Image

ഫോമായുടെ സാമ്പത്തിക അച്ചടക്കത്തിന് പിന്തുടര്‍ച്ച ഉണ്ടാകുമെന്ന് ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന്‍

എ.എസ് ശ്രീകുമാര്‍ Published on 18 March, 2024
ഫോമായുടെ സാമ്പത്തിക അച്ചടക്കത്തിന് പിന്തുടര്‍ച്ച ഉണ്ടാകുമെന്ന് ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന്‍

അമേരിക്കന്‍ മലയാളികളെ ഒരുമയുടെ ചരടില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ സാമ്പത്തിക അച്ചടക്കത്തിനും സുതാര്യതയ്ക്കും സാമൂഹികക്ഷേമ പരിപാടികള്‍ക്കും ക്രിയാത്മകമായ പിന്തുടര്‍ച്ചയുണ്ടാകുമെന്ന് സംഘടനയുടെ 2024-26 ഭരണസമിതിയിലേക്ക് മത്സരിക്കുന്ന ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന്‍ പറഞ്ഞു. സംഘടനയുടെ മുന്‍ ട്രഷററും നിലവില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ തോമസ് റ്റി ഉമ്മന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ജനകീയ സാമ്പത്തിക നയങ്ങള്‍ക്ക് കരുത്തു പകരുകയാണ് തന്റെ ലക്ഷ്യമെന്ന് ബിനൂബ് വ്യക്തമാക്കി.

അനുകരണീയമായ സേവന മികവുകൊണ്ടും പ്രശംസാവഹമായ നേതൃപാടവം കൊണ്ടും ഫ്ളോറിഡ മലയാളി സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബിനൂബ് ശ്രീധരന്‍ സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷനിലൂടെയാണ് പ്രവാസി ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2005-ല്‍ ഫ്ളോറിഡയിലെ പോര്‍ട്ട് ഷാര്‍ലെറ്റില്‍  എത്തുമ്പോള്‍ അവിടെ മലയാളികള്‍ തീര്‍ത്തും കുറവായിരുന്നു. 35 മൈലുകള്‍ക്കപ്പുറം ഫോര്‍ട്ട് മയേഴ്സില്‍ അസംഘടിതരായ കുറച്ചു മലയാളികള്‍ താമസിക്കുന്നുണ്ടായിരുന്നു. അങ്ങനെ ബിനൂബിന്റെ മനസ്സിലും സംഘടനാ രൂപീകരണത്തിന്റെ മോഹം ഉദിച്ചു.

2006-07 കാലഘട്ടത്തില്‍ ബിനൂബ് ശ്രീധരന്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ചേര്‍ന്നാണ് സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷന്‍ രൂപീകരിച്ചത്. 2020-22, 2022-23 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി രണ്ടു വട്ടം തന്റെ മാതൃസംഘടനയുടെ പ്രസിഡന്റായി ബിനൂബ് പ്രവര്‍ത്തിച്ചു. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ട് ജനപക്ഷമുഖമുള്ള സാമൂഹിക ഇടപെടലുകള്‍ ബിനൂബ് ശ്രീധരന്‍ നടത്തി.

ഫോമായുടെ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന 2020-22-ല്‍ അനിയന്‍ ജോര്‍ജ് പ്രസിഡന്റായിരുന്ന അവസരത്തില്‍ ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിച്ച് മികവു തെളിയിച്ച പാരമ്പര്യവുമായാണ് ബിനൂബ് ശ്രീധരന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജനവിധി തേടുന്നത്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം ഇ-മലയാളിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരം...

? ബിനൂബ് ശ്രീധരന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ സംഘടനാ പാരമ്പര്യത്തെക്കുറിച്ച് സ്വയം വിലയിരുത്തുവാനുള്ളത്...

* സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷന്റെ രൂപീകരണത്തിനു ശേഷം രണ്ടു വട്ടം സംഘടനയുടെ പ്രസിഡന്റായി. നിലവില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ പ്രസിഡന്റായിരുന്ന സമയം കോവിഡ് കാലഘട്ടം കൂടിയായിരുന്നതിനാല്‍ നിരവധി സമാശ്വാസ പരിപാടികള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യുവാന്‍ സാധിച്ചു. ഇര്‍മ ചുഴലിക്കാറ്റ് വീശിയടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഭക്ഷണം, ജലം, ഗ്യാസ് തുടങ്ങി എല്ലാവിധ സഹായങ്ങളും മലയാളികളുടെയും മറ്റ് ദുരന്തബാധിതരുടെയും വീടുകളില്‍ എത്തിക്കുന്നതില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു. മറ്റൊരു സംഭവം എന്താണെന്നു വച്ചാല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു മലയാളി യുവാവിനെ ചിക്തിസിച്ച് ഭേദമാക്കുന്നതിലും നാട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അമ്മയെ വരുത്തി തിരികെ നാട്ടിലേക്ക് അയയ്ക്കുന്നതിനും സാധിച്ചു. അതിന് എന്റെ അസോസിയേഷനും ഫോമായും ചേര്‍ന്നുകൊണ്ട് മറ്റ് വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെ ഒരു ലക്ഷം ഡോളര്‍ സമാഹരിച്ച് നല്‍കുകയും ചെയ്തു.

? ഫോമായിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ...

* 2017-18 കാലഘട്ടത്തിലാണ് ഞാന്‍ ഫോമായിലെത്തുന്നത്. അന്നു മുതല്‍ സംഘടനയോട് ചേര്‍ന്ന് നില്‍ക്കുന്നു. സണ്‍ഷൈന്‍ റീജിയന്റെ നാഷണല്‍ കമ്മറ്റി മെമ്പറായി പ്രവര്‍ത്തിക്കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ശ്രമിച്ചു. ഒട്ടേറെ കലാ-സാംസ്‌കാരിക പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. സണ്‍ഷൈന്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു സുവനീറും പുറത്തിറക്കാന്‍ പറ്റിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

? ഫോമായുടെ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുണ്ടായ സാഹചര്യം...

  • ഫോമായുടെ എല്ലാ ഭരണ സമിതികളിലും ഇതുവരെ സണ്‍ഷൈന്‍ റീജിയന്റെ പ്രാതിനിധ്യം ഉണ്ടായിട്ടുണ്ട്. പ്രസിഡന്റ്,  ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി എന്നിവര്‍ സണ്‍ഷൈന്‍ റീജിയണില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം എന്താണെന്നു വച്ചാല്‍ ഏറ്റവും കൂടുതല്‍ അംഗസംഘടനകളുള്ള, ഫോമായുടെ ബൃഹത്തായ റീജിയനാണിത്.  എന്നാല്‍ ഇക്കുറി ഞാന്‍ ഒരാള്‍ മാത്രമാണ് നാഷണല്‍ ലെവലിലേക്ക് എത്തിയിട്ടുള്ളത്. മറ്റാരുമില്ലാത്തതും ഫോമായുടെ ബൈലോ പ്രകാരം ക്വാളിഫൈഡ് ആയിട്ടുള്ള വ്യക്തിയെന്ന നിലയിലുമാണ് ഞാന്‍ തിരഞ്ഞെടുപ്പ് ചിത്രത്തിലുള്‍പ്പെട്ടത്.

? വിശദീകരിക്കാമോ...

* അതായത്, ഫോമായുടെ നാഷണല്‍ കമ്മറ്റിയില്‍ ഇരിക്കുകയും അതോടൊപ്പം തന്നെ ലോക്കല്‍ അസോസിയേഷന്റെ പ്രസിഡന്റിന്റെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്ത വ്യക്തികള്‍ക്കു മാത്രമേ ഇപ്പോള്‍ ഫോമാ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ യോഗ്യതയുള്ളൂവെന്നാണ് ബൈലോ അനുശാസിക്കുന്നത്. ഈ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവരുടെ എണ്ണം തീര്‍ത്തും കുറവായതു കൊണ്ടാണ് ഞാന്‍ മത്സര രംഗത്തെത്തിയത്.

? മറ്റുള്ളവരുടെ പിന്തുണ എത്രമാത്രം സഹായകരമാണ്...

* തീര്‍ച്ചയായും, പ്രസിഡന്റായി മത്സരിക്കുന്ന തോമസ് റ്റി ഉമ്മന്‍ എന്ന മുതിര്‍ന്ന നേതാവിന്റെ ക്ഷണപ്രകാരമാണ് ഞാനെത്തുന്നത്. ഫോമായുടെ പ്രസിഡന്റാവാന്‍ ഏറ്റവും യോഗ്യതയുള്ള തോമസ് റ്റിയുടെ ടീമില്‍ ഒരംഗമായി പ്രവര്‍ത്തിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുള്ള കാര്യമാണ്.

? ഫോമായെ ഒരു മില്ല്യന്‍ ഡോളറിലധികം വരുമാനമുള്ള സംഘടനയാക്കി മാറ്റിയ വ്യക്തിയാണ് തോമസ് ടി ഉമ്മന്‍...

* ഉറപ്പായും അതൊരു പ്രചോദനമാണ്. അദ്ദേഹം ട്രഷററായിരുന്ന സമയത്ത് ഞാന്‍ നാഷണല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുകയും അദ്ദേഹവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള എന്റെ പ്രവര്‍ത്തന രീതികള്‍ അദ്ദേഹം മനസ്സിലാക്കുകയും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ട്രഷറര്‍ സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടതും.

? എന്താണ് ആ വിശ്വാസത്തിന്റെ അടിസ്ഥാനം...

* ഞാന്‍ ജനിച്ചു വളര്‍ന്നത് നാട്ടിലെ പരമ്പരാഗതമായ ഒരു വലിയ ബിസിനസ് കുടുംബത്തിലാണ്. അമേരിക്കയിലെത്തിയ ശേഷവും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മോശമല്ലാത്ത ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഉടമയെന്ന നിലയില്‍ മില്ല്യണ്‍ കണക്കിന് ഡോളര്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം എനിക്കു തന്നെയാണ്. ആ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റിന്റെ വിജയം കണ്ടിട്ടാകണം ഇത്തരം കാര്യങ്ങളില്‍ കണിശക്കാരനായ തോമസ് റ്റി ഉമ്മന്‍ എനിക്ക് ഈ അവസരം തന്നത്.

? വിജയ പ്രതീക്ഷകള്‍...

* നിലവിലെ സാഹചര്യത്തില്‍ ഫോമായുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കാനും ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും പറ്റിയ ഏറ്റവും മികച്ച ടീമാണിത്. സംഘടനാ രംഗത്ത് പതിറ്റാണ്ടുകളോളം പയറ്റിത്തെളിഞ്ഞ വ്യക്തിത്വവും ഫോമായ്ക്ക് ശക്തമായ ഒരു അടിത്തറ ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിക്കുകയും ചെയ്ത തോമസ് റ്റി ഉമ്മന്റെ മനസ്സില്‍ നിരവധി സ്വപ്ന പദ്ധതികള്‍ ഉണ്ട്. അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുക എന്നതാണ് എന്റെയും ആഗ്രഹം.
***
അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഊര്‍ജ്വസ്വലനായ സംഘടനാ നേതാവ് തോമസ് റ്റി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള 'റ്റീം ഫോമാ' പാനലിലാണ് ബിനൂബ് ശ്രീധരന്‍ ട്രഷററായി മല്‍സരിക്കുന്നത്. സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

സംഘടനാ മികവു കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ മാനുഷിക സമീപനങ്ങള്‍ കൊണ്ടും ഏവരുടെയും അംഗീകാരത്തിന് പാത്രീഭൂതനായ ബിനൂബ് ശ്രീധരന്‍ ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള എഴുപുന്ന എന്ന കൊച്ചു ഗ്രാമത്തിലാണ് ജനിച്ചത്. പനയ്ക്കാംതറ ശ്രീധരന്‍-തുളസി ദമ്പതികളുടെ പുത്രനായ ഇദ്ദേഹം പഠനത്തിനു ശേഷം കുടുംബ ബിസിനസില്‍ മുഴുകിയിരിക്കുമ്പോഴാണ് അമേരിക്കയില്‍ എത്തുന്നത്. ഇപ്പോള്‍ എം.ഡി ചെയ്തുകൊണ്ടിരിക്കുന്ന തിരുവല്ല സ്വദേശി ഡോ. ശ്രീജയാണ് ഭാര്യ. പത്താം ക്ലാസില്‍ പഠിക്കുന്ന ഹിരണ്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹേമന്ത് എന്നിവര്‍ മക്കള്‍. ബിനൂബിന്റെ കുടുംബം പോട്ട് ഷാര്‍ലെറ്റില്‍ താമസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക