രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ് മനുഷ്യരാശിക്കു വേണ്ടി ഗാഗുൽത്താമലയിൽ തുടങ്ങി വച്ചതാണ് ആ കുരിശുമരണം! യുഗയുഗാന്തരങ്ങളായി ആ ജീവത്യാഗ ത്തിന്റെ സ്മരണ ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്‌തുദേവൻ ഇപ്രകാരം പറഞ്ഞതായിട്ടാണ് വേദപുസ്‌തകം സാക്ഷ്യപ്പെടുത്തു ന്നത്. "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ തന്നെത്തന്നെ പരിത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മർക്കോ. 8:34) അന്ന് ആ വാക്ക് ശ്രവിച്ച ഒട്ടേറെപ്പേർ ക്രിസ്തുവിനെ അനുഗമിക്കാൻ ശ്രമിച്ചെങ്കിലും പലർക്കും അതിനു കഴിഞ്ഞില്ല. ജീവനുതുല്യം ക്രിസ്‌തു സ്നേഹിച്ച ശിഷ്യന്മാർക്ക് തങ്ങൾ ക്രിസ്‌തു വിന്റെ അനുയായികളാണെന്ന് ഉറക്കെപ്പറയാൻ പോലും ധൈര്യമില്ലായിരുന്നു.
“നിങ്ങൾ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുന്നില്ല." (മർക്കോ. 14:71) എന്ന് മൂന്നുതവണ ആണയിട്ടു പറയാൻ പത്രോസിന് സാധിച്ചത് ഒരുപക്ഷെ ധൈര്യക്കുറവു കൊണ്ടായിരുന്നിരിക്കാം! അതൊക്കെ പഴയകാല സംഭവങ്ങൾ!
രണ്ടായിരത്തി പതിമൂന്നാമാണ്ട് ജനുവരി മാസം 21-ാം തീയതിയിലെ "ബാംഗ്ലൂർ മിറർ” എന്ന പത്രത്തിൻ്റെ 9-ാം പേജിൽ ഒരു വാർത്തയും ഫോട്ടോയുമുണ്ടായിരുന്നു. "വലിക്കുകയും കുടിക്കുകയും ചെയ്യുന്ന യേശുക്രിസ്‌തു നിയമയുദ്ധത്തിന് തീ കൊളുത്തി" എന്ന
തായിരുന്നു തലക്കെട്ട്. ഇടതുകയ്യിൽ ഒരു ബിയർ ക്യാനും വലതുകയ്യിൽ പുകയുന്ന സിഗരറ്റുമായിട്ടുള്ള യേശുക്രിസ്‌തുവിൻ്റെ പടം 2013ലെ കലണ്ടറിൽ അച്ചടിച്ച് 30,000 കോപ്പികൾ വിതരണം ചെയ്‌തു കഴിഞ്ഞപ്പോഴാണ്, മതവികാരത്തെ വ്രണപ്പെ ടുത്തുന്ന ആ പട
ത്തിനെതിരെ രണ്ടു വക്കീലന്മാർ പൂനയിലെ മജിസ്ട്രേറ്റു കോടതിയിൽ കേസ് കൊടുത്തത്! ഇൻ്റർനെറ്റിൽ നിന്നെടുത്ത ഫോട്ടോ രൂപമാറ്റം ചെയ്‌തതാണെന്നറിയാതെ അച്ചടിച്ചു പോയതാണെന്ന് സ്ഥാപിച്ച് മുൻ സേന കോർപ്പറേറ്റർ "താനാജി ലോങ്കാൻ" കലണ്ടറുകൾ മുഴുവൻ പിൻവലിപ്പിച്ചു. ഒരുപക്ഷെ അറിയാതെ സംഭവിച്ചുപോയ ഒരു പിഴവാണെങ്കിൽ കൂടി ഇതുമൂലം പരസ്യമായി വീണ്ടും ക്രൂശിക്കപ്പെട്ടത് ക്രിസ്‌തുനാഥൻ തന്നെയാണ്.
ബ്രിട്ടണിലെ “ബ്രിസ്റ്റോൾ" പട്ടണത്തിൽ ജനിച്ച 'ബാങ്ക്സി' എന്ന അപരനാമത്താൽ മാത്രം അറിയപ്പെടുന്ന ഒരു ചിത്രകാരൻ വരച്ച "കൺസ്യൂമർ ജീസസ്" എന്ന ചുവരെ ഴുത്തു ചിത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വലതുകയ്യിലും ഇടതുകയ്യിലും ഷോപ്പിംഗ് ബാഗുകളും തൂക്കി കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുക്രിസ്‌തുവിൻ്റെ ചിത്രം കണ്ട വർക്കൊക്കെ മനംപുരട്ടുന്ന അനുഭവമാണ് അന്നുണ്ടായത്. തങ്ങൾ ദൈവമായിട്ടാരാധി ക്കുന്ന മനുഷ്യപുത്രൻ്റെ ഈ വിചിത്രമായ ചിത്രീകരണം കണ്ട് പലരും മനഃപ്രയാസപ്പെട്ടു. ഒരു കലാകാരൻ്റെ വ്യത്യസ്‌തമായ ഭാവനയുടെ ഫലംകൊണ്ട് സംഭവിച്ചതാണെങ്കിലും ക്രിസ്തുതമ്പുരാൻ പിന്നെയും ക്രൂശിക്കപ്പെട്ടു എന്നുള്ളതാണ് പരമാർത്ഥം!
“നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ" (യോഹ. 8:7) എന്ന് കല്പിച്ച് ഒരു ജനത്തെ മുഴുവൻ ശാന്തമാക്കിയ യേശുവിനെ ക്രൂശിലേറ്റാൻ അന്നത്തെ പുരോഹിതപ്രമാണികൾ മുതിർന്നില്ല.
കാരണം അവർക്ക് ഭയമായിരുന്നു. പക്ഷേ ഇന്നത്തെ സമൂഹം അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്. അത്യന്താധുനിക യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഒന്നിനോടും തെല്ലും ഭയമില്ല. പുരോഹിതരോ, പ്രമാണിമാരോ, ഫരിസേയരോ അല്ലെങ്കിൽ കൂടി ക്രിസ്‌തുവിനെ ഓരോ നിമിഷവും ക്രൂശിക്കുന്ന കാര്യത്തിൽ നമ്മൾ വിശ്വാസികൾ മുന്നിലാണ്. പലപ്പോഴും അന്യരാലല്ല, കർത്താവേ, കർത്താവേ എന്ന് വിളിച്ച് കൂടെ സഞ്ചരിക്കുന്ന സ്വന്തപ്പെട്ടവരാൽ തന്നെയാണ് ക്രിസ്‌തു ഏറ്റവുമധികം ക്രൂശിക്ക പ്പെടുന്നത്. “നിന്നെപ്പോലെത്തന്നെ നിൻ്റെ അയൽക്കാരനേയും സ്നേഹിക്കുക" (മർക്കോ. 12:31) എന്ന് ക്രിസ്‌തുനാഥൻ അറിയിച്ച കല്‌പന കേൾക്കാഞ്ഞിട്ടാണോ, അതോ തന്നെ ത്തന്നെ സ്വയം സ്നേഹിക്കാത്തവർക്ക് അയൽക്കാരനെ ഏതുതരത്തിൽ സ്നേഹിക്കാൻ സാധിക്കും എന്നു കരുതിയിട്ടാണോ എന്നറിയില്ല അയൽക്കാരൻ്റെ വീട്ടിൽ തീ പകുഞ്ഞാൽ, അവിടെ ഒരു സൽക്കാരം നടന്നാൽ, എന്തിനേറെ ആ വീട്ടിൽ ഏതെങ്കിലും തരത്തിൽ സന്തോഷമു ണ്ടായാൽ ആ സന്തോഷത്തെ ഏതുവിധേനയും നശിപ്പിച്ച് സ്വം ആത്മസം തൃപ്തിയടയുന്ന അയൽക്കാർ നമുക്കു ചുറ്റുമുള്ളപ്പോൾ, വീണ്ടും ക്രൂശിക്കപ്പെടുന്നത് നല്ല വനായ ആ സ്നേഹസ്വരൂപനല്ലേ! നമ്മുടെ തെറ്റുകളും, കുറ്റങ്ങളുമെല്ലാം സ്വയം ഏറ്റെ ടുത്ത് അതിനു പരിഹാരമായി സ്വന്തം ജീവൻ ഹോമം ചെയ്‌ത ആ പരമാത്മാവ് നമ്മുടെ നിഷ്കരുണമായ ഓരോരോ പ്രവർത്തികളാലും വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നതി നെക്കുറിച്ച് നമ്മൾ ചിന്തിക്കാറേ യില്ല. ഈ ലോകജീവിതത്തിൻ്റെ സുഖലോലുപതയിൽ അലിഞ്ഞു ചേർന്നുപോയ നമ്മൾക്ക് മഹത്തായ ആ ജീവത്യാഗത്തിൻ്റെ കാഠിന്യത്തേക്കു റിച്ചോർക്കാൻ സമയം കിട്ടാറില്ല!
വിവരസാങ്കേതികവിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തിരക്കേ റിയ ജീവിതം നയിക്കുന്ന "ടെക്കി"കൾക്കിടയിൽപോലും പരസ്‌പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ട് വഞ്ചിതരായിട്ടും ഒരുമിച്ച് താമസിക്കുന്ന കമിതാക്കളും ഭാര്യാ ഭർത്താക്കന്മാരും, പണത്തിനോടുള്ള അത്യാർത്തിയും സ്വാർത്ഥതയും മൂലം ഏതു ക്രൂര കൃത്യവും ചെയ്യാൻ മടിയില്ലാത്ത കഠിനഹൃദയരും, അല്‌ലാഭത്തിനുവേണ്ടി ഭക്ഷണത്തിൽ മായം ചേർക്കുന്നവരും, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ശവശരീരങ്ങളിൽ സ്‌കാനിങ്ങും ഡയാലിസീസും നടത്തി കാശുപിടുങ്ങുന്ന ആതുരസേ വന കച്ചവടക്കാരും, സ്വന്തം കുഞ്ഞുങ്ങളെപ്പോലും മൃഗീയമായി പീഡിപ്പിക്കുന്ന മാതാ പിതാക്കളും, “ഇൻവെസ്റ്റ്മെൻ്റ്" എന്ന പേരിൽ നാട്ടുകാരെയെല്ലാം തന്മയത്വമായി കബ ളിപ്പിക്കുന്ന ബിസിനസ്സുകാരുമടക്കം നമുക്കു ചുറ്റും നിത്യേനയെന്നോണം കാണാറുള്ള സകലരും ചെയ്‌തുകൊണ്ടിരിക്കുന്നത് ഒരേയൊരു കാര്യമാണ്; ഒരു നിരപരാധിയെ വീണ്ടും വീണ്ടും ക്രൂശിച്ചു കൊണ്ടേയിരിക്കുന്നു!
എന്തിനേറെപ്പറയുന്നു. വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയല്ലേ നമ്മുടെ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെത്? ക്രിസ്‌തുനാഥൻ തൻ്റെ ശിഷ്യന്മാരോ ടൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അന്ത്യഅത്താഴം കഴിച്ചതിൻ്റെ ഓർമ്മ പുതുക്കാൻ സ്ഥാപിച്ച പരിശുദ്ധ കുർബ്ബാന വാശിയുടെയും വൈരാഗ്യത്തിൻ്റെയും നിർബന്ധ ബുദ്ധിയുടെയും പേരിൽ, പിതാക്കന്മാരടക്കം ചില തല്‌പരകക്ഷികൾ നടത്തിക്കൊണ്ടിരി ക്കുന്ന “കുർബ്ബാനയുദ്ധം" നമ്മളെ സ്നേഹിക്കുന്ന നമുക്കുവേണ്ടി ജീവത്യാഗം ചെയ്ത ആ മഹാനുഭാവനെ ഒരിക്കൽകൂടി കുരിശിലേറ്റുന്നതിന് തുല്യമല്ലേ?
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ." (യോഹ. 13:35) എന്നാണ് യേശുനാഥൻ പഠിപ്പിച്ചത്. അല്ലാതെ പരസ്‌പരം യുദ്ധം ചെയ്യാനല്ല!
എവിടെയാണ് നമുക്കും, നമ്മുടെ സമൂഹത്തിനും തെറ്റ് പറ്റുന്നതെന്ന് അവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലോകം മുഴുവനിലുമുള്ള മനുഷ്യർ പല തരത്തിലും, വിധത്തിലും ഒരിക്കൽ ക്രൂശിതനായ യേശുവിനെത്തന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുമ്പോൾ അത് കഴിയുന്നത് കുറയ്ക്കാൻ ക്രിസ്‌തുവിന്റെ അനുയായി കളെന്ന് സ്വയം അഭിമാനിക്കുന്ന നമുക്കൊരു ബാധ്യതയില്ലേ? ഈ പീഡാനുഭവ ആഴ്‌ച യിലെങ്കിലും നമുക്ക് നമ്മുടെ മനഃസാക്ഷിയുടെ മുമ്പിൽ ചെറിയൊരു പ്രതിജ്ഞയെടുക്കാം; ഞാൻ മൂലം ആ മഹാപാതകം ഇനിയും ആവർത്തിക്കപ്പെടുകയില്ലെന്ന്; ക്രൂശിതനായ ക്രിസ്തു ഇനിയൊരിക്കൽക്കൂടി ക്രൂശിക്കപ്പെടുകയില്ലെന്ന്!
ഏവർക്കും ഈസ്റ്റർ ആശംസകൾ.