എന്റെ ജീവന്റെ ജീവനായ ഭവതി,
ഒരുവാക്കും പറയാതെ എങ്ങോ മറഞ്ഞ ഭവതിയോട് ഈയുള്ളവനേറ്റ മുറിവിന്റെ ആഴം അറിയിക്കാനുള്ള യോഗ്യതയില്ല എന്ന് ആദ്യമേ അറിയിച്ചുകൊള്ളുന്നു. ഭവതിയെ ഒരിക്കൽപ്പോലും ഭവതിക്ക് വേണ്ടും വിധം സ്നേഹിക്കാൻ ഞാൻ മുതിർന്നിരുന്നില്ല.
എനിക്ക്അതൊന്നുംവശമില്ലഎന്ന്ആദ്യമേഅറിയിച്ചിരുന്നെങ്കിൽഭവതിഎന്നെക്കുറിച്ച്എന്ത്കരുതുമായിരുന്നു.. ഒരു പുരുഷനായ ഞാൻ ‘അറിയില്ല’ എന്ന് എങ്ങനെ സമ്മതിച്ചു തരും. ഇന്നേവരെ ഞാൻ ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്നെങ്ങനെ പറയും. എന്റെ പൗരുഷത്തിനേൽക്കുന്ന കളങ്കമാകും അതൊക്കെ!
ഭവതി എന്നിലും എത്രെയോ ധൈര്യശാലിയുംകൂർമ്മബുദ്ധികേന്ദ്രവുമാണെന്നോ... ഇപ്പോൾ ഞാൻ അത് സമ്മതിച്ചു തരുന്നു. എന്തെന്നാൽ എന്റെ ജീവിതം ഭവതി പോയതിൽപിന്നെ വിലാപസംഗീതഘോഷയാത്രപോലെയായി. ജീവിതത്തിൽ സംഗീതം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാൽ കുറേ പേർ ഏങ്ങലടിച്ചും നെഞ്ചത്തിടിച്ചും കരയുകയാണ്. ഈ സംഗീതം നിർത്തൂ എന്ന് ഉറക്കെ പറഞ്ഞിട്ടും അലറി വിളിച്ചിട്ടും ആരും നിർത്തുന്നില്ല.
ആരുടെ കരച്ചിലാണ് കേൾക്കുന്നത്? ആരുടെ വിലാപ യാത്രയാണ് ഈ നടക്കുന്നത്? ഞാൻ ചെവി പൊത്തിപ്പിടിച്ചിരിക്കുകയാണ്.
ഭവതി.. ഭവതി പോയതിൽ പിന്നെ.. അങ്ങനെ കൃത്യമായി പറയാനൊന്നും എനിക്ക്അറിയില്ല എങ്കിലും.. ചിലപ്പോ നെഞ്ചിന്റെ അകത്തൂന്ന് പുറത്തേക്ക് ആരോ ശൂലം കുത്തിയിറക്കും പോലെ മരണ വേദന. ഒരു ഉഷ്ണം. ഒരു വേവലാതി. ഒരു ദാഹം. .ഒരു വെപ്രാളം. വെള്ളം കുടിച്ചാൽ ഒന്നും അത് പോകത്തില്ല. ആത്മാവിനാണ് ഈ തീരാവ്യാധി. ഒരു ഇച്ചിരി വെള്ളം എന്റെ ആത്മാവിന് ഒഴിച്ചെങ്കിൽ.. അങ്ങനെ ആർക്കേലും വന്ന് വെള്ളം ഒഴിച്ച് തണുപ്പിക്കാൻ പറ്റുമോ? അതില്ല.. എന്റെ പൊന്നു തമ്പുരാനേ.. ആർക്ക് എന്നെ ഈ കൊല്ലും വ്യാധിയിൽനിന്ന് രക്ഷിക്കാൻ സാധിക്കുമോ അവർക്ക് ഞാനീ ജീവിതം തന്നെ കൊടുക്കും.
അതിരിക്കട്ടെ എന്റെ ആത്മാവ്എവിടെ? ആ.. ദാഹിച്ചു ക്ഷീണിച്ച് അത് എങ്ങോട്ട് പോയി. എന്റെ ഉടലിന് ജീവൻ വെടിയാൻ പോകുന്നപോലെ ഒരു പിടച്ചിൽ. ജീവൻ പോകാൻ നേരം പിടച്ചിൽ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. അങ്ങനെയെങ്കിൽ ഉറപ്പായും എന്റെ ജീവനും പോകാൻ പോകുന്നു.. അല്ലെങ്കിലും ആത്മാവില്ലാതെ ജീവിക്കാൻ പറ്റുമോ ആർക്കെങ്കിലും ? ആത്മാവ് പോയാൽ ജീവനും പോകില്ലേ ! അങ്ങനെയെങ്കിൽ ഇപ്പോൾ..ഇപ്പോൾ ഞാൻ മരിച്ചപോലെ ജീവിക്കുകയാണോ. .
ഭവതിക്ക് അറിയാമോ നമ്മുടെ പറമ്പിൽ ഒരു പൂക്കാലം തന്നെയുണ്ട് ഈ വസന്തകാലം. ഇന്നുവരെ ഒരു പൂ പോലും ഭവതിക്ക് സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഭവതി എന്നോട് എത്രെയോ തവണ പൂക്കൾ ചോദിച്ചിരിക്കുന്നു. എന്നിട്ടും ഞാൻ തന്നിട്ടില്ലഎന്നോർക്കുമ്പോൾ... ഭവതിക്ക് സമ്മാനിക്കാൻ ഇപ്പോൾ എന്റെ മനമറിഞ്ഞ് പൂത്തു നിൽക്കുകയാണ്ഈവൃക്ഷങ്ങളാകെ. ഭവതി ഒന്ന് വന്നെങ്കിൽ.. എന്റെ ചുറ്റിനും കാണുന്ന ഈ വൃക്ഷങ്ങളെല്ലാം നനഞ്ഞിരിക്കുന്നു. അവയൊക്കെ എനിക്ക് ദാഹം മാറ്റാനുള്ള ജലവും പേറി നിൽക്കുകയാവണം. ഇച്ചിരി സുഖം തോന്നുന്നു അത് കാണുമ്പോൾ. സുഖമാണ് എങ്കിലും അത് വേദനയുമാണ് ഭവതി. ഞാൻ പറയട്ടേ ഇതൊന്നും എനിക്ക് പോരാതെ വരുന്നു. ഒന്നിനും ഏതിനും നിന്നോളം ഭംഗിയില്ല.
ഒരു കാര്യമുണ്ട്. ഭവതിയോടല്ലാതെ ആരോട് പറയും ആ സുന്ദര കാഴ്ചയെപ്പറ്റി. . നടന്നിട്ട് അധികം നാൾ ആയിട്ടില്ല. രണ്ട് കുരുവികൾ മണ്ണിൽ കിടന്ന് ഉരുണ്ടു മറിയുന്ന ഒരു മനോഹര ദൃശ്യം ഞാൻ കണ്ടു. അവർ വായിൽ എന്തോ കൊടുക്കുന്നു, ഉരുണ്ടു മറിയുന്നു. ഒരു ശബ്ദവുമില്ല കോലാഹലങ്ങളുമില്ല. ഇടയ്ക്ക് ഒന്ന് ഒന്നിന്റെ തലയിൽ കൊത്തി പരുക്കേൽപ്പിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നു. ഒരെണ്ണം പറന്ന് സ്ഥലം വിട്ടു. മറ്റേത് അതാ മണ്ണിൽ. ഒരക്ഷരം മിണ്ടാതെ. ഞരങ്ങാതെ. മരിക്കാൻ കിടക്കുമ്പോൾ ദാഹജലം കൊടുത്തതാകും എന്ന് അപ്പോൾ തോന്നി. ജലം കൊടുത്തോട്ടെ എന്നു ചിന്തിച്ച് ഞാൻ മാറി നിൽക്കാം എന്ന് കരുതി തിരിഞ്ഞതും പറന്നു പോയ ആ കുരുവി പിന്നെയും വന്ന് മുറിവിൽ കൊത്തുന്നു. വായിൽ പകരുന്നു. ഉരുളുന്നു. മറിയുന്നു. ചാവാൻ കിടക്കുന്നു എന്ന് കരുതിയ കുരുവി അതാ പറന്നു പോകുന്നു. പിറകേ മറ്റേ കുരുവി പറന്നു ചെന്ന് ഇടിച്ചു വീഴ്ത്തി പിന്നെയും പഴയ മാതിരി പരിപാടികൾ തുടരുന്നു. സംഭവം ഇണക്കുരുവികൾ തമ്മിലുള്ള പ്രശ്നമായിരുന്നു എന്നെനിക്കപ്പോൾ മനസ്സിലായി. അവർ അങ്ങനെയാകും കാര്യങ്ങൾ പറഞ്ഞു തീർക്കുന്നത്. നമ്മൾ അങ്ങനെ എത്ര എത്ര പിണങ്ങിയിരിക്കുന്നു. ഉരുണ്ടു മറിഞ്ഞിരിക്കുന്നു. കുത്തി പരുക്കേല്പിച്ചിരിക്കുന്നു. ഇണങ്ങിയിരിക്കുന്നു. എനിക്ക്കുരുവികൾചെയ്തപോലെപ്രശനപരിഹാരംകണ്ടാൽകൊള്ളാമെന്നുഅപ്പോൾതോന്നികേട്ടോഎന്റെഭവതി. ഭവതിക്കാണേൽ ഇമ്മാതിരി പരിപാടികളോട് വളരെ ഇഷ്ട്ടവുമാണല്ലോ.. ആ കുരുവികൾ എപ്പോഴേ സ്നേഹിച്ചു തുടങ്ങിക്കാണും..
എന്തു ചെയ്യാം നീ എങ്ങോ മറഞ്ഞില്ലേ?
എന്റെ സ്വഭാവം ചിലനേരം വളരെ പരിതാപകരമായിരുന്നു എന്നുഞാൻ സമ്മതിക്കുന്നു. ചിലനേരമല്ല മിക്കപ്പോഴും. ഭവതി അതിമൃദുലമായി എന്നോട് പിണങ്ങിയും പരിഭവിച്ചും ഇരുന്നു. ഭവതിക്ക് വിഷമം തോന്നിയ സമയങ്ങൾ എന്നിൽ നിന്നും മറച്ചുവെച്ചില്ല . എനിക്ക് അതിനൊന്നും കഴിഞ്ഞില്ല ഭവതി. എനിക്ക് വിഷമം തോന്നിയപ്പോൾ ഞാൻ അത് മറച്ച് വളരെ പരുഷമായി പെരുമാറി. എന്റെ ഉള്ളിലെ ചിന്തകൾ വിചാരങ്ങൾ ഞാൻ അങ്ങനെ ഭവതിയെ അറിയിക്കാതെ മൂടുപടമിട്ടു മൂടി വെച്ചു. ‘ഭവതി അറിഞ്ഞാൽ എന്ത്?’ എന്ന് ഈ എഴുത്ത് വായിക്കുമ്പോൾ ഭവതിചോദിക്കും. ഭവതി അറിഞ്ഞാൽ എനിക്ക് ഭവതിയോട് തോന്നുന്ന മൃതു വികാരങ്ങളെ തുറന്നു സമ്മതിക്കേണ്ടി വരില്ലേ? സമ്മതിക്കേണ്ടി വന്നാൽ എന്ത്? സമ്മതിക്കേണ്ടി വന്നിരുന്നേൽ ഒന്നും ഇല്ലായിരുന്നു .. ഇപ്പോൾ ഭവതിയെ ഒന്ന് കണ്ട് എന്റെ ഉള്ളൊന്നു തുറക്കാൻ കഴിഞ്ഞെങ്കിൽ.. ഭവതിയെപ്പറ്റിയുള്ള ചിന്തകൾ എന്നെ എത്രയധികം ചൂട് പിടിപ്പിച്ചിരുന്നെന്നോ..എന്നിട്ടും ഭവതിക്ക് വേണ്ടുന്ന ബഹുമാനം ഞാൻ തന്നില്ല. എന്റെ ജീവിതത്തിലെ ഇത്രയേറെ പ്രധാനപ്പെട്ട ആളായിട്ടുകൂടി അതൊന്നും വകവെക്കാതെ ഭവതിയെ ഞാൻ..
എനിക്ക് ഗൾഫിൽ കൊള്ളാവുന്ന ഒരു ഉദ്യോഗം ശെരിയായിട്ടും എത്രെയും വേഗം കയറിവരണം എന്ന് എന്നെ അറിയിച്ചിട്ടും ഓരോ ഒഴിവു പറഞ്ഞ് ഒരു മാസം ഞാൻ പിടിച്ചുനിന്നു. ഭവതി തിരികെ വരും എന്ന് കരുതി. ഭവതിയോട് എന്നെ കാത്തിരിക്കണം എന്ന് പറഞ്ഞിട്ട് പോകാൻ വേണ്ടി. ഭവതിക്ക് ഞാൻ അയച്ച കത്തുകൾ ആരും കൈപ്പറ്റാതെ മടങ്ങി വന്നു. ഭവതി വേറെ എങ്ങോ താമസം മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ജോലി രാജിവെച്ച് പോയത്? എന്നോട് ഒരു വാക്ക് പോലും പറയാതെ.. ഭവതിയുടെ വിവാഹം കഴിഞ്ഞോ? ഞാൻ ഭവതിയെ സ്നേഹിക്കുന്നില്ല എന്ന് കരുതിയാണോ എന്നോട് ഒന്നും പറയാതെ പോയ്ക്കളഞ്ഞത് ? ഈ കത്ത് ഭവതി കൈപ്പറ്റാതെ തിരികെ വരുമ്പോൾ ഇത് വാങ്ങാൻ ഞാൻ ഇവിടെ കാണില്ല. ആ ജോലി ഞാൻ എന്റെ അമ്മയെപറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ശാലിനിയുടെ കത്തുണ്ടോ എന്ന് പ്രത്യേകം പോസ്റ്റ്‌മാസ്റ്ററോട് അന്വേഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
ഒരായിരം ക്ഷമ ചോദിക്കുന്നു.. ഒരായിരം.. ഭവതി ആഗ്രഹിക്കും പോലെ ഞാൻ മാറും, ഭവതിയെ ഇനി ഒരിക്കലും കണ്ടില്ല എങ്കിലും. ഒരു പക്ഷേ നമ്മൾ ഏറ്റവും സ്നേഹിക്കും ജന്മം നമ്മൾ ഇനിയും കണ്ടു എന്ന് വരാം. അടുത്ത ജന്മം ഭവതിയും ഞാനും മനുഷ്യരായിത്തന്നെ ജന്മം എടുത്തെങ്കിൽ.. ചിലപ്പോൾ ഞാനൊരു കാണ്ടാമൃഗവും ഭവതി ഒരു പുഷ്പവും ആയെങ്കിലോ! നമ്മൾ ഒരേ കാലം മനുഷ്യരാകാതെ ഇരുന്നാലോ. . അങ്ങനെ എന്നെ ശിക്ഷിക്കാൻ ദൈവത്തിനു തോന്നിയാൽ. . ഞാൻ ഭവതിയെ നിന്നിച്ചതോർത്തു എന്നെ ശിക്ഷിച്ചാൽ!
ഞാൻ മുഴുവനായി വാടിപ്പോയിരിക്കുന്നു. കൈകാലുകൾ തളർന്നിരിക്കുന്നു. അല്ല.. ആരോ കൂട്ടിക്കെട്ടിയിരിക്കുന്നു. ഒന്നും ചെയ്യാൻകഴിയുന്നില്ല. തീരാദുഃഖം വന്ന് പിടിപെട്ടപോലെ തോന്നുന്നു.. ഞാനൊരു നിത്യരോഗിയായി മാറിയോ? അറിയത്തില്ല.. എന്നെ ആർക്കും ഈ മനോവിഷമത്തിൽ നിന്നും രക്ഷിക്കാൻ സാധ്യമല്ല. ഭവതിക്കല്ലാതെ..
ഭവതി പോകാതെഇരുന്നെങ്കിൽ.. എന്നെ ഒന്ന്വിളിച്ച്എന്റെഅരികിലേക്ക്പരിഭവംപറഞ്ഞ്ഓടിവന്നെങ്കിൽ... എന്നെ ഒന്ന് നോക്കിയെങ്കിൽ.. അല്പ്പം സ്നേഹം തന്നെങ്കിൽ.. അല്പമോ..! കൊള്ളാം.. എനിക്ക് സ്നേഹം നല്ലപോലെ വാരിക്കോരി തന്നെങ്കിൽ.. ഭവതിയുടെ സ്നേഹത്തിനല്ലാതെ എന്തിനുവേണ്ടിയാണു ഞാൻ വിങ്ങുന്നത്..
കാത്തിരിക്കുന്നു നിറകണ്ണുകളോടെ..
എന്ന്
എന്നും സ്വന്തം അപ്പുവേട്ടൻ..
ദിവസങ്ങൾ കഴിഞ്ഞു..
ശാലിനിയുടെ കത്ത്... പോസ്റ്റ്‌മാസ്റ്റർ കൂകി വിളിച്ചു.. അപ്പുവേട്ടന്റെ അമ്മ വെപ്രാളത്തോടെ കത്ത് കൈപ്പറി. ആ കത്തിൽ ഒറ്റവരി മാത്രം..
‘ഞാൻ കാത്തിരിക്കുന്നു അപ്പുവേട്ടാ..’