അരുണാചല്‍ പ്രദേശില്‍ വച്ച് മലയാളി ദമ്പതികളും അവരുടെ സുഹൃത്തായ അധ്യാപികയും ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയാക്കിയത് ദുര്‍മന്ത്രവാദം വഴി പുനര്‍ജന്മം സ്വപ്നം കാണുന്ന സാത്താന്‍ സേവാ സംഘടനയുടെ പ്രലോഭനമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു. കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (40), ഭാര്യ ദേവി (40), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞ ദിവസം അരുണാചലിലെ ജിറോയിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ജിറോയിലുള്ള 'ബ്ലൂപൈന്‍' ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വരഞ്ഞ മുറിവുണ്ട്. ആര്യയുടെ മൃതദേഹത്തില്‍ കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. ദേവിയുടെയും കൈകളിലും മുറിവേറ്റിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയില്‍ നിന്ന് കണ്ടെത്തി. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സ്ത്രീകള്‍ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതാകാമെന്ന് ഇറ്റാനഗര്‍ പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ മാസം 28-നാണ് മൂന്ന് പേരും ഹോട്ടലില്‍ എത്തിയത്. പിറ്റെ ദിവസം മുതല്‍ ഇവരെക്കുറിച്ചുള്ള വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലാണ്. ദേവിയുടെ മൃതദേഹം തറയിയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. നവീന്‍ തോമസിന്റെ ജഡം കുളിമുറിയിലായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെയെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
''സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു...'' എന്നെഴുതിയ ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദമ്പതിമാരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'പുനര്‍ജ്ജനി' എന്ന സാത്താന്‍ സേവാ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്താമെന്നു കണക്കുകള്‍ കൂട്ടുന്നവരാണ് ഈ സംഘടനക്ക് പിന്നിലുള്ളത്. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇവര്‍ ഇന്റര്‍നെറ്റില്‍ മരണാനന്തര ജീവിതത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതായി ഫോണ്‍ റെക്കോഡില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് 'കാവില്‍' പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ്നഗറിലെ അധ്യാപിക ലത മങ്കേഷിന്റെയും ഏക മകളാണ് ദേവി (40). ഭര്‍ത്താവ് നവീന്‍ തോമസ് (40) കോട്ടയം മീനടം നെടുംപൊയ്കയില്‍ റിട്ടേഡ് ഇന്‍കംടാക്സ് ഉദ്യോഗസ്ഥനായ എം.വി തോമസിന്റെയും കെ.എഫ്.സ് റിട്ടയേഡ് മാനേജര്‍ അന്നമ്മ തോമസിന്റെയും മകനാണ്. നവീന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്.
തിരുവനന്തപുരം ചെമ്പക സ്‌കൂളിലെ അധ്യാപികയാണ് ആര്യാ നായര്‍ (29). വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം മേലേത്തുമേലെ ജംങ്ഷന്‍ ശ്രീരാഗത്തില്‍, എച്ച്.എല്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന കെ അനില്‍കുമാറിന്റെയും ജി ബാലാംബികയുടെയും ഏക മകളാണ് ആര്യ. തിരുവനന്തപുരം അയുര്‍വേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. 13 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മിശ്രവിവാഹമായിരുന്നു.
ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു നവീനും ദേവിയും. പിന്നീട് പ്രാക്ടീസ് അവസാനിപ്പിച്ച നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലേക്കും ദേവി അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇന്നലെ (ഏപ്രില്‍ 2) രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
നവീന്റെയും ദേവിയുടെയും മരണവാര്‍ത്ത കുടുംബത്തിന് വിശ്വസിക്കാനാവുന്നില്ല. ''നവീനിന്റേയും ദേവിയുടേയും ജീവിതം വളരെ സന്തോഷമുള്ളതായിരുന്നു. ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ല. നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവര്‍ അരുണാചലില്‍ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്....'' ദേവിയുടെ പിതാവ് ബാലന്‍ മാധവന്‍ പറഞ്ഞു. ഒരു വര്‍ഷമായി കോട്ടയത്തെ നവീന്റെ വീട്ടില്‍ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു എന്ന വിവരവും ലഭിക്കുന്നുണ്ട്.
വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് 27 മുതലാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ആര്യ വീട്ടുകാരോടൊന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയും വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായി.
ഇവര്‍ വിമാന മാര്‍ഗം അരുണാചലിലെ ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തി. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് വീട്ടില്‍പറഞ്ഞതിനാല്‍ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കള്‍ അവരേപ്പറ്റി അന്വേഷിച്ചിരുന്നില്ല. ഇവര്‍ മാര്‍ച്ച് 26-നാണ് കോട്ടയത്തെ വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് കൂട്ടമരണത്തിന്റെ വിവരം ലഭ്യമായത്.
***
നവീന്‍-ദേവി ദമ്പതികളുടെയും ആര്യ നായരുടെയും ഹുരൂഹ മരണം 'സാത്താന്‍ സേവ'യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിടും. പരിഷ്‌കൃത ലോകത്ത് പ്രബുദ്ധരും അഭ്യസ്തവിദ്യരായ വ്യക്തികളും കടുത്ത അന്ധവിശ്വസത്തിനടിമകളായി സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തുന്നുവെന്നത് കഷ്ടമാണ്. കേരളത്തില്‍ സാത്താന്‍ സേവക്കാര്‍ പലകാലങ്ങളിലും തങ്ങളുടെ ഗൂഢലക്ഷ്യങ്ങളുമായി അവതരിക്കാറുണ്ട്. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും കൂടോത്രവും ബ്ലാക്ക് മാസുമെല്ലാം ഒരേഗണത്തില്‍പ്പെട്ടവ തന്നെയാണ്. തിരുവനന്തപുരത്ത് ബ്ലാക് മാജിക് കേന്ദ്രങ്ങള്‍ ഉണ്ടെന്നും രക്തം ആണ് പ്രധാന തീര്‍ത്ഥം എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ഉണ്ടെന്ന് പറയപ്പെടുന്ന സാത്താന്‍ സേവക്കാരുടെ തീര്‍ത്ഥം ആര്‍ത്തവ രക്തമാണത്രേ.
കൊച്ചി കേന്ദ്രമായി സാത്താന്‍ ആരാധന വര്‍ധിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്ലാക്ക് മാസ് അഥവാ 'കറുത്ത കുര്‍ബാന' എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധന കേരളത്തിലും വ്യാപകമാകുന്നുണ്ടെന്നും ഇതിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി 2012-ല്‍ പുറത്തിറക്കിയ ഒരു പഠന രേഖയില്‍ നിര്‍ദേശിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താന്‍ ആരാധന എന്ന പേരില്‍ അറിയപ്പെടുന്ന കറുത്ത കുര്‍ബാനയുടെ തുടക്കം. റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കുര്‍ബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്.
കറുത്ത കുര്‍ബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ ഇപ്രകാരം പറയുന്നു... സ്ത്രീയുടെ നഗ്ന ശരീരമാണ് കറുത്ത കുര്‍ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.
പൈശാചിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാര്‍ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുര്‍ബാന പ്രതിഷ്ഠിച്ച അള്‍ത്താരയും സക്രാരിയുമായി കാര്‍മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത്.
കുര്‍ബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോള്‍ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാര്‍മികന്‍.