എന്തിലും വേണം ഒരു വൈവിദ്ധ്യം.ഇരട്ടകളെ ഇരട്ടകൾ കല്യാണം കഴിക്കുന്നത് പണ്ട് വാർത്തയായിരുന്നു പിന്നെ അതിന്റെ കൗതുകം മാറിയപ്പോൾ ഇരട്ട പുരോഹിതൻമാർ ഇരട്ടകളുടെ കല്യാണത്തിന് കാർമികത്വം വഹിക്കുന്നതായി വാർത്ത. ഇപ്പോൾ ഇരട്ടകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നവരും ഇരട്ടകളാണെങ്കിലേ ശ്രദ്ധ കിട്ടൂ എന്നായിട്ടുണ്ട്. കാലക്രമേണ ഇരട്ടകൾക്ക് ഇരട്ടക്കുട്ടികളുണ്ടായാലേ വാർത്തയാകൂ എന്നും വന്നേക്കാം.
യാത്രകളുടെ കാര്യവും ഏതാണ്ട് ഇതു പോലെ ആയിട്ടുണ്ട്..എല്ലാവരും കാസർകോഡു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് ആരും ശ്രദ്ധിക്കാതായപ്പോൾ ഇനി തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ആയാലോ യാത്രയെന്നായി ചിലർ .വാഹനത്തിൽ പോയാൽ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിലോ എന്നോർത്ത് ഇറങ്ങി നടന്നു കളയാം എന്നായി മറ്റു ചിലർ.ഏതായാലും യാത്രകളുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്നു നിൽക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.
ഈയിടെ ഒരു യാത്രയുടെ സംഘാടകർ വീട്ടിൽ വന്നു .’’സാറ് അറിഞ്ഞു കാണുമല്ലോ നമ്മുടെ യാത്ര കാസർകോഡു നിന്ന് പുറപ്പെട്ടു കഴിഞ്ഞു.നമ്മുടെ നാട്ടിലെത്തുമ്പോൾ നമ്മുടെ അന്തസ്സിനു ചേർന്ന ഒരു സ്വീകരണം തന്നെ കൊടുക്കണ്ടേ.’’
വേണമെന്നും വേണ്ടെന്നും പറയാൻ കഴിയാത്ത അവസ്ഥ..
‘’അതിന് നല്ല ചിലവ് വരും. സാറ് ഉദാരമായി സഹായിക്കണം.’’
ഇത്ര ഉദാരമായ അപേക്ഷ കേട്ടാൽ ആരാണ് കൊടുത്തു പോകാത്തത്? പറഞ്ഞതിന്റെ പകുതി കൊടുത്ത് ശമ്പളം കിട്ടുമ്പോൾ കാണാം എന്ന് പറഞ്ഞ് അവരെ യാത്രയാക്കുമ്പോൾ ശമ്പളം കിട്ടിക്കഴിഞ്ഞ് ആരെയൊക്കെ കാണുമെന്ന കാര്യത്തിൽ എനിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല..
തിരഞ്ഞെടുപ്പു വരുന്നതിനാൽ അതിനു മുമ്പ് യാത്രകളുടെ ഒരു കുത്തൊഴുക്കായിരിക്കും എന്നതിൽ സംശയമില്ല.’’നിങ്ങൾ ആരും ഒരു യാത്രയും നടത്തിയില്ലെങ്കിലും ഞങ്ങൾ വോട്ട് ചെയ്യുന്നവർക്ക് ഞങ്ങൾ വോട്ട് ചെയ്യും'' എന്ന് പറഞ്ഞ് ആരെയും ഒഴിവാക്കാനും പറ്റില്ല, എല്ലാവരും സുഹൃത്താക്കളായി പോയില്ലേ?
കണക്കുകൂട്ടലുകൾക്കപ്പുറം ചിലവ് നീളുമ്പോൾ കീശ നേരത്തെ കാലിയാകും.പിന്നെ വരുന്ന പറ്റുപടിക്കാരെ നേരിടാൻ കഴിയാതെ എങ്ങോട്ടേക്കാണ് ഒരു യാത്ര നടത്തുക എന്ന ആലോചനയിലായിരുന്നു ഞാൻ..