പണ്ട്, വളരെ പണ്ട് അമേരിക്ക ലോകപോലീസായി വിലസിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഇന്‍ഡ്യ ഉള്‍പ്പെടെ ഏഷ്യയിലേയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലേയും രാജ്യങ്ങളെല്ലാം ദരിദ്രങ്ങളായിരുന്നു. ഈ രാജ്യങ്ങളുടെ പട്ടിണി മാറ്റാന്‍ അമേരിക്ക ഗോതമ്പും പാല്‍പ്പൊടിയും വിതരണം ചെയ്തിരുന്നു എന്നകാര്യം മറക്കുന്നില്ല. ജനങ്ങളുടെ പട്ടിണി മാറ്റാന്‍ അമേരിക്കന്‍ ജനത കാട്ടിയ മഹാമനസ്‌കത അഭിനന്ദനീയംതന്നെ. അമേരിക്കകാരെപറ്റി എന്തെല്ലാം ദൂഷ്യങ്ങള്‍ പറഞ്ഞാലും അവരെ ഇഷ്ടപ്പെടാതിരിക്കാന്‍ സാധിക്കില്ല.
കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വരട്ടുസിദ്ധാന്തം കൊണ്ടുനടക്കുന്നതിന്റെ ഫലമായി അമേരിക്കയെ ഫാസിസ്റ്റായും മുതലാളിത്ത ബൂര്‍ഷ്വാ രാജ്യമായും പ്രചരിപ്പിക്കുന്നതിനെ ബുദ്ധിയും വിവേകവും ഉള്ളവര്‍ തള്ളിക്കളയുകയെയുള്ളു. അവര്‍ കുത്തിവെച്ച വിഷവുംപേറിനടക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. അവരില്‍ചിലര്‍ അമേരിക്കയിലും കുടിയേറിയിട്ടുണ്ട്.
അമേരിക്ക നല്ലരാജ്യമാണന്ന് നാട്ടില്‍ചെല്ലുമ്പോള്‍ പലരോടും ഞാന്‍ പറയാറുണ്ട്. അങ്ങനെയുള്ള നല്ലരാജ്യത്തിന്റെ സല്‍പേര് ഇല്ലാതാക്കാനാണ് ചില അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യമില്ലാതെ ഇന്‍ഡ്യയുടെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഇങ്ങനെയൊന്നും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറില്ല. ജോ ബൈഡനും മുന്‍പ്രസിഡണ്ട് ട്രംപിനും ഇന്‍ഡ്യയുമായി നല്ലബന്ധമാണ്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലും കോണ്‍ഗ്രസ്സിലും ആദരിച്ചത് അടുത്തിടയാണ്. അമേരിക്കയുമായുള്ള നല്ലബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ അടുത്തകാലത്തായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് തുരങ്കംവെയ്ക്കുന്ന ചിലഅഭിപ്രായങ്ങള്‍ അമേരിക്കന്‍ വ്യക്താക്കളില്‍നിന്ന് ഉണ്ടാകുന്നത് അഭിലക്ഷണിയമല്ല.
കേജരിവാളിനെ അറസ്റ്റുചെയ്തതിനെ വിമര്‍ശ്ശിക്കാന്‍ അമേരിക്കക്ക് യാതൊരു അവകാശവുമില്ല. മൈന്‍ഡ് യുവര്‍ ബിസ്‌നസ്സ് എന്നമട്ടില്‍ ഇന്‍ഡ്യന്‍ വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥനില്‍നിന്ന് മറുപടിവന്നത് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധത്തിന് മങ്ങലേല്‍പിക്കുന്നതാണ്. നക്കാപിച്ചക്കുവേണ്ടി അമേരിക്കയുടെ മുന്‍പില്‍ ഓശ്ചാനിച്ചുനിന്ന ഇന്‍ഡ്യ അല്ല ഇന്നത്തെ ഇന്‍ഡ്യ. യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യം മനസിലാക്കുന്നത് നന്ന്. ഇന്‍ഡ്യ പുരോഗതിയുടെ പാതയിലാണ്. രാജ്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ കഴിവും പ്രായോഗികബുദ്ധിയുമുള്ള നേതാക്കന്മാരുണ്ട്. രാജ്യം ഛിന്നഭിന്നമാകണമെന്ന് ആഗ്രഹിക്കുന്ന ദുഷ്ടശക്തികളെ ബലംപ്രയോഗിച്ചുതന്നെ കീഴടക്കും. അതിനെ വിമര്‍ശ്ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരെ പുശ്ചിച്ചുതള്ളുകയേ മാര്‍ഗമുള്ളു. അവിടെ ജനാധിപത്യവും മനുഷ്യാവകാശവും പറഞ്ഞുവരുന്നവരെ നിനക്കെന്ത് ഞങ്ങളുടെ വിഷയത്തില്‍ ഇടപെടാന്‍ കാര്യം എന്ന് ചോദിക്കേണ്ടിവരും. വെട്ടാന്‍വരുന്ന പോത്തിനോട് വേദമോദാന്‍ നരേന്ദ്ര മോദി പഠിച്ചിട്ടില്ല.
റൗഡികള്‍ വിളയാടിയിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ സമാധാനപരമാണ്. ബലാല്‍സംഘ വീരന്മാരും അക്രമികളും മാളത്തില്‍ ഒളിച്ചിരിക്കുന്നു. വെളിയിലിറങ്ങിയാല്‍ യോഗിയുടെ പോലീസ് അവരെ വെടിവച്ചുകൊല്ലും, അവരുടെ വീടുകള്‍ ഇടിച്ചുനിരത്തും. കേരളത്തിലെപ്പോലെ റൗഡികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല അവിടെയുള്ളത്. യു പിയിലെ ജനങ്ങള്‍ ഇപ്പോള്‍ സമാധാനജീവിതം നയിക്കുന്നു. സമാധാന അന്തരീക്ഷം നിലനില്‍കുന്നതിനാല്‍ വ്യവസായികള്‍ അവിടേക്ക് കടന്നുവരുന്നു. കേരളത്തില്‍നിന്ന് വ്യവസായികള്‍ ജീവനുംകൊണ്ട് രക്ഷപെടുന്നു.
ഇന്‍ഡ്യ പുരോഗമിക്കുന്നതില്‍ സംശയം പ്രകടിപ്പിക്കുന്ന ചില അമേരിക്കന്‍ മലയാളികള്‍ മുപ്പതുവര്‍ഷം പിന്നില്‍ ജീവിക്കുന്നവരാണ്. വെളിച്ചംകണ്ട പെരുച്ചാഴിയെപ്പോലെ അമേരിക്കന്‍ ആര്‍ഭാടങ്ങള്‍കണ്ട് അവര്‍ പരിഭ്രമിക്കുന്നു. സത്യങ്ങള്‍ മറച്ചുപിടിക്കുന്ന മലയാളം പത്രങ്ങള്‍മാത്രം വായിച്ച് (പേര് പറയാതെതന്നെ അറിയാമല്ലൊ) ഏഷ്യാനെറ്റിലെ വിനു വ.ജോണ്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങി മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്നു.
കേരളം ഇന്‍ഡ്യിലെ ഏറ്റവും പിന്നോക്ക സംസ്ഥാനമാണന്ന് അയല്‍ സംസ്ഥനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും എന്തിന് ഉത്തര്‍ പ്രദേശിലും ചെന്നാല്‍ മനസിലാകും. ഇന്‍ഡ്യയിലങ്ങോളം തലങ്ങുംവിലങ്ങും നീണ്ടുകിടക്കുന്ന ആറുവരി ഹൈവേകളിലൂടെ ചരക്കുഗതാഗതം സുഗമമായി നടക്കുന്നു. കേരളത്തിലെ റോഡുകളില്‍ ഗള്‍ഫുപണത്തിന്റെ പുറംപൂച്ചായ കാറുകള്‍ മാത്രമേ കാണാനാകു. ഇടക്കെങ്ങാനും പതിനാറ് വീലുകളുള്ള ട്രക്കുകള്‍ പെരുമ്പാവൂരിലെ പ്‌ളൈവുഡുമായോ ഇടുക്കിയിലെ കൈതച്ചക്കയാമായോ പോകുന്നതുകാണാം. ഇതല്ലാതെ എന്തുചരക്കാണ് കേരളത്തില്‍നിന്ന് പുറത്തേക്ക് പോകുന്നത്.
അയല്‍ സംസ്ഥാനങ്ങളിലെ ആറുവരി പാതകള്‍ അധികം താമസിയാതെ പത്തുവരിയോ പന്ത്രണ്ടുവരിയോ ആക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. അത്രക്കധികം വാഹനങ്ങളാണ്, കാറുകളല്ല, പതിനാറുവീലുകളുള്ള ട്രക്കുകളാണ് റോഡുനിറഞ്ഞ് ഓടുന്നത്. അമേരിക്കയില്‍പോലും ഇത്രയധികം ട്രക്കുകള്‍ ഹൈവേകളില്‍ കാണാന്‍ സാധിക്കില്ല.
എന്നോ പണിതീര്‍ന്ന് ഗതാഗതം സുഗമമാക്കേണ്ടിയിരുന്ന കേരളത്തിലെ ഹൈവേയുടെ പണി നമ്മുടെ രാഷ്ട്രീയക്കാരുടെ പിടിവാശിമൂലം വര്‍ഷങ്ങളോളം തടസപ്പെട്ടു. ഇപ്പോള്‍ കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗാഡ്ഗിരിയുടെ നിശ്ചയദാര്‍ഢ്യത്ത്യിന്റെ ഫലമായി പണി നടന്നുകൊണ്ടിരിക്കുന്നു. മധ്യകേരളത്തിലൂടെ കടന്നുപോകുന്ന എം സി റോഡിന് പരലലായി പുതിയ ഹൈവേ നിര്‍മ്മിക്കാന്‍ ഗാഡ്ഗിരി പദ്ധതിയിട്ടപ്പോള്‍ അങ്ങനെയൊന്ന് ആവശ്യമില്ലെന്ന തടസവാദവുമായി കൊടിക്കുന്നില്‍ സുരേഷെന്ന മഹാന്‍ കേന്ദ്രത്തില്‍ പാരാതിയുമായി സമീപിച്ചത് അടുത്തിടെയാണ്. ഇങ്ങനെയുള്ള പുരോഗമനവിരോധികളെയാണ് വീണ്ടും തെരഞ്ഞെടുക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറെടുക്കുന്നത്.
ചില സത്യങ്ങള്‍ കേള്‍ക്കാന്‍ സുഹമുള്ളതായിരിക്കില്ല.അതുകൊണ്ടാണ് പല പത്രങ്ങളും ചാനലുകളും സത്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. മനഃസാക്ഷിക്ക് വിരുദ്ധമായ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ക്ക് കുറ്റബോധം തോന്നാറില്ല, കാരണം അവരുടെ പത്രത്തിന്റെ സബ്‌സ്‌ക്രിപ്ഷനാണ് പ്രധാനം. ഏത് സമുദായക്കാരാണ് ര്ഷ്ട്രീയക്കാരാണ് അവരുടെ പത്രം വായിക്കുന്നതെന്ന സര്‍വ്വേ നടത്തിയിട്ടാണ് മനോരമ മാതൃുഭൂമി തുടങ്ങിയ പത്രങ്ങള്‍ അവരുടെ പത്രധര്‍മ്മം നിര്‍വഹിക്കുന്നത്. മതൃുഭൂമി ഒരുകാലത്ത് വായിക്കാന്‍ കൊള്ളാവുന്ന പത്രമായിരുന്നു. ഇന്നത്തെ അതിന്റെ അവസ്തയോര്‍ത്ത് സഹതപിക്കാനെ കഴിയു. ദേശാഭിമാനിയുടെ ഇംഗ്‌ളീഷ് എഡിഷനാണ് ഹിന്ദു പത്രമെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞത് പരമാര്‍ഥമാണ്.
അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് മാന്യതയുടെ ലക്ഷണമാണ്. അത് വ്യക്തികളുടെ കാര്യത്തിലായാലും രാജ്യങ്ങളുടെ കാര്യത്തിലായാലും. അമേരിക്കയും ജര്‍മ്മനിയും അവരുടെ മാന്യത നിലനിറുത്തേണ്ടതുണ്ട്. അല്ലെങ്കല്‍ Mind your business, Cat എന്ന് പറയേണ്ടിവരും.
samnilampallil@gmail.com