Image

നോക്കി നിൽക്കെ പകൽ പോയി മറഞ്ഞു; ആകാശത്തിലെ അത്ഭുത കാഴ്ചയായി സൂര്യഗ്രഹണം (ജോര്‍ജ് തുമ്പയില്‍)

Published on 09 April, 2024
നോക്കി നിൽക്കെ പകൽ പോയി  മറഞ്ഞു; ആകാശത്തിലെ അത്ഭുത കാഴ്ചയായി  സൂര്യഗ്രഹണം (ജോര്‍ജ് തുമ്പയില്‍)

കെ.എസ്. സേതുമാധവന്‍ സംവിധായകനായി 1971-ല്‍ 'ഒരു പെണ്ണിന്റെ കഥ' എന്ന പേരില്‍ ഒരു സിനിമയുണ്ടായിരുന്നു. വയലാറിന്റെ വരികളും, ദേവരാജന്റെ സംഗീതത്തിലും ഗായകന്‍ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം

സൂര്യഗ്രഹണം, സൂര്യഗ്രഹണം
ഗ്രഹണം കഴിഞ്ഞാല്‍ അസ്തമനം
അസ്തമനം, അസ്തമനം.

നിത്യപ്രകാശത്തെ കീഴടക്കുന്ന
നിഴലിന്‍ പ്രതികാരം
അപമാനിതയായ് പിറകെ നടന്നൊരു
നിഴലിന്‍ പ്രതികാരം

എന്നിങ്ങനെ പോകുന്ന ആ ഗാനം സത്യന്‍ മാഷിന്റെ ഗംഭീര അഭിനയം കൂടിയായ ഈ സിനിമ ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം, ഇന്ന് നടന്ന സൂര്യഗ്രഹണം തന്നെയാണ്.  ഇനി ഇതുപോലെയൊന്ന് കാണണമെങ്കില്‍ 2044 ഓഗസ്റ്റ് 23 വരെ കാത്തിരിക്കണം. മെക്‌സിക്കോയിലെ മസാറ്റിയോനില്‍ ഉച്ചകഴിഞ്ഞ് 2.07 (ഈസ്‌റ്റേണ്‍ ടൈം) -ന് പ്രത്യക്ഷപ്പെട്ട സൂര്യഗ്രഹണം ഡാളസ്, അര്‍ക്കന്‍സാ, മിസൂറി, ഇന്ത്യാനാ പോലീസ്, ക്ലീവ് ലാന്‍ഡ്, ഒഹായോ, നയാഗ്ര ഫോള്‍സ്, വെര്‍മോണ്ട്, മെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പൂര്‍ണ്ണമായി കാണുവാന്‍ കഴിഞ്ഞു. ''ടോട്ടാലിറ്റി' എന്നാണ് ഇതറിയപ്പെടുക. ന്യൂജേഴ്‌സിയില്‍ ഞങ്ങള്‍ നിന്നിരുന്ന ഭാഗത്ത് മേഘങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും 'ടോട്ടാലിറ്റി' ദര്‍ശിക്കാനായില്ല, 91 ശതമാനം വരെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. 

എല്ലാ കേന്ദ്രങ്ങളിലും വമ്പിച്ച ജനസഞ്ചയമാണ് കാണാന്‍ കഴിഞ്ഞത്. ഡാളസ് കാഴ്ചബംഗ്ലാവില്‍ മൃഗങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കാന്‍ പ്രത്യേകം ഫോറവും ഒരുക്കിയിരുന്നു. 

സൂര്യഗ്രഹണ സമയത്ത് കണ്ണുകള്‍ക്ക് പരിരക്ഷ നല്‍കുന്നതിനെപ്പറ്റി നാസ പ്രത്യേക നിര്‍ദേശവും നല്‍കിയിരുന്നു. സൂര്യനെ നോക്കിയാൽ കണ്ണുകള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പകല്‍ സമയം സന്ധ്യയെന്ന രീതിയിലാണ് സൂര്യഗ്രഹണ സമയം വീക്ഷിക്കാവുന്നത്. ഓരോ കേന്ദ്രങ്ങളിലും ആ സ്ഥലങ്ങളുടേയും സൂര്യന്റേയും ഗതിവിഗതികള്‍ അനുസരിച്ച് 4 മുതല്‍ 7 മിനിട്ട് വരെ നീണ്ടുനിന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണമായും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. 

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ വരവോടെയാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അറിവുകേടുകള്‍ കുറയെങ്കിലും മാറിയത്. 

സൂര്യഗ്രഹണത്തിന് മുന്നോടിയായി  അർക്കൻസാ ഗവര്‍ണര്‍ സാറാ ഹക്കമ്പി ഡാന്‍ഡേഴ്‌സ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്‌സിക്കോ മുതല്‍ മെയ്ന്‍ വരെയുള്ള നൂറുകണക്കിന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരുന്നു. 

കണ്ണിന് ആനന്ദകരമായ കാഴ്ചയായിരുന്നു എന്ന് കണ്ടവര്‍ പറയുന്നു. ഇതൊരു മാജിക്കല്‍ മൊമന്റ് എന്ന് കണക്ടിക്കട്ടിലെ വില്‍ട്ടണില്‍ നിന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാമുവല്‍ പാണച്ചേരി പറഞ്ഞു. ഇത്രയും വിസ്മയകരമായ ഒരു കാഴ്ച കണ്ടിട്ടില്ല. 2044-ലെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണവും കാണാന്‍ കാത്തിരിക്കുകയാണ്. രോമാഞ്ചം ഉള്ളതായി ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ക്വീന്‍സിലുള്ള തോമസ് മത്തായി പറഞ്ഞു. ആദരമന്വിതമായ അത്ഭുതമായി മൗണ്ട് ഒലീവ് ടൗണ്‍ഷിപ്പിലുള്ള നിതിന്‍ ഏബ്രഹാം സൂര്യഗ്രഹണത്തെപ്പറ്റി പറഞ്ഞു. 

ഗ്രഹണം കഴിഞ്ഞാല്‍ അസ്തമനം എന്ന് 3 പ്രാവശ്യം തറപ്പിച്ചാണ് വയലാറിന്റെ വരികള്‍ അവസാനിക്കുന്നത്. 

നിത്യ പ്രകാശത്തെ കീഴടക്കുന്നു
നിഴലിന്‍ പ്രതികാരം
അപമാനിതയായ് പിറകെ നടന്നൊരു
നിഴലിന്‍ പ്രതികാരം...
എത്ര സുന്ദരമായ വരികള്‍ക്കാണ് വയലാര്‍ തൂലിക ചലിപ്പിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക