Image

പ്രിഥ്വിരാജിന്റെ മാഗ്നം ഓപ്പസ്, ബ്ലെസ്സിക്ക് മറ്റൊരു തൂവല്‍, ബെന്യാമിനും (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 30 March, 2024
 പ്രിഥ്വിരാജിന്റെ മാഗ്നം ഓപ്പസ്, ബ്ലെസ്സിക്ക് മറ്റൊരു തൂവല്‍, ബെന്യാമിനും (കുര്യന്‍ പാമ്പാടി)

കേരളത്തിലും തമിഴ് നാട്ടിലും കര്‍ണാടകത്തിലും തെലുങ്കാനയിലും ഹിന്ദി ബെല്‍റ്റിലും അമേരിക്കയിലും ഒന്നിച്ച് റിലീസ് ചെയ്ത ബെന്യാമിന്റെയും ബ്ലെസിയുടെയും പൃഥ്വിയുടേയും  'ആടുജീവിതം' കാണാന്‍ ഈസ്റ്റര്‍ അവധി ദിനങ്ങളില്‍  ജനം ഇടിച്ച് കയറി. അമേരിക്കയില്‍ മാത്രം നിരവധിറെ തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു.

മരുഭൂമിയില്‍  ആടുമേയ്ക്കുന്ന നജീബായി പൃഥ്വിരാജിന്റെ പകര്‍ന്നാട്ടം

എന്നാല്‍ 60 വര്‍ഷം മുമ്പ് തകഴിയും എസ്എല്‍പുരവും  രാമുകാര്യാട്ടും സലില്‍ ചൗധരിയും കണ്മണി ബാബുവും ചേര്‍ന്ന്  ചരിത്രത്തിലാദ്യമായി കേരളത്തിലേക്കു സ്വര്‍ണ കമലം കൊണ്ടുവന്ന 'ചെമ്മീനു'മായി താരതമ്യം ചെയ്താല്‍ 'ആടു ജീവിതം' എവിടെ നില്‍ക്കുന്നു? മലയാളികള്‍ വിധിയെഴുതട്ടെ!

തകഴിയുടെയും  എംടിയുടെയും പാറപ്പുറത്തിന്റെയും കേശവദേവിന്റെയും രചനകള്‍ അടിസ്ഥാനമാക്കി അര നാഴികനേരം, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അസുരവിത്ത്, ഓപ്പോള്‍,  ഓടയില്‍ നിന്ന്, മുറപ്പെണ്ണ്, നിര്‍മ്മാല്യം, വടക്കന്‍ വീരഗാഥ തുടങ്ങിയ ഒന്നാം കിട ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.  

സഹാറയിലെ  ചിത്രീകണത്തിനിടയില്‍ ബ്ലെസിക്കു ചുടു ചുംബനം

'അതിനു ശേഷം കുറെ പതിറ്റാണ്ടുകളിലേക്കു അത്തരം ചിത്രങ്ങളില്‍ നിന്ന് സംവിധായകരും നിര്‍മ്മാതാക്കളും പിന്‍വലിഞ്ഞു. പതിറ്റാണ്ടുകള്‍ കഴിഞ്ഞു നല്ല നോവലുകളിലേക്കുള്ള  ഒരു മടങ്ങിപ്പോക്കാണ് ആടുജീവിതം,' ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടയില്‍  തിരുവന്തപുരത്തു നടന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ ബ്ലെസി  പറഞ്ഞു.

'കലാമൂല്യം കയ്യൊഴിയാതെ ജനപ്രിയ ചിത്രം എടുക്കാനുള്ള സാഹസികമായ ഉദ്യമമാണ്  ഞാന്‍ നടത്തിയത്,' 173  മിനിറ്റ്നീണ്ട ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ഭാഗികമായി പണം മുടക്കുകയും (ആകെ മുടക്ക് 80 കോടി) ചെയ്ത ബ്ലെസ്സി പറഞ്ഞു. തമിഴ് നാട്ടില്‍ നിന്ന് തന്നെ 50 കോടി കളക്റ്റ് ചെയ്ത മഞ്ഞുമ്മള്‍ ബോയ്സ തീയേറ്ററുകളില്‍ തകര്‍ത്താടുന്നതിനു തൊട്ടു പിന്നാലെയാണ് പുതിയ ചിത്രം എത്തിയത്.

ബ്ലെസിക്ക് അമേരിക്കന്‍ കലാവേദിയുടെ പുരസ്‌കാരം സിബി ഡേവിഡും മാത്യു ടി.തോമസും സമ്മാനിക്കുന്നു

ശരിക്കു പറഞ്ഞാല്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആടുജീവിതവും അതിജീവനത്തിന്റെ കഥയാണ്. ആടുജീവിതം വായിച്ചറിഞ്ഞും കേട്ടറിഞ്ഞും മലയാളികള്‍ ഭാവനയില്‍ കണ്ട അറേബ്യന്‍ മരുഭൂമിയിലെ അടിമ വേലയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ ബ്ലെസ്സിയും അമ്പത് പേരടങ്ങിയ ടീമും ജോര്‍ദാനിലും അല്‍ ജീരിയയിലെ സഹാറാ മരുഭൂമിയിലും തമ്പടിച്ച് പണിയെടുത്തു.  മഹാമാരിക്കാലത്ത് ചിത്രീകരണം മുടങ്ങി കഷ്ടനഷ്ടങ്ങള്‍ ഉണ്ടായി.

സൂര്യ പിന്‍മാറിയ സ്ഥാനത്തതാണ് പൃഥ്വി നായകനായി  വരുന്നത്. ഒന്നര വര്‍ഷം  നീണ്ടു നിന്ന ചി ത്രീകരണത്തിനു വേണ്ടി അദ്ദേഹം ശരീര ഭാരം 98 കിലോയില്‍ നിന്ന് 68 കിലോയായി കുറച്ചതു തന്നെ ബെന്യാമിന്റെ നായകന്‍ ആലപ്പുഴ ആറാട്ടുപുഴകാരനായ നജീബ് മുഹമ്മദ് അനുഭവിച്ച ദുഃഖങ്ങള്‍ തന്നിലേക്ക് സന്നിവേശിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു എന്നതിന് തെളിവാണ്. ചെന്നെയില്‍ ആദ്യപ്രദര്‍ ക്ഷണം കണ്ടിറങ്ങിയ തമിഴരും മലയാളികളും ഒന്നടങ്കം  ആ പ്രകടനത്തെ പ്രകീര്‍ത്തിക്കാന്‍  വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

തിരുവല്ലയിലെ 'വൈറ്റ് ഹൗസി'ല്‍ ബ്ലെസി; രാജീവ് അഞ്ചലും സിബിയും

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലാണ് 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതം. ഇക്കാലമത്രയും കൊണ്ട് രണ്ടര ലക്ഷം കോപ്പികളാണ് വിറ്റതെന്ന് തൃശൂരിലെ ഗ്രീന്‍ ബുക്ക്‌സ് പറയുന്നു. 'ഈ നോവല്‍ മൂലം ഞങ്ങളും രക്ഷപെട്ടു, ബെന്യാമിനും രക്ഷപെട്ടു ,' ഗള്‍ഫ് പ്രവാസിജീവിതം കഴിഞ്ഞുമടങ്ങിയ ഗ്രീന്‍ ബുക്‌സ് ഉടമ കൃഷ്ണ ദാസ്  ഒരിക്കല്‍ തൃശൂര്‍ വച്ച് എന്നോട് പറഞ്ഞു.

താമസിയാതെ പന്തളം കുളമാവില്‍ അച്ചന്‍ കോവിലാറിന്റെ തീരത്തുള്ള വീട്ടിലെത്തിയപ്പോള്‍ കൃഷ്ണദാസ് പറഞ്ഞത് ശരിയാണെന്നു ബെന്യാമിന്‍ എന്നോട് സമ്മതിച്ചു. അവിടെ പഴയ വീട് പുതുക്കി പണിയുന്നു. മുറ്റത്ത് കാര്‍ കിടക്കുന്നു. പുരസ്‌കാരങ്ങളുടെ സുനാമിയില്‍ ബെന്യാമിന്‍ ഒഴുകിപ്പോയില്ല. 2018ല്‍  ജെസിബി പുരസ്‌കാരം തന്നെ കിട്ടി.

നജീബിന് നിങ്ങള്‍ എന്ത് നല്‍കും-മാതൃഭൂമി പുസ്ത്‌കോത്സവത്തില്‍ ആറാട്ടുപുഴക്കാരി ചോദിക്കുന്നു

പദ്മമരാജന്റെയും ഭരതന്റെയും സഹസംവിധായകനായി കഴിഞ്ഞ ബ്ലെസി എന്ന ബ്ലെസ്സി ഐപ്പ്, തന്മാത്ര, കാഴ്ച, കളിമണ്ണ്, ഭ്രമരം തുടങ്ങിയ ഏതാനും  ചിത്രങ്ങള്‍ കൊണ്ട് സംവിധായകരുടെ മുന്‍നിരയില്‍ ഓടിക്കയറിയ ആളാണ്. തിരുവല്ലയില്‍ മാര്‍ത്തോമ്മാ കോളജിനു സമീപം ഒന്നര ഏക്കറില്‍ വൈറ്റ് ഹൗസ് പോലൊരു വീട് പണിതു. ഉള്ളില്‍ നിന്ന് സ്വിച് ഇട്ടാലേ ഗേറ്റു തുറക്കൂ. അയല്‍ക്കാരോടൊപ്പം എന്നും രാവിലെ നടക്കാന്‍ പോകും.

ആടു ജീവിതം 2009ല്‍ വാങ്ങി  വായിച്ചപ്പോഴേ  അതിലെ വിഷ്വല്‍സ് മനോമുകുരത്തില്‍ തെളിഞ്ഞു വന്നുവെ ന്നു ബ്ലെസ്സി പറഞ്ഞു. വലിയ കാന്‍വാസില്‍ വരക്കേണ്ട ചിത്രമാണ്.  നല്ല ചെലവ് വരും. ബെന്യാമിന്റെയും പ്രിഥ്വിരാജിന്റെയും  സമ്മതം കിട്ടിയെയെങ്കിലും നൂറെത്തിയ മാര്‍ക്രിസോറ്റത്തെക്കുറിച്ചുള്ള നെടുങ്കന്‍ ഡോക്കുമെന്ററിയുടെ പണി തീര്‍ത്തിട്ടേ അതിലേക്കു ശ്രധ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞുള്ളു.  

ചെമ്മീന് ശേഷം 60 വര്‍ഷം -ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളം എന്ത്?

ഹായിറ്റിക്കാരനും നടനും നിര്‍മ്മാതാവുമായ ജിമ്മി ജീന്‍ ലൂയിസിന്റെ ജെറ്റ് മീഡിയ പ്രൊഡക്ഷന്‌സും സ്റ്റീവന്‍ അഡായിയുടെ ആള്‍ട്ട ഗ്ലോബല്‍ മീഡിയയും  കൂടി നിര്‍മ്മാണത്തില്‍ പങ്കാളികളായതോടെ വലിയ കടമ്പ കടന്നു.

നോവലിലെ യഥാര്‍ത്ഥ നായകന്‍ ആലപ്പുഴ ആറാട്ടുപുഴയില്‍  മീന്‍ വിറ്റു ജീവിക്കുന്ന  നജീബ് മുഹമ്മദ് സൗദി മരുഭൂമിയിലാണ് രണ്ടര വര്‍ഷം ആടുമേയ്ക്കാന്‍ വിധിക്കപ്പെട്ടത്. എഴുനൂറോളം ആടുകള്‍. എല്ലാദിവസവും പ്രസവങ്ങള്‍ ഉണ്ടാകും. നജീബ്  പ്രിയപ്പെട്ട ആടുകളെ പേരിട്ടു വിളിക്കാന്‍ തുടങ്ങി. പക്ഷേ ചിത്രം അവിടെ ഷൂട്ട് ചെയ്യാന്‍ സൗദി സമ്മതിച്ചില്ല.

സ്വര്‍ണകമലം  നേടിയ ചെമ്മീന്‍; സംവിധായകന്‍ രാമു കാര്യാട്ട്

വിരഹദുഃഖം പേറുന്ന നജീബിന്റെ ഭാര്യ സൈനയായി അമലപോളും ഐഷയായി  ലെനയും മാവാര്‍ ആയി വിനീത് ശ്രീനിവാസനും ഇബ്രഹിം ഖാദിരിയായി പ്രൊഡ്യൂസര്‍ ജിമ്മിയും വേഷമിട്ടു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്കു  എആര്‍ റഹ്‌മാന്‍ നല്‍കിയ സംഗീതമാണ് ചിത്രത്തിന്റെ വലിയ നേട്ടം.  ജിതിന്‍ രാജ്  പാടിയ  'പെരിയോനെ എന്‍ റഹ്‌മാനെ' എന്ന ഗാനം ഭാഷകള്‍ക്ക് അതീതമായി ഹിറ്റായി.

അമേരിക്കന്‍ കമ്പനികള്‍ക്കു  കൂടി പങ്കാളിത്തമുള്ള ആടുജീവിതം ഒരു ഇന്‍ഡോ അമേരിക്കന്‍ പ്രൊഡക്ഷന്‍ ആണ്. നാലരലക്ഷം മലയാളികള്‍ ഉള്ള അമേരിക്കയിലെ കേരളീയര്‍, മലയാള സിനിമയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. സ്വയംവരം മുതലുള്ള  ആധുനിക മലയാള സിനിമ കാണുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയൂം ചെയ്യുന്ന ഒരു തലമുറ എന്നും പച്ചയായ ഗൃഹാതുരത്വത്തില്‍ കേരളത്തിലേക്ക് ഉറ്റു നോക്കുന്നു.

പൃഥ്വിരാജ്, അമല പോള്‍

തന്മാത്ര,   കാഴ്ച എന്നീ ചിത്രങ്ങളുടെ സംവിധാന മികവിനെ അടിസ്ഥാനമാക്കി അമേരിക്കന്‍  മലയാളികളുടെ സംഘടനയായ കലാവേദി രണ്ടുപതിറ്റാണ്ടു മുമ്പ് അവരുടെ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍  ബ്ലെസിക്ക് സമ്മാനിക്കുകയുണ്ടായി. തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത സായാഹ്നങ്ങളില്‍ വച്ച് മന്ത്രി എംകെ മുനീറും മന്ത്രി മാത്യു ടി തോമസുമാണ് അവാര്‍ഡുകള്‍  സമ്മാനിച്ചത്. ഒഎന്‍വി കുറുപ്പ്, ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കലാവേദിയുടെ സ്ഥാപക പ്രസിഡന്റ് 37 വര്‍ഷം  മുമ്പ് ന്യുയോര്‍ക്കിലേക്കു കുടിയേറിയ വടശ്ശേരിക്കര സ്വദേശി സിബി എന്ന തോമസ് ഡേവിഡ് ആണ്. അദ്ദേഹം ഇന്ന് അഞ്ഞൂറ് അംഗങ്ങളുഉള്ള ന്യു യോര്‍ക്കിലെ കേരളസമാജം പ്രസിഡന്റ് കൂടിയാണ്.  ബ്ലെസിയുടെ ആടുജീവിതം സിബി കണ്ടു. മലയാളികള്‍ വീണ്ടും ബ്ലെസിയെയും ബെന്യാമിനെയും ആഘോഷിക്കുന്ന ത്രില്ലില്‍ ആണ് സിബി.

അച്ചന്‍ കോവിലാറ്റിന്‍  തീരത്തു ബെന്യാമിനെ പകര്‍ത്തുന്നത് മനോരമ പിക്ച്ചര്‍ എഡിറ്റര്‍ എംകെ വര്‍ഗീസ്, ഒപ്പം ലേഖകന്‍,  യുഎസിലെ ലൂക് തറയില്‍

തിരുവനന്തപുരം ഫൈന്‍ ആര്‍ട് സ് കോളജില്‍ കാനായി കുഞ്ഞിരാമന്റെ കീഴില്‍ ശില്‍പ്പകല പഠിച്ച് കലാസംവിധാനത്തിലൂടെ പൂര്‍ണ സംവിധായകനായി മാറിയ രാജീവ് അഞ്ചലിന്റെ ചങ്ങാതിയാണ്. സിബി. രാജീവ് നിര്‍മ്മിച്ച ഇലകൊഴിയും പോലെ, മടക്ക യാത്ര, പേരക്കിടാങ്ങള്‍ എന്നീ  ഹൃസ്വചിത്രങ്ങളില്‍ സിബി ആയിരുന്നു നായകന്‍ .

മോഹന്‍ ലാലും സുരേഷ് ഗോപിയും നെടുമുടി വേണുവും മധുപാലും കാവേരിയും അഭിനയിച്ച രാജീവിന്റെ 'ഗുരു' വിദേശ ചിത്രങ്ങള്‍ക്കുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയുടെ ഔദ്യോഗിക ചിത്രം ആയിരുന്നു. രാജീവുമായി അമേരിക്കയിലുടനീളം സഞ്ചരിക്കാന്‍ ഇത് സിബിക്ക് അവസരം ഒരുക്കി. ഭാര്യ ബിന്ദു കോട്ടയത്ത് എന്റെ അയല്‍ക്കാരിയാണ് . ബിന്ദുവിന്റെ അമ്മ സാലിയുടെ മരണസമയം കോട്ടയത്ത് എത്തിയപ്പോള്‍  രാജീവിനെ ഒരിക്കല്‍ കൂടി കാണാന്‍ എനിക്കവസരം ലഭിച്ചു.

സൂപ്പര്‍ ചിത്രം, സൂപ്പറായ നായകന്‍-ചെന്നൈയിലെ കാഴ്ച്ചക്കാര്‍

ബ്ലെസിയുമായി സിബി അടുപ്പത്തിലായതു രാജീവിന്റെ ചിത്രങ്ങളിലെ നായകന്‍ എന്ന നിലയിലാണ്. ബ്ലെസിയുടെ സഹോദരി ആനി ന്യുയോര്‍ക്കിലുണ്ട്. സിബി അഭിനയിച്ച രാജീവ് ചിത്രങ്ങള്‍ കാണാനിടയായ ആനി, നാട്ടിലെ തന്റെ സഹോദരനുമായി സിബി അടുക്കാന്‍ ഒരുപാലം കെട്ടി. രാജീവിന്റെ ഹൃസ്വ ചിത്രത്രയത്തില്‍ മൂന്നിനെയും ബന്ധിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രമാണ് സിബി. ശശികുമാര്‍ സംവിധാനം ചെയ്തു അമേരിക്കയില്‍ ചിത്രീകരിച്ച 'ഡോളര്‍' എന്ന ചിത്രത്തില്‍  ആദ്യന്തം സഹകരിച്ചു.

ന്യുയോര്‍ക് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്‌മെന്റില്‍ ഡെപ്യുട്ടി ഡയറ്കടര്‍ ആണ് തോമസ് ഡേവിഡ്.  ട്രാഫിക് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല. കീഴില്‍ 250 പേര്‍  സേവനം ചെയ്യുന്നു.

 

Join WhatsApp News
abdulpunnayurkulam 2024-03-30 15:48:05
Sri. kurian Pambadi's writing about Aad Jeevitham with illustrations, history and all are wonderful. Keep up the good work.
Sibi David 2024-03-31 15:44:06
Thank you Kurien Sir. Thank you Emalayalee. Blessy marked his entry in film making after attaining around 18 years of learning experiences with masters of film making in Malayalam film industry and earned the reputation as a popular film maker by his charisma of story telling with the ingredients of craft and emotion stirring techniques in his debut film KAZHCCHA and followed with THANMATHRA respectively in 2005 and 2006. He clearly marked his talents and skills in all film he made within short period of time. It was literally a revival for Malayalam film industry when he released his first film KAZHCCHA and followed by THANMATHRA. The entire industry was stunned when these films were screened and earned such an unparalleled reputation world wide among mallu movie lovers. I wish Blessy and the entire team a huge success ahead 
പ്രസാദ് എണ്ണയ്ക്കാട്, തിരുവനന്തപുരം prasad 2024-04-01 00:21:00
'ആടുജീവിതം' എന്ന കൃതി വില്പനയിൽ റിക്കേർഡ് സൃഷ്ടിച്ചെങ്കിലും എനിക്കിഷ്ടം ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങ'ളും'ശരീരശാസ്ത്ര'വുമാണ്. ബ്ലെസ്സി പ്രതിഭാശാലിയായ സംവിധായകനാണ്.ഗുരു വിൻ്റെ(പത്മരാജൻ)അനുഗ്രഹം ശരിക്ക് കിട്ടിയിട്ടുണ്ട്. ഭ്രമരം ഒഴിച്ചെല്ലാചിത്രങ്ങളും നന്നായിരുന്നു.ആടുജീവിതം നന്നായിരിക്കുമെന്നുറപ്പാണ്. ലേഖകൻ പരാമർശിച്ചതുപോലെ മികച്ചസാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്ക്കാരം തിരിച്ചുവരാൻ ഈ ചിത്രം വഴിതെളിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക