വാക്കുകളുടെ
ബന്ധനങ്ങളിൽ സ്വയം
തളച്ചിടാതെ
താക്കീതുകളുടെ തുരുമ്പെടുത്ത മുനകളിൽ
വിഷലിപ്തമാകാതെ
കുറ്റപ്പെടുത്തലുകളുടെ
ശീൽക്കാരങ്ങളിൽ
സ്വയമുരുകാതെ
ഭ്രഷ്ടുകളെയും
കൽപ്പിതാചാരങ്ങളെയും
ചുടുകാട്ടിലെറിഞ്ഞ്
മാറ്റിനിർത്തപ്പെടലുകളിൽ
അതിർവരമ്പുകളുടെ
അയിത്തം ഭേദിച്ച്
സഹനത്തിൻ്റെ
മുഖാവരണങ്ങൾ
തോൽവിയുടേതല്ലെന്ന്
ഉറക്കെ പറഞ്ഞ്
അവകാശങ്ങൾ
അക്ഷരലിഖിതം
മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ്
മുന്നറിയിപ്പുകളുടെ
നേർ വേരിലൂടെ
സത്യയാത്ര ചെയ്ത്
സ്വത്വബോധത്തിന്റെ
വേനൽപ്പാടങ്ങളിൽ
ചിരികൊണ്ടൊപ്പുവെച്ചു
വസന്തം തീർക്കുന്ന
പെണ്ണകങ്ങൾ !!!!