Image

സ്വന്തം കൊടിപിടിക്കാനാകാതെ കോണ്‍ഗ്രസ്സ് (ലേഖനം: സാം നിലംപള്ളില്‍)

Published on 10 April, 2024
സ്വന്തം കൊടിപിടിക്കാനാകാതെ കോണ്‍ഗ്രസ്സ് (ലേഖനം: സാം നിലംപള്ളില്‍)

അധഃപതിച്ചാല്‍ എത്രത്തോളം താഴാമെന്ന് കാണിച്ചുകൊടുക്കയാണ് ഒരിക്കല്‍ ഇന്‍ഡ്യ ഭരിച്ചിരുന്ന പാര്‍ട്ടി. അതെ കോണ്‍ഗ്രസ്സിനെപറ്റി തന്നെയാണ് പറയുന്നത്. ഇങ്ങനെയൊരു ഗതികേട് ശത്രുക്കള്‍ക്കുപോലും വരുത്തരുതേയെന്ന് പിണറായി വിജയന്‍പോലും പ്രാര്‍ഥിച്ചുപോകും. പിണറായി ഇവരേക്കാള്‍ എത്രത്തോളം അന്തസ്സുള്ളവനാണ്. അദ്ദേഹത്തിന് സ്വന്തംപാര്‍ട്ടിയുടെ കൊടിപിടിക്കാനുള്ള ആത്മവിശ്വാസമുണ്ട്. ഒരിക്കല്‍ കോണ്‍ഗ്രസ്സുകാരായിരുന്നവര്‍,ഞാനുള്‍പ്പെടെ, ഈപാര്‍ട്ടിയുടെ പതനത്തില്‍ ദുഃഖിതരാണ്.

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധി അവിടെ ഗംഭീരമായ ഒരു റോഡ്‌ഷോ നടത്തുകയുണ്ടായി.  മുസ്‌ളീം ലീഗുകാരും നല്ലവരായ ക്രിസ്ത്യാനികളുമായിരുന്നു റോഡ്‌ഷോയില്‍ പങ്കെടുത്തത്. ലീഗിന് ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള എതിര്‍പ്പ് മനസിലാക്കാം. ക്രിസ്താനികള്‍ക്ക് ബി ജെ പിയോട്  വിരരോധത്തിനുള്ള കാരണം മണിപ്പൂരില്‍ നരേന്ദ്ര മോദി  അവരുടെ പള്ളികള്‍ തകര്‍ത്തെന്നും കുഞ്ഞാടുകളെ കൊന്നൊടുക്കിയെന്നും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും പറഞ്ഞുപരത്തിയത്  ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണ്. തന്നെയുമല്ല സോണിയ ഗാന്ധിയും മക്കളും സത്യക്രിസ്ത്യാനികള്‍ ആയതുകൊണ്ട്  അവരോടൊപ്പം നിന്നില്ലെങ്കില്‍ കര്‍ത്താവ് പൊറുക്കത്തില്ല. മരിച്ച് മണ്ണടിഞ്ഞ് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ അദ്ദേഹം ചോദിക്കും നമ്മുടെ സഭാവിശ്വാസിയായ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ നീയെന്താ അവിശ്വാസികളുടെ പാര്‍ട്ടിക്ക് വോട്ടുചെയ്തത്. അങ്ങനെയൊരു ചോദ്യം ഒഴിവാക്കാനാണ് വയനാട്ടിലെ ക്രിസ്ത്യാനികള്‍  രാഹുലിനെ കഴിഞ്ഞപ്രാവശ്യം വന്‍ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതും ഇപ്രാവശ്യം ജയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതും. ഇതൊക്കെ ഏതുപൊട്ടനും മനസിലാക്കാവുന്ന കാര്യങ്ങളാണ്. ഒരു ക്രിസ്ത്യാനിയായ രാഹുല്‍ ഗാന്ധി ഇന്‍ഡ്യയുടെ പ്രധാനമന്ത്രി  ആകു—ന്നത് സഭാവിശ്വാസികള്‍ക്ക് അഭിമാനകരവുമാണ്.

മേല്‍പറഞ്ഞതൊക്കെ തനി വര്‍ഗീയതയാണന്നറിയാം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും പത്രങ്ങളും പച്ചയായി വര്‍ഗീയതപറയുമ്പോള്‍ കുറച്ചൊക്കെ എനിക്കും പറയുന്നതിലെന്താ കുഴപ്പം?

കേരളത്തിലെ മുസ്‌ളീം ലീഗ് ഒറ്റക്ക് മത്സരിച്ചാല്‍ രണ്ട് പാര്‍മെന്റ് സീറ്റുകളിലും പതിനഞ്ചോളം അസംബ്‌ളി സീറ്റുകളിലും വിജയിക്കാന്‍ സാധിക്കും. കോണ്‍ഗ്രസ്സിന് അവരുടെ സഹായമില്ലാതെ വയനാട്ടില്‍പോലും ജയിക്കാന്‍ സാധിക്കില്ല. ലീഗിന് പോകാന്‍ മറ്റൊരിടമില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ്സിന്റെകൂടെ നില്‍കുന്നത്. എല്‍ ഡി എഫില്‍പോയാല്‍ അവര്‍ ഒതുക്കുമെന്നത് നിശ്ചയം. യു ഡിഎഫില്‍ കാട്ടുന്നതുപോലെയുള്ള താന്‍പ്രമാണിത്തം അവിടെ പറ്റില്ല. അഞ്ചാം മന്ത്രിസ്ഥാനം പോയിട്ട് മൂന്നാംസ്ഥാനംപോലും കിട്ടില്ല. അപ്പോള്‍ കോണ്‍ഗ്രസ്സിന്റെകൂടെ നില്‍കുകയല്ലേ നല്ലത്. പരസ്പരസഹായത്തിലൂടെ  രണ്ടുപേര്‍ക്കും നേട്ടമുണ്ടാക്കുയും ചെയ്യാം.

അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനി വെല്ലുവിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാകാതെ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചിരിക്കയാണ് രാഹുല്‍ ഗാന്ധി. അതിന്റെ മുന്നോടിയായിട്ടാണ് ലീഗിന്റെയും നല്ലവരായ ക്രിസ്ത്യാനികളുടെയും സഹായത്തോടെ ഗംഭീരമായ റോഡ്‌ഷോ നടത്തി ഇറാനിയെ വിറപ്പിച്ചത്. കഴിഞ്ഞപ്രാവശ്യം മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ പതാകയോടൊപ്പം ലീഗിന്റെ പച്ചക്കൊടിയും പ്രദര്‍ശ്ശിപ്പിച്ചായിരുന്നു പ്രകടനം. വടക്കേ ഇന്‍ഡ്യയില്‍ ലീഗിന്റെ പച്ചക്കൊടി പാകിസ്ഥാന്റേതാണന്ന് തെറ്റിധരിച്ച വോട്ടര്‍മാരാണ് രാഹുലിനെ അമേഠിയില്‍ തോല്‍പിച്ചത്. 

ഇന്‍ഡ്യയെ വിഭജിച്ച മുസ്‌ളീം ലീഗിനോട് വടക്കേയിന്‍ഡ്യക്കാര്‍ക്ക് അടങ്ങാത്ത അമര്‍ഷമുണ്ട്.  വിഭജനകാലത്തെ വര്‍ഗീയ ലഹളകളും പാകിസ്ഥാന്‍ ഭീകരവാദികളുടെ അക്രമങ്ങളും യുദ്ധങ്ങളും പറഞ്ഞറിയിക്കാന്‍ വയ്യാത്തവിധം ദുരിതങ്ങളാണ് അവര്‍ക്ക് നല്‍കിയത്. ഇതൊന്നും കേരളമക്കള്‍ക്ക് അറിയാവുന്ന കാര്യങ്ങളല്ല. യുദ്ധമെന്ന് കേട്ടിട്ടുള്ളതല്ലാതെ അതെന്താണന്നും അതിന്റെ ഭീകരത എത്രത്തോളമുണ്ടന്നും അനുഭവിച്ചിട്ടില്ലാത്തവരാണ് മലയാളികള്‍.  വടക്കേ ഇന്‍ഡ്യക്കാരന്‍ പട്ടിണിയും ഉറങ്ങാത്ത ഭീകരരാത്രികളുമായി ജീവിതം നരകിക്കുമ്പോള്‍ മലയാളി കപ്പപുഴുങ്ങിയത് മുളകുചമ്മന്തിയും ഉണക്കമത്തി ചുട്ടതുംകൂട്ടി കഴിച്ച് സുഹമായി ഉറങ്ങുകയായിരുന്നു.

ലീഗിന്റെ പച്ചക്കൊടി കാണുന്നത് വടക്കര്‍ക്ക് ചെകുത്താന്‍ കുരിശുകാണുന്നതുപോലെയാണ്. കഴിഞ്ഞപ്രാവശ്യത്തെ അബദ്ധം പറ്റാതിരിക്കാനാണ് ഇപ്പോള്‍ മുസ്‌ളീം ലീഗിന്റെ പച്ചക്കൊടി പിടിക്കാതതന്നെ അണികളെ പങ്കെടുപ്പിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പാണക്കാട്ടുചെന്ന്  ശിഹാബ് തങ്ങളോട് പറഞ്ഞത്. അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍മതിയെന്ന്  തങ്ങള്‍.  നിങ്ങള്‍ക്ക് ഞങ്ങടെ വോട്ടുവേണം കൊടിവേണ്ട. കൊടിയില്ലാതെ ഞങ്ങളുടെ അനുയായികള്‍ ജാഥയില്‍ പങ്കെടുക്കില്ല. ഇനിയിപ്പം എന്തുചെയ്യും? ഉച്ചക്ക് ആടുബിരിയാണിയും കഴിച്ച് ഓരോ സുലൈമാനിയും കുടിച്ച് വിശ്രമിക്കുമ്പോളാണ് കെ.സി വേണുഗോപാലിന് ചെറിയൊരു ബുദ്ധി ഉദിച്ചത്. ലീഗിന്റെ കൊടിയുംവേണ്ട ഞമ്മന്റെ  ത്രിവര്‍ണ പതാകയും വേണ്ട., പകരം പച്ചയും വെള്ളയും നീലയുമായ ബലൂണുമായി രണ്ടുപാര്‍ട്ടികളുടെയും അനുയായികള്‍ ജാഥയില്‍ പങ്കെടുക്കട്ടെ. അങ്ങനെയാണ് രാഹുലിന്റെ റോഡുഷോയില്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും കൊടികള്‍ കാണാതെപോയത്. സത്യമേവ ജയതേയെന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന മലയാള പത്രങ്ങള്‍ ഇതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. എന്നാല്‍ കേരളത്തിന് വെളിയിലുള്ള ബൂര്‍ഷ്വപത്രങ്ങള്‍  ബലൂണുമായി രാഹുല്‍ നടത്തിയ റോഡ്‌ഷോ പ്രധാന്യംനല്‍കി പ്രസിദ്ധീകരിച്ചു. 

ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടന കാത്തുസൂക്ഷിക്കാനും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുക. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം അപകടത്തിലാകും, ഭരണഘടന കത്തിക്കും. ഇതാണ് യു ഡി എഫും എല്‍ഡിഫും ഏകസ്വരത്തില്‍ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ഇവര്‍ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിലും മറ്റുസംസ്ഥാനങ്ങളില്‍ ഭായി ഭായിയാണ്. സി പി ഐയുടെ അഘിലേന്ത്യ സെക്രട്ടറയായ രാജ പറയുന്നത് രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ്. ഇതേ രാജയുടെ പ്രിയപത്‌നി ആനി രാജയാണ് വയനാട്ടില്‍ രാഹുലിന്റെ എതിരാളി. എന്തൊരു വിരോധാഭാസം. ആനി രാജ തോറ്റുകൊടുക്കണമെന്നാണോ സി പി ഐ സെക്രട്ടറിയുടെ ആവശ്യം. 

പരാജയം മുന്നില്‍കണ്ട് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മുന്‍കൂര്‍ജാമ്യമെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വോട്ടിങ്ങ് മെഷീനില്‍ കൃത്രിമംകാട്ടിയാണ് ബി ജെ പി വിജയിക്കുന്നതെന്നാണ് പുതിയ പ്രചരണം. കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസ്സ വിജയിച്ചപ്പോള്‍ വോട്ടിങ്ങ്‌മെഷീന്‍ നല്ലത്. രാജസ്ഥാനിലും മധ്യപ്രദേശിലും തോറ്റപ്പോള്‍ മെഷീന്‍ ബി ജെ പി അനുഭാവി. ഇങ്ങനെയുള്ള തരികിടകളുമായി കോണ്‍ഗ്രസ്സിന് എങ്ങുമെത്താന്‍ സാധിക്കില്ല., ഒരിക്കലും ഇന്‍ഡ്യ ഭരിക്കാന്‍ സാധിക്കില്ല.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക