1972 ഏപ്രിൽ മദ്ധ്യം. ബോംബെയിലെ മറാത്താ മന്ദിർ തീയേറ്ററിൽ പാകിസാ എന്ന ഹിന്ദി ചിത്രം പ്രദർശിപ്പിക്കുന്നു. നായകൻ രാജ് കുമാറിന്റെ വീട്ടിൽ നിന്ന് തിരസ്കൃത ആയി പുറത്തു വരുന്ന നായിക മീന കുമാരി കാത്തു നിൽക്കുന്ന പല്ലക്ക് വാഹകരോട് പറയുന്നു: 'കിസി ഖബറിസ്ഥാൻ ലേ ചലോ' ('ഏതെങ്കിലും ഖബറിസ്ഥാനിലേക്കു കൊണ്ട് പോകൂ') തീയേറ്ററിനുള്ളിൽ ആരാധകരുടെ വിങ്ങിപ്പൊട്ടൽ. ചിലർ കരച്ചിലടക്കാൻ ബുദ്ധിമുട്ടുന്നു. മറ്റു ചിലർ കവിളിലൂടെ ഒഴുകുന്ന കണ്ണീർചാലുകൾ തുടക്കുന്നു. ആ ദിനങ്ങളിൽ മീനാ കുമാരിയുടെ ചേതനയറ്റ ശരീരം ഒരു സ്മസാനത്തിലേക്കു കൊണ്ട് പോയ യഥാർത്ഥ ജീവിത സംഭവമാണ് ആരാധകരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ കാരണമായത്.
ഒരു ബംഗാളി മാതാവിനും ക്രിസ്ത്യൻ പിതാവിന്റെയും മകളായി 1933-ൽ ജനിച്ച മഹാജബീൻ ബാനോയിന് മാതാ പിതാക്കളുടെ വേർപിരിയിൽ മൂലം പിതാവിനൊപ്പം കഴിയേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചെറുപ്പത്തിലേ തന്നെ പിതാവിനൊപ്പം ബോംബെയിലെ ഫിലിം സ്റ്റുഡിയോകൾ കയറി ഇറങ്ങാൻ പ്രേരിപ്പിച്ചു. 13 വയസ് ഉള്ളപ്പോൾ ബാലനടി ആയി ബാച്ചോണ് കാ ഖേലിൽ പ്രത്യക്ഷപെട്ടു.
എന്നാൽ മീനയുടെ യഥാർത്ഥ അരങ്ങേററം 1952 ലെ 'ബൈജു ബാവരാ' എന്ന ചിത്രത്തിൽ ഒരു ഗായകനുമായി പ്രണയത്തിലാവുന്ന നിഷ്കളങ്ക ആയ പെൺകുട്ടിയുടെ റോളിൽ ആയിരുന്നു. അക്കാലത്തു തിളങ്ങി നിന്നിന്നിരുന്ന ഭാരത് ഭൂഷന്റെയും സംവിധായകൻ വിജയ് ഭട്ടിന്റെയും വലിയ വിജയം ആയി മാറിയ ചിത്രം മീനയുടെ അഭിനയജീവിതത്തിന്റെയും വഴിത്തിരിവ് ആയി. മുഹമ്മദ് റാഫിയുടയും സുരേന്ദ്രനാഥിന്റെയും
ഗാനാലാപന മത്സരത്തിൽ റാഫി വിജയിക്കുന്നതും സുരേന്ദ്രനാഥിന്റെ കരീര്ഗ്രാഫിന്റെ താഴേക്കുള്ള പോക്കിന് വേഗത കൂട്ടി.
മീനയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മിക്കവാറും ചിത്രങ്ങളിൽ തിരസ്കരിക്കപ്പെടുന്ന, സ്വയം ഒഴിഞ്ഞു മാറുന്ന, ഏറെ ത്യാഗങ്ങൾ സഹിക്കുന്ന നായികയായി മാറി. മിക്കവാറും എല്ലാ നായകന്മാരും ഒത്തു അഭിനറിയിച്ചു. ദിൽ ഏക് മന്ദിർ, ദിൽ അപ്ന ആർ പ്രീത് പരായി, ബാബി കി ചൂടിയാൻ, യഹൂദി, സാഹിബ് ബീവി ആർ ഗുലാം, ഭൂൽ ഔർ പത്തർ, ആസാദ്, കാജൽ, മേം ചുപ് രഹുങ്കി, ദുഷ്മൻ, ആറടി, ഏക് ഹി രാസ്താ, പാകിസ, മേരെ അപ്പനെ തുടങ്ങി ധാരാളം ചിത്രങ്ങൾ.
മീനയും ദിലീപ് കുമാറും തമ്മിലുള്ള ചിത്രങ്ങൾ അവരെ തമ്മിൽ അടുപ്പിച്ചതായി ഗോസിപ്പുകൾ പറഞ്ഞു. ധർമേന്ദ്ര എന്ന നടനോട് ഫൂൽ ഔർ പത്തർ ദിനങ്ങളിൽ കാണിച്ച കൂടുതൽ അടുപ്പവും, മേരെ ആപ്നേയുടെ ഷൂട്ടിങ്ങിൽ ഗുൽസാറിനോട് തോന്നിയ ഇഷ്ടവും ചർച്ചാവിഷയമായി.
ഗുൽസാറുമായുള്ള അടുപ്പം ഉറുദു കവിതകൾ തങ്ങൾ രണ്ടു പേരും എഴുന്നതിൽ നിന്ന് ഉടലെടുത്താണ് എന്ന് മീന വിശദീകരിച്ചിരുന്നു.
മീനയുടെ സ്വകാര്യ ജീവിതം ഒരു ഉത്തരം കിട്ടാത്ത തുടർകഥ പോലെയാണ് തുടർന്നത്. ദിവസങ്ങൾ പഴകിയ ചപ്പാത്തി ആയിരുന്നു ഇഷ്ട ഭോജനം എന്ന് അടുക്കളക്കാർ പറഞ്ഞിരുന്നു. 1952 ഇൽ സംവിധായക നിർമാതാവായ കമാൽ അംറോഹിയെ വിവാഹം ചെയ്തു. സാധാരണ നടിയും സംവിധായകനുമായുള്ള വിവാഹം പോലെ അധിക നാൾ ബന്ധം നീണ്ടില്ല. ആയിടക്ക് ആരംഭിച്ച പാകിസ പൂർത്തിയായത് 1971 -72 ലാണ്. കമാലിനുആധ്യ ഭാര്യയിൽ ഒരു പുത്രൻ ഉണ്ട് - ടാജ്‌ദാർ ആംറോഹി. സിനിമ സംവിധായകനും നിർമ്മാതാവും ആകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മീന എന്ന കവയിത്രിയെ കുറിച്ച് അധികം ആരും പരാമർശിക്കാറില്ല. കുറെയധികം ഭാവനസമ്പന്നമായ ഉറുദു കവിതകൾ അവർ എഴുതിയിട്ടുണ്ട്. ശോക നായികമാരെ അനശ്വരമാക്കിയ നായിക അനവസരത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞിട്ടു അമ്പത്തിരണ്ട് വര്ഷം കഴിഞ്ഞിട്ടും ഇന്നും അവരെ നെഞ്ചിലേറ്റി ജീവിക്കുന്ന ലക്ഷകണക്കിന് ആരാധകരുണ്ട്. ഇന്ത്യൻ സിനിമയ്ക്കു അവർ നൽകിയ സംഭാവന മറ്റൊരു നടിക്കും ആവർത്തിക്കുവാൻ കഴിഞ്ഞിട്ടില്ല. പകരം ദുഃഖം മാത്രം അവർ സ്വീകരിച്ചു. അവാര്ഡുകളോ ബഹുമതികളോ പദ്മ പുരസ്കാരങ്ങളോ അവരെ തേടി എത്തിയില്ല. അതിനു വേണ്ടി ലോബിയിങ് നടത്താൻ അവർക്കറിയില്ലായിരുന്നു.