''സാറേ,ഷട്ടിലിന്റെ കാര്യം മറക്കല്ലേ..'' എന്ന് പറഞ്ഞു കൊണ്ട് രാവിലെ വീട്ടിലേക്ക് വന്നവരെ കണ്ടപ്പോള്‍ ഒരു നിമിഷം ചിന്താക്കുഴപ്പത്തിലായി. അവിടുത്തെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്‌ളബ്ബുകാരായിരിക്കണം, ഞാനോ ഭാര്യയോ ഷട്ടില്‍ സ്‌പോണ്‍സര്‍ ചെയ്തു കാണണം.
''സാറേ,നമ്മുടെ ചിഹ്നം ഷട്ടില്‍ മറക്കല്ലേ,സാറിന്റെയും കുടുംബത്തിന്റേയും വോട്ട് ഷട്ടിലില്‍ തന്നെ കുത്തണേ?''
വന്നവരിലൊരാളുടെ അഭ്യര്‍ത്ഥന കേട്ടപ്പോഴാണ് കാര്യം മനസ്സിലായത്.
''അത് പിന്നെ പ്രത്യേകം പറയണോ,നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് ചെയ്യാനാ..'' എല്ലാ പാര്‍ട്ടിക്കാരോടും പറഞ്ഞതു പോലെ അവരോടും പറഞ്ഞു.ആരാണ് ജയിക്കുകയെന്ന് അറിയില്ലല്ലോ.''ശരി,സാറേ വളരെ സന്തോഷം,,'' അവര്‍ യാത്ര പറഞ്ഞിറങി.
ഞാന്‍ പത്രം കയ്യിലെടുത്തു. അപ്പോള്‍ പ്രിയതമ സ്‌നേഹപൂര്‍വ്വം അടുത്തു വന്ന് ഒരു ചോദ്യം.'' എന്തൊക്കെയാ ചേട്ടാ,പ്രധാന വാര്‍ത്തകള്‍..ഒന്ന് വായിച്ചേ..''
പ്രിയതമയുടെ ഉദ്ദേശം എനിക്ക് മനസ്സിലായി.പണ്ട് ചായക്കടകളിലൊക്കെ ഉണ്ടായിരുന്നതു പോലെ ഉച്ചത്തില്‍ വായിച്ചാല്‍ കാര്യം എളുപ്പമായല്ലോ.ലോകത്തെ ഏറ്റവും വലിയ മടിയന്‍ ഞാനാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.വിവാഹം കഴിഞ്ഞ് ഭാര്യയുടെ മടി കണ്ടപ്പോഴാണ് എന്റെ മടി എത്ര നിസ്സാരമെന്ന് മനസ്സിലാകുന്നത്.
''ആണുങ്ങള്‍ക്കിങ്ങനെ പത്രോം വായിച്ച് സമയാസമയങളില്‍ കൈ കഴുകി വന്നിരുന്നാല്‍ മതിയല്ലോ, ഞങ്ങള്‍ക്ക് ജോലിയൊക്കെ കഴിഞ്ഞ് പത്രം വായിക്കാന്‍ എവിടെയാ സമയം?''
ടെലിവിഷനു മുന്നിലും മൊബൈലിനു മുന്നിലും തപസ്സനുഷ്ഠിക്കുന്ന സമയത്തെപ്പറി പ്രിയതമ പറഞ്ഞില്ല.
അടുത്ത ദിവസം സന്ധ്യ മയങ്ങും നേരം കുറച്ച് ആള്‍ക്കാര്‍ ഓടി വീട്ടിലേക്ക് വരുന്നു.സ്ഥാനാര്‍ഥികള്‍ ആരെങ്കിലും പ്രചരണത്തിന്റെ അവസാന റൗണ്ടില്‍ പര്യടനത്തിന് വരുന്നതാവും. കുടം,കുടം എന്ന് പറഞ്ഞു കൊണ്ടാണ് മുന്നിലുള്ള ആള്‍ വരുന്നത്. അവര്‍ക്ക് വെള്ളം എടുക്കാനായിരിക്കും.
''ആ കുടമൊന്ന് എടുത്തു കൊടുക്ക്,'' ഞാന്‍ ഭാര്യയോട് വിളിച്ചു പറഞ്ഞു.
''സാറേ,കുടത്തിന് വന്നതല്ല..കുടമാണ് നമ്മുടെ ചിഹ്നമെന്ന് പറയാന്‍ വന്നതാണ്''
അപ്പോഴേയ്ക്കും മറ്റ് പ്രവര്‍ത്തകരും എത്തി. ഇവരല്ലേ കഴിഞ്ഞ ദിവസം ഷട്ടിലാണ് ചിഹ്നമെന്നും പറഞ്ഞ് വന്നത്. സത്യത്തില്‍ ഏതാണ് ഇവരുടെ ചിഹ്നം?
സംശയം മനസ്സിലായിട്ടെന്ന വണ്ണം ഒരാള്‍ പറഞ്ഞു ''സാറേ,ഷട്ടില്‍ ചിഹ്നത്തിനാണ് ഞങ്ങള്‍ അപേക്ഷിച്ചിരുന്നത്. അതാണെന്ന് വിശ്വസിച്ച് പ്രചാരണവും തുടങ്ങി. ഇപ്പഴാ അറിയുന്നത്, അനുവദിച്ച ചിഹ്നം കുടമാണെന്ന്. എന്തു ചെയ്യാനാ ഇനി കേറിയ വീടുകള്‍ തന്നെ ഒന്നു കൂടി കേറി പറയണം..''
''ഭാഗ്യം, കഴിഞ്ഞ തവണ ഒരു സ്ഥാനാര്‍ഥി ബൂത്തിലെത്തിയപ്പോഴാണ് ചിഹ്നം മാറിപ്പോയതെന്ന് അറിഞ്ഞത്.
''അപ്പോള്‍ ശരി,ആ ചിഹ്നത്തില്‍ വോട്ട് ചെയ്യരുത്, ഈ ചിഹ്നത്തിലേ ചെയ്യാവൂ ''
കയ്യിലിരുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടി ഒരാള്‍ പറഞ്ഞു.അപ്പോഴാണ് അകത്തു നിന്ന് കുടവുമായി വന്ന പ്രിയതമ ചോദിച്ചത്,''എന്താണ് പ്രശ്‌നം?''
''പ്രശ്‌നമൊന്നുമില്ല.'' കുടമെടുത്തു കാണിച്ച് ഞാന്‍ പറഞ്ഞു..''ഇതാണ് നമ്മുടെ ചിഹ്നം..''.
........................................................................................................................................................................................................................................