Image

മിഷിഗൺ പ്രൈമറിയിൽ ബൈഡൻ ജയിച്ചെങ്കിലും  അറബ് പ്രതിഷേധ വോട്ട് ലക്‌ഷ്യം കണ്ടു (പിപിഎം) 

Published on 28 February, 2024
മിഷിഗൺ പ്രൈമറിയിൽ ബൈഡൻ ജയിച്ചെങ്കിലും   അറബ് പ്രതിഷേധ വോട്ട് ലക്‌ഷ്യം കണ്ടു (പിപിഎം) 

മിഷിഗണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രസിഡന്റ് ജോ ബൈഡൻ 78.5% വോട്ടോടെ വിജയം കണ്ടു. എന്നാൽ അദ്ദേഹത്തിന്റെ മിഡിൽ ഈസ്റ്റ് നയം അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ സൂചന നൽകി 16.2% പ്രതിഷേധ വോട്ടും വീണു. Uncomitted (അദ്ദേഹത്തെ അംഗീകരിക്കില്ല എന്നു പരിഭാഷ) വോട്ട് സംഘടിപ്പിച്ചത് ഇസ്രയേലിനെ ഗാഢമായി പുണർന്ന പ്രസിഡന്റിന്റെ നയത്തിനെതിരെ രോഷം കൊണ്ട മിഷിഗണിലെ ഗണ്യമായ അറബ്-മുസ്ലിം സമൂഹമാണ്. 

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കു ബൈഡൻ കൂട്ടു നിൽക്കുന്നു എന്നാണ് അറബ്-മുസ്ലിം സമൂഹം കാണുന്നത്. ഒക്ടോബർ 7നു യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 എത്തിക്കഴിഞ്ഞു. 

ലിസൺ ടു മിഷിഗൺ (Listen to Michigan) എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച പ്രതിഷേധ വോട്ടിന്റെ സന്ദേശം വ്യക്തമായിരുന്നു: രാജ്യത്തെ ഏറ്റവും വലിയ അറബ് അമേരിക്കൻ സമൂഹത്തെ അവഗണിച്ചു ബൈഡനു തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. ഇസ്രയേലിനോടുള്ള നയം തിരുത്തിയേ തീരൂ. 

2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് മിഷിഗണിൽ ഹിലരി ക്ലിന്റണെ തോല്പിച്ചത് 10,000 വോട്ടിനാണ്. പ്രതിഷേധ വോട്ടിൽ ആ എണ്ണം തികയ്ക്കണം എന്നതായിരുന്നു ലിസൺ ടു മിഷിഗൺ ലക്ഷ്യമിട്ടത്. യുദ്ധമെന്ന പേരിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കു പണം കൊടുത്തു സഹയിക്കുന്ന ബൈഡന്റെ നയം പൂർണമായി തള്ളിക്കളയുന്നുവെന്നു ഗ്രൂപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു. "ട്രംപ് 2016ൽ മിഷിഗൺ പിടിച്ചത് 10,000 വോട്ടിനാണ്. ആ ഭൂരിപക്ഷം ഞങ്ങളുടെ കൈയ്യിലുണ്ടെന്നു ബൈഡനു ഞങ്ങൾ തെളിയിച്ചു കൊടുക്കുന്നു." 

"ബൈഡൻ അവർക്കു ചെവി കൊടുത്തില്ലെങ്കിൽ അദ്ദേഹത്തിന് ആ വോട്ടുകൾ നഷ്ടമാവും," ഡെമോക്രാറ്റിക് പോൾസ്റ്റർ ജോൺ സോഗ്‌ബി പറഞ്ഞു. "പ്രസിഡന്റിന്റെ മറ്റു നേട്ടങ്ങളൊന്നും അവർക്കു വിഷയമല്ല. 15-16% വളരെ ശക്തമായ വോട്ടാണ്. ജനങ്ങളുടെ രോഷം തിളയ്ക്കുന്നുവെന്നാണ് അതിനർത്ഥം. ബൈഡനു ശക്തമായ താക്കീതാണിത്." 

മിഷിഗണിൽ നിന്നുള്ള റെപ്. റാഷിദ തലയ്ബ് പ്രതിഷേധ പ്രസ്ഥാനത്തോടൊപ്പമാണ് നിന്നത്. പലസ്തീൻ വംശജയായ അവർ ബൈഡന്റെ നയത്തെ പരസ്യമായി തന്നെ എതിർത്തിരുന്നു. ലിസൺ ടു മിഷിഗൺ നീക്കങ്ങൾ നയിക്കുന്നത് അവരുടെ സഹോദരി ലൈല തലയ്ബ് ആണ്. 

ബൈഡൻ മത്സരത്തിൽ നിന്ന് ഒഴിഞ്ഞാൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ടെന്നു കരുതപ്പെടുന്ന മിഷിഗൺ ഗവർണർ ഗ്രെച്ചെൻ വിറ്റ്മർ ആ പ്രതിഷേധത്തെ എതിർത്തിരുന്നു. "അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും. പക്ഷെ ബൈഡനു വോട്ട് ചെയ്യാത്തവർ ട്രംപിന്റെ രണ്ടാം വരവിനു സഹായിക്കയാവും ചെയ്യുക," അവർ പറഞ്ഞു.  

അറബ് അമേരിക്കൻ സമൂഹത്തിന്റെ നിലപാടുകൾ കേൾക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ബൈഡൻ മിഷിഗനിലേക്കു അയച്ചിരുന്നുവെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. "അവരെ കുറിച്ച് ഞങ്ങൾക്ക് വളരെയേറെ കരുതലുണ്ട്." 

ന്യൂ ഹാംപ്‌ഷെയറിൽ സമാന പ്രതിഷേധത്തിന്റെ ഭാഗമായി 1,500 വോട്ടർമാർ ബാലറ്റ് പേപ്പറിൽ 'വെടിനിർത്തൽ' എന്ന് കുറിച്ചിരുന്നു. 

പ്രതിഷേധ വോട്ടിന്റെ ശക്തി അപ്രതീക്ഷിതമല്ലെന്നു മിഷിഗൺ റെപ്. ഡെബ്ബി ഡിങ്കൽ സി എൻ എൻ ടെലിവിഷനിൽ പറഞ്ഞു. "അറബ് അമേരിക്കൻ, മുസ്ലിം സമൂഹങ്ങൾ മാത്രമല്ല അക്കൂട്ടത്തിൽ. ചെവി കൊടുക്കേണ്ട യുവ ജനങ്ങളുമുണ്ട്." 

ബൈഡന്റെ എതിരാളികളിൽ റെപ്. ഡീൻ ഫിലിപ്‌സ് (മിനസോട്ട) 2.7%, മേരിയൻ വില്യംസൺ 2.6% എന്നിങ്ങനെ നേടി.  

Protest votes hit target as Biden wins Michigan 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക