പട്ടിണി കൊടുമ്പിരി കൊണ്ട ഗാസയിൽ വലിയ തോതിൽ ഭക്ഷണം എത്തിച്ചു കൊണ്ടിരുന്ന യുഎസ് ചാരിറ്റി വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ലിയു സി കെ) മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. ഇസ്രയേലി ആക്രമണത്തിൽ ഏഴു ജീവകാരുണ്യ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്.
ഒരു യുഎസ്-കനേഡിയൻ പൗരൻ, ഒരു ബ്രിട്ടീഷ്, ഒരു പോളിഷ്, ഒരു ഓസ്‌ട്രേലിയൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അവർക്കു അറബി തർജമ ചെയ്തു കൊടുക്കുന്ന പലസ്തീനിയൻ ഡ്രൈവറും.
ഇസ്രയേലി സേന ഐ ഡി എഫിന്റെ മുഖ്യ വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരിയെ കൃത്യമായി വിവരങ്ങൾ അറിയിച്ച ശേഷമാണു തങ്ങൾ ഗാസയിൽ പ്രവർത്തിച്ചു വന്നതെന്നു വേൾഡ് കിച്ചൻ ചീഫ് എക്സിക്യൂട്ടീവ് എറിൻ ഗോർ പറഞ്ഞു. "ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമണം ആയിരുന്നു. ഇത്ര കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാവുന്ന മാനുഷിക സംഘടനകൾക്കെതിരായ ആക്രമണം. അവർ ഭക്ഷണം യുദ്ധത്തിന്റെ ആയുധമാക്കുകയാണ്."
ഹഗാരി ഖേദം പ്രകടിപ്പിച്ചെങ്കിലും ഇസ്രയേലിന്റെ രാഷ്ട്രീയ നേതൃത്വം മിണ്ടിയിട്ടില്ല. വാഷിംഗ്‌ടണിൽ വൈറ്റ് ഹൗസ് വക്താവ് അഡ്രിയെൻ വാട്സൺ ട്വീറ്റ് ചെയ്തത് യുഎസ് "വളരെ അസ്വസ്ഥമായി" എന്നാണ്.
ഗാസയിൽ 33,000 പേരെ കൊന്നൊടുക്കിയ ഇസ്രയേൽ ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു.
"മാനുഷിക സഹായം എത്തിക്കുന്ന സമൂഹത്തിനു നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യമാണ്," യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്‌ടർ സിൻഡി മക്കെയ്ൻ പറഞ്ഞു.
ഗാസയിൽ ദിവസേന 300,000 ഭക്ഷണ പൊതികൾ എത്തിച്ചേരുന്ന വേൾഡ് കിച്ചൻ ചൊവാഴ്ച സൈപ്രസിൽ നിന്നു കപ്പലിൽ കൊണ്ടുവന്ന പൊതികൾ ഇറക്കാതെ തിരിച്ചയച്ചു. 400 ടൺ ഭക്ഷണം ഉണ്ടായിരുന്നു.
കപ്പലിൽ കൊണ്ടുവന്ന ഭക്ഷണ പൊതികൾ ദേർ അൽ ബാല എന്ന സ്ഥലത്തെ ഗോഡൗണിൽ വച്ചിട്ടു മടങ്ങുമ്പോഴാണ് വേൾഡ് കിച്ചൻ വോളന്റിയർമാർ ആക്രമിക്കപ്പെട്ടത്. അവരുടെ വാഹനത്തിൽ ഗ്രൂപ്പിന്റെ മുദ്ര ഉണ്ടായിരുന്നു. യാത്രയെ കുറിച്ച് ഹഗാരിയെ അറിയിച്ചിരുന്നു താനും.
World Kitchen stops food supply in Mideast