Image

ദീപാവലി സന്ധ്യ 10 ( ജീവിതം ; അനുഭവം : സന )

Published on 04 March, 2024
ദീപാവലി സന്ധ്യ 10  ( ജീവിതം ; അനുഭവം : സന )

ഇന്ത്യയിൽതന്നെ ജോലി ചെയ്യുന്നകാലത്ത് എന്നും കോളേജിലേക്ക് പോകുന്ന ഒരു ബസ്സുണ്ടായിരുന്നു. ഞാൻ ഇടവഴിയിലൂടെ ഓടി വരുമ്പോഴേ ഡ്രൈവർ ഹോൺ മുഴക്കും. ഞാൻ ഓടിവന്നു ബസ്സിൽ കയറും.
"കുറച്ചു നേരത്തെ ഇറങ്ങിക്കൂടെ വീട്ടിൽ നിന്നും....?" ഡ്രൈവർ ചോദിക്കും.
ഞാൻ  കിതപ്പോടെ ചിരിക്കും.
പലപ്പോഴും എന്റെ വീട് കടന്നുപോകുമ്പോൾ ആ ബസ്സിൽനിന്നും പരിചിതമായ ഹോൺ കേൾക്കാം.
ഒരു ദിവസം ടൗണിൽനിന്നും ഇതേ ബസ്സിൽ കേറി ഇരുന്നപ്പോൾ കണ്ടക്ടർ അരികിൽ വന്നു. കൂടെ ഡ്രൈവറുമുണ്ട്. ആളുകൾ അധികം കയറി തുടങ്ങിയിട്ടില്ല.
"ടീച്ചർ, ടീച്ചർ പലപ്പോഴും കമ്മൽ ഇടാറില്ല."
പെട്ടെന്നുള്ള ഈ പ്രസ്താവനയിൽ ഞാൻ പകച്ചുപോയി. കാതിൽ ഉടനെ തൊട്ടു.
"അതെ. ഇന്ന് കമ്മലുണ്ട്. പക്ഷേ പലപ്പോഴും ടീച്ചർ കമ്മൽ ഇടാറില്ല.  ആദ്യം തോന്നിയത് ടീച്ചർക്ക് ഇഷ്ടമില്ലാതെ ആയിരിക്കും എന്നാണ്. പക്ഷേ മറക്കുന്നതാണെന്നു പിന്നീട് മനസ്സിലായി."

ഉം... ഞാൻ ചിരിച്ചു.

"ഇതാ.. ഇതു കുറച്ചു കമ്മൽ ആണ്. വാങ്ങുമോ....?"

ഞാൻ സ്തബ്ധയായി.

"അല്ല.... ടീച്ചർ... ഞങ്ങളുടെ ഒരു ഇഷ്ടം കൊണ്ടാണ്... വേറൊന്നും വിചാരിക്കരുത്. വാങ്ങുമോ എന്ന സംശയം ഉള്ളോണ്ട് കുറേനാൾ ഇതു തരാതെ നടന്നു." രണ്ടുപേരും മടിച്ചു മടിച്ചു പരസ്പരം നോക്കി പരുങ്ങി പതുങ്ങി നിന്നു.

ഞാൻ കുറേനേരം അവരെതന്നെ നോക്കിനിന്നു. പിന്നീട് കൈ നീട്ടി ആ പാക്കറ്റ് വാങ്ങി. എന്റെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞു. വേറെ ഒരു നാട്... വേറെ ഭാഷയുള്ള നാട്ടിലെ ഒരു ബസ്.... അതിലെ ഒരു യാത്രക്കാരി... വെറും യാത്രക്കാരിയായ ഞാൻ... ഏതോ ഒരു കടയിൽ പോയപ്പോൾ എന്നെ ഓർത്തു വാങ്ങിക്കൊണ്ടു വന്ന ആ ചെറിയ പാക്കറ്റ് വിലമതിക്കാൻ കഴിയാത്തതായിരുന്നു.
പിന്നീട് ഞാൻ ആ പൊട്ടുകമ്മൽ ഇട്ടു ബസ്സിൽ കയറുമ്പോൾ  അമർത്തിയാലും ചിരി വരും. കണ്ടക്ടർ ഗൂഡമായി ചിരിക്കുമ്പോൾ ഡ്രൈവർ വിശാലമായ ചിരി നൽകും.
സ്നേഹം.... അതേ... സ്നേഹത്തിന്റെ ചിരികൾ....ചിലരുടെ സ്നേഹമാണ് അവരെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. അവർ പ്രകടിപ്പിക്കുന്ന വേറിട്ട വഴികൾ കാണുമ്പോൾ ആ സ്നേഹത്തിനു തീർച്ചയായും സ്വർണ്ണത്തിളക്കമുണ്ട്.💞💞💞💞

പല ജന്മദിനങ്ങളും കഴിഞ്ഞുപോയത് AVM ഹോസ്പിറ്റലിൽ വെച്ചായിരുന്നു. സാധാരണ ദിനങ്ങൾപോലെ അവയും കടന്നുപോയി. എന്നാൽ 2021 ഡിസംബർ 10  കുറച്ചേറെ സന്തോഷങ്ങൾ നൽകി.  അന്നത്തെ സായന്തനത്തിൽ  എന്നെ ഞെട്ടിച്ചുകൊണ്ടു കേക്കുമായി കയറിവന്നു പിറന്നാൾ ആശംസ പറഞ്ഞ  ഡോക്ടർ ജോർജ് പോൾ അമിക്കയിൽ, (പൗലോസ് ഡോക്ടറുടെ മകനാണ്) അദ്ദേഹം ആ ദിവസം കേക്കിന്റെ മധുരം നിറഞ്ഞതാക്കി മാറ്റി. സന്തോഷം.....🌹🌹🌹🌹

ഒരു ദിവസം വാതിലിൽ മുട്ട് കേട്ട് നോക്കുമ്പോൾ....
"ഗുഡ്മോർണിംഗ് മാഡം...."
അവിടെത്തെ സ്റ്റാഫ്  സിനി ആണ്. കൈയിൽ ഒരു പൂ....

'ഹായ്..... വെരി ഗുഡ്മോണിഗ്...'

"മാഡത്തിന് പൂ ഇഷ്ടമാണല്ലോ.... ഇതാ...."

ഒരു പൂ നമുക്ക് നൽകുന്ന സന്തോഷം അറിയാൻ  പൂ ഇഷ്ടപ്പെടുന്ന ആൾക്ക്  പൂക്കൾ കിട്ടണം. ഞാൻ അവിടെയുള്ള എല്ലാ ദിവസങ്ങളിലും സിനി പൂ കൊണ്ടുത്തരുമായിരുന്നു. സിനി മാത്രമല്ല ഇടയ്ക്ക് അപൂർവസുന്ദരപൂവുകളുമായി സ്റ്റാഫ് ഷൈജയും വരും.  എത്ര മനോഹരമാണാ നിമിഷങ്ങൾ! നമ്മളോടുള്ള  ഇഷ്ടം  മറയില്ലാതെ കാണിക്കുന്നവർ എക്കാലത്തും എനിക്ക് പ്രിയപ്പെട്ടവരാണ്. ആ ഇഷ്ടത്തിന്റെ മൂല്യം  മനസ്സ് നിറയുന്ന ഇഷ്ടം തന്നെയാണ്.

ഷൈജ ചേച്ചി ഇടയ്ക്കു പറയും. "എത്ര ചികിത്സ ചെയ്തു.  കുട്ടിക്ക്  വിശ്വാസം ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ അമ്പലത്തിൽ വഴിപാട് ചെയ്താൽ കുട്ടിക്ക് അത് ഇഷ്ടമാകുമോ?"

ഞാൻ അവരെ നോക്കി. നമ്മുടെ അസുഖം മാറാനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ നമ്മുടെ ജീവിതസുഖമാണല്ലോ ലക്ഷ്യം വെക്കുന്നത്.
"ആവട്ടെ... അങ്ങനെ ആയിക്കോട്ടെ ചേച്ചി...." ഞാൻ പുഞ്ചിരിച്ചു.

അവർ ആശ്വാസത്തോടെ എന്നെ നോക്കി.
"ഓഹ്.... ഞാൻ കരുതി ഇഷ്ടപ്പെടില്ലായിരിക്കും എന്ന്..."

"ഇഷ്ടം തന്നെയാണല്ലോ എല്ലാം... എപ്പോഴും... "
അങ്ങനെയല്ലേ ....മറ്റൊരാളുടെ വിശ്വാസത്തെ.... ഇഷ്ടത്തെ മാനിക്കാത്ത ഞാൻ മനുഷ്യനാണോ....
അതെ... വയലാറിന്റെയും ശ്രീ നാരായണഗുരുവിന്റെയും വരികളാണ് മുന്നിൽ...മനുഷ്യൻ ഉണ്ടാക്കിയ മതവും അതിർവരമ്പുകളും മാത്രമേ ഇവിടെ മനുഷ്യനെ വേർതിരിക്കുന്നുള്ളൂ.  എന്നും നിലനിൽക്കുന്നത് സ്നേഹം മാത്രമാണ്.

AVM ഹോസ്പിറ്റലിൽ എന്റെ മുറിയിൽ എപ്പോഴും ഞാനൊരു  പൂപാത്രം വെക്കാറുണ്ട്.  അവിടെ മുറ്റത്തുനിന്നും ഇറുത്തെടുക്കുന്ന നാടൻ പൂക്കളും ഇലകളും സ്റ്റാഫ് തരുന്ന പൂക്കളുമായി ആ പൂപാത്രം എന്നും വിടർന്നും നിറഞ്ഞും ഇരുന്നു. ആ മനോഹരകാഴ്ചയ്ക്ക്  വേണ്ടി മാത്രമായി എല്ലാ സ്റ്റാഫും മുറിയിൽ വരും. അതെത്ര സന്തോഷകരമായ കാര്യമാണെന്നോ.... 💞
അതുപോലെ മുൻപ് PHD ചെയ്യുന്ന സമയത്തു ഗാന്ധിഗ്രാമിലെ എന്റെ ഡിപ്പാർട്മെന്റിൽ എന്റെ മാഡം ഇരിക്കുന്ന ഓഫീസ്മുറിയിൽ ഞാൻ  പുതിയ പൂക്കൾ വെക്കുമായിരുന്നു. ഞാനാണ് രാവിലെ ഓഫീസ് റൂം തുറന്നതെന്നു മാഡം കണ്ടുപിടിച്ചിരുന്നത് ഈ പൂക്കൾ കണ്ടാണ്. അങ്ങനെ എത്രയെത്ര കൊച്ചുകൊച്ചു സന്തോഷങ്ങൾ!!

ആ ഹോസ്പിറ്റൽ എന്റെ രണ്ടാമത്തെ വീട് പോലെയായിരുന്നു. അവിടെന്നു വിട്ടുപോരുമ്പോൾ പലപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ട്.
ഗീതാഞ്ജലി ടീച്ചർ ഒരു ദിവസം പറഞ്ഞു.
" AVM ഹോസ്പിറ്റലാണ്. അല്ലാതെ വീടല്ല.  രോഗികൾ രോഗം മാറുമ്പോൾ അവിടേക്ക്‌ പോകണമെന്ന് ആഗ്രഹിക്കാൻ പാടില്ല. നിനക്ക് അവിടെ എല്ലാവരെയും ഇഷ്ടമായതിനാൽ പോകാൻ തോന്നും.   അവരെ കാണാനായി പോകാം. പക്ഷേ രോഗിയായി നീ അങ്ങോട്ട്‌  ഇനി പോകരുത്."

ശരിയാണ്. നമ്മൾ  വളരുമ്പോൾ  ജീവിതത്തിൽ നമുക്ക് ആകെ ചെയ്യാനുള്ളത് പരിചിതമായതും ഇഷ്ടമായതും ഉപേക്ഷിക്കുക എന്നാണ്.

മാലിദ്വീപിൽ ജോലി ചെയ്യുന്ന കാലത്തെ ഒരു സായാഹ്നം. വാതിലിൽ മുട്ട് കേട്ടപ്പോൾ തുറന്നു.
"മിസ്സ്‌.... ദിസ്‌ ഫോർ യു...."
ഒരു സ്റ്റുഡന്റ് ആണ്. കൈയിൽ കുഞ്ഞുകുഞ്ഞു ശംഖുകൾ... കൈയിൽ മുഴുവനും മണൽ പറ്റിയിരിക്കുന്നു.
"ഓഹ്....." ഞാൻ വിസ്മയത്തോടെ നോക്കി.
"എനിക്കറിയാം ഇതെല്ലാം മിസ്സിന് ഇഷ്ടമാണെന്ന്.... ഇനിയും കിട്ടിയാൽ കൊണ്ടുവരാം..."
എത്ര സ്നേഹത്തോടെയാണ് ആ കുട്ടി  ശംഖുകൾ പെറുക്കിയിട്ടുണ്ടാവുക.
ഇപ്പോഴും ഞാനവ സൂക്ഷിച്ചിട്ടുണ്ട്. സ്നേഹക്കടൽ ഇരമ്പുന്ന മൂളൽ ഇപ്പോഴും കാതിൽ കേൾക്കാം 💞

മാലിദ്വീപിലെ ജോലിക്കാലത്തു അവിടെത്തെ ജീവിതവും കടലും മനുഷ്യരും എനിക്കിഷ്ടമായിരുന്നു. വീടിനു ചുറ്റും ചെടികൾ നട്ടു. നിറയെ പൂക്കളുണ്ടായി.  ഒരു കുഞ്ഞുവേപ്പിലചെടിയും മല്ലിയും പുതിനയും തക്കാളിയും വളർന്നപ്പോഴുണ്ടായ സന്തോഷം പ്രഫുല്ലമായിരുന്നു! മുറികൾക്ക് മനോഹരമായ കർട്ടനുകൾ നൽകിയും ചെറിയ മിനുസമുള്ള റോക്ക് സ്റ്റോൺസ് പെറുക്കി പെയിന്റടിച്ചും മേശയിലെ ചെറിയപാത്രത്തിൽ വെള്ളം തുളുമ്പുന്ന പൂക്കൾ നിറച്ചും  മുറിയും ചുറ്റുപാടും എന്നും ജീവനുള്ളതായി നിലനിന്നു. ചില സമയങ്ങളിൽ ആ മുറിയിൽ എനിക്കിഷ്ടമുള്ള മനുഷ്യരുടെ കളിയും പൊട്ടിച്ചിരിയും  നിർദോഷമായ ഗോസിപ്പും നിറഞ്ഞു അവിടം സ്നേഹമുഖരിതമായി 💞.  കാപ്പിയുടെയും ചായയുടെയും ചൂടിലും മണത്തിലും സായന്തനങ്ങൾ  വിടർന്നു. ചിലസമയം അവിടെ ശാന്തത മാത്രം നിറഞ്ഞു. ചിലപ്പോൾ സ്വന്തം വിഷമങ്ങളും തേങ്ങലുകളും നിറഞ്ഞു. നമുക്കിഷ്ടമുള്ള എല്ലാവരുടെയും ശബ്ദം നമ്മൾ താമസിക്കുന്നിടത്തു നിറഞ്ഞുനിൽക്കുന്നുണ്ടാവും. നേരിട്ടും ഫോണിലും എല്ലാം..... എനിക്കെപ്പോഴും ഏതാണെന്റെ വീട്.... ഏതാണ് എന്റെ സ്വന്തം വീട് എന്ന കൺഫ്യൂഷൻ ഉണ്ടായിട്ടുണ്ട്. കാരണം നമ്മൾ മിസ്സ്‌ ചെയ്യുന്ന എല്ലായിടവും നമ്മുടെ വീടാണ്.

നമുക്കിഷ്ടമുള്ള ഒരിടം നമ്മൾ ഉണ്ടാക്കിയെടുക്കുമ്പോൾ  നമ്മുടെ എല്ലാരും അവിടെ ഉണ്ട്. ആ മുറി വിട്ടുപോകുമ്പോൾ... ആ വീട് വിട്ടുപോകുമ്പോൾ വെള്ളത്തിൽനിന്നും കരയ്ക്ക് വന്ന മീൻ പോലെ നമ്മൾ പിടയ്ക്കുന്നു.
പക്ഷേ അങ്ങനെ എത്രയിടങ്ങളിലേക്ക് നമുക്ക് തിരികെ ഓടിയെത്താനാവും......?

ജനിച്ചു വളർന്ന വീട്ടിലേക്കു തിരികെയെത്തിയാൽ വളരെ സന്തോഷമുണ്ടെങ്കിലും ജോലിസ്ഥലത്തെ  സ്വന്തം മുറിയിലെ എന്തോ ഒന്ന്‌ നമ്മൾ മിസ്സ്‌ ചെയ്യും. പുതിയ ഫ്രണ്ട്‌സ്.... പുതിയ അപരിചിതർ.... നമ്മുടെ മുറ്റത്തുള്ള തണൽ... ബാൽക്കണിയിൽനിന്നുള്ള കാഴ്ചകൾ.... അല്ലെങ്കിൽ സ്വന്തം മുറിയിലെ നിശ്ശബ്ദത....ഹോട്ടലിലെ ചില മെനുകൾ.....എന്തോ നമ്മളെ അങ്ങോട്ടുതന്നെ ശക്തിയായി പിടിച്ചുവലിക്കും. എന്നാൽ  വീട്ടിൽനിന്നും തിരികെ പോയാൽ സ്വന്തം വീടും വീട്ടുകാരും അവിടെത്തെ വഴിയും അമ്പലവും  പള്ളിയും തെരുവോരങ്ങളും അയൽവാസികളുടെ സ്വരവും  കുശലവും എല്ലാം നമുക്ക്  അജ്ഞാതവേദന നൽകും..... അതൊരിക്കലും അവസാനിക്കില്ല. നമ്മൾ ഉള്ളയിടങ്ങളിൽ  ഇരിക്കുമ്പോൾ നമുക്ക് കൈ എത്തിക്കാൻ ആവാത്ത അകലെയുള്ള സ്നേഹയിടങ്ങൾ നമുക്ക് മിസ് ചെയ്യും.

നമ്മൾ ഒരിക്കൽ ഉപയോഗിച്ചതും പരിചയിച്ചതുമായ എല്ലാ കാര്യങ്ങളും കുറച്ചുകഴിഞ്ഞാൽ നമ്മൾ ഉപേക്ഷിച്ചു പോകണം. കുറേ കഴിയുമ്പോൾ നമുക്ക് മനസ്സിലാവും നമ്മൾ ഇഷ്ടപ്പെട്ട നമ്മൾ അനുഭവിച്ച എല്ലാത്തിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്തു നമ്മൾ കൂടെ കൂട്ടിയിട്ടുണ്ടെന്ന്...! യാത്ര പറഞ്ഞു പോവുക എന്നത് ജസ്റ്റ്‌ ഒരു യാത്ര പറച്ചിലല്ല.... പകരം ആ സ്നേഹത്തിന്റെ പങ്ക് മുറിച്ചെടുത്തു കൂടെ കൊണ്ടുപോകുക എന്നാണെന്ന്.... നിങ്ങൾ എന്നാൽ എന്നിലെ ഒരു ഭാഗവും ഞാൻ എന്നാൽ ഇതുവരെ ഞാൻ കണ്ട അനുഭവിച്ച ജീവിതത്തിലെയും മനുഷ്യരുടെയും ഒരു തുണ്ട് ഭാഗവും ചേർന്നതാണെന്ന്. A long piece of journey. In your life, the people become like à patchwork quilt. അല്പം കൂടുതൽ കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നതും ഇത്ര വേണ്ടായിരുന്നു എന്ന് നിരാകരിക്കുന്നതുമായ വർണ്ണങ്ങൾ നിറഞ്ഞ ഒരു പാച്ച് ക്വിൽട് ആണ് നമ്മുടെ ജീവിതം.

You realise that's why you can never feel completely at home because a part of your heart is always wandering in some other memory, in a different place that you used to call home. Your love spreads endlessly, and you realise that this is what happens when you have the joy of experiencing so many different kinds of loves and friendships. As you mature, you learn that departing isn't merely about leaving; instead, it's about carrying a piece of others with you and leaving a part of yourself behind. It transforms you into a magnificent collage, a gem woven from the threads of all those you've loved, of all those you are ever going to love.

അനുഭവിച്ചു തീർത്ത കടുത്ത വേദനകളും  ഉറ്റവരുടെ വേർപാടുകളും  അഗാധമായ എണീക്കാനാവാത്ത  കൊടുംഗർത്തങ്ങളും  മുന്നോട്ടു നീങ്ങുവാൻ കഴിയാത്ത അടഞ്ഞ വഴികളും വെളിച്ചം തീണ്ടാത്ത കൊടുമുടികളും പിശാചുകൾ വിഹരിക്കുന്ന ഡ്രാക്കുള കോട്ടയും രക്തമൂറ്റുന്ന ദിവസങ്ങളും രാത്രിയെന്നോ പകലെന്നോ അറിയാത്ത വേദനകളും.... ഇതാണോ ജീവിതമെന്നു പരിഹാസത്തോടെ ചോദിച്ച നിമിഷത്തിന്റെ വിളുമ്പിൽ വെച്ചു ജീവിതത്തിൽനിന്നും മാഞ്ഞുപോകാൻ ഞാൻ തയ്യാറെടുത്ത ഒരു നിമിഷമുണ്ട് കഴിഞ്ഞ കാലത്തിൽ.

സ്നേഹമുള്ള ആരെയും വേണ്ടെന്നു വെച്ചല്ല അങ്ങനെ ഓർത്തത്‌. അതിജീവിക്കാൻ കഴിയില്ലെന്ന വേദന നിറഞ്ഞ ജീവിതമായിരുന്നു ആ തീരുമാനത്തിന് പുറകിൽ.

അവിടെനിന്നും തിരികെ നടക്കുമ്പോൾ.....

ഈ രണ്ടാം ജന്മത്തിൽ സൂര്യൻ ഉദിച്ചുയരുമ്പോൾ നന്ദി ചൊല്ലേണ്ടുന്ന ഒരുപാട് പേരുണ്ട്.  എന്റെ  പപ്പയും കുടുംബവും കൂട്ടുകാരും  വീണിടത്തു നിന്നും എണീറ്റോടാൻ എന്നെ പ്രേരിപ്പിച്ച എന്റെ ദുഃഖങ്ങളും മാത്രമല്ല ആ തിരിച്ചു വരവിനു കാരണം. എന്നെ ജീവിപ്പിച്ച മറ്റൊരു ശക്തികൂടിയുണ്ട് ഈ ഉദയത്തിന് സാക്ഷിയായി.

പരാജയത്തിന്റെയും മരണത്തിന്റെയും അവസാന വിളുമ്പിൽവെച്ച് എന്റെ തോളിൽ കൈവെച്ച  എന്റെ പ്രിയ ഡോക്ടർ പൗലോസ്! അദ്ദേഹത്തിന്റെ മുന്നോട്ട് മുന്നോട്ട് എന്ന ആർജ്ജവം. ചികിൽസിക്കാനും റിസ്ക് എടുക്കാനും തീരുമാനിച്ചു എന്റെ കൈ പിടിച്ച ആ മനസ്സാണ് എന്നെ ഇത്രയും ദൂരം ഓടാൻ പ്രേരിപ്പിച്ചത്.

ചില കാര്യങ്ങൾ അങ്ങനെയാണ്.
ചെറിയ പരാജയങ്ങളിൽ തട്ടി വീണാലും വലിയ വിജയങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും. വീണ്ടും ഓടുന്നവർക്ക് മാത്രം!

ഒരു ദീപാവലി കവർന്നെടുത്ത ജീവിതം ഇപ്രാവശ്യത്തെ ദീപാവലി സന്ധ്യകൾ തിരികെ തരുമെന്ന പ്രതീക്ഷയിൽ....ഇനിയും എല്ലാ ദീപാവലി സന്ധ്യകളിലും കർപ്പൂരവിളക്കുകൾ എരിയുമെന്ന പ്രതീക്ഷയിൽ....

മിന്നാമിന്നിക്കും കാലം വന്നാൽ ആ നീലാകാശത്തിൻ കീഴിലുള്ള കാവിൽ മിന്നാൻ കഴിയും എന്ന് പഠിപ്പിച്ച സമയ കല്പനയിലെ എല്ലാ നിമിഷങ്ങളും ശുഭമുഹൂർത്തങ്ങൾ.

( ദീപാവലി സന്ധ്യ ഇവിടെ പൂർണ്ണമാകുന്നു.)

Join WhatsApp News
JAIFAR 2024-03-04 14:20:22
വല്ലാതെ ഫീൽ ചെയ്തു.. സാഹചര്യം അതായത് കൊണ്ടാകാം 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക