഇതെല്ലാം ഏകപക്ഷീയമായിരുന്നുവെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ ഒരു ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചതിന്റെ വെളിപ്പെടുത്തല്‍ ആണ്.  കോടതി ഇരുപതിനായിരം രൂപവരെ സംഭാവനയായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കുന്ന നിലവിലിരിക്കുന്ന ഏര്‍പ്പാട് തുടരുവാനും അനുവദിച്ചത് ന്യായയുക്തം ആണ്. കോടതി കണ്ടത് അളവില്ലാത്ത , അജ്ഞാതമായി സംഭാവന തെറ്റാണെന്നാണ്. ബോണ്ട് സമ്പ്രദായം, നടപ്പിലാക്കുവാനായി ഗവണ്‍മെന്റ് ഫൈനാന്‍സ് ആക്ട്, ജനപ്രാതിനിധ്യ നിയമം ആദായനികുതി നിയമം  എന്നിവയാണ് ഭേദഗതി ചെയ്തത്. ഇത് തികച്ചും ഏകപക്ഷീയമായിരുന്നുവെന്നും ആണ് കോടതിയുടെ വിധി.

ബോണ്ട്  നിറുത്തലാക്കിയത് പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കടുത്ത പ്രഹരം ആയിപ്പോയി. തെരഞ്ഞെടുപ്പ് ആസന്നമായ ഒരു ഘട്ടത്തില്‍  അവര്‍ പണത്തിനായി മറ്റു വഴികള്‍ തേടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ബോണ്ട് എന്ന ജാലകത്തിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2022-23 കാലഘട്ടത്തില്‍ ലഭിച്ച പണത്തിന്റെ കണക്കനുസരിച്ച് ബി.ജെ.പി. 6566 കോടി, കോണ്‍ഗ്രസ് 1123, ത്രിണമൂല്‍ കോണ്‍ഗ്രസ് 1093, ഭാരത് രാഷ്ട്രസമിതി, 913, ബിജു ജനതദള്‍, 744 ഡി.എം.കെ. 617, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 382, റ്റി.ഡി.പി.147, ശിവസേന 101, ആം ആദ്മി പാര്‍ട്ടി, 94, എന്‍.സി.പി.64, സി.പി.എം 63.5 കോടി വീതം  നേടി. ഇതില്‍ നിന്നും ആര്‍ക്കാണ് മുന്‍തൂക്കം എന്നും മറ്റും മനസിലാകും.

കോര്‍പ്പറേറ്റ് സംഭാവനകള്‍ ആണ് വ്യക്തിപരമായ സംഭാവനകളെക്കാള്‍ രാഷ്ട്രീയ പ്രക്രിയയെ സ്വാധീനിക്കുന്നത്, മിക്കപ്പോഴും ദോഷമായിട്ടുതന്നെ. ഇവിടെയാണ് കോടതി ശക്തമായ ഒരു നിലപാട് എടുത്തത്- ആരാണ് ഈ അജ്ഞാത സംഭാവനക്കാര്‍? എന്താണ് അവരുടെ കോടികള്‍ക്ക് പ്രതിഫലമായി ഭരണത്തില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്? നഷ്ടം മാത്രം ഉണ്ടാക്കുന്ന കമ്പനികള്‍ പോലും കോടികള്‍ സംഭാവനയായി നല്‍കുന്നതിന്റെ രഹസ്യം എന്താണ്? എന്താണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രത്യുപകാരം? ഇതൊക്കെ അറിയുകയെന്നത് ഒരു ജനാധിപത്യത്തില്‍ പൗരന്റെ അവകാശം ആണ്, അധികാരം ആണ്. കോടതി നിരീക്ഷിച്ചതുപോലെ ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ സംഭാവനകള്‍ക്കുള്ള രീതിയെന്നത് ഭരണഘടന വിരുദ്ധം ആണ്. ജനാധിപത്യം ആരംഭിക്കുന്നതോ അവസാനിക്കുന്നതോ തെരഞ്ഞെടുപ്പുകളിലൂടെ അല്ല. തെരഞ്ഞെടുപ്പില്‍ ജനാധിപത്യം അവസാനിക്കുന്നുമില്ല. തെരഞ്ഞെടുപ്പു പ്രക്രിയയിലുള്ള കള്ളപ്പണത്തെ ഇല്ലാതാക്കുവാനുള്ള ഒരേ ഒരു വഴി ഇലക്ടറൽ ബോണ്ടു സമ്പ്രദായം മാത്രമല്ലെന്നുള്ള കോടതിയുടെ നിരീക്ഷണം ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്. അതാണ് ഗവണ്‍മെന്റ് കണ്ടെത്തേണ്ടത് ഉദ്ദേശം കള്ളപ്പണം കണ്ടെത്തല്‍ ആണെങ്കില്‍. കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ ഒരു കച്ചവട കൈമാറ്റം ആണ്. അത് പകരമായി അവര്‍ക്ക് ഭരണാധികാരിയുടെ മേശയില്‍ ഒരു സ്ഥാനം നല്‍കുന്നു. ഇതു നയപരമായ കാര്യങ്ങളില്‍ ഇടപെടലായി മാറുന്നു. ഇതിനാലൊക്കെ തന്നെ സുപ്രീം കോടതിയുടെ  വിധി ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. ഇത് തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ശുദ്ധിയാക്കുന്നതിനുള്ള ഒരു പടിയാണ്. അറിയുവാനുള്ള പൗരന്റെ അവകാശത്തെ കോടതി ഉറപ്പു വരുത്തി ഒളിപ്പിക്കുവാനുള്ള കോര്‍പ്പറേറ്റുകളുടെ അവകാശത്തെ കോടതി ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക