Image

പെസഹായും ഇണ്ട്രിയപ്പവും (Passover & INRI Bread) : സൂസൻ പാലാത്ര

Published on 28 March, 2024
പെസഹായും ഇണ്ട്രിയപ്പവും (Passover & INRI Bread)   : സൂസൻ പാലാത്ര

പെസഹാ ബുധനാഴ്ച വൈകുന്നേരം മിക്ക ക്രിസ്തീയഭവനങ്ങളിലും ഇണ്ട്രിയപ്പം (INRI Bread) ഉണ്ടാക്കും, പുളിപ്പില്ലാത്ത അപ്പം. വ്യാഴാഴ്ചരാവിലെ വീട്ടിലെ തലമൂത്ത കാരണവർ അപ്പം മുറിക്കും. അപ്പത്തിനു കൂട്ടാൻ തേങ്ങാപ്പാലും ശർക്കരപ്പാനിയും ചുക്കും ജീരകവും ഏലക്കായും ചേർത്ത് കാച്ചിക്കുറുക്കിയെടുക്കും. പാലുകുറുക്കു് എന്ന് ഇതിനെ വിളിക്കും. പാലുകുറുക്ക് ചേർത്താണ് അപ്പം കഴിക്കുന്നത്. ഈ അപ്പം പാലുകുറുക്ക് കൂട്ടാതെ കഴിച്ചാൽ രുചിയൊന്നുമില്ല.

പുട്ടിനു പറ്റിയ അരിപ്പൊടിയിൽ അല്പം ഉഴുന്നരച്ചു ചേർത്ത് അതിൽ ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം  ഏറെ തേങ്ങാപ്പീര, പാകത്തിന് ഉപ്പ്  എന്നിവ ചേർത്ത് സമചതുരത്തിൽ ഇലകീറി ഇലയുടെ നടുക്ക് ഈ മാവു വച്ച് നാലു കോൺ കിട്ടത്തക്കവണ്ണം കോണോടു കോൺ മടക്കി അപ്പച്ചെമ്പിൽ വച്ച് പുഴുങ്ങിയെടുക്കണം.  നല്ല കനൽ അടുപ്പിൽ കട്ടിയുള്ള  ദോശത്തട്ടം വച്ച് ചുട്ടെടുക്കുന്നവരും ഉണ്ട്.  എന്നാൽ കുരിശപ്പം പുഴുങ്ങിത്തന്നെ എടുക്കണം.  കുഴച്ചുവച്ച മാവിൽനിന്ന് ആദ്യം വലിയ ഉരുള, പിന്നീട് അതിൽ ചെറുത്, മൂന്നാമത് അതിലും ചെറുത് എന്ന അളവിൽ മാവ് എടുത്തു മാറ്റിവച്ചിരുന്നതിൽ, കൂടുതൽ  തേങ്ങാപ്പാലും തേങ്ങയും  ചേർത്ത് വേണമെങ്കിൽ അല്പം പഞ്ചസാരയും  കൂടി ചേർത്ത് അപ്പച്ചെമ്പിൽവച്ച് പുഴുങ്ങിയെടുക്കാം. എന്നാൽ ഏറിയ ആൾക്കാരും വട്ടേപ്പം പുഴുങ്ങുന്ന രീതിയിൽ, അപ്പച്ചെമ്പിൽ ഉണ്ടാക്കി എടുക്കുന്നു.  കുരുത്തോല പള്ളിയിൽ നിന്ന് കിട്ടുന്നവർ,  ഓശാനയ്ക്കു കിട്ടിയ കുരുത്തോലയിൽനിന്ന്,  ഈർക്കിൽ ഇല്ലാതെ അല്പം ഓലചീന്തിയെടുത്ത് കുരിശാകൃതിയിൽ കോർത്തെടുത്ത് അപ്പത്തിൻ്റെ നടുക്കുവച്ച് പുഴുങ്ങും. ഈ അപ്പം നല്ല ശുദ്ധവൃത്തിയോടെ ശ്രദ്ധയോടെ ഉണ്ടാക്കണം എന്നുള്ളതിനാൽ പലരും കുരിശുവച്ച് അപ്പമുണ്ടാക്കാൻ ഭയം കാണിക്കുന്നു.     

യേശുവിൻ്റെ കാൽവരി യാഗ സമയത്ത് കുരിശിൽ യേശുവിൻ്റെ തലയ്ക്കു മീതെ അവൻ്റെ കുറ്റപത്രം എബ്രായഭാഷയിൽ  എഴുതി വച്ചിരുന്നു. "നസറായനായ യേശു യഹൂദന്മാരുടെ രാജാവ്"  അതിൻ്റെ എബ്രായഭാഷയിലെ JESUS NAZARENUS REX IUDAEORUM “ ചുരുക്കരൂപമാണ് INRI ' അർത്ഥം Jesus of Nazareth, King of the Jews.” INRIൽ നിന്നാണ് ഇൻറി അപ്പം എന്നു പറയാൻ തുടങ്ങിയത്.  പറഞ്ഞു പറഞ്ഞ് ഇണ്ട്രിയപ്പം എന്നായി. 

അപ്പത്തിന് പറയത്തക്ക രുചിയിലെങ്കിലും പാലുകുറുക്ക് കൂട്ടി അതുകഴിക്കുന്നവർക്കൊക്കെ ഒരാനന്ദമാണ്. തൊട്ടയൽവാസികൾക്കും സുഹൃത്തുക്കൾക്കുമൊക്കെ സന്തോഷം പകരുന്ന അപ്പമാണ് ഇത്. ഈ അപ്പം മുറിച്ചുകൊടുക്കുമ്പോൾ ക്രിസ്മസ്സിന് കേക്കുമുറിക്കുമ്പോലെ എല്ലാവർക്കുമുണ്ടാകുന്ന ആഹ്ലാദം അവർണ്ണനീയമാണ്. 

യേശു തൻ്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിച്ചത്, പെസഹാ നാളിലാണ്. യേശുവിൻ്റെ പരിപാവനമായ അന്ത്യ അത്താഴത്തെ മാത്രമല്ല, മിസ്രയിമിലെ അടിമത്തത്തിൽനിന്ന് യിസ്രായേൽ ജനതയ്ക്ക് കിട്ടിയ മോചനത്തിൻ്റെ ആഘോഷം കൂടിയാണ് പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ. പെസഹ  എന്ന ഹീബ്രു വാക്കിൻ്റെ അർത്ഥം Passover - കടന്നു പോക്ക് എന്നാണ്. 
യിസ്രായേൽ ജനതയെ അതികഠിനമായി പീഡിപ്പിച്ച ഫറവോനും മിസ്രയിമിനും നേരെ സർവ്വശക്തനായ യഹോവയുടെ കോപം ജ്വലിക്കുന്നു.  സംഹാരദൂതൻ  മിസ്രയീമിൽ കടിഞ്ഞൂൽ സംഹാരം നടത്തുന്നു. ഭയന്നുപോയ ഫറവോൻ ഇസ്രായേൽ ജനതയോട് നിങ്ങൾ ദേശം വിട്ടുപോകാൻ കല്പിക്കുന്നു. അങ്ങനെ ഇസ്രായേൽ ജനം ഓടിപ്പോകുന്നു.  അവർ രക്ഷപെട്ടോടിപ്പൊന്നതിൻ്റെ ഓർമ്മയായി തലമുറതലമുറയായി ഈ പെസഹാദിനങ്ങൾ ആചരിക്കുമെന്ന് തീരുമാനം എടുക്കുന്നു, അത് ദൈവ കല്പനയാണ്.  ബൈബിളിലെ പുറപ്പാട് 12-ൽ പെസഹാ നാളുകളെക്കുറിച്ചും അതിൻ്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമെല്ലാം ഭംഗിയായി  വിവരിച്ചിട്ടുണ്ട്. 

ഹീബ്രുവിലെ ഒന്നാം മാസമായ നീസാൻ പതിനഞ്ചാം തീയതി മുതൽ ഇരുപത്തിയൊന്നാംതീയതി വൈകുന്നേരം വരെയും പുളിപ്പില്ലാത്ത അപ്പം കഴിക്കണമെന്ന നിത്യനിയമം യിസ്രായേൽ മക്കൾ ഉറപ്പാക്കി.

പെസഹാ പെരുന്നാളിൽ പാപബലിയ്ക്കായ് പെസഹാ കുഞ്ഞാടിനെ അറുക്കുമായിരുന്നു. പെസഹാടിനെ നീക്കി സർവ്വജനത്തിനു വേണ്ടിയും യേശു സ്വയം യാഗമായി. മർക്കോസ്: 14: ൻ്റെ 12 മുതൽ 72 വരെയുള്ള വാക്യങ്ങളിൽ യേശുവിൻ്റെ അന്ത്യ അത്താഴവും യൂദയുടെ ഒറ്റുകൊടുക്കലും പത്രോസിൻ്റെ തള്ളിപ്പറയലും പത്രോസിൻ്റെ പശ്ചാത്താപവും യേശുവിൻ്റെ ഗദ്സമേനിലെ പ്രാർത്ഥനയും വിവരിച്ചിരിക്കുന്നു. 

ഈ ഭൂമിയിൽ തലചായ്ക്കാനിടം സമ്പാദിയ്ക്കാനല്ല, ഇവിടെ മുതൽകൂട്ടി രാജാധിരാജനായി വാഴാനുമല്ല,  അജ്ഞതയുടെ, അന്ധകാരത്തിൽ കിടന്ന  ലോകജനതയെ പാപത്തിൽനിന്ന് രക്ഷിപ്പാനാണ് യേശുനാഥൻ മനുഷ്യ ജന്മമെടുത്ത്  അവതരിച്ചത്. 

ശിഷ്യന്മാർ ഗുരുവിനോട് ചോദിച്ചു: "നീ പെസഹാ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം" 
യേശു ശിഷ്യന്മാരിൽ പത്രോസിനെയും യോഹന്നാനെയും അയച്ച്

"നഗരത്തിൽ ചെല്ലുവിൻ,  അവിടെ ഒരു കുടംവെള്ളം ചുമന്നുകൊണ്ട് ഒരുമനുഷ്യൻ നിങ്ങളെ എതിർപെടും. അവൻ്റെ പിന്നാലെചെന്ന് അവൻ കടക്കുന്നേടത്ത് ആ വീട്ടുടയവനോട് ഞാൻ എൻ്റെ ശിഷ്യന്മാരുമായി പെസഹാ കഴിപ്പാനുള്ള ശാല എവിടെയെന്ന് ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും അവിടെ ഒരുക്കുവിൻ'' ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ പോയി കണ്ട് പെസഹാ അവിടെ ഒരുക്കി. മർക്കോസിൻ്റെ മാളിക വിശുദ്ധനാടുയാത്രക്കാർക്ക് കാണാനാവും.

ഈ അത്താഴവേളയിൽ യേശു പറയുന്നു: "നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും. എന്നോടുകൂടെ  കൈ താലത്തിൽ മുക്കുന്നവൻ തന്നെ. മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം. അവൻ ജനിക്കാതിരുന്നെങ്കിൽ ഏറെ നന്ന്"  

യേശു ശിഷ്യന്മാരുടെ പാദം കഴുകി എളിമയുടെ മാതൃക കാട്ടിക്കൊടുത്തു. നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിപ്പിൻ എന്ന് അവരെ പഠിപ്പിച്ചു. ഇന്ന് ദൈവത്തെ കൊഞ്ഞനം കുത്തി കാണിയ്ക്കുന്നതുപോലെയായി ഈ കാൽകഴുകൽസ്മരണ. കാൽകഴുകൽ ശുശ്രൂഷ എന്ന പേരിൽ. മനുഷ്യർ തമ്മിൽത്തമ്മിൽ സ്നേഹിപ്പാനും എളിമയോടെ ജീവിയ്ക്കാനുമാണ് കർത്താവ് മാതൃക കാട്ടിയത്. എന്നാൽ  ഇന്ന് അത് കേവലം ഒരുദിവസത്തെ ചടങ്ങാക്കി മാറ്റിക്കളഞ്ഞു. ഈ സമയത്ത് നമുക്ക് മദർ തെരേസയെയും ഇന്ന് ദരിദ്രർക്കിടയിൽ ജീവിച്ചുകൊണ്ട്  അവർക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന ദയാബായി തുടങ്ങിയവരെയും  സ്മരിയ്ക്കാം. 

യേശുവിന്റെ  ശിഷ്യന്മാർക്കിടയിൽ വലിയവൻ ആര്  ചെറിയവൻ ആര് എന്ന  തർക്കം ഉടലെടുത്തിരുന്നത് മനസ്സിലാക്കിയിട്ടാണ്, ദൈവപുത്രൻ തൻ്റെ ശിഷ്യരുടെ പാദം കഴുകി തുവർത്തിക്കൊടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക