Image

ഇന്‍ഡ്യാ സഖ്യത്തിലെ പുതിയ ഉണര്‍വ്വ് എന്‍.ഡി.എ.ക്ക് ഭീഷണി ആകുമോ?- (ദല്‍ഹികത്ത്- പി.വി.തോമസ്)

Published on 03 March, 2024
ഇന്‍ഡ്യാ സഖ്യത്തിലെ പുതിയ ഉണര്‍വ്വ് എന്‍.ഡി.എ.ക്ക് ഭീഷണി ആകുമോ?- (ദല്‍ഹികത്ത്- പി.വി.തോമസ്)

ലോകസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യും 28 രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ മുന്നണിയും സമരസന്നദ്ധമായി പോര്‍ക്കളത്തില്‍ മുഖാഭിമുഖമാണ്. ഭരണസഖ്യമായ എന്‍.ഡി.എ.ക്ക് ആണ് മുന്‍കൈ ഇപ്പോള്‍ ഉള്ളതെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യസഖ്യം ആരംഭത്തിലുണ്ടായിരുന്ന ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിക്കുകയാണ്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വളരെ നാളത്തെ ശണ്ഠയ്ക്കുശേഷം ദല്‍ഹിയിലും ഗുജറാത്തിലും ചണ്ടീഗഢിലും ഹരിയാനയിലും ഗോവയിലും സീറ്റുകള്‍ പരസ്പരം വിഭജിച്ച് ഐക്യത്തോടെ മത്സരിക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഈ തിളക്കത്തിന് അല്പം മങ്ങലേറ്റത് പഞ്ചാബില്‍ ആണ്. അവിടെ ഭരണകകഷിയായ ആം ആദ്മി പാര്‍ട്ടിയും  പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും ഒറ്റയ്ക്ക് മത്സരിക്കാമെന്നുള്ള തീരുമാനം ഇന്‍ഡ്യാസഖ്യത്തിന്റെ പുതിയ ഉണര്‍വ്വിന് കോട്ടമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നിടം വരെയോ ഉണ്ടാവുകയുള്ളൂ. ദല്‍ഹിയില്‍ ഭരണസാദ്ധ്യത ഉണ്ടെങ്കില്‍ ഇവര്‍ റെയ്‌സിന കുന്നില്‍ ഒന്നാവുകയും ചെയ്യും. കോണ്‍ഗ്രസ്-ആപ്പ് സീറ്റ് സഖ്യം ഈ സംസ്ഥാനങ്ങളില്‍ ശരിക്കും ഫലിച്ചാല്‍ ഇന്‍ഡ്യാ സഖ്യത്തിന് അത് ഒരു നേട്ടം ആയിരിക്കും.

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും 80 സീറ്റുകള്‍ ഉള്ള വിധി നിര്‍ണ്ണായക  സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ധാരണയില്‍ ആയി. ഉത്തര്‍പ്രദേശ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത് ഇവിടെനിന്നും ആണ്. അയോദ്ധ്യയും രാമക്ഷേത്രവും ഇവിടെ ആണ്. ഇവയെല്ലാം ഇന്‍ഡ്യ മുന്നണിക്ക് വലിയ വെല്ലുവിളികള്‍ ആണ്. കൂടാതെ യോഗി ആദിത്യനാഥ് എന്ന സന്യാസി മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ ഭരണവും. ശക്തമായ ഈ കോട്ടയെ ഭേദിക്കുവാന്‍ കോണ്‍ഗ്രസ് -എസ്.പി. എന്ന ഇന്‍ഡ്യാമുന്നണിയുടെ സഖ്യത്തിന് സാധിക്കുമെങ്കില്‍ അത് ഒരു വലിയ നേട്ടം ആയിരിക്കും. ദല്‍ഹിയിലെ ഏഴ് ലോകസഭ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മത്സരിക്കും. ദല്‍ഹി, ഭരണമുന്നണിയായ എന്‍.ഡി.എ.യുടെ ശക്തി ദുര്‍ഗ്ഗം ആണ്. ഏഴില്‍ ഏഴ് സീറ്റും 2019-ല്‍ എന്‍.ഡി.എ. ആണ് ജയിച്ചത്. അതിനു മുമ്പു നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആദം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ വിജയം ആവര്‍ത്തിച്ചാണ് തുടര്‍ഭരണം ഉറപ്പുവരുത്തിയത്. പക്ഷേ, 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.(എന്‍.ഡി.എ.) ഏകപക്ഷീയമായ വിജയം കൊയ്തു. ആപ്പ്- കോണ്‍ഗ്രസ് ഇന്‍ഡ്യാസഖ്യത്തിന് ഇതിന് ഒരു തടയിടുവാന്‍ സാധിക്കുമോ എന്നതാണ് ഇപ്രാവശ്യം കണ്ടറിയേണ്ടത്.

വളരെ കാലം കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ദല്‍ഹി ആപ്പ് പിടിച്ചെടുക്കുകയാണുണ്ടായത്. ബി.ജെ.പി.യും ദല്‍ഹി ഭരിച്ചിട്ടുണ്ട്. മൂന്നു പാര്‍ട്ടികളും ഇവിടെ ശക്തരാണ്. ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ സമ്മതിദായകര്‍ ആര്‍ക്കൊപ്പം നില്‍ക്കും? ആപ്പ്- കോണ്‍ഗ്രസ് സഖ്യത്തിലൂടെ ഇന്‍ഡ്യാ മുന്നണി ആദ്യ ചുവട് വെച്ചെങ്കിലും തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നതിന്റെ സൂചന ലഭിക്കും. ഉത്തര്‍പ്രദേശില്‍ 63 സീറ്റുകളില്‍ എസ്.പി.യും 17 സീറ്റുകളില്‍ കോണ്‍ഗ്രസും ആണ് സീറ്റ് വിഭജന ധാരണ അനുസരിച്ച് ഭരിക്കുന്നത്. പക്ഷേ ഉത്തര്‍പ്രദേശ് എസ്.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ ഒരു വെല്ലുവിളിയാണ്. ഉത്തര്‍പ്രദേശ് മോദി-ഷാ-യോഗി ത്രയങ്ങള്‍ക്കുള്ള ഒരു ഹിതപരിശോധനയും ആണ്. ബി.ജെ.പി. യാദവ് ഒഴിച്ചുള്ള പിന്നോക്ക വോട്ടുകള്‍ ഉന്നമിടുന്നുണ്ട്. ബ്രാഫ്മണര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ജാതിയും ബി.ജെ.പി.ക്ക് ഒപ്പം ഉണ്ട്. മുസ്ലീം വോട്ടുകള്‍ മതേതര പാര്‍ട്ടികള്‍ക്ക് ഇടയില്‍ ചിന്നി പോകാതിരുന്നാല്‍ അത് ഇന്‍ഡ്യാ സഖ്യത്തിന് ഒരു  വിജയം  ആയിരിക്കും. രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിനെ ഉപേക്ഷിച്ച് വയനാട്ടില്‍(കേരളം) മത്സരിക്കുന്നതും ഇന്‍ഡ്യാസഖ്യത്തിന് ഒരു ക്ഷീണം ആയിപ്പോയി. പ്രിയങ്കഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചാല്‍ ഒരു പക്ഷേ ഒരു പരിഹാരം ആയേക്കാം. കാരണം സോണിയ ഗാന്ധിയും ഉത്തര്‍പ്രദേശിനെ ഉപേക്ഷിച്ചു എന്ന ആരോപണം ഉണ്ട്. റായ്ബറേലിയെ ലോകസഭയില്‍ പ്രതിനിധീകരിച്ചു കൊണ്ടിരുന്ന സോണിയ ഇപ്രാവശ്യം തെരഞ്ഞെടുപ്പ് മതിയാക്കി പിന്‍വാതിലിലൂടെ (രാജ്യസഭ) ആണ് പാര്‍ലിമെന്റില്‍ എത്തുവാന്‍ തീരുമാനിച്ചത് അനാരോഗ്യം കാരണം.

ബംഗാളില്‍ ഇതുവരെയും ഇന്‍ഡ്യസഖ്യത്തിലെ കോണ്‍ഗ്രസുമായിട്ടോ ഇടതുപാര്‍ട്ടികളുമായിട്ടോ ഒരു സഖ്യത്തിലേര്‍പ്പെടുവാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയും ആയ മമതബാനര്‍ജി ഇതുവരെയും തയ്യാറായിട്ടില്ല. ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഒറ്റക്കു മത്സരിക്കുക എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മമത. ബംഗാളിലെ 42 സീറ്റുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിര്‍ണ്ണായകം ആണ്. മമത ഇന്‍ഡ്യാമുന്നണിയില്‍ തന്നെ ഉണ്ടെങ്കിലും ഇന്‍ഡ്യാ മുന്നണിയില്‍ ദല്‍ഹിയില്‍ സജീവം ആകുവാന്‍ വലിയ വില നല്‍കേണ്ടിവരും. മമതക്ക് തനിയെ മത്സരിച്ചാല്‍ ലഭിക്കാവുന്നതിലും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായി മത്സരിച്ചാല്‍ നേടാമായിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം മമതയോട് ബദ്ധശത്രുതയില്‍ ആണ്്. മമത തിരിച്ചും അങ്ങനെ തന്നെ. മഹാരാഷ്ട്രയുടെ 48 സീറ്റുകള്‍ ഇന്‍ഡ്യസോക്കിന് നിര്‍ണ്ണായകം ആണ്. സീറ്റു വിഭജന കരാര്‍ അനുസരിച്ച് ഉദ്ദവ് താക്കറെയുടെ ശിവസേന ഇരുപതും കോണ്‍ഗ്രസ് പതിനെട്ടും ശരദ്പവാറിന്റെ എന്‍.സി.പി. പത്തും സീറ്റുകളില്‍ മത്സരിക്കും. മഹാരാഷ്ട്രയുടെ പുതിയ സാഹചര്യത്തില്‍ പവാറും ഉദ്ദവ് താക്കറെയും പഴയതുപോലെ ശക്തരല്ല. അവരുടെ ശിവസേനയും എന്‍.സി.പി.യും പിളര്‍ന്നിരിക്കുന്നു. രണ്ടുപാര്‍ട്ടിയുടേയും ഓരോ വിഭാഗങ്ങള്‍ എന്‍.ഡി.എ.യില്‍ ചേര്‍ന്നു ഭരിക്കുന്നു. അതിനാല്‍ മഹാരാഷ്ട്ര ഇന്‍ഡ്യാസഖ്യത്തിനും എന്‍.ഡി.എ.ക്കും അത്ര എളുപ്പമല്ല കീഴടക്കുവാന്‍. മറാഠാ സംവരണ നിയമനിര്‍മ്മാണ നടപടികള്‍ എന്‍.ഡി.എ. സഹായിക്കുവാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ, വിഭജനം കൊണ്ട് എത്ര ദുര്‍ബ്ബലരായാലും പവാറും താക്കറെയും ഇന്‍ഡ്യാമുന്നണിക്ക് മുതല്‍ക്കൂട്ടായിരിക്കും.

തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും ബീഹാറിലെ 40 സീറ്റുകളിലും ഇന്‍ഡ്യ മുന്നണിക്ക് സീറ്റുവിഭജനം വലിയ പ്രശ്‌നമല്ല. ഇതില്‍ തമിഴ്‌നാട് ഇന്‍ഡ്യ മുന്നണിക്ക് ഡി.എം.കെ.യിലൂടെ വലിയ മുന്നേറ്റം നല്‍കും. ബീഹാറില്‍ ലാലു പ്രസാദ് യാദവും ആര്‍.ജെ.ഡി.യും ഉണ്ടെങ്കിലും നിതീഷിന്റെ വിടവാങ്ങലോടെ ചിത്രം മാറി. നിതീഷ്‌കുമാര്‍ ഇന്‍ഡ്യ സഖ്യം വിടുക മാത്രമല്ല എന്‍.ഡി.എ.യില്‍ ചേരുകയും ചെയ്തു. ഇത് ഇന്‍ഡ്യസഖ്യത്തിന് വലിയ തിരിച്ചടി ആയിപ്പോയി. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയിലും തെലുങ്കാനയിലും ഒരു പരിധിവരെ ആന്ധ്രപ്രദേശിലും ഇന്‍ഡ്യസഖ്യത്തിന് മുന്‍കൈ ഉണ്ട്. കേരളത്തില്‍ ഇന്‍ഡ്യസഖ്യം ഇല്ല. പക്ഷേ, ജയിച്ച് ദല്‍ഹിയില്‍ എത്തുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ഇന്‍ഡ്യാസഖ്യം ആകും. മധ്യപ്രദേശും രാജസ്ഥാനും ഇരുമുന്നണികള്‍ക്കും കടുത്ത മത്സരവേദികളാണ്. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു യന്ത്രം സദാ സമര സന്നദ്ധം ആണ്. ഇന്‍ഡ്യ മുന്നണിക്ക് ഇനിയും വളരെ മുമ്പോട്ട് പോകേണ്ടിയിരിക്കുന്നു ലോകസഭാ സമരാങ്കണത്തില്‍ യുദ്ധസന്നദ്ധമാകുവാന്‍. ഈ ലോകസഭ തെരഞ്ഞെടുപ്പ് ഇന്‍ഡ്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകം ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക