Image

രാമപുരത്ത് മേളപ്പെരുമ- കൃഷ്ണന്‍, കുചേലന്‍, അന്തർജനം, അഗസ്തിനോസ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 16 March, 2024
 രാമപുരത്ത് മേളപ്പെരുമ- കൃഷ്ണന്‍, കുചേലന്‍, അന്തർജനം, അഗസ്തിനോസ് (കുര്യന്‍ പാമ്പാടി)

സുമേഷ് പ്രസിദ്ധനായ മുത്തശ്ശന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് സോപാന സംഗീതത്തില്‍ പിച്ച വച്ചു തുടങ്ങിയ ആളാണ്.  രാമപുരത്തെ നാലമ്പലങ്ങളുടെ നടുനായകത്വം വഹിക്കുന്ന  ശ്രീരാമക്ഷേത്രത്തില്‍ 1913ല്‍ സേവനം തുടങ്ങി മുത്തശ്ശന്‍ പദ്മനാഭ മാരാര്‍.

 സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം നേടിയ മാരാര്‍ 113  വയസു വരെ ജീവിച്ചിരുന്നു. മരിക്കുന്നതിന് മൂന്നു വര്‍ഷം മുമ്പു വരെയും ക്ഷേതത്തില്‍ കൊട്ടിപ്പാടിയ അപൂര്‍വ സിദ്ധിയുള്ള ആ കലാകാരന്‍ 2018ലാണ് വിടവാങ്ങിയത്.

 രാമപുരം ശ്രീരാമക്ഷേത്രത്തിലെ തന്ത്രി സന്തോഷ് വാര്യര്‍, മേളം പഠിപ്പിക്കുന്ന സുമേഷ്

എം കോം നേടി രാമപുരത്തെ സെന്റ് അഗസ്റ്റിനോസ് കോളജിന്റെ കൊമേഴ്സ് വകുപ്പില്‍  അസിസ്റ്റന്റ് പ്രൊഫസറായ ശേഷവും സുമേഷ് എന്ന നാല്പതുകാരന്‍  സോപാന സംഗീത സപര്യതുടരുകയാണ്. ഒപ്പം  ക്ഷേത്രത്തില്‍ എന്നും അതിരാവിലെ കുട്ടികളെ ചെണ്ടമേളം പഠിപ്പിക്കുന്നു. ഇടയ്ക്കിടെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവമേളകളില്‍ പങ്കെടുക്കുന്നു.

അവല്‍കിഴി സമര്‍പ്പിച്ചു പഴയ സതീര്‍ഥ്യനായ ശ്രീകൃഷ്ണനെപ്പോലും കരയിച്ച കുചേലന്റെ പേരില്‍ വഞ്ചിപ്പാട്ട് എഴുതി പ്രസിദ്ധനായ ആളാണല്ലോ രാമപുരത്തു  വാര്യര്‍ (1703-1753). അദ്ദേഹത്തിന്റെ ഇല്ലം നിലന്നിരുന്ന ഭൂമി ആ പേരിലുള്ള യുപി സ്‌കൂള്‍  അങ്കണത്തില്‍  കല്ലുകെട്ടി സംരക്ഷിച്ചിട്ടുണ്ട്. ആണ്ടോടാണ്ട് അവിടെ പുഷ്പ്പാര്‍ച്ചനയും നടക്കുന്നു.

ലളിതാംബികയുടെ ശാന്തിഭനില്‍  മകന്‍ രാജേന്ദ്രനും പാഞ്ഞാള്‍ ഇല്ലത്തിലെ സാവിത്രിയും

നടക്കാവുന്നത്ര അടുത്താണ് സുമേഷ് പഠിപ്പിക്കുന്ന സെന്റ് അഗസ്തീനോസ് കോളേജ്ഉം അതിന്റെ വിശാലമായ ഗ്രൗണ്ടില്‍  നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന പുതിയ പള്ളിയും മുട്ടിയുരുമ്മി നില്‍ക്കുന്ന പുരാതനമായ രണ്ടു ചെറിയ പള്ളികളും.പുതിയ പള്ളി ഉയര്‍ന്നിട്ടു അഞ്ചു വര്‍ഷമായെങ്കില്‍ ചെറിയ പള്ളികള്‍ക്കു യഥാക്രമം  575, 160 വര്‍ഷം പഴക്കം. ഒന്നാമത്തേത്റ് സെന്റ് അഗസ്റ്റിന്‍  കൊച്ചുപള്ളി, രണ്ടാമത്തേത് കുഞ്ഞച്ചന്‍ പള്ളി  പുതിയത് മര്‍ത്തമറിയം പള്ളി.

പഴയപള്ളി പൊളിച്ച് പുതിയത് പണിയാനുള്ള ശ്രമം കോടതിയിടപെട്ടതിനാല്‍ നടന്നില്ല. ചരിത്രസ്മാരകമായ  പള്ളി പൊളിക്കരുതെന്നു വാദിച്ചു കോടതികയറിയ ഇടവകക്കാരനെ സമ്മതിക്കണം. തേവര കോളജില്‍ പ്രൊഫസര്‍ ആയിരുന്ന സക്കറിയാസിന്റെ മകന്‍ ജോസഫ് സക്കറിയാസ്. 38 കോടി ചെലവ് വന്നു പുതിയ പള്ളിക്ക്. അതില്‍ 13   കോടി നല്‍കിയത് സെല്‍ഫ്  ഫൈനാന്‍സിംഗ് സ്ഥാപനമായ പള്ളി വക കോളജ്. 

നോവല്‍ അഗ്‌നിസാക്ഷി, വയലാര്‍ അയച്ച കത്തുകള്‍

തീവ്രമാണ് അഗസ്തിനോസ് പള്ളിയിലെ ആയിരം ഇടവകക്കാരുടെ ഭക്തിയും വിഭക്തിയും. അതുകൊണ്ടാണല്ലോ പഴയ പള്ളി പൊളിക്കുന്ന വിഷയത്തില്‍ ഇടവകക്കാര്‍ ഭിന്നിച്ചത്. എന്നാല്‍ ആറു നൂറ്റാണ്ടു  മുമ്പ് കാരോക്കല്‍ കൈമള്‍ എന്ന ഹൈന്ദവ പ്രമാണി ദാനം ചെയ്ത ഭൂമിയിലാണ് പള്ളി ഉയര്‍ന്നതെന്നാണ് വിശ്വാസമെന്നു രാമപുരത്തെ മത മൈത്രിയുടെ തെളിവായി 2024 ലെ ഇടവക ഡയറക്ടറിയില്‍ വികാരി  ഫാ. ജോര്‍ജ്  വര്‍ഗീസ് ഞാറക്കുന്നേല്‍  ഉയര്‍ത്തിക്കാട്ടുന്നു. 

 ഐതിഹാസികമായ   പോര്‍ട്ടുഗല്‍ യാത്രയെ അടിസ്ഥാനമാക്കി മലയാളത്തിലെ ആദ്യ യാത്രാവിവരണം 'വര്‍ത്തമാനപുസ്തകം' രചിച്ച പാറേമ്മാക്കല്‍ ഗോവര്‍ണദോറിന്റെ ഭരണകേന്ദ്രമായി പരിലസിച്ച ചരിത്രമുണ്ട് രാമപുരത്തിന്. അങ്ങിനെ ഇന്നത്തെ സീറോമലബാര്‍ സഭയുടെ ആസ്ഥാനമായി അവിടം. വിശുധ്ധപദവിയിലേക്കു അടുത്തുകൊണ്ടിരിക്കുന്ന 'വാഴ്ത്തപ്പെട്ട' കുഞ്ഞച്ച'ന്റെ ഇടവകയുമാണ്.

അമ്മക്ക് വേണ്ടി സ്‌നേഹത്തോടെ മകന്‍ രാജേന്ദ്രന്‍ ഐപിഎസ്
 
അഞ്ചു കിമീറ്റര്‍ ചുറ്റളവിനുള്ളില്‍ ശ്രീരാമന്റെയും സഹോദരന്‍മാരായ ഭരതന്റെയും ലക്ഷണന്റെയും ശതൃഘ്‌നന്റെയും ക്ഷേത്രങ്ങളില്‍  ആരാധിക്കാമെന്നതാണ് രാമപുരത്തിന്റെ പ്രത്യേകത. ആയിരം വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ടതെന്നാണ് വിശ്വാസം. വിദൂരത്തുനിന്നു പോലും വിശ്വാസികള്‍ എത്തുന്നു. ഏറ്റവും ഒടുവില്‍ വന്ന വിഐപി  പതിനെട്ടു വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയും  അഞ്ചു തവണ ലോക് സഭാംഗങ്ങവുമായിരുന്ന ശിവ രാജ്സിംഗ് ചൗഹാന്‍.

രാമപുരത്ത് വാര്യര്‍ കഴിഞ്ഞാല്‍ നാടിന്റെ യശസ് വാനോളം ഉയര്‍ത്തിയ എഴുത്തുകാരി ലളിതാംബികാ അന്തര്‍ജ്ജനം തന്നെ.  നമ്പൂതിരി ഇല്ലങ്ങള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ ജീവിതത്തിന്റെ വിഹ്വലതകള്‍ ധീരമായി വിളിച്ചുപറഞ്ഞ  അവരുടെ 'അഗ്‌നിസാക്ഷി'  നോവല്‍ ഇന്നും ബെസ്‌റ് സെല്ലറാണ്.

 കഥാകൃത്തായ മകന്‍ എന്‍ മോഹനന്‍, മകള്‍ സരിതാവര്‍മ്മ

'മന്ത്രകോടിയും ഉത്തരീയവുമണിഞ്ഞു, മൈലാഞ്ചിയും വെള്ളിമോതിരവുമിട്ടു ആര്‍പ്പും കുരവയുമായി മാനമ്പള്ളിയില്ലത്ത് അഗ്‌നിസാക്ഷിയായി 'കുടി' കയറിയെത്തിയ ഒരു തീനാമ്പ് തേതികുട്ടിക്കാവ്. പൂണൂല്‍ കെട്ടില്‍ കുരുങ്ങി ജീര്‍ണിച്ച ധര്‍മത്തിന് കീഴടങ്ങാതെ വളര്‍ന്ന ദേവകി മാനമ്പള്ളി ദേശീയ വി മോചനപ്രസ്ഥാനത്തിലെത്തി സുമിത്രാനന്ദയായി ബ്രഹ്‌മത്തിലേക്കു ഉരുകിയടുത്ത കഥ' യാണ് അഗ്‌നിസാക്ഷി.

കൊട്ടാരക്കര കോടവട്ടത്തുനിന്നു വിവാഹം കഴിച്ച് രാമപുരത്തതുകൊണ്ടുവന്ന ആളാണ് ലളിതാംബിക.ത. 13 ആം വയസില്‍ എഴുത്ത് തുടങ്ങി. ഏറ്റവും മികച്ച നോവലിനുള്ള 1976ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അവര്‍  നേടി.  

1999ല്‍ ശ്യാമപ്രസാദ് അവതരിപ്പിച്ച അഗ്‌നിസാക്ഷി സിനിമയില്‍ ശോഭനയും രജത്കപൂറുമാണ് മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. ശ്രീവിദ്യ, മാടമ്പ് കുഞ്ഞികുട്ടന്‍, പ്രവീണ,  മധുപാല്‍ എന്നിവരും പ്രത്യക്ഷപെട്ടു. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും അത് നേടി. പ്രേക്ഷക ലോകവും അംഗീകരിച്ചു.

പുതിയ മര്‍ത്തമറിയം പള്ളിക്കു മുമ്പില്‍ 'കലാം അച്ചന്‍' ജോണി എടക്കര, തീര്‍ത്ഥാടകര്‍

ഞാന്‍ രാമപുരത്തു  പോയി ലളിതാംബികയുടെ ഇല്ലത്തു ഒരു ദിനം ചെലവഴിച്ചു. ത്രിപുര പോലീസ് ഐജി ആയിരുന്ന മകന്‍ രാജേന്ദ്രന്‍ ഐപിഎസിന്റെഅതിഥിയായി.1987ല്‍ 77ആം വയസില്‍ അന്തരിക്കും വരെ 33 വര്‍ഷം അന്തര്‍ജ്ജനം കഴിഞ്ഞ തറവാട്ടില്‍ ഇന്ന് അവരുറെ പേരില്‍ മ്യുസിയം ഉണ്ട്. ലളിതാംബിക സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷനാണ് രാജന്‍. അതിരാത്രം നടത്തിയ  വടക്കാഞ്ചേരി പാഞ്ഞാള്‍ ഇല്ലത്തെ സാവിത്രി ഭാര്യ.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ശേഷം എരുമേലി എയര്‍പോര്‍ട്ടിന്റെ ചുമതല വഹിക്കുന്ന മുന്‍ ത്രിപുര ചീഫ് സെക്രട്ടറി വി. തുളസീദാസിനൊപ്പമാണ് രാജന്‍ ത്രിപുരയില്‍ സേവനം ചെയ്തത്.  പത്തു വര്‍ഷം സിഐഎസ് എഫില്‍ ഉണ്ടായിരുന്നു. മൊസാംബിക്കില്‍ യുഎന്‍ സമാധാന സേനയിലും.

മരാണാന്തരം പരമവിശിഷ്ട സേവാ മെഡല്‍ ലഭിച്ച  മേജര്‍ രാമസ്വാമി പരമേശ്വരനു ആദരാഞ്ജലി

യൂണിഫോം ധരിച്ച് മുപ്പത്തഞ്ചു വര്‍ഷത്തെ നാടുചുറ്റലിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയതില്‍ ആഹ്‌ളാദിക്കുന്നു രാജനും ഒപ്പം സാവിത്രിയും. ശ്രീരാമ ക്ഷത്രത്തിന്റെ ഭരണസമിതിയിലും രാമപുരം റോട്ടറി ക്‌ളബ് ഭരണസമിതിയിലും സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും സജീവമാണ്. അമ്മയുടെ പുസ്തകങ്ങളില്‍ നിന്ന് ട്രസ്റ്റിന് ലഭിക്കുന്ന റോയജിലെയും  മികച്ച വിദ്യാര്‍ത്ഥികള്‍ക്കു സ്‌കോളര്ഷിപ്പിനായി വിനിയോല്‍റ്റി സെന്റ് അഗസ്റ്റിന്‍ എച്എസ്എസിലെയും  കോളഗിക്കുന്നു. ഇതിനകം രണ്ടരലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 

രാമപുരത്തെ ധന്യമാക്കിയ മഹതികളുടെയും മഹാരഥന്‍മാരുടെയും  പട്ടിക രാജന്‍ എന്റെമുമ്പില്‍ നിരത്തി. 1987ല്‍  ശ്രീലങ്കയില്‍ തമിഴ് പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച കിളിമംഗലത്തു മഠത്തിലെ മേജര്‍ രാമസ്വാമി പരമേശ്വരന് പരമ  വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. മേഘാലയ  ഗവര്‍ണറും കേന്ദ്ര മന്ത്രിയുമായിരുന്ന എംഎം ജേക്കബ്ആണ് മറ്റൊരാള്‍. 

ഇന്‍ഫോസീസ്  സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍  നാട്ടുകാരനാണ്.  രാജന്റെ ജേഷ്ടന്‍ എന്‍ മോഹനന്‍  അമ്മയുടെ പാത പിന്തുടര്‍ന്നു നല്ല കഥകള്‍ രചിച്ചു. മോഹനന്റെ  മകള്‍ സരിത വര്‍മ്മ പ്രശസ്തയായ ജേര്ണലിസ്‌റ്. സഹോദരി മണികൃഷ്ണന്റെ മകള്‍ തനൂജ ഭട്ടതിരിയും എഴുത്തുകാരി.

 കുചേല വൃത്തം രചിച്ച രാമപുരത്തുവാര്യര്‍ സ്മാരക യുപി സ്‌കൂള്‍

'എനിക്ക് മാത്രം എഴുത്തില്ല, പക്ഷെ ഞാന്‍ ധാരാളം വായിക്കും, അമ്മയുടെ 'അനശ്വരകഥകള്‍' എന്ന കഥാസമാഹാരത്തിന്റെ പുതിയ ഒരു കോപ്പി ഒപ്പിട്ടു സമ്മാനിച്ചുകൊണ്ട് രാജന്‍ പറഞ്ഞു. 'ശാന്തി ഭവനില്‍ ഉജ്വലമായ ഒരു ദിനം ചെലവഴിച്ചതിനു നന്ദിയോടെ, സ്‌നേഹപൂര്‍വ്വം.'   

രാജന്‍ എന്നെ നാലമ്പലങ്ങളും സെന്റ് അഗസ്റ്റിന്‍ പള്ളിയും ഹയര്‍സെക്കണ്ടറി സ്‌കൂളും  കോളേജ്ഉം എല്ലാം  എല്ലാം ചുറ്റിക്കാണിച്ചു തന്നു. ശ്രീരാമ ക്ഷേത്രത്തിലെ തന്ത്രി സന്തോഷ് വാര്യരുമായി  ഞാന്‍ സംസാരിച്ചു. ഒരു റബര്‍ ഫാക്ടറി ഓഫീസില്‍  ജോലി ഉപേക്ഷിച്ചിട്ടാണ് ക്ഷേത്രത്തില്‍ എത്തിയത്. 

രാമപുരത്തു 1953ല്‍ പഞ്ചായത്തുഭരണം  നിലവില്‍ വന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും മാറി മാറി ഭരിച്ചതാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കേരള കോണ്‍ഗ്രസ് (മാണി) യിലേക്ക്  മാറ്റിച്ചവുട്ടി പ്രസിഡന്റ് ആയ ഷൈനി സന്തോഷിനെ കണ്ടു.

രാമപുരത്ത് വാര്യര്‍  യുപി സ്‌കൂളില്‍ വാരിയരുടെ വീടിരുന്ന ചുറ്റു വളപ്പില്‍ വളപ്പില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന ചിത്രം ഷൈനി അയച്ചു തരികയും ചെയ്തു. പക്ഷെ അതിന്റെ ചൂടാറും മുമ്പേ ഷൈനിയെ കൂറുമാറ്റത്തിന്റെ പേരില്‍ കോടതി അയോഗ്യയാക്കി. ആറു വര്‍ഷത്തേക്ക് ഇനി മത്സരിക്കാനാവില്ല. എന്നാല്‍ രണ്ടു തവണയായി ഏറ്റവും കൂടുതല്‍ കാലം പഞ്ചായത്തു ഭരിച്ച വനിതയെന്ന സ്ഥാനം തന്റേതാണെന്നു ഷൈനി അഭിമാനിക്കുന്നു.

പഞ്ചായത്തില്‍ ഒരുകാലത്ത് പ്രബലമായ ഏഴു നമ്പൂതിരി തറവാടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രണ്ടോ മൂന്നോ. അതിലൊന്നാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ശാന്തിനിലയം. രാമപുരത്തിന്റെ  സിരാകേന്ദ്രമായ അങ്ങാടിയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കാണ് മുന്‍തൂക്കം.

രാജനോടൊപ്പം ചുറ്റിനടക്കുന്നതിനിടയില്‍ ഞങ്ങള്‍ ഒരു ബേക്കറിയില്‍ കയറി. നല്ലവെയില്‍ കാഞ്ഞു വന്നതാണ്. സോഡയും ലേശം ഉപ്പും പേരിനു പഞ്ചസാരയും  ചേര്‍ത്തുള്ള ലൈം ജ്യൂസ് കഴിക്കുമ്പോള്‍ ഒരാശ്വാസം. ഇരുപതടുത്തു പ്രായമുള്ള ഒരു പെണ്‍കുട്ടിയും അവിടേക്കു ഓടിക്കയറി വന്നു. അവള്‍ക്കും വേണം സോഡാലൈം ജ്യൂസ്. ഇടവിടാതെ ഫോണില്‍ ആരോടോ സംസാരിക്കുന്നു.

സ്‌കൂള്‍ അങ്കണത്തിലെ വാര്യരുടെ വീട്ടുവളപ്പില്‍  പഞ്ചാ.  പ്രസി. ഷൈനി സന്തോഷിന്റെ ആദരം

എറണാകുളം അമൃത  മെഡിക്കല്‍ കോളജില്‍ ബിഎസ്സി നഴ്സ് ആണ് രാമപുരത്തെ ജെസ്ലിറ്റ്. കുറവിലങ്ങാട് പഠിച്ച് ജനറല്‍ നേഴ്സിങ് ഡിപ്ലമ പാസ്സായി. തുടര്‍ന്ന് പോസ്റ്റ് ബേസിക് കോഴ്സിലൂടെ ഡിഗ്രിയും. പാലായിലെ ഒ രു സ്ഥാപനത്തില്‍ ജര്‍മ്മന്‍ പഠിക്കുന്നു ഇപ്പോള്‍. ആറു മാസത്തെ കോഴ്‌സ്. പരീക്ഷക്കു നല്ല സ്‌കോര്‍ നേടി ജര്‍മ്മനിക്ക് വച്ചുപിടിക്കാനാണ് പ്ലാന്‍.

ബേക്കറിക്കടുത്ത് ഫ്രണ്ട്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നൊരു സ്ഥാപനം കണ്ടു. അതിനോട് ചേര്‍ന്ന് ഏതാനും എസി ബസുകളുംവാനുകളും പാര്‍ക്ക് ചെയ്തിരിക്കുന്നു.   അപ്പു കോലത്ത്  എന്ന ജെറിന്‍ ജോയിക്ക് രണ്ടു ബസും നാല് ട്രാവലറും എട്ടു  കാറുമുണ്ട്. എന്നാല്‍ തങ്ങളുടെ ഫ്രണ്ട്‌സ്  കേറ്ററിംഗ് സര്‍വീസ് ആണ് കൂടുതല്‍ ആദായകരമായ ബിസിനസ് എന്ന് ഭാര്യ ഡാലിയ പറയുന്നു. പ്‌ളേറ്റിനു രണ്ടായിരവും മൂവ്വായിരവും വരെ വിലയുള്ള വിവാഹ സല്‍ക്കാരങ്ങള്‍ ഉണ്ടത്രേ.

പുതിയ പള്ളി ആകാശവീക്ഷണം; 2014ലെ ഡയറക്ടറി, വികാരി ഞാറക്കുന്നേല്‍,  രാജേന്ദ്രന്‍

റബറിന്റെ കോട്ടയാണ് രാമപുരം. ടൗണിലും പ്രാന്തങ്ങളിലും വ്യാപാരികള്‍ സജീവം. മൂന്ന് കിലോമീറ്റര്‍ അകലെ  മരങ്ങോട്ട്  ഒരു ഗോഡൗണില്‍ ഷീറ്റുകള്‍ തരംതിരിക്കുന്നതിന് മേല്‍നോട്ടംവഹിക്കുന്ന ഒരു വ്യാപാരിയെ  കണ്ടു. മുഴുവനും അതിഥി ജോലിക്കാര്‍. വര്‍ഷങ്ങളായി അപ്പോളോ ടയേഴ്സിന്റെ പ്രധാന സപ്ലൈക്കാരില്‍ ഒരാള്‍. പത്തു ടണ്ണിന്റെ ഒരു ലോഡില്‍ 15 ലക്ഷത്തിന്റെ ചരക്ക് .

രാമപുരത്ത്   ത്രീ സ്റ്റാര്‍ റേറ്റിങ് ഉള്ള ഒരു ഹോട്ടലേയുള്ളു-ഹോട്ടല്‍ അര്‍മാണി,  ഡബിള്‍ റൂമിനു ശരാശരി 2500. രണ്ടു സിനിമാ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. പണ്ടേ നിലച്ചു. .18  വാര്‍ഡും 50,000 വോട്ടര്‍മാരുമുള്ള പഞ്ചായത്തിന് എന്ന് മുനിസിപ്പാലിറ്റിയാകാന്‍ കഴിയുമെന്ന് നാട്ടുകാര്‍ നോക്കിപ്പാര്‍ത്തിരിക്കുന്നു. 

Join WhatsApp News
augustine george 2024-03-16 14:54:04
മുനിസിപ്പാലിറ്റി ആയിരുന്നു രാമപുരം ഒരു കാലത്ത്. ജനം ഒരു വിധത്തിൽ സമരവും സഹനവും പ്രാർത്ഥനയും ഒക്കെ ആയി ഒഴിപ്പിചു എടുത്തതാ.... ഇനി ഉള്ളത് വിഭജിചു രണ്ടു നല്ല കൊച്ചു പഞ്ചായത്തു ആക്കി, നല്ല ഭരണതിലൂടെ സമാധാവും വികസനവും ഉണ്ടായാൽ മതി.. അതിനായി കാത്തിരിക്കുന്നു ഇവിടുത്തെ ജനം.
Secular Man 2024-03-16 17:37:22
ഇത് ഞങ്ങളുടെതായിരുന്നു എന്നും പറഞ്ഞ് ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമ ക്ഷേത്രം പണിത മാതിരി ഈ രാമപുരം ക്രിസ്ത്യൻ പള്ളിയും പണ്ട് തങ്ങളുടെതായിരുന്നു എന്നും പറഞ്ഞ് ഇപ്പോൾ ഭരിക്കുന്ന മത ഫണ്ടമെന്റലിസ്റ്റുകൾ ഈ ക്രിസ്ത്യൻ പള്ളി പൊളിച്ചവിടെ ക്ഷേത്രം പണിതാലും ആരും ഒന്നും മിണ്ടരുത്.
Jaya Chandrahasan, Tvm 2024-03-17 03:44:37
Wonderful that Kurian Pampadi has captured the essence of Ramapuram. As a daughter of Ramapuram I feel elated.
Rajendran Namboothiri IPS (Rtd) 2024-03-17 03:59:53
I am in Agarthala now. came over to visit Tripura and Bangladesh for the first time since i retired as Inspector General of Police two decades back. This is a revisit to some of my best friends I have in Tripura. Read the Ramapuram feature with great interest. I want to thank the writer for portraying Ramapuram that mingles a hoary past and vibrant future beautifully well. My personal thanks too for rekindling our enduring love for my mother the late writer Lalithambika Antharjanam.
Saritha Varma, Trivandrum 2024-03-17 04:07:02
വായനാസുഖം പകരുന്ന ധാരാളം കൊച്ചു കൊച്ചു കഥകൾ നിറഞ്ഞ ലേഖനം. എനിക്കുതന്നെ അറിയില്ലായിരുന്നു രാമപുരത്തിന്റെ ഏറ്റവും പുതിയ മുഖം. Excellent observations. Good to see the professional in you, in action.
വൈക്കം madhu 2024-03-18 04:57:29
ഹായ് excellent സ്റ്റോറി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക