നഗരകേന്ദ്രീകൃത മണ്ഡലമാണ് കോഴിക്കോട്. ഇടയ്ക്കൊക്കെ കോഴിക്കോടിന്റെ രാഷ്ട്രീയ നിറം മാറിമറിയാറുണ്ട്. പൊതുരാഷ്ട്രീയ പ്രശ്നങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ കൃത്യമായി നീരീക്ഷിച്ചു വോട്ടുചെയ്യുന്ന നഗരപ്രദേശങ്ങളിലെ രീതി കോഴിക്കോട്ടും പ്രകടമാണ്. മണ്ഡലത്തില്‍ ജനസമ്മതനായ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പിയും ഹാട്രിക് നേട്ടത്തിനുടമയുമായ എം.കെ രാഘവന്‍ വീണ്ടുമൊരങ്കത്തിനിറങ്ങുമ്പോള്‍ എതിരാളി മുന്‍മന്ത്രിയും സി.പി.എം കരുത്തനുമായ എളമരം കരീമാണ്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വോട്ട് വിഹിതം മെച്ചപ്പെടുത്താന്‍ ആരെ നിര്‍ത്തുമെന്ന ചോദ്യമുയരുമ്പോള്‍, 2004 ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് മത്സരിച്ച എം.ടി രമേശിന്റെ രമേശിന്റെ പേരാണ് പരിഗണനയില്‍. സ്ഥിരം മുഖങ്ങള്‍ വേണ്ടെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ജില്ലാ പ്രസിഡന്റ് വി.കെ സജീവനും സാധ്യതയുണ്ട്.
കഴിഞ്ഞ തവണ ജനസമ്മിതിയുടെ കരുത്തില്‍ മൂന്നാമങ്കത്തിന് ഇറങ്ങിയ എം.കെ രാഘവനെ പിടിച്ചു കെട്ടാന്‍ അതേ ജനസമ്മിതിയുള്ള, ജനകീയ എം.എല്‍.എ എന്ന് പേരെടുത്ത എ പ്രദീപ് കുമാറിനെയാണ് സി.പി.എം കളത്തില്‍ ഇറക്കിയത്. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കോയ്മയും എല്‍.ഡി.എഫിന് പ്രതീക്ഷയായിരുന്നു. കോഴിക്കോട് സൗത്ത് ഒഴികെയുളള ആറ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. ജയിക്കുകയും ഗണ്യമായ ഭൂരിപക്ഷം നേടുകയും ചെയ്ത നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു അത്.
എന്നിട്ടും സി.പി.എമ്മിന് കാലിടറി. എം.കെ രാഘവന്റെ വ്യക്തിപ്രഭാവവും രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉയര്‍ത്തിയ കൊടുങ്കാറ്റും വോട്ട് യു.ഡി.എഫിന്റെ അക്കൗണ്ടില്‍ എത്തിച്ചു. 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹാട്രിക് വിജയമെന്ന സ്വപ്ന നേട്ടവുമായി അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. മണ്ഡലത്തില്‍ ആഴത്തില്‍ പതിഞ്ഞ വ്യക്തിബന്ധങ്ങളാണ് 2009, 2014, 2019 തിരഞ്ഞെടുപ്പുകളില്‍ രാഘവനെ കോഴിക്കോടിന്റെ പ്രതിനിധിയാക്കിയത്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇവയില്‍ യു.ഡി.എഫിന് ഇപ്പോള്‍ സ്വന്തമായുള്ളത് കൊടുവള്ളി മാത്രം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും വോട്ട് ശതമാനം നോക്കിയാല്‍ കോഴിക്കോട് മണ്ഡലത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യം മനസിലാക്കാം.
ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് കോഴിക്കോട്. എന്നാല്‍ 2009-ല്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയതോടെ മണ്ഡലത്തിന്റെ ചിത്രം മാറി. യു.ഡി.എഫിന് സ്വാധീനമുള്ള വയനാട്ടിലെ മണ്ഡലങ്ങള്‍ ഒഴിവാക്കി എല്‍.ഡി.എഫിന് സ്വാധീനമുള്ള ബേപ്പൂര്‍, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി.
മണ്ഡലത്തില്‍ ശക്തി തെളിയിക്കുകയാണ് എന്‍.ഡി.എയുടെ ലക്ഷ്യം. മലബാറില്‍ കാസര്‍കോടും പാലക്കാടും പോലെ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ കേഡര്‍ വോട്ടുകളുള്ള സ്ഥലമാണ് കോഴിക്കോട്. ഇതില്‍ത്തന്നെ, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം എന്നീ മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടുള്ളയിടങ്ങളാണ്. 'എ' ക്ലാസ് പരിഗണന നല്‍കി സംസ്ഥാന നേതാക്കളെയാണ് ഈ രണ്ട് സീറ്റിലും ബി.ജെ.പി മത്സരിപ്പിക്കാറുള്ളത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ടി രമേശ് ആയിരുന്നു കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 22.5 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
2021 ഡിസംബര്‍ 20 മുതല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയാണ് എം.കെ രാഘവന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കില്‍ കുഞ്ഞിമംഗലത്ത് കൃഷ്ണന്‍ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനായി 1952 ഏപ്രില്‍ 21ന് ജനിച്ചു. ബിരുദധാരിയാണ്. ബി.എ. ഹിസ്റ്ററിയാണ് വിദ്യാഭ്യാസ യോഗ്യത. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987-ല്‍ പയ്യന്നൂരില്‍ നിന്നും 1991-ല്‍ തളിപ്പറമ്പില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവന്‍. സഹകരണ മേഖലയില്‍ കേരളത്തില്‍ ആദ്യത്തെ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാര്‍ മേഖലയില്‍ അനവധി സഹകരണ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കാന്‍ രാഘവന്‍ കോഴിക്കോട്ടെത്തുന്നത്. സി.പി.എമ്മിലെ യുവനേതാവ് പി.എ മുഹമ്മദ് (ഇപ്പോള്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി) റിയാസിനെ 838 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി. 2014-ല്‍ സി.പി.എം നേതാവ് എ വിജയരാഘവനെയും 2019-ല്‍ സി.പി.എം എം.എല്‍.എയായ പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഉഷാകുമാരിയാണ് ഭാര്യ. അശ്വതി, അര്‍ജുന്‍ എന്നിവര്‍ മക്കള്‍.
2006-ല്‍ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത എളമരം കരീം 2018 ജൂണില്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1953 ജൂലൈ 1-ന് എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്‌മത്താണ് ഭാര്യ.
1971-ല്‍ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ല്‍ കെ.എസ്.വൈ.എഫില്‍ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1974-ല്‍ സി.പി.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമാവുകയും വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. തൊഴിലാളി സമരങ്ങളില്‍ സജീവമായി പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.
1996-ല്‍ കോഴിക്കോട് രണ്ടില്‍ നിന്നും നിയമസഭാംഗമായി. 2001-ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ല്‍ ബേപ്പൂരില്‍നിന്ന് നിയമസഭയിലെത്തി. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. 2011-ല്‍ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ ആഡം മുള്‍സിയെ 5316 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭാംഗമായി.
മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 1951-ലെ ആദ്യതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ സംഖ്യത്തിനായിരുന്നു കോഴിക്കോട്ട് വിജയം. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വെല്ലുവിളിയായിരുന്ന കിസാന്‍ മസ്ദുര്‍ പ്രജാപാര്‍ട്ടിയുടെ അച്യുതന്‍ ദാമോദര മേനോന്‍ ആണ് വിജയിച്ചത്. 57-ല്‍ സീറ്റ് കോണ്‍ഗ്രസ് കൈവശപ്പെടുത്തി. കോണ്‍ഗ്രസിലെ കെ.പി കുട്ടികൃഷ്ണന്‍ നായര്‍ ആയിരുന്നു വിജയി. 1962-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ സി.എച്ച്. മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെട്ടു. 1967-ലും 1971-ലും മുസ്ലിം ലീഗിലെ ഇബ്രാഹിം സുലൈമാനായിരുന്നു വിജയം. 1977-ല്‍ കോണ്‍ഗ്രസിലെ ബി.എസ് സെയ്ദ് മുഹമ്മദ് വിജയിച്ചു.
കോഴിക്കോട്ട് മുന്നണികളും സംഖ്യങ്ങളും ഇതിനിടക്ക് പലതവണ മാറി മറിഞ്ഞിട്ടുണ്ട്. എങ്കിലും നാലു തവണ മാത്രമേ കോഴിക്കോട് നിന്ന് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളൂ. ഒരിക്കല്‍ സാക്ഷാല്‍ ഇമ്പിച്ചി ബാവയിലൂടെയും രണ്ടുതവണ ജനതാദള്‍ സ്ഥാനാര്‍ഥിയായി വിരേന്ദ്രകുമാറിലൂടെയുമായിരുന്നു വിജയം.
1980-ല്‍ സി.പി.എമ്മിലെ ഇ.കെ ഇമ്പിച്ചി ബാവ അട്ടിമറി വിജയം നേടി. 1984-ല്‍ കോണ്‍ഗ്രസിലെ കെ.ജി അടിയോടി സീറ്റ് തിരിച്ചുപിടിച്ചു 1989-ലും 1991-ലും കോണ്‍ഗ്രസിലെ കെ മുരളീധരന്‍ വിജയിച്ചു. 1996-ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി, ജനതാദളിലെ എം.പി വീരേന്ദ്രകുമാര്‍ വിജയിച്ചു 1998-ല്‍ കോണ്‍ഗ്രസിലെ പി ശങ്കരന് ആയിരുന്നു ജയം. 1999 കെ മുരളീധരന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു 2004-ല്‍ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാര്‍ വീണ്ടും വിജയിച്ചു.
പടയോട്ടങ്ങള്‍ ഏറെ കണ്ട സാമൂതിരിയുടെ നാടാണ് കോഴിക്കോട്. രണ്ട് പതിറ്റാണ്ടായി നിയമസഭയിലേക്ക് ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിച്ചിട്ടില്ലാത്ത കോഴിക്കോട് ജില്ലയിലാണ് രാഘവന്‍ ഹാടിക് തികച്ച് നാലാം അങ്കത്തിനിറങ്ങുന്നത്. സി.ഐ.ടിയു നേതൃത്വത്തിലും മന്ത്രിപദവിയിലും അടക്കം ദീര്‍ഘകാലം കോഴിക്കോടിന്റെ സ്പന്ദനമറിയുന്ന എളമരം കളത്തിലിറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പ്.