Image

ഞാൻ പെറ്റ മകനെ... ( സിദ്ധാർത്ഥിനെ ഓർക്കുമ്പോൾ : മിനി ബാബു )

Published on 07 March, 2024
ഞാൻ പെറ്റ മകനെ... ( സിദ്ധാർത്ഥിനെ ഓർക്കുമ്പോൾ : മിനി ബാബു )

അഭിമന്യു കൊല്ലപ്പെട്ടതിനു ശേഷം കുറച്ച് അധികം നാളുകളിലെ മനസ്സിൽ ഇങ്ങനെ ഇടിച്ചിടിച്ച് കയറിവന്ന ഒരു വിങ്ങിപ്പൊട്ടലാണ്, ഞാൻ പെറ്റ മകനെ എന്നുള്ളത്. പിന്നീട് പല സന്ദർഭങ്ങളിലും അഭിമന്യുവിന്റെ ഫ്ലക്സ് ബോർഡ് കോളേജിൽ കണ്ടപ്പോഴൊക്കെ, കണ്ണ് നിറഞ്ഞിട്ടുണ്ട്,  അമ്മയുടെ ആ കരച്ചിൽ ഓർത്തു. മകനെ പഠിക്കാൻ വിട്ടിട്ട് ദൂരെ എവിടെയോ മകന്റെ തിരിച്ചുവരവും കാത്ത് ഇരുന്നൊരമ്മ.  അമ്മയെ നമ്മൾ മറന്നാലും അമ്മയുടെ കരച്ചിൽ ഇടയ്ക്കിടയ്ക്ക് കാതുകളെ അലട്ടിക്കൊണ്ടിരിക്കും.

ബൈബിളിലെ ഒരു അമ്മയുണ്ട്, യേശുവിന്റെ അമ്മ മറിയം. യേശു കുരിശ് ചുമന്നു പോകുന്നതിന്റെ മധ്യ എവിടെയോ വച്ചു അമ്മയെ കാണുന്നു. പരസ്പരം നോക്കുന്നു. മറിയത്തിന്റെ മനസ്സിലൂടെ അപ്പോൾ കടന്നു പോകുന്ന ചിന്തകള് ശിശുവായ യേശുവിനെ കയ്യിലെടുത്തതും ദേവാലയത്തിൽ കാഴ്ച വെച്ചതും ഒക്കെയാണ്. മകന്റെ മനസ്സിലൂടെ എന്താ കടന്നു പോയത് എന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല.

അഭിമന്യുവിനെ കൊന്നത് ശത്രുക്കളാണ്. അവനെ അറിഞ്ഞുകൂടാത്തവരായിരിക്കാം എങ്കിലും ശത്രുക്കളാണ്.

യേശുവിനെയും ക്രൂശിലേറ്റിയത് ശത്രുക്കളാണ്. എങ്കിലും അവന്റെ കൂടെ നടന്ന വരും അവന്റെ അടുത്ത് നിന്നും സഹായം കൈപ്പറ്റിയ ഒട്ടനവധി പേര് സാക്ഷിയായി ഉരിയാടാതെ നോക്കി നിന്നു. അടുത്ത സുഹൃത്തുക്കളും കണ്ണും വെട്ടത്ത് നിന്ന് ഓടി മറഞ്ഞു.

ഈ അടുത്തിടെ മനസ്സുകൊണ്ട് ഞാൻ വാരി പുണർന്ന ഒരു സ്ത്രീ സിദ്ധാർത്ഥന്റെ അമ്മയാണ്. മകൻ വരുന്നതും കാത്ത്, മൊബൈലിൽ alarm  വെച്ച് അവനെ വിളിച്ചു. മകൻ പറഞ്ഞു ഞാൻ എറണാകുളത്ത് വന്ന് വീണ്ടും കോളേജിലേക്ക് തിരികെ പോകുന്നു. അത്യാവശ്യം പോകേണ്ട കാര്യങ്ങളുണ്ട് കുറച്ചു പേപ്പറുകൾ എന്റെ കയ്യിൽ ആണ്. അമ്മ പറഞ്ഞു അത് നടക്കട്ടെ അതാണല്ലോ അത്യാവശ്യം വീട്ടിൽ അത് കഴിഞ്ഞു വന്നാൽ മതി. ആരോ അപ്പോൾ അവനെ മരണത്തിലേക്ക് തിരിച്ചു വിളിച്ചു. അവൻ അറിയാവുന്ന അവൻ വിശ്വസിച്ച അവന്റെ സുഹൃത്ത്. അല്ലാത്തപക്ഷം എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിൽ അവൻ പോകില്ലല്ലോ. കോളേജിൽ തിരിച്ചു ചെന്നു. ഏതാണ്ട് മൂന്ന് ദിവസം ആഹാരം പോലും നൽകാതെ കൊടിയ പീഡനം. പീഡിപ്പിച്ചവരൊക്കെയും സിദ്ധാർത്ഥന്റെ അമ്മ വെച്ചുണ്ടാക്കിയ ആഹാരം കഴിച്ചവർ. സിദ്ധാർത്ഥന്റെ വീട്ടിൽ വന്നു ആഹാരം കഴിച്ചവർ. അഭിമന്യുവിനെ കൊന്നത് അവൻ അറിഞ്ഞുകൂടാത്തവരായിരുന്നെങ്കിൽ ഇവിടെ സിദ്ധാർത്ഥനെ മരണത്തോളമെത്തിച്ചത് അവന്റെ സഹപാഠികളാണ് ; കൂട്ടുകാരായി നടിച്ചവരാണ്. മൂന്നുദിവസം മകനു വെള്ളം പോലും കിട്ടാതെ നരകിച്ചപ്പോൾ അച്ഛനും അമ്മയും ഇതൊന്നുമറിയാതെ സാധാരണ പോലെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചിരിക്കും. അതോർത്ത് ആയിരിക്കും അവരുടെ ദുഃഖം അത്രേം.

കുറിച്ച് വർഷങ്ങൾക്കു മുമ്പ് എനിക്കൊരു സർജറി പെട്ടെന്ന് ചെയ്യേണ്ടി വന്നു. പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ കൊണ്ടുവന്നതിനു ശേഷം ഞാൻ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു. നാളെ ഇതെ സമയം വരെ വെള്ളം തരില്ല എന്ന് നേഴ്സുമാരു പറഞ്ഞു. ഞാൻ ഒരുപാട് വട്ടം ആവശ്യപ്പെട്ടു അവര് തന്നില്ല. രാത്രി മുഴുവൻ വെള്ളം കുടിക്കുന്നത് സ്വപ്നം കണ്ട ഉണർന്നു കിടന്നു. പിറ്റേദിവസം രാവിലെ ഡോക്ടർ വന്നപ്പോൾ ഞാൻ വീണ്ടും ആവശ്യപ്പെട്ടു. അവര് ചോദിച്ചു എന്തുകൊണ്ട് ഇന്നലെ വെള്ളം ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ല സ്വല്പം വെള്ളം കുടിച്ചാൽ ഒന്നും കുഴപ്പമില്ല. കുടിച്ച ഒരു കവിൾ വെള്ളത്തിന്റെ സ്വാദിൽ ഞാൻ മുൻപോ പിന്പോ വെള്ളം കുടിച്ചിട്ടില്ല. ദാഹത്തിന് വെള്ളം കിട്ടാതിരിക്ക വല്ലാത്തൊരു അവസ്ഥയാണ്.

ഞാനും ഒരു കോളേജ് അധ്യാപികയാണ് എന്റെ കോളേജിലും വിദ്യാർത്ഥി രാഷ്ട്രീയം ഉണ്ട്. രണ്ടുമൂന്ന് രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകൾ ഉണ്ട്. ഇലക്ഷനും അല്ലാതെയും ചില്ലറ അടിപിടിയൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ എന്നെ അതിശയിപ്പിച്ചിട്ടുള്ള ഒരു കാര്യം, അടിപിടിയൊക്കെ കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോൾ ഇവര് രാഷ്ട്രീയം ഒക്കെ മറന്നു തോളിൽ കയ്യിട്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ടീച്ചർ എന്ന നിലയിൽ ഇത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ സിദ്ധാർത്ഥന്റെ ഈ മരണം കേട്ട് കഴിഞ്ഞപ്പോൾ എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്  ? എങ്ങനെയാണ് നമുക്ക് തിരുത്താൻ പറ്റുക ? സ്വഭാവ വൈകല്യമുള്ള കുട്ടികളെ പ്രതികരണശേഷി നഷ്ടപ്പെട്ട കുട്ടിയുടെയും എങ്ങനെയാണെന്ന് നമുക്ക് മാറ്റിയെടുക്കാൻ പറ്റുക.

ഇംഗ്ലീഷ് സാഹിത്യമാണ് എന്റെ വിഷയം. എന്ത് പഠിപ്പിക്കാനും ഇപ്പഴ് ടീച്ചറിന്റെ ആവശ്യമില്ല എന്നൊക്കെയാണ് പറയുന്നത്. AI യും  യൂട്യൂബും ഒക്കെ മതിയാകും. ഏത് ടീച്ചറിനെകാൾ നന്നായി പഠിപ്പിക്കാൻ. പക്ഷേ നമ്മൾ പഠിപ്പിക്കുമ്പോൾ വിഷയത്തിന് അപ്പുറവും ഇപ്പുറവും കടക്കും. ഇന്നലെ വായിച്ച ഒരു കഥ ഒരു കവിത കണ്ട ഒരു സിനിമ വായിച്ചു ഒരു നോവൽ ഒരു ലേഖനം ഇതൊക്കെ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പറയും, ജീവിതത്തെക്കുറിച്ച് പറയും ജീവിതം മൂല്യങ്ങളെ കുറിച്ച് പറയും,  കൂടെ പഠിച്ചവരെ പറ്റി പറയും,ജീവിത അനുഭവങ്ങളെ പറ്റി പറയും, ജീവിതം എന്തെന്ന് പറയും. പാഠപുസ്തകത്തിലും അതിനപ്പുറവും അറിയാവുന്നതൊക്കെ പറയും. എങ്കിലും എവിടെയൊക്കെയോ പഠിപ്പിക്കുന്നവർ പരാജയപ്പെട്ടിരിക്കുന്നു.

കുറെ നാൾ മുമ്പ് വരെ ഒരു അച്ഛൻ ചോദിച്ചു മാതിരി, നിങ്ങൾ എന്തേ എന്റെ മകനെ മഴയത്ത് നിർത്തി ?
വീണ്ടും അതുപോലുള്ള അച്ഛനമ്മമാർ, അവരെങ്ങനെ ഇത് തരണം ചെയ്യും. ദൂരത്തെങ്കിലും ആ അമ്മയെ മനസ്സുകൊണ്ട് വാരിപ്പുണരുന്നു.

ഞാൻ പെറ്റ മകനെ... ( സിദ്ധാർത്ഥിനെ ഓർക്കുമ്പോൾ : മിനി ബാബു )
Join WhatsApp News
Sunita Fabian 2024-03-07 14:31:49
Well said Mini. Those who attacked him wanted to show their power. They too have their mother's crying for them now
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക