Image

എല്ലാ വനിതകളും സുഖമായിരിക്കട്ടെ! (മിനി വിശ്വനാഥന്‍)

Published on 08 March, 2024
എല്ലാ വനിതകളും സുഖമായിരിക്കട്ടെ! (മിനി വിശ്വനാഥന്‍)

പാതി മയക്കത്തിലായിരുന്ന എന്നെ ലക്ഷ്മി  തണുത്ത വിരലുകൾ കൊണ്ട് എന്നെ പതിയെ സ്പർശിച്ചു. അവൾക്കെന്തോ പറയാനുണ്ടെന്ന സൂചനയാണ് ഉച്ചമയക്കത്തിനിടെയുള്ള ഈ തോണ്ടി വിളി എന്നതിനാൽ ഞാൻ കണ്ണുകൾ തുറന്ന് അവളെ നോക്കി.

അവളുടെ കൈവിരലുകൾ കാണാൻ ഒരു ഭംഗിയുമുണ്ടായിരുന്നില്ല. പാത്രം കഴുകിക്കഴുകി തേഞ്ഞു പോയ നഖങ്ങൾ  വിളറി വെളുത്തിരുന്നു. രക്തപ്രകാശമില്ലാത്ത  കണ്ണുകളും നഖങ്ങളും കണ്ടപ്പോൾ  അവളോട് പെട്ടെന്നെനിക്ക് വല്ലാത്തൊരു വാത്സല്യം തോന്നി. ആ വിരലുകൾ ഞാനെന്റെ കൈവിരലുകളോട് കോർത്തു വെച്ചു.

നോക്കി നോക്കിയിരിക്കെ വലിയ രണ്ട് നീർത്തടങ്ങളായി  ആ കണ്ണുകൾ. കരഞ്ഞ് തീരാനായി ഞാനും കാത്തിരുന്നു. ഒഴുകി ഒലിക്കട്ടെ ! കാലങ്ങളായി കെട്ടിക്കിടക്കുന്ന സങ്കടമുണ്ടവളുടെ നെഞ്ചിൽ. ജീവിച്ചു മതിയായ ഒരു ഇരുപത്തിഅഞ്ചുകാരിയുടെ പെയ്ത് തോരലാണിത്. 

ഇത്രയധികം സങ്കടപ്പെടാനൊരു കാരണമുണ്ടവൾക്ക്. പ്രതീക്ഷിക്കാനൊന്നുമില്ലാതെ നേർ രേഖയായി കിടക്കുന്ന ജീവിതം. തിരിഞ്ഞു നോക്കിയാലും  അടയാളപ്പെടുത്തിയത് ശുദ്ധ ശൂന്യത മാത്രം.

സ്നേഹമെന്താണെന്നവൾ അറിഞ്ഞിട്ടില്ല. ആന്ധ്രപ്രദേശിലെ ഒരുൾഗ്രാമത്തിലെ ദരിദ്രകുടുംബത്തിലെ എട്ടു മക്കളിൽ നാലാമത്തവളായി അവളങ്ങ് ജീവിച്ചു. ഇട്ടു പഴകിയ ഉടുപ്പുകളും ഗവൺമെന്റ് സ്കൂളിലെ സൗജന്യ വിദ്യാഭ്യാസവും അവളെ  പന്ത്രണ്ടാം ക്ലാസുകാരിയാക്കി.

അതിലവൾക്ക് പരാതിയില്ല. സ്നേഹവും പ്രണയവുമൊക്കെ സിനിമയിൽ  അഭിനയിച്ചുണ്ടാക്കുന്നതാണ് എന്നാണ് അവൾ വിശ്വസിച്ചിരിക്കുന്നത്. കുട്ടികൾ ഉണ്ടാവാനുള്ള ഇടപാട് മാത്രമാണ് കല്യാണം അവളെ സംബന്ധിച്ച് .
പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ പിറ്റേന്നായിരുന്നു കല്യാണം . അകന്ന ബന്ധുക്കളിലൊരാളായിരുന്നു വരൻ. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ എന്നതായിരുന്നുവിവാഹം കഴിക്കാൻ അവനുള്ള യോഗ്യത.

വിവാഹത്തിന് മുൻപ് കഠിനമായ വീട്ടുപണികൾ എടുത്താലും രണ്ട് നേരം ഭക്ഷണം കിട്ടുമായിരുന്നു. പക്ഷേ ഭർത്തൃ വിട്ടുകാർക്ക് മറ്റ് വയറുകൾ കൂടി നിറക്കാനുള്ള പ്രാരബ്ധത്തിനിടയിൽ ഇവൾ ഒരധികപറ്റായി.

ഭക്ഷണം കൊടുക്കാൻ മടിയായിരുന്നെങ്കിലും അടുത്തടുത്ത വർഷങ്ങളിലായി രണ്ട് കുഞ്ഞുങ്ങളെ സമ്മാനിക്കാൻ അവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. 
അവളെച്ചുറ്റി വിശക്കുന്നവയറുകൾ ഏറിയപ്പോൾ തൊഴിലന്വേഷിക്കാതെ
പറ്റില്ലെന്നായി. 

ഭാഗ്യത്തിന് വീടിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ ഒരു തൂപ്പ് ജോലി തരമായി. അവൾക്ക് ജോലി കിട്ടിയപ്പോൾ ലോട്ടറിയടിച്ചത് അവനായിരുന്നു.
ഭാര്യ ഗവൺമെന്റ് നേഴ്സ് ആണെന്ന് പൊങ്ങച്ചം പറഞ്ഞ് അതിന്റെ അഭിമാനത്തിൽ ഗ്രാമത്തിലെ അരയാൽത്തറയിൽ മുന്തിയ സിഗരറ്റ് വലിച്ച് ദിവസം കഴിച്ചു , ദിവസക്കൂലി പിരിക്കാൻ വൈകീട്ട് ആശുപത്രിക്ക് മുന്നിൽ ഹാജരായി.

ഇവളുടെ ദുരിതത്തിൽ മനസ്സലിഞ്ഞ ഡോക്ടർ മാഡത്തിന്റെ ആവശ്യാർത്ഥം അവരുടെ ചേച്ചി ഇവൾക്ക് ദുബായിയിലെ ഒരു സ്കൂളിൽ ആയയുടെ ജോലി ശരിയാക്കിക്കൊടുത്തു. പാർട്ട് ടൈം രണ്ട് വീടുകളിലെ വീട്ടുജോലിയും ചെയ്ത് ജീവിതം സ്വസ്ഥമായി കഴിയുന്നതിനിടെയാണ് നാട്ടിലെ ഏജന്റിന് കാശ് കൊടുത്ത് വിസ ഒപ്പിച്ച് ഭർത്താവ് ദുബായിൽ കയറി വരുന്നു എന്ന വിവരം വന്നത്.

ഇനിയിപ്പോൾ ബെഡ് സ്പെയിസിൽ പകുതി അവന്  കൊടുക്കാതെ തരമില്ല;  സ്ഥലത്തിനൊപ്പം വാടകയും കൊടുക്കണം. ഇവിടെ അവന് കിട്ടാൻ ഇടയുള്ള തൂപ്പ്ജോലി ചെയ്യാൻ അവൻ തയ്യാറാവുമെന്നും തോന്നുന്നില്ല. അവളുടെ പ്രാരബ്നം ഇരട്ടിയാവുമെന്ന ഓർമ്മയിൽ അവൾ പൊട്ടിക്കരഞ്ഞു. "ദീദീ ഞാൻ എന്തു ചെയ്യും" എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഞാൻ ബധിരയായ ഒരു കേൾവിക്കാരിയായി.

നാട്ടിൽ കുട്ടികളെ ഇംഗ്ലീഷ് സ്കൂളിൽ പഠിപ്പിക്കണമെന്ന ആഗ്രഹമാണ് ഇവന്റെ വരവോട്ട് കൂടി അവസാനിക്കുന്നത്. രണ്ട് മൂന്ന് മാസമായി ഇവൾ അയക്കുന്ന പണം വീട്ടാവശ്യത്തിന് കൊടുക്കാതെയാണത്രെ അവനിങ്ങോട്ട് കയറി വന്നത് !! 

ലക്ഷ്മി തേങ്ങിക്കരയുന്നതിനിടെ അവളുടെ കൂടെ താമസിക്കുന്ന  സാവിത്രി അക്ക കടന്നുവന്നു. അറബാബ് ഈ മാസം മുതൽ വാടക കൂട്ടുന്നു എന്ന് വഴിയിൽ വെച്ചു പറഞ്ഞു എന്ന വിശേഷം പറയാനാണ് അവർ വന്നത്.  ജോലിയെടുക്കുന്ന സാലറി കൂട്ടിച്ചോദിച്ചാൽ ചിലപ്പോൾ പണിയേ പോവും. ജീവിച്ചു തീർക്കൽ വല്യ ബുദ്ധിമുട്ട് തന്നെയെന്ന് അവർ തലക്ക് കൈ കൊടുത്തു കൊണ്ട് തേങ്ങി.

 പ്രാരബ്ധത്തിന്റെ പര്യായ രൂപം പോലൊരു  സ്ത്രീയാണ് സാവിത്രി. അവരുടെ മുഖത്ത് കഠിനമായ നിസ്സംഗത മാത്രം. ഇങ്ങോട്ട് കയറി വന്നിട്ട് എത്ര വർഷങ്ങളായി എന്ന് പോലും അറിയില്ല അവർക്ക്. ഭർത്താവ് നല്ലവനായിരുന്നു, സ്നേഹമുള്ള ആളായിരുന്നു ! അയാൾ പോയതോടെ എല്ലാം പോയി. 

സാവിത്രി അക്ക രണ്ട് വർഷം കൂടുമ്പോൾ വിസ വലിയ കാശ് കൊടുത്ത് വാങ്ങും. പിന്നീട് രണ്ടു വർഷത്തെ ജീവിതം വിസയുടെ കടം തീർക്കാനായി തീരും. മിച്ചം കിട്ടുന്ന കുറച്ച് പൈസ നാട്ടിലയക്കും. മക്കൾ കഷ്ടപ്പാടൊന്നും ഇല്ലാതെ ജീവിക്കട്ടെ! അവർ നെടുവീർപ്പിട്ടു. 

ചില നല്ല വീട്ടുകാരുടെ ഔദാര്യം കൊണ്ട് ഭക്ഷണം ചിലപ്പോൾ കഴിഞ്ഞു പോവും. ഫോണിൽ വാട്സാപ്പ് മെസേജ് വരാൻ തുടങ്ങിയതോടെ ശല്യമാണ് . നാട്ടിൽ നിന്ന് ആവശ്യങ്ങൾ വരും. കല്യാണം കഴിച്ചയച്ചതാണെങ്കിലും മക്കൾ മക്കളല്ലാതാവുമോ ! ആവശ്യങ്ങൾ കേൾക്കാതിരിക്കാനാവുമോ?
പ്രഷറിന്റെയും ഷുഗറിന്റെയും ഗുളികകൾ ഡോക്ടർ സാർ തരുന്നത് കൊണ്ട് മരുന്നിന് പൈസ വേണ്ട.
ഒന്നുമറിയാതെ പോയിക്കളഞ്ഞ അയാൾ ഭാഗ്യവാൻ. സാവിത്രിയുടെ കണ്ണിലും നീർമിഴികൾ തുളുമ്പി. 

സാവിത്രി അക്കാക്ക് ഓർക്കാൻ നല്ല ഒരു ഭർത്താവെങ്കിലുമുണ്ടല്ലോ എന്ന് ലക്ഷ്മി നെടുവീർപ്പിട്ടു.

അഞ്ച് പെൺമക്കൾക്ക് വേണ്ടി ജീവിതം പാത്രങ്ങൾക്കിടയിൽ ഹോമിക്കുന്ന ഗോപമ്മയെ ഓർക്കാത്തതെന്തെന്ന് സാവിത്രി ഓർമ്മിപ്പിച്ചപ്പോൾ ലക്ഷ്മി കണ്ണ് തുടച്ചു.

കഥ ആവർത്തിക്കുകയാണ്..
പെണ്ണിന്റെ കഥകൾ ...

അസ്തിത്വ ദുഃഖങ്ങൾ ആഘോഷിക്കുന്ന ഈ വനിതാ ദിനത്തിൽ എനിക്ക് പറയാനൊന്നുമില്ലാതാക്കി ഈ വിളർത്തു മെലിഞ്ഞ പെണ്ണുങ്ങൾ.

എല്ലാ സ്ത്രീകളും സ്വസ്ഥമായിരിക്കട്ടെ !
എല്ലാ സ്ത്രീകളും സുഖമായിരിക്കട്ടെ !
എല്ലാ സ്ത്രീകളും ശാന്തമായിരിക്കട്ടെ !
എല്ലാ സ്ത്രീകൾക്കും മംഗളം ഭവിക്കട്ടെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക