ആരുടെ മണിയൊച്ച കേള്‍ക്കുന്നു
വാതിലില്‍ പത്രമിട്ടാരാ
മറയുന്നതിത്രവേഗം?
ഓണക്കിറ്റുകള്‍, മേളകള്‍
ബംബര്‍ ടിക്കറ്റിരുപത്
കോടി
വജ്ര,വസ്‌ത്രപ്പരസ്യപ്പുകിലുകള്‍
കട്ടുമുടിച്ച്
സല്‍ക്കര്‍മ്മികളായവര്‍
ചോരപ്പൂക്കളമിട്ടുകൊടുപ്പവര്‍!
ചത്തവര്‍,
ചാകാതെശുദ്ധയസംബദ്ധം വിളമ്പുവോര്‍
ചാടിയുമോടിച്ചിരിച്ചും
കളിപ്പവര്‍
ചക്രശ്വാസം വലിച്ചേന്തി കുഴയുവോര്‍.
വെച്ചുമാറുന്നു താളുകള്‍
വേഗേന
യെങ്കിലും തപ്‌തമാനസം
മായ്‌ക്കാതെ കാക്കുന്നു കാഴ്‌ചകള്‍
ആരോ
ചതിച്ചെന്റെ മാവേലീ
ഓണഫണ്ടെങ്ങനെ പെട്ടന്ന് തീര്‍ന്നു പോയ്?
ആദ്യം
പറയുന്നയുത്തരം ശരിയെങ്കില്‍
ഒട്ടും മടിക്കാതെ
കോടിമുണ്ട്
അല്ലെങ്കിലൊട്ടുമമാന്തമില്ലോണത്തല്ല്
തുമ്പ പറഞ്ഞത്
കേള്‍ക്കേണ്ട തുമ്പിയേ
തുഞ്ചത്തിരുന്നണ്ണാറക്കണ്ണനിളിച്ച്
ചൊല്ലി.
വേഗമൊരുത്തരമായി വെയില്‍ക്കീറ്
വെട്ടിത്തിളങ്ങും നിരത്തുകള്‍
കാട്ടുന്നു.
എത്രപെട്ടന്നണിഞ്ഞൊരുങ്ങുന്നു കൈരളീ
നീയൊഴുക്കിയതെത്രകാലം
സ്വരൂപിച്ച വിയര്‍പ്പുകള്‍!?
ആരു വിളിച്ചിട്ടു വന്നൂ
നിലാവേ
ആവണിത്തെന്നല്‍ പറഞ്ഞറിഞ്ഞെത്തിയോ?
അന്തിമാനത്തര്‍ക്കന്‍ കണ്ണു
ചുവപ്പിച്ചു
അത്രടം കാത്തപകലുമകന്നു പോയ്
ഒറ്റയ്‌ക്കിരുന്നു
മടുത്തിട്ടെഴുന്നേറ്റത
ല്ലൊറ്റമുറുക്കില്‍പൊകല തീര്‍ന്നു.
ഇക്കുറിവീണ്ടും
പറഞ്ഞു പറ്റിച്ച, വരെ
ന്നാലുമോണമല്ലേ കാര്‍ത്ത്യായനീ
എന്റെയീകാതില്‍
മുഴങ്ങുന്നതാരുടെയാര്‍പ്പുവിളി?
അല്ലേലുമോണമല്ലേ
ശങ്കരാ
യെന്റെയീകണ്ണിലവരൊക്കെ ഒട്ടിനില്‍പ്പൂ.