നാഥാ, നിന്റെ രക്തം വീണു
ചുവന്ന മണ്ണിൽ
നിന്റെ കാൽച്ചുവട്ടിൽ
ഞാൻ തിരയുകയാണ്
കള്ളങ്ങൾ കൊണ്ടു തീർത്ത
മുൾക്കിരീടത്തിൽ നിന്ന്
ഊർന്നു വീണ സത്യത്തിന്റെ
പൊന്നിൽ തീർത്ത ആണി
അവസാനത്തെ അത്താഴം
നീ വിളമ്പുമ്പോൾ എന്റെ
കണ്ണിൽ മുൾക്കിരീടത്തിന്റെ
മിനുക്കുപണികൾ
തീരുകയായിരുന്നു
മുപ്പതു വെള്ളിക്കാശിന്
നിന്നെ ഒറ്റുമ്പോൾ
നിന്റെ ശിരോവസ്ത്രത്തിൽ
നിന്നൊരു നീലനക്ഷത്രം
എന്നെ നോക്കി നീരസത്തൊടെ
കണ്ണടയ്ക്കുന്നുണ്ടായിരുന്നു
നാളെ നീ കുരിശിലേറുമ്പോൾ
ആ ഹൃദയത്തിൽ നിന്നുതിരുന്ന
രക്തത്തുള്ളികൾ എന്റെ മുന്നിൽ
വീഞ്ഞായും നിന്റെ ഹൃദയമാംസം
എന്റെ കൈകളിലെ അപ്പക്കഷണമായും
നീ കരുതി വച്ചിരിക്കുന്നു എന്ന്
നീലച്ചിറകുള്ള മാലാഖമാർ
വേദനയോടെ അടക്കം പറഞ്ഞത്
പാപത്തിന്റെ നാണയക്കിലുക്കത്തിൽ
ഞാൻ കേൾക്കാതെ പോയി
നിന്റ മുഖത്തെ നിർവ്വികാരത
നിന്റെ കണ്ണുകളിലെ ദൈന്യത
എന്റെ പാപത്തിന്റെ ബഹിർസ്പുരണം
എന്ന് ഇന്നു ഞാനറിയുന്നു
സത്യത്തിന്റെ പൊന്നാണിയിൽ
എന്റെ പാപം കഴുകിക്കളയാൻ
നിന്റെ കാൽച്ചുവട്ടിൽ ഞാൻ
പരതിക്കൊണ്ടേയിരിക്കുന്നു
നാഥാ, നിന്റെ കണ്ണുകളിലെ
നീലവെളിച്ചം എന്നെത്തേടി
വരുന്നതും കാത്ത്
നിന്റെ കാൽച്ചുവട്ടിൽ..