Image

സംശയം (കഥ: ഷിജു)

Published on 05 April, 2024
സംശയം (കഥ: ഷിജു)

"എന്ത് ചെയ്താലും അങ്ങോർക്ക് സംശയമാ ഡോക്ടറെ? എന്നെ ഈ പ്രായത്തിലും തീരെ വിശ്വാസമില്ല.എന്റങ്ങോർക്ക് വട്ടാണ് സാറെ."

"നിങ്ങൾ ഒരു ഇൻസിഡന്റ് പറയൂ?എന്ത് കാര്യത്തിലാണ് അദ്ദേഹത്തിന് സംശയം?"

"എനിക്കൊരു ദിവസം ഓഫിസിൽ ഓഡിറ്റ് ആയിരുന്നു. അന്ന് രാത്രി ഒരു പത്തു മണിക്കാണ് ഞാൻ വീട്ടിൽ എത്തുന്നത്. എന്റെ ഓഫീസിലുള്ള ദീപക്കാണ് അന്നെന്നെ വീട്ടിൽ കൊണ്ട് വിട്ടത്.അവനും അതേ ഫ്ലാറ്റിലാ താമസിക്കുന്നത്.എന്റെ മോന്റെ പ്രായത്തിലുള്ള പയ്യനാ. എന്റങ്ങോരു തുടങ്ങിയില്ലേ ദേഷ്യം പിടിക്കാൻ? നീ ഓഫീസിൽ തന്നെ നിക്കുമെന്ന് പറഞ്ഞു എന്തിനാ ഇപ്പൊ ഈ പയ്യന്റെ കൂടെ വന്നത്? ഇത് സേഫ് ആണോന്നൊക്കെ? പിന്നെ രാത്രി എല്ലാരും പൊയ്ക്കഴിഞ്ഞു ഞാൻ ഓഫീസിൽ തനിച്ചു നിൽക്കണമായിരുന്നോ എന്നു ചോദിച്ചു ഞാനും തിരിച്ചു പറഞ്ഞു.അത് കുറച്ചു ദിവസം കഴിഞ്ഞു തീർന്നു. പിന്നെ കഴിഞ്ഞ ദിവസം വീണ്ടും എന്റങ്ങോര് ദീപക്കിന്റെ ഭാര്യയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്ത് അവന്റെ വീട്ടിലും വലിയ പ്രശ്നമായി."

"ഇനി നിങ്ങളുടെ ഹസ്ബൻഡിനോട്‌ അകത്തു വരാൻ പറയൂ. ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ."

അയാളകത്ത് വന്നു ഡോക്ടറുടെ മുന്നിൽ വിഷമിച്ചിരുന്നു.

"നിങ്ങൾക്കെന്താണ് പറയാനുള്ളത്?"

"ഡോക്ടറെ,എന്റെ ഭാര്യക്ക് സംശയരോഗമാണ്. ഒരു ദിവസം അവൾ പറഞ്ഞു ഓഫീസിൽ പിറ്റേന്ന് ഓഡിറ്റ് ആണെന്ന്.അന്ന് വരില്ലെന്ന്.എന്നിട്ട് രാത്രിയായപ്പോ കേറി വന്നു. അവളില്ലാത്തത് കൊണ്ട് താഴത്തെ ഫ്ലാറ്റിലെ ദീപക്കിന്റെ ഭാര്യ പ്രിയയാണ് എനിക്ക് ഫുഡ്‌ കൊണ്ട് തന്നത്. അതും ദീപക് പറഞ്ഞിട്ട്. അവൾ രാത്രി കേറി വന്നപ്പോ പ്രിയയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പ്രിയ പോയി കഴിഞ്ഞു എന്റെ വൈഫ് ആകെ ദേഷ്യപ്പെടലും പ്രിയ കൊണ്ട് വന്ന ഫുഡ് വലിച്ചെറിയലും ഒക്കെയായി. ഞാനീ പ്രായത്തിൽ എന്ത് ചെയ്യാനാ ഡോക്ടറെ? അവളിപ്പോ ഓരോന്ന് പറഞ്ഞു ആകെ സഹായിക്കാനുള്ള ആ ഫാമിലിയും മിണ്ടാതെയായി."

വീൽ ചെയറിൽ ഇരിക്കുന്ന മാന്യദ്ദേഹത്തെ നോക്കി ഡോക്ടർ നെടുവീർപ്പിട്ടു. 
'ഇതിലിപ്പോ ആരെ വിശ്വസിക്കും?ആരെ സംശയിക്കും?'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക